ജീവിതത്തില്‍ മാത്രമല്ല, തൊഴിലിലും വിജയിക്കാന്‍ ചില ഘടകങ്ങള്‍ ആവശ്യമാണ്. ജോലിയില്‍ തിളങ്ങുന്ന വ്യക്തികളെ ശ്രദ്ധിച്ചാല്‍ ചില ഗുണങ്ങള്‍ കണ്ടറിയാന്‍ സാധിക്കും. അങ്ങനെയുള്ള ചില വിജയപാഠങ്ങള്‍ ഇതാ:-
- കഴിവും അഭിരുചിയും തമ്മിലുള്ള പൊരുത്തം:-
ചിരിക്കാന്‍ അറിയാത്തവര്‍ കട തുടങ്ങിയിട്ട് കാര്യമില്ല എന്ന് പറയാറുണ്ട്. ഏത് മേഖലയില്‍ പ്രവര്ത്തിക്കാനാണോ ശാരീരികവും, മാനസികവുമായ കഴിവുകള്‍ മികച്ചു നില്‍ക്കുന്നത്, അവിടെ മാത്രമേ വിജയിക്കാനാവൂ.
- നിശ്ചയദാര്‍ഢ്യം:-
ഒരു ചെരുപ്പുകുത്തിയുടെ മകനായി ജനിച്ചു, പ്രതികൂലസാഹചര്യങ്ങളോട് ഏറ്റുമുട്ടി ഒടുവില്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്ത് എത്തിയ എബ്രഹാം ലിങ്കണ്‍ പറഞ്ഞത് ഇതാണ് – “കാര്യങ്ങള്‍ നടക്കുമെന്നും, നടത്തുമെന്നും തീരുമാനിക്കുക. എങ്കില്‍ നിങ്ങള്‍ അതിനുള്ള വഴിയും കണ്ടെത്തിയിരിക്കും.”
- പരിശ്രമം:-
ലക്ഷ്യത്തിലേയ്ക്ക് കുതിക്കാനുള്ള പരിശ്രമമില്ലെങ്കില്‍ ജോലിയില്‍ നിങ്ങളൊരു നിലച്ച ക്ലോക്ക് ആയി മാറും. “അശ്രാന്ത പരിശ്രമം മൂലം ഒച്ചിനു നോഹയുടെ പേടകത്തില്‍ കയറിപ്പറ്റാന്‍ സാധിച്ചു” എന്ന് കേട്ടിട്ടില്ലേ?
- സ്ഥിരോത്സാഹം:-
ഉത്സാഹം നഷ്ടപ്പെടുന്നത് ആത്മാവ് നഷ്ടപ്പെടുന്നതിനു തുല്യമാണ്. ഒരു പ്രവൃത്തി തുടങ്ങുമ്പോള്‍ കാട്ടുന്ന ഉത്സാഹം അതിന്റെ അവസാനം വരെ കൊണ്ടുപോകാന്‍ കഴിഞ്ഞാലെ വിജയിക്കൂ.
- സ്വപ്‌നങ്ങള്‍ കാണുന്നതിലുള്ള ധൈര്യം:-
ഒരു ചെറുപ്പക്കാരന്‍ വലിയൊരു ബിസിനസ്സുകാരന്‍ ആകാനായി ആഗ്രഹിച്ചപ്പോള്‍, പ്രൈമറി അധ്യാപകനായ അയാളുടെ അച്ഛന്‍ ആ ആഗ്രഹത്തെ നിരുത്സാഹപ്പെടുത്തി. പക്ഷെ, അച്ഛന്റെ വാക്കുകളെ മറികടന്നുകൊണ്ട് ആ മകന്‍ സ്വപ്‌നങ്ങള്‍ കണ്ടു. ഒടുവില്‍ ആ സ്വപ്‌നങ്ങള്‍ ആ മകനെ ലോകമറിയുന്ന ഒരു ബിസിനസ്സുകാരനാക്കി മാറ്റി. ആ വ്യക്തിയുടെ പേരാണ് ധീരുഭായ് അംബാനി.
- സഹനശക്തി:-
ലോകപ്രശസ്ത ശില്പിയായ മൈക്കലാഞ്ചലോയുടെ പേര് മായാതെ നില്‍ക്കുന്നത് സഹനശക്തിയോടെ അദ്ദേഹം തീര്‍ത്ത ചിത്രകലാശില്പവിസ്മയത്തിന്‍റെ സൗന്ദര്യം കൊണ്ടാണ്. സിസ്റ്റൈന്‍ ചാപ്പല്‍ സീലിങ്ങിലെ കൊത്തുപണിയുടെയും, ചിത്രങ്ങളുടെയും അത്ഭുതമൊരുക്കാന്‍ അദ്ദേഹം അഞ്ചു വര്‍ഷത്തിലധികം മലര്‍ന്നുകിടന്ന് മച്ചില്‍ നോക്കി കൊത്തുപണികളും, പെയിന്റിങ്ങും ചെയ്തു.
- സ്ഥിരതയും ആത്മനിയന്ത്രണവും:-
ക്രിയാത്മകതയും പുരോഗതി നേടാന്‍ ശ്രമിച്ചവരാണ് വിശ്വവിജയികള്‍. നിങ്ങള്‍ക്കെപ്പോഴും ഓടാന്‍ കഴിഞ്ഞെന്നു വരില്ല. അപ്പോള്‍ നടക്കുക. നടക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇഴയാന്‍ നോക്കുക. അതിനും കഴിയുന്നില്ലെങ്കില്‍ അതിനു വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുക.
ഇപ്പറഞ്ഞതെല്ലാം വിജയികളുടെ ജീവിതത്തില്‍നിന്നും വേര്‍തിരിച്ചെടുക്കാവുന്ന ചില കാര്യങ്ങള്‍ മാത്രമാണ്. പക്ഷെ, വിജയത്തിന്റെ യഥാര്‍ത്ഥ രഹസ്യം നമ്മുടെ സ്വന്തം അനുഭവങ്ങളിലാണ് ഒളിച്ചിരിക്കുന്നത്. അത് കണ്ടെത്തുകയാണ് വേണ്ടത്.