തുടക്കവും ഒടുക്കവും

Date:

ഡോ. ഡെയ്സൻ പാണേങ്ങാടൻ,
അസി. പ്രഫസർ,
സെന്റ്.തോമാസ് കോളേജ്, തൃശ്ശൂർ

തുടക്കത്തിൽ വൈവിധ്യങ്ങൾ ഏറെ കാണാമെങ്കിലും, ഒടുക്കം ഏതാണ്ടൊക്കെ ഒരു പോലെയാണ്. തുടക്കത്തിൽ തുടക്കക്കാരന് കരച്ചിലിന്റെ വികാരവും (ബോധ മനസ്സിലാകാനിടയില്ല) കാണികൾക്ക് ചിരിയുടേയും ഒപ്പം സന്തോഷത്തിന്റേയും വികാരമാണ്. ഒടുക്കത്തിൽ കാണികളുടെ പൊതുവികാരം കരച്ചിലാണെന്നതും ഒടുക്കക്കാരന്റേത് നിർവ്വചിക്കാനായിട്ടില്ലെന്നതും എന്തൊരു വിരോധാഭാസമാണല്ലേ…. ?

ഒടുക്കത്തിന്റെ പൊതു സ്വഭാവം മൂകതയാണ്. അവസാന ശ്വാസം ചിലർ നീട്ടിവലിച്ച്, മറ്റു ചിലർ ചെറു ശ്വാസത്തിലൊതുക്കി അങ്ങിനെ മൂകൻ/മൂകയായി ഇഹത്തിൽ നിന്ന് ഒടുങ്ങുന്നു. മണ്ണിലടിയണോ, തീയ്യിലടിയണോയെന്ന വൈവിധ്യം പോലുമുള്ളത് സംസ്കാര കർമ്മങ്ങളിൽ മാത്രം. ആടയാഭരണങ്ങളുടെ അധികഭാരമോ ഉടയാടകളുടെ പട്ടുറുമാലോയില്ലാത്ത ആ ദേഹത്തിൽ പുഴുവരിയ്ക്കുമ്പോൾ ഇക്കിളിപ്പെടുന്നുണ്ടായിരിയ്ക്കുമോ… 60 ഡിഗ്രി സെൽഷ്യസ് ചൂട് പോലും താങ്ങാനാവാത്ത ആ ശരീരത്തെ നൂറുകണക്കിന് സെൽഷ്യസ് താപം വന്നു മൂടുമ്പോൾ പൊളളലേറ്റ് വേദന യാൽ പുളയുന്നുണ്ടാകുമോ..? ആർക്കറിയാം; ആ വൈവിധ്യത്തിൽ ചാരമാകുകയോ പുഴുവരിയ്ക്കുകയോ ചെയ്യുന്ന ദേഹത്തിന്റെ വികാരം ഇന്നേ വരെ നിർവ്വചിയ്ക്കപ്പെട്ടിട്ടു പോലുമില്ല.

ആ മൃതദേഹസംസ്കാരം പോലും ഇപ്പോൾ റോഡിലിഴയുന്ന കാഴ്ചയ്ക്ക് നമ്മുടെ നാട് മൂകസാക്ഷിയാണ്. അതും എല്ലാ പ്രമാണങ്ങളേയും കൽപ്പനകളേയും സ്നേഹമെന്ന ഒരൊറ്റ വാക്കിലൊതുക്കിയ സമൂഹത്തിൽ. പാരമ്പര്യമനുസരിച്ച്, മരണപ്പെട്ട പൂർവ്വികരുടെ സ്മരണ ആത്മീയമായി അനുസ്മരിക്കപ്പെടുന്ന നവംബർ മാസത്തിൽപ്പോലും, സെമിത്തേരി തർക്കത്തിന്റെ പേരിൽ മറു ഭാഗത്തിന്റെ മൃതദേഹം സംസ്കാരിക്കാനാകാതെ റോഡിലിഴഞ്ഞ സംഭവം മധ്യകേരളത്തിലുണ്ടായതിന്, യാതൊരുവിധ ന്യായീകരണവുമില്ല.

ഭൂരിഭാഗം മതങ്ങളും തങ്ങളുടെ ഇഹലോകവാസത്തെ അടിസ്ഥാനമാക്കിയുള്ള പരലോകവാസത്തെയോ പുനർജൻമത്തേയോ പരാമർശവിധേയമോ പഠന വിധേയമോ ആക്കുന്നുണ്ട്. സ്വർഗ്ഗവും നഗരവും പുനർജന്മവും പഠിപ്പിക്കുന്ന മതങ്ങളൊക്കെയും, പുണ്യം ചെയ്തു ജീവിയ്ക്കാനുള്ള പ്രചോദനം തന്നെയാണ് നൽകുന്നത്. മറിച്ചു ചിന്തിക്കുന്ന സംസ്കാരങ്ങളേ ഈ സമൂഹത്തിലുണ്ടാവാനിടയില്ല. യാഥാർത്ഥ്യങ്ങളിങ്ങനെയാണെങ്കിലും, പ്രകടനപരതയുളളതോ ആലങ്കാരികമായതോ ആയ പുണ്യകർമ്മത്തിനുമപ്പുറം നിഷ്കാമബോധത്തോടെയുള്ള പുണ്യ പ്രവർത്തികൾ മഷിയിട്ടു കാണാൻ തന്നെ നാട്ടിൽ ഇല്ലെന്നല്ല; തുലോം കുറവാണ്.

ഖാലിദ് ഹൊസൈനിയുടെ ചരിത്രപ്രസിദ്ധമായ കൈറ്റ് റണ്ണർ എന്ന നോവലിൽ അമേരിയ്ക്കൻ തെരുവിലെ അഫ്ഗാൻ അഭയാർത്ഥികൾ നടത്തുന്ന ആഴ്ചച്ചന്തയെ വരച്ചുകാണിയ്ക്കുന്നുണ്ട്. തങ്ങളുടെ പഴയ വീട്ടുപകരണങ്ങൾ വിൽപ്പനയ്ക്കു വെച്ചിരിയ്ക്കുന്ന അവരിൽ ഡോക്ടർമാരും പ്രഫസർമാരും ഉന്നതോദ്യഗസ്ഥരുമുണ്ടായിരുന്നത്രേ. പക്ഷേ പദവികളൊക്കെ സോവിയറ്റ് അധിനിവേശ കാലത്ത് അങ്ങ് അവരുടെ സ്വന്തം നാടായിരുന്ന അഫ്ഗാനിസ്ഥാനിൽ. ഇവിടെ അമേരിയ്ക്കയിൽ, അവർ തന്നെ വിൽപ്പനക്കാരനായിരിക്കുന്ന അവിടുത്തെ ആഴ്ചചന്തയിൽ ഡോക്ടറിനും പ്രഫസറിനും ബാങ്കുദ്യോഗസ്ഥനും കൂലിവേലക്കാരനും പ്രത്യേകിച്ച് പരിഗണനയൊന്നുമില്ല. ആഴ്ചചന്തയിലെ വിൽപ്പനക്കാർക്കെല്ലാവർക്കും ഒരൊറ്റ ലേബൽ – അഭയാർത്ഥികൾ. മറ്റൊരു ദേശത്തിന്റെ ഔദാര്യവും പരിഗണനയും ഓശാരവും നോക്കി നിൽക്കുന്ന വെറും അഭയാർത്ഥികൾ മാത്രം.

ഇവിടെയാണ്, ഇവിടെ പങ്കുവെച്ചിരിക്കുന്ന) ചിത്രം നൽകുന്ന സൂചകമിരിക്കുന്നത്. ആനയും അമ്പാരിയുമുള്ള വലിയ കുടുംബത്തിൽ നിന്നായാലും തെരുവിലലയുന്നയാളായാലും ജീവിത പന്ഥാവിലെ പദവികളുടെ അധികഭാരമില്ലാതെ ശൂന്യനായി, വെറും ദേഹമോ ദേഹിയോ ആയി (പിണമായി) മണ്ണിനോടോ അഗ്നിയോടോ ചേരുന്ന നഗ്ന വസ്തുത.ഈ ലോകത്തിന്റെ സാമൂഹ്യ വ്യവസ്ഥിതിയനുസരിച്ച്, മനുഷ്യന്റെ അന്ത്യത്തിൽ മാത്രം സംജാതമാകുന്ന സമത്വവും തുല്യനീതിയും വരച്ചുകാട്ടുന്ന ഈ ചിത്രം ഏറെ ചിന്തോദ്ദീപകമാണ്.

എല്ലാവരും തുല്യരെങ്കിലും, ചിലർ കൂടുതൽ തുല്യരാണെന്ന (All are equal; but some are more equal) ആപ്തവാക്യം പോലും അപ്രസക്തമാകുന്നയിടം കൂടിയാണ്, അന്ത്യോപചാരയിടങ്ങൾ.

തിരക്കുകൾക്കിടയിൽ,
ഓർക്കുക വല്ലപ്പോഴും; ആ നഗ്ന യാഥാർത്ഥ്യത്തെ !!

More like this
Related

പ്രതീക്ഷയുടെ ഉയിർപ്പ്

എല്ലായിടത്തും പ്രതീക്ഷയ്ക്ക് പരിക്ക് പറ്റിയ കാലമാണ് ഇത്. കോവിഡൊക്കെയായിബന്ധപ്പെട്ട് പറയുന്ന പഠനങ്ങളിൽ...

ദൗർബല്യങ്ങളുടെ കഥ പറയുന്ന ക്രിസ്മസ് രാവ്

ചിലപ്പോൾ നാം ദൈവത്തോട് പറഞ്ഞു പോകാറുണ്ട്. നീ വിചാരിച്ചാൽ ഏതു കാര്യവും...

ഏതറ്റത്തുനിന്നും മടക്കിയെടുക്കാവുന്ന കിടക്കവിരിയാണോ ജീവിതം?

ഒന്ന് ഇടയ്ക്ക് ബസിന്റെ അരികു സീറ്റിൽ ഇരുന്ന് വെറും വെറുതെ പുറം കാഴ്ചകളിലേക്ക്...

സുഖത്തിന്റെ പ്രലോഭനങ്ങൾക്ക് മരണത്തിന്റെ മൗനത്തേക്കാൾ തീവ്രതയുണ്ടോ?

ഇടക്കൊക്കെ മരണത്തേക്കുറിച്ച് അതി തീവ്രമായി  ആലോചന ചെയ്യാറുണ്ട്. മരണമാണല്ലോ എല്ലാ തത്വചിന്തകളുടെയും...

ചിരിക്കാൻ പിശുക്ക് വേണ്ടേ വേണ്ട!

ചിരി. മനുഷ്യന് മാത്രം സാധിക്കുന്ന വലിയൊരു സിദ്ധിയാണ് അത്. മനുഷ്യരെയും മൃഗങ്ങളെയും...

പ്രാർത്ഥന കൊണ്ട് എന്താണ് പ്രയോജനം?

പ്രാർത്ഥനയോ? കേൾക്കുന്ന മാത്രയിൽ നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്ന ചിത്രമെന്താണ്?  ജോലി ക്കുവേണ്ടിയുള്ള...

ഭയത്തെ ഭയക്കേണ്ട…!

ഭയം ഒരു പുതപ്പുപോലെ നമ്മുടെ ജീവിതങ്ങളുടെ മേൽ വീണുകഴിഞ്ഞിരിക്കുന്നു.  ഇതെഴുതുമ്പോൾ കേട്ടുകൊണ്ടിരിക്കുന്ന...

അനുഗ്രഹങ്ങൾ എന്ന സമ്പാദ്യം

ഈ ലോകത്തിൽ ഒരാൾക്ക് നേടാൻ കഴിയുന്നതിലും ഏറ്റവും വലിയ സമ്പാദ്യം അനുഗ്രഹങ്ങളാണ്...

സ്വർഗ്ഗം തുറക്കുന്ന സമയം

പള്ളിയിലെ പ്രതിനിധിയോഗത്തിൽ പങ്കെടുക്കാൻ ഒരു ചെറുപ്പക്കാരൻ നേരം വൈകിയാണ് എത്തിയത്. കാരണം...

കോറോണക്കാലത്തെ ആത്മീയത

ജർമ്മൻ സാഹിത്യക്കാരൻ ഹെർമൻ ഹേസ്സേ യുടെ 'സിദ്ധാർത്ഥ' എന്ന ഒരു നോവലുണ്ട്....

ദൈവത്തിന്റെ സ്വന്തം…

എനിക്കൊരു പരിചയക്കാരനുണ്ട് ഒാട്ടോ റിക്ഷാ ഡൈ്രവറാണ്. സുനിൽ എന്നാണ് പേര്.  അവൻ...

വിശ്വാസി ആയാല്‍ ഇതൊക്കെയാണ് ഗുണങ്ങള്‍

വിഷാദവും ആത്മഹത്യയും. അമേരിക്കയിലെ യുവജനങ്ങള്‍ക്കിടയിലെ ഏറ്റവും വലിയ പ്രശ്‌നമായി കണക്കാക്കപ്പെടുന്നത് ഇവ...
error: Content is protected !!