ജീവിതത്തെ സന്തോഷത്തിലെയ്ക്ക് കൈപിടിച്ച് നടത്താനായി അല്പം മനസ്സ് വെയ്ക്കുന്നത് കുടുംബഭദ്രതയ്ക്ക് നല്ലതാണ്. സ്നേഹം കൂട്ടുവാനുള്ള വഴികള്‍ സ്വയം കണ്ടെത്തണം. സ്ഥിരമായുള്ള പരിഭവങ്ങളും, പരാതികളും തിരിച്ചറിഞ്ഞ് കുടുംബജീവിതം മെച്ചപ്പെടുത്താനുള്ള ഏഴു വഴികള്‍ ഇതാ:-
1. ഹൃദയത്തില്‍ തൊട്ടു സംസാരിക്കാം:- സംസാരങ്ങള്‍ പലവിധമുണ്ട്. വെറുതെ സംസാരിക്കുന്നതുപോലെയല്ല, ഹൃദയത്തില്‍ തൊട്ടു സംസാരിക്കുന്നത്. ഇങ്ങനെയുള്ള സംസാരരീതി വളര്‍ത്തിയെടുക്കുമ്പോള്‍ പങ്കാളികള്‍ തമ്മിലുള്ള അടുപ്പം കൂടും. ഒരു കാര്യം പ്രത്യേകം ഓര്‍ക്കണം. ഈ സംസാരരീതി അഭിനയമാവരുത്, ആത്മാര്‍ത്ഥതയോടെ വേണം. പരസ്പരം അഭിനന്ദിക്കാന്‍ തയ്യാറാവണം. വീട്ടിലെ ജോലിഭാരം പങ്കിടേണ്ട സാഹചര്യത്തില്‍ അതും മടി കൂടാതെ ചെയ്യണം.
2. പാചകത്തെ അഭിനന്ദിക്കുക:- വീട്ടില്‍നിന്ന് നല്ല ഭക്ഷണം കഴിച്ചാല്‍ അധികം പേരും ഏമ്പക്കമിട്ടു കൈകഴുകി എഴുന്നേറ്റു പോവുന്നവരാണ്. ഈ രീതിയ്ക്ക് മാറ്റം വരുത്തുക. പാചകത്തിലെ മേന്മയില്‍ ഭാര്യയെ അഭിനന്ദിക്കുക. പുതിയ പരീക്ഷണങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുക.
3. ത്യാഗം പരിശീലിക്കുക:- കുടുംബത്തിന്‍റെ ഉയര്‍ച്ചയ്ക്ക് വേണ്ടി ചില ത്യാഗങ്ങള്‍ പഠിക്കുക. ഭര്‍ത്താവ് വഴക്കിടുമ്പോള്‍ അതേറ്റു പിടിക്കാതെ ഭാര്യ പുഞ്ചിരിയോടെ ഭര്‍ത്താവിനെ തണുപ്പിക്കുന്നത് ത്യാഗമാണ്. ഭാര്യയ്ക്ക് തലവേദന വരുമ്പോള്‍ വീട്ടില്‍ ജോലി ഭര്‍ത്താവ് ഏറ്റെടുക്കുന്നത് ത്യാഗമാണ്. ഇത്തരം ത്യാഗങ്ങള്‍ കുടുംബജീവിതത്തിന്റെ കെട്ടുറപ്പിനെ ഒന്നുകൂടി ഉറപ്പിക്കും.
4. ആലിംഗനത്തിന്റെ വിലയറിയുക:- വാക്കിനെക്കാള്‍ വലിയ വില സ്പര്‍ശനത്തിനുണ്ട്. നല്ല കാര്യം ചെയ്യുമ്പോള്‍ അമ്മയെ അച്ഛന്‍ ചേര്‍ത്ത് പിടിച്ചു അഭിനന്ദിക്കുന്നത് കുട്ടികള്‍ കണ്ടു പഠിക്കട്ടെ. സ്പര്‍ശനത്തിന്റെ വിലയും സന്തോഷവും അവരിലേയ്ക്ക് പകരാന്‍ ഇത് സഹായിക്കും.
5. പരിഗണന എന്ന മരുന്ന്:- മനുഷ്യമനസ്സിനെ തൃപ്തിപ്പെടുത്താന്‍ ലോകത്തെ ഏറ്റവും നല്ല മരുന്നിന്റെ പേരാണ് പരിഗണന. പങ്കാളിയുടെ സ്ഥാനം എല്ലാവര്‍ക്കും മുകളിലാണെന്ന തോന്നല്‍ പരസ്പരം ഉണ്ടാക്കുകയാണ് വീട്ടില്‍ അംഗീകാരം വളര്‍ത്താനുള്ള വഴി. ഇരുവരുടെയും മാതാപിതാക്കള്‍ ഉണ്ടെങ്കില്‍കൂടി ചില കാര്യങ്ങളില്‍ പങ്കാളിയാണ് അവസാന വാക്കെന്ന ഉറപ്പ് നിങ്ങള്‍ക്ക് വേണം. ആ ഉറപ്പ് പങ്കാളിയെ ബോധ്യപ്പെടുത്താനും സാധിക്കണം.
6. സമ്മാനങ്ങള്‍:- കുടുംബാംഗങ്ങളുടെ ജന്മദിനം മുതല്‍ വിവാഹവാര്‍ഷികം വരെ ഓര്‍മിക്കുക. ചെറുതായ രീതിയിലാണെങ്കിലും അത് ആഘോഷിക്കുക. അന്നത്തെ ആഹാരം പുറത്തു നിന്നാക്കാം. കുറച്ചു മിട്ടായിയെങ്കിലും വാങ്ങി ആഘോഷിക്കണം. സാധനത്തിന്റെ വിലയല്ല, ഓര്‍മയുണ്ട് എന്നതിനാണ് ഇവിടെ മൂല്യമുള്ളത്.
7. കുട്ടികളെ പരിഗണിക്കുക:- കുട്ടികളുടെ മനസ്സിന് അവരെക്കാള്‍ വലിപ്പമുണ്ട് എന്നതാണ് ആദ്യം മനസ്സിലാക്കേണ്ട കാര്യം. മാതാപിതാക്കളില്‍നിന്നുമുള്ള ചെറിയ പരിഹാസം പോലും അവരില്‍ വലിയ മുറിവുണ്ടാക്കും. അവര്‍ക്ക് മാതാപിതാക്കളോട് കാര്യങ്ങള്‍ തുറന്നു പറയാനുള്ള വേദിയുണ്ടാക്കുക. അങ്ങനെയായാല്‍ അവര്‍ക്ക് സമൂഹത്തിലെ പല ചതിക്കുഴികളില്‍നിന്നും രക്ഷ നേടാന്‍ സാധിക്കും.