പൊറിഞ്ചു മറിയം ജോസ്

Date:

പ്രണയവും പ്രതികാരവും പിന്നെ കണ്ണീരും. ഇടവേളയ്ക്ക് ശേഷം ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസ് എന്ന സിനിമയെ ഒറ്റവാക്കില്‍ ഇങ്ങനെ നിര്‍വചിക്കാം. ജോഷി ചിത്രങ്ങളില്‍ സെന്റിമന്റ്‌സും വയലന്‍സും കൂടുതലുള്ള ചിത്രം എന്നും ഇതിനെ വിശേഷിപ്പിക്കാമെന്ന് തോന്നുന്നു. അല്ലെങ്കിലും ഒരു കശാപ്പുകാരന്റെ മനസ്സുള്ള ആളുടെ പ്രതികാര നിര്‍വഹണത്തിന് അത്തരത്തിലുള്ള രീതിയാണല്ലോ ചേരുന്നതും? 

1965 ല്‍ തുടങ്ങി 1985 ല്‍ തീരുന്നതാണ് ചിത്രം. പഴയകാല തൃശൂരിന്റെ പശ്ചാത്തലത്തിലുള്ളത്. പത്താംക്ലാസ് വിദ്യാര്‍ത്ഥികളായ പൊറിഞ്ചുവിന്റെയും മറിയയുടെയും ജോസിന്റെയും ചങ്ങാത്തവും പ്രണയവും പറഞ്ഞാണ് ചിത്രം തുടങ്ങുന്നത്. മറിയയോട് അപമര്യാദയായി പെരുമാറുന്ന പോള്‍ എന്ന സഹപാഠിയെ പൊറിഞ്ചു നേരിടുന്നതോടെ അവന്‍ ക്ലാസില്‍ നിന്ന് പുറത്താകുന്നു. ക്ലാസില്‍ ഒന്നാമതായി പഠിച്ചിരുന്ന പൊറിഞ്ചുവിന്റെ ജീവിതം അവിടെ നിന്നാണ് വഴിപിരിയുന്നത്. പൊറിഞ്ചുവിനെ ക്ലാസില്‍ നിന്ന് പുറത്തായതോടെ ജോസ് സ്വയം പുറത്തായി ചങ്ങാതിക്ക് ഐകദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. ഇനിയെന്നും നമ്മള്‍ മൂന്നുപേരും ഒന്നാണ് എന്ന് പ്രഖ്യാപിക്കുന്നതോടെ അവര്‍ തമ്മിലുള്ള സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും ആഴം വ്യക്തമാകുന്നു. 

പക്ഷേ കാലം കഴിയുമ്പോള്‍  ചങ്ങാത്തത്തിനും പ്രണയത്തിനും കുറവു സംഭവിക്കാതിരുന്നപ്പോഴും പൊറിഞ്ചുവിന്റെയും മറിയത്തിന്റെയും പ്രണയം സാക്ഷാത്കരിക്കപ്പെടാതെപോകുന്നു. ഇരുവരുടെയും കുടുംബസാഹചര്യങ്ങളും മറിയത്തിന്റെ അപ്പന്‍ ആലപ്പാട്ടുകാരനുമാണ് ഇവിടെ വില്ലനാകുന്നത്. അപ്പന്‍ മരിക്കാന്‍ താനാണ് കാരണക്കാരിയെന്ന അകാരണമായ കുറ്റബോധം പൊറിഞ്ചുവിനെ വിവാഹം കഴിക്കുന്നതില്‍ നിന്ന് മറിയയെ പിന്തിരിപ്പിക്കുന്നു. എങ്കിലും പ്രണയത്തിന് തീവ്രത തെല്ലുമേ കുറയാതെ  ഇരുവരും രണ്ടിടങ്ങളില്‍ നിന്ന് പ്രണയം തുടരുക തന്നെ ചെയ്യുന്നു. 

 എല്ലാ തൃശൂരുകാരുടെയും ആവേശമായ പള്ളിപ്പെരുന്നാളുമായി ബന്ധപ്പെട്ട് വികസിക്കുന്ന കഥ ഒരു വര്‍ഷത്തെ പെരുന്നാളില്‍ തുടങ്ങി അടുത്തവര്‍ഷത്തെ പെരുനാളില്‍ കലാശിക്കുന്നു. അതിനിടയില്‍ പൊറിഞ്ചുവിന്റെയും ജോസിന്റെയുമുള്‍പ്പടെ ഒമ്പതു കൊലപാതകങ്ങളും നടക്കുന്നു..

കാഞ്ചനമാലയുടെയും മൊയ്തീന്റെയും പ്രണയം പോലെ ഒരിക്കലും സാക്ഷാത്ക്കരിക്കപ്പെടാതെ പോകുന്ന പൊറിഞ്ചുവിന്റെയും മറിയത്തിന്റെയും പ്രണയം  രണ്ടാം ആലോചനയില്‍ വേദനയുണര്‍ത്തുന്നുണ്ട്. എന്നാല്‍ വികാരതീവ്രമായി അനുഭവിപ്പിക്കാമായിരുന്ന പല രംഗങ്ങളും തിരക്കഥയുടെ കെട്ടുറപ്പില്ലായ്മയില്‍ വികലമായി പോകുന്നുണ്ട്, പലപ്പോഴും. 

പൊറിഞ്ചുവിനെ പോലെയുള്ള കഥാപാത്രങ്ങള്‍ തൃശൂരില്‍ പലയിടത്തും കാണാന്‍ കഴിയുമെന്നും അത്തരമൊരു വാര്‍പ്പുമാതൃകയാണ് ചിത്രത്തിലെ നായകനെന്നും എവിടെയോ വായിച്ചതും ഓര്‍ക്കുന്നു. പക്ഷേ സ്ഫടികത്തിലെ ആടുതോമായെ പോലെ ഒരു ലെജന്‍ഡായി പൊറിഞ്ചുമാറുന്നില്ല. എന്നാല്‍ ജോജുവിന്റെ പകര്‍ന്നാട്ടങ്ങള്‍ തിരക്കഥയുടെ കഥാപാത്രാവതരണത്തെ മറികടക്കുന്നുമുണ്ട്. എങ്കിലും പൊറിഞ്ചുവിന്റെ കഥാപാത്രത്തെക്കാള്‍ ശക്തമായി തോന്നിയത് ജോസാണ്. പൊറിഞ്ചുവിന് സ്‌കൂള്‍ വിദ്യാഭ്യാസം നഷ്ടമാകാന്‍ കാരണം ഉണ്ടായിരുന്നിട്ടും ചങ്ങാതിക്കില്ലാത്ത ക്ലാസും സ്‌കൂളും തനിക്കും വേണ്ടെന്ന് തീരുമാനമെടുത്ത് ഹെഡ്മാസ്റ്ററെ ആക്രമിക്കാന്‍ തയ്യാറാകുന്നതിലൂടെ ഉറ്റചങ്ങാത്തത്തിന്റെ ആഴം തന്നെയാണ് ജോസ് വ്യക്തമാക്കിയത്.

കണ്ണീരും കരച്ചിലുമായി ഒതുങ്ങിക്കൂടുന്ന നായികമാരില്‍ നിന്ന് വ്യത്യസ്തയായി വട്ടപ്പലിശ പിരിച്ചും മദ്യപിച്ചും പുകവലിച്ചും പരസ്യമായി ഡാന്‍സ് ചെയ്തും കാറോടിച്ചും അപമര്യാദയായി പെരുമാറുന്നവന്റെ കരണത്തടിച്ചും വീരസ്യം പ്രകടിപ്പിക്കുന്നവളാണ് മറിയ. ഒരു പെണ്ണായാല്‍ ഇങ്ങനെയാവണോ എന്ന് ചോദിച്ചാല്‍ അതിനൊക്കെ വ്യക്തിപരമായ അഭിപ്രായങ്ങളായിരിക്കാം ഓരോരുത്തര്‍ക്കുമുള്ളത്. എങ്കിലും ഇഹലോകത്തില്‍  പൊറിഞ്ചുവിനൊപ്പം ഒരുമിച്ച് ജീവിക്കാന്‍ ഭാഗ്യം ലഭിക്കാതെ പോയതിന്റെ പേരില്‍ മരണശേഷമെങ്കിലും ഒരു കല്ലറയില്‍ അന്തിയുറങ്ങാന്‍ ആഗ്രഹിച്ച് കല്ലറ പണിത് കാത്തിരിക്കുന്ന മറിയ നേരിയ നൊമ്പരമാകുന്നുണ്ട്. 

നായകന്‍ കൊല്ലപ്പെടുന്ന സിനിമകള്‍ മലയാളത്തില്‍ അടുത്തകാലത്ത് വളരെ കുറവായപ്പോഴും അവിടെ വ്യത്യസ്തത പുലര്‍ത്താന്‍ ചിത്രത്തിന് കഴിഞ്ഞു. വിജയരാഘവന്റെ ഐപ്പ് ചേട്ടനാണ് ചിത്രത്തിന്റെ ഹൈലൈറ്റ് എന്നും പറയേണ്ടിവരും. അതുവരെ വീര്‍പ്പടക്കിപിടിച്ചുനിന്നിരുന്ന ഐപ്പേട്ടന്റെ രൂപമാറ്റം ചില പ്രേക്ഷകര്‍ക്കെങ്കിലും അനുമാനിക്കാവുന്നതേയുള്ളൂ. തിരുസ്വരൂപങ്ങള്‍ക്ക് മുമ്പിലും പ്രദക്ഷിണത്തിനു മുമ്പിലുമെല്ലാം വച്ച് കൊലപാതകം നടത്തുന്നതും അതില്‍ ആര്‍പ്പുവിളിക്കുന്നതും വികലമായ ഒരു മാനസികസംസ്‌കാരത്തെയാണ് അടയാളപ്പെടുത്തുന്നത് എന്ന് പറയാതിരിക്കാന്‍ വയ്യ. 

രാഹൂല്‍ മാധവിന്റെ കഥാപാത്രം കൊല്ലപ്പെടുമെന്ന്  അറിയാമെങ്കിലും ആ കൊലപാതകത്തിന്റെ പേരില്‍ ആള്‍ക്കൂട്ടം ആര്‍പ്പുവിളിക്കുന്നതുകാണുമ്പോള്‍ നമ്മുടെ മാനസിക നിലയുടെ മാറ്റത്തെക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു. ടിജിരവി, സുധി കോപ്പ എന്നിവരും ശ്രദ്ധേയമായി.

എങ്കിലും പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ എന്ന് തന്നെ പറയേണ്ടിവരും ഈ ചിത്രത്തെക്കുറിച്ച്. ജോഷിയുടെ ക്രാഫ്റ്റ്മാന്‍ഷിപ്പാണ് ചിത്രത്തെ മികച്ചതാക്കുന്നത്. അതില്ലായിരുന്നുവെങ്കില്‍ ഈ ചിത്രത്തിന് ഇപ്പോള്‍ കിട്ടുന്ന സ്വീകാര്യത പോലും നഷ്ടമാകുമായിരുന്നു. 

പക്ഷേ തണ്ണീര്‍മത്തന്‍ കണക്കെയുള്ള പുതിയ കാലഘട്ടത്തിന്റെയും പുതിയ അവതരണത്തിന്റെയും സിനിമകള്‍ തീയറ്ററുകള്‍ കീഴടക്കുമ്പോള്‍ കാട്ടാളന്‍ പൊറിഞ്ചുമറിയം ജോസുമാര്‍ എത്രത്തോളം സ്വീകാര്യരാകുമെന്ന് കണ്ടറിയണം.

വിനായക്

More like this
Related

RESTART…

എങ്ങനെയെങ്കിലും വിജയിക്കാൻ ശ്രമിക്കുന്നവരുടെ ലോകമാണ് നമ്മുടേത്. പലവിധത്തിലുള്ള വിജയങ്ങളുണ്ട്. പരീക്ഷാ വിജയം,...

ക്ഷമയുടെ ‘പൂക്കാലം’

ദാമ്പത്യത്തിലെ സംഘർഷങ്ങളും സങ്കീർണ്ണതകളും അതിൽ അകപ്പെട്ടിരിക്കുന്നവരുടെ മാത്രം  ലോകമാണ്. പുറമേയ്ക്ക് നോക്കുന്നവർ...

സ്ഫടികം ഒരു പുന:വായന

പാളിപ്പോയ പേരന്റിംങിനെക്കുറിച്ച് പറയു ന്ന, ചർച്ചകളിലൊക്കെ ആവർത്തിച്ച് ഉദാഹരിക്കുന്ന ഒരു സിനിമയാണ്...

ആത്മസംഘർഷങ്ങളുടെ ഇരട്ടകൾ

കുറ്റബോധത്തെക്കാൾ വലുതായി മറ്റെന്താണുള്ളത്? ഉമിത്തീയിൽ നീറുന്ന അനുഭവമാണ് അത്. കുറ്റബോധം താങ്ങാനാവാതെ...

മനുഷ്യസ്‌നേഹത്തിന്റെ മധുരം പകരുന്ന സൗദി വെള്ളക്ക

മനുഷ്യത്വത്തിന്റെ ആഘോഷമാണ് തരുൺ മൂർത്തിയുടെ സൗദി വെള്ളക്ക എന്ന സിനിമ. തീർപ്പാകാതെ...

ജയ ജയ ജയ ജയഹേ ഉയർത്തുന്ന ആശങ്കകൾ

സമ്മതിച്ചു.  നല്ല പടമാണ് ജയ ജയജയ ജയ ഹേ. ഒരു മധ്യവർത്തികുടുംബത്തിലെ...

ഈശോ

വിവാദങ്ങളുടെ പേരിലാണ് നാദിർഷാ- ജയസൂര്യ ടീമിന്റെ ഈശോ എന്ന സിനിമ പ്രേക്ഷകരുടെ...

മധുര(മാകേണ്ട)മുള്ള ദാമ്പത്യങ്ങൾ

മധുരവും ചവർപ്പുമുള്ളതാണ് ദാമ്പത്യമെന്ന് അതിലൂടെ കടന്നുപോകുന്നവർക്ക് പെട്ടെന്ന് മനസ്സിലാകും. ചിരിയും സന്തോഷവും...

ക്ഷമയുടെ സന്തോഷങ്ങൾ; ഏറ്റുപറച്ചിലിന്റെയും

മനമോടാത്ത കുമാർഗ്ഗമില്ലെടോ.. കുമാരനാശാന്റെ പ്രശസ്തമായ ഒരു വരിയാണ് ഇത്. ആലോചിച്ചുനോക്കിയാൽ അത്...

സൂക്ഷിക്കുക, ഒരു ‘ജോജി’ നമ്മിൽ ഒളിച്ചിരിപ്പുണ്ട്

ശ്യാം പുഷ്‌കരന്റെ തിരക്കഥയിൽ ദിലീഷ്‌പോത്തൻ സംവിധാനം ചെയ്തു  ഒടിടി റിലീസ് വഴി...

വേട്ടയാടപ്പെടുന്ന ഇരകൾ

ഇരകൾ വേട്ടയാടപ്പെടാനുള്ളവരാണ്. വേട്ടക്കാരൻ ശക്തനും ഇര ദുർബലനുമാകുന്നു.വേട്ടക്കാരൻ എത്രത്തോളം ശക്തനാണോ അത്രത്തോളം...

എല്ലാവരും കാണേണ്ട കുടുംബ ചിത്രം

ഓപ്പറേഷൻ ജാവ എന്ന് കേൾക്കുമ്പോൾ  അത് സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള ചിത്രമല്ല...
error: Content is protected !!