അവന്തികയുടെ ആറാം പിറന്നാളിന് പത്തു ദിവസം മാത്രം അവശേഷിക്കവെയായിരുന്നു ദൽഹി, കീർത്തിനഗറിലുള്ള വീട്ടിൽവച്ച് അവളുടെ പിതാവിനെയും മാതാവിനെയും അക്രമികൾ വെടിവച്ചു കൊലപ്പെടുത്തിയത്. കോൺഗ്രസ് ലീഡറും എംപിയുമായിരുന്ന ലളിത് മേക്കനും ഗീതാഞ്ജലിയുമായിരുന്നു അവന്തികയുടെ മാതാപിതാക്കൾ. മുൻരാഷ്ട്രപതി ശങ്കർ ദയാൽ ശർമ്മയുടെ മകളായിരുന്നു ഗീതാഞ്ജലി.
ലളിത് മേക്കൻ സംഭവസ്ഥലത്തുവച്ചും ഗീതാഞ്ജലി ഓപ്പറേഷൻ തീയറ്ററിൽ വച്ചും മരിച്ചു.തന്നെ അനാഥയാക്കിയവരോടുളള പകയും വെറുപ്പുമായിട്ടാണ് അവന്തിക ബാല്യകൗമാരങ്ങളും യൗവനവും പിന്നിട്ടത്. പ്രായമേറും തോറും പകയും വർദ്ധിച്ചു.. രഞ്ജിത് ഗിൽ അക്ക കുക്കി, ഹർജിന്ദർ സിംങ് ജിൻഡ, സുഖദേവ് സിംങ് സുഖാ എന്നിവരായിരുന്നു അവൾക്ക് മാതാപിതാക്കളെ ഇല്ലാതാക്കിയത്. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സിക്കുകാർക്ക് നേരെ നടന്ന ആക്രമണങ്ങളുടെ തിരിച്ചടിയായിരുന്നു ലളിതിന്റെയും ഗീതാഞ്ജലിയുടെയും കൊലപാതകം. ഇതിൽ സുഖയെ 1986 ലും ജിൻഡായെ 1987 ലും അറസ്റ്റ് ചെയ്തു. രണ്ടുപേരെയും 1992ൽ ഓപ്പറേഷൻ ബ്ലൂസ്റ്റാറിന്റെ മുഖ്യശില്പിയായ അരുൺ വൈദ്യയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് തൂക്കിലേറ്റി. പക്ഷേ കുക്കി യു.എസിലേക്ക് രക്ഷപ്പെട്ടു. ഇന്റർപോൾ സഹായത്തോടെ കുക്കിയെ 1987 ൽ അറസ്റ്റ് ചെയ്തു. 2000 ഫെബ്രുവരിയിൽ ഇന്ത്യയ്ക്ക് കൈമാറിയ കുക്കിയെ 2003 ൽ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. അതേ വർഷം തന്നെ കുക്കിയുടെ ശിക്ഷ ഇളവുചെയ്തുകിട്ടുന്നതിനായുള്ള പെറ്റീഷൻ ഫയൽ ചെയ്തു.
ആ ഫയൽ സ്വീകരിക്കുകയും കുക്കിക്ക് ശിക്ഷ ഇളവ് ചെയ്തു കിട്ടുകയും വേണമെങ്കിൽ അവന്തിക യുടെ സമ്മതം അതിന് ആവശ്യമായിരുന്നു. പ്രതികാരത്തിന്റെയും പകയുടെയും അഗ്‌നിപർവ്വതങ്ങൾ പുകഞ്ഞുകൊണ്ടിരുന്ന അവന്തിക അനുകുലമായ ഒരു തീരുമാനമെടുക്കുമെന്ന് ആരും കരുതിയില്ല. പക്ഷേ ആരും പ്രതീക്ഷിക്കാത്തതാണ് സംഭവിച്ചത്.
കുക്കിയെ കണ്ടപ്പോൾ അയാളുടെ മാതാപിതാക്കളുടെ വിലാപം അവന്തികയുടെ കണ്ണ് നനയിച്ചു. തന്റെ മുത്തച്ഛന്മാരെയും മുത്തശ്ശിമാരെയുമാണ് അവൾ അപ്പോൾ ഓർമ്മിച്ചത്. കുക്കിക്ക് അനുകൂലമായ തീരുമാനം എടുക്കാൻ അവന്തികയെ പ്രേരിപ്പിച്ചത് അതായിരുന്നു.
എന്റെ നഷ്ടം ഒരാൾക്കും തിരികെയെടുക്കാനാവില്ല. കുക്കി സഹിച്ചത് മതിയെന്ന് എനിക്ക് തോന്നുന്നു. എല്ലാ ദിവസവും കുറെശ്ലേ കുറെശ്ശേ കുക്കി മരിക്കേണ്ട എന്ന് ഞാൻ തീരുമാനിച്ചു.
കുക്കിയോടുള്ള പക കെട്ടടങ്ങിയ മനസ്സുമായി ശാന്തതയോടെയാണ് ഇപ്പോൾ അവന്തിക ജീവിക്കുന്നത്. ”ക്ഷമിച്ചു കഴിഞ്ഞപ്പോൾ ഞാൻ സന്തോഷം എന്തെന്ന് മനസ്സിലാക്കി” അവന്തിക പറയുന്നു.
*** *** ***
30ൽപരം വർഷങ്ങൾക്കു മുമ്പാണ് സംഭവങ്ങളുടെ തുടക്കം. പെരിന്തൽമണ്ണ, പൂവത്താണി, മുർറത്ത്, യു. എ. ഇ. യിലേക്ക് വിമാനം കയറിയത് തന്റെ സഹോദരൻ കുഞ്ഞയമുവിനെ ബിസിനസ് കാര്യങ്ങളിൽ സഹായിക്കുന്നതിന് വേണ്ടിയായിരുന്നു. അവിടെ ഹോട്ടൽ നടത്തുകയായിരുന്നു കുഞ്ഞയമു. പക്ഷേ 1980 ജൂലൈ 30 ന് മോഷ്ടിക്കാനെത്തിയവനെ പിടികൂടുന്നതിനുള്ള ശ്രമത്തിനിടയിൽ മോഷ്ടാവിന്റെ കുത്തേറ്റ് മരിക്കാനായിരുന്നു മുർറത്തിന്റെ വിധി.
അറബ് പോലീസ് കുറ്റവാളികളെ പിടികൂടി. പാക്കിസ്ഥാനികളായ അക്താർ ഹുസെനും മരുമകൻ മുശ്താഖ് സർദാർഖാനും. ശരീ അത്ത് കോടതി ശിക്ഷ വിധിച്ചു. മുശ്താഖിന് പ്രായക്കുറവ് മൂലം കൈ വെട്ടി നാടുകടത്തലും അക്താറ് ഹുസെന് വധശിക്ഷയും. വധശിക്ഷ ഇളവ് ചെയ്യാൻ ഭരണകൂടങ്ങളും രാജ്യങ്ങളും വഴിയുമൊക്കെ സമ്മർദ്ദം ഉണ്ടായെങ്കിലും മുർറത്തിന്റെ കുടുംബം അതിനൊന്നും തയാറായില്ല.
വർഷം 25 കഴിഞ്ഞുപോയി. അൽ ഐനിൽ നിന്നെത്തിയ സ്വനാട്ടുകാരിലൊരാൾ മുർറത്തിന്റെ സഹോദരനോട് താൻ ജയിലിൽ വച്ച് കണ്ട 60 കാരനായ ഒരു പാക്കിസ്ഥാനിയെക്കുറിച്ചു പറഞ്ഞു. വധശിക്ഷ കാത്ത് 25 കൊല്ലമായി മരിച്ചുജീവിക്കുന്ന ഒരാൾ ആയിരുന്നു അത്. തന്റെ വധശിക്ഷ നടപ്പാക്കുന്നത് എന്നാണെന്ന ചോദ്യം ഇടക്കിടെ ആവർത്തിക്കുന്ന, മറുപടി കിട്ടാതാവുമ്പോൾ നിരാശനാവുന്ന ആ നരച്ച് ശോഷിച്ച മനുഷ്യനെപ്പറ്റി പറഞ്ഞ ശേഷം ആ ഗൾഫുകാരൻ ഒരു സംശയം ചോദിച്ചു. അയാൾ നമ്മുടെ മുർറത്തിനെ കൊന്നയാളാവുമോ ?
പിന്നീടുള്ള അന്വേഷണങ്ങളിൽനിന്ന് അക്കാര്യം വെളിവായി. അക്താർ ഹുസെൻ ഇപ്പോഴും വധശിക്ഷ കാത്ത് ജയിലിലാണ്. ഇനിയെങ്കിലും മുർറത്തിന്റെ കുടുംബം മാപ്പു നല്കിയാൽ അയാൾ വധശിക്ഷയിൽ നിന്നു രക്ഷപ്പെടും എന്ന അറിവ് ഒരു പുനർവിചിന്തനത്തിന് മുർറത്തിന്റെ കുടുംബത്തെ പ്രേരിപ്പിച്ചു.
ഒരു ജീവന് പകരം മറുജീവനെടുക്കുന്ന കാഠിന്യത്തിന് പകരം ഒരൊപ്പിട്ടാൽ ഒരു ജീവൻ രക്ഷിച്ചെടുക്കാം എന്ന അനുഭവപാഠം അവർക്കു പുതിയൊരു പ്രചോദനമായി. അതുപ്രകാരം അവർ അക്താർ ഹുസെന്റെ ജീവൻ രക്ഷിക്കാനായി സാക്ഷ്യപത്രത്തിൽ ഒപ്പുവച്ചു.
*** *** ***
മകന്റെ ഘാതകനോട് ക്ഷമിച്ചുകൊണ്ട് അയാളുടെ വീട്ടിലെത്തി കൊലപാതകത്തിൻറെ പേരിൽ ഒറ്റപ്പെട്ടുപോയ അവരെ ആശ്വസിപ്പിക്കാൻ എത്ര അമ്മമാർക്ക് കഴിയും? മലയാറ്റൂർ റെക്ടർ ഫാ. സേവ്യർ തേലക്കാട്ടിൻറെ അമ്മ ത്രേസ്യാമ്മ ക്ഷമയുടെ വഴിയെ നടന്നുനീങ്ങിയവളാണ്. ഘാതകൻ ജോണിയുടെ ഭാര്യയെയും ബന്ധുക്കളെയും കാണാൻ എത്തിയപ്പോൾ ജോണിയുടെ ഭാര്യ ആനി ത്രേസ്യാമ്മയെ കെട്ടിപിടിച്ചു കരഞ്ഞു. ത്രേസ്യാമ്മയും. നഷ്ടപ്പെട്ടതിൻറെവേദന ഇരുവർക്കും ഒരുപോലെയായിരുന്നു. അല്ലെങ്കിൽ അവർക്ക് കരയാൻ മാത്രമേ അറിയാമായിരുന്നുള്ളൂ. ആനിയുടെ നെറുകയിൽ ത്രേസ്യാമ്മ അലിവോടെ ഉമ്മ വച്ചപ്പോൾ ക്ഷമയുടെ സംഗീതം അവിടെ മുഴങ്ങുകയായിരുന്നു.
*** *** ***
സൗത്ത് കരോലിനയിലെ കറുത്ത വംശജനായിരുന്ന വാൾട്ടർ സ്‌കോട്ടിന്റെ അമ്മ മകന്റെ ഘാതകനായ വെള്ളക്കാരൻ പോലീസ് ഓഫീസറോട് പറയുന്ന വാക്കുകൾ ഏറെ ഹൃദയസ്പർശിയാണ്.
2015 ൽ ആണ് വാൾട്ടർ സ്‌കോട്ടിനെ മൈക്കൽ സ്ലാഗർ വെടിവച്ചുകൊന്നത്. മൈക്കലിനെ 20 വർഷം കഠിന തടവിനാണ് കോടതി ശിക്ഷിച്ചത്. മൈക്കൽ സ്ലാഗർ ഞാൻ നിന്നോട് ക്ഷമിച്ചിരിക്കുന്നു..എന്ന വാൾട്ടറിന്റെ അമ്മയുടെ വാക്കുകൾ മൈക്കലിനെ കരയിപ്പിച്ചുവെന്നാണ് റിപ്പോർട്ടുകൾ. കണ്ണുകൾ തുടച്ചുകൊണ്ട് മാപ്പ് ചോദിക്കാൻ അല്ലാതെ അയാൾക്ക് മറ്റെന്തു കഴിയും?
*** *** ***
കേരളത്തെ ഞെട്ടിച്ച ഫിലിം റപ്രസന്റേറ്റീവ് ചാക്കോവധക്കേസിലെ രണ്ടാം പ്രതി ഭാസ്‌ക്കര പിള്ളയ്ക്ക് ചാക്കോയുടെ വിധവ ശാന്ത ക്ഷമ നല്കിയത് അടുത്തയിടെയാണ്. ചെയ്ത തെറ്റിന്റെ പാപഭാരമോർത്ത് ജയിൽ ശിക്ഷ കഴിഞ്ഞും വിങ്ങിക്കഴിയുകയായിരുന്ന ഭാസ്‌ക്കരപിള്ളയ്ക്ക് സമാധാനത്തിന്റെയും സന്തോഷത്തിന്റെയും നിമിഷങ്ങളായി മാറി അത്. ക്ഷമിക്കാൻ ജാതിയോ മതമോ നോക്കേണ്ട.. ഉള്ളിൽ ദൈവികാംശം ഉണ്ടോയെന്ന് മാത്രം വിലയിരുത്തിയാൽ മതി. ക്ഷമിക്കുന്നവരുടെ ഉള്ളിലെല്ലാം ദൈവമുണ്ട്.
ഓരോരുത്തരുടെയും ഉള്ളിൽ ഇനിയും അണയാത്ത പകയുടെ കനലുകളുണ്ടാകാം..വെറുപ്പിൻറെ തീയുണ്ടാകാം.. ക്ഷമിക്കാൻ ശ്രമിക്കുക.. ആഗ്രഹിക്കുക.. ക്ഷമിക്കുന്‌പോൾ പിറക്കുന്നത് പുതിയൊരു ലോകമാണ്, പുതിയൊരു പ്രഭാതമാണ്..
ക്ഷമയോളം സൗന്ദര്യമുള്ള മറ്റൊന്നും ഈ ലോകത്തിൽ ഇല്ല എന്ന് മാത്രം ഓർമ്മിപ്പിച്ചുകൊണ്ട്, എല്ലാവരോടും ക്ഷമിക്കാൻ എത്രകാലം വേണ്ടിവരുമെന്ന് നെടുവീർപ്പെട്ടുകൊണ്ട്….
യോഹൻ ജോസഫ്