എം .ടി വാസുദേവൻ നായരുടെ കഥയിൽ നിന്ന്:
”എന്താ ജോലി?”
ട്രെയിൻ യാത്രക്കിടയിൽ അതുവരെ കൂടെയുണ്ടായിരുന്ന പണക്കാരനെപോലെ തോന്നിക്കുന്ന സഹയാത്രികന്റെ ചോദ്യത്തിലേക്കാണ് കഥാനായകൻ തന്റെ ഓർമ്മകളിൽ നിന്നുമുണരുന്നത്.
”എന്താ?”
”അല്ല, എന്താ ജോലി? What do you do for a living?’
”ഞാനോ,” ഒന്ന് നിർത്തിയതിന് ശേഷം അയാൾ പറഞ്ഞു. ”ഞാൻ എഴുത്തുകാരനാണ്.”
”ഓ… So you are a writer! Are you a successful writer? ”
“”Success…! എന്താണ് വിജയത്തിന്റെ മാനദണ്ഡം?
അത് തന്നെയാണ് കുഴപ്പിക്കുന്ന ചോദ്യം. വിജയം എന്താണ്? വിജയത്തിന്റെ മാനദണ്ഡം എതാണ്?
ഒരു പോക്കറ്റടിക്കാരനെ സംബന്ധിച്ചിടത്തോളം മറ്റൊരാളുടെ പോക്കറ്റിലിരിക്കുന്ന നൂറു രൂപ, തന്റെ കയ്യിലെത്തിക്കുക എന്നതായിരിക്കുമല്ലോ അയാളുടെ വിജയം. അപ്പോൾ അതൊരു വിജയമാണോ?
എന്താണ് വിജയം?
അതിനൊരു സൂത്രവാക്യമുണ്ടോ?
ഒരു രഹസ്യ ഫോർമുല?
കഴിഞ്ഞ ദിവസം സുഹൃത്തുക്കൾക്കിടയിലെ സൗഹൃദ സംഭാഷണത്തിനിടയിൽ ഒരാൾ എവറസ്റ്റ് കീഴടക്കിയ ആളുകളെ കുറിച്ച് സംസാരിക്കുകയായിരുന്നു. പെട്ടെന്നൊരാൾ കൂട്ടത്തിൽ നിന്ന് ചോദിച്ചു, എവറസ്റ്റ് കീഴടക്കാൻ മാത്രം എന്ത് പാതകമാണ് അത് ഇവരോടെല്ലാം ചെയ്തത്? കാലത്ത് ഇവരുടെയൊക്കെ വീട്ടിൽ ചെന്ന് മുണ്ടും വളച്ചു കുത്തി വെല്ലുവിളിച്ചോ? നമ്മുടെ വിജയങ്ങളുടെ വമ്പ് പറച്ചിലുകൾക്ക് മുകളിൽ എത്ര പെട്ടെന്നാണ് അയാൾ മണ്ണ് വാരിയിട്ടത്.
വാട്‌സപ് ലോക യൂണിവേഴ്‌സിറ്റിയായി അഭിനയിക്കുന്ന ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത്. ഗ്രൂപ്പുകളിലുണ്ടാകുന്ന ചെറിയ തർക്കങ്ങളിൽ പോലും എത്ര പരുഷമായ വാക്കുകളാണ് നമ്മളെല്ലാം ഉപയോഗിക്കുന്നത്? സംഭാഷണങ്ങളല്ല, തർക്കങ്ങളാണ് മിക്കപ്പോഴും നടക്കുന്നത്. സംവാദങ്ങൾ വിവാദങ്ങൾക്ക് വഴിമാറിക്കഴിഞ്ഞു. ഏറ്റവും ഒടുവിൽ മെസേജ് ഇടുന്നയാൾ ജയിച്ചെന്നോ മറ്റോ ഒരു തോന്നലില്ലേ നമ്മളിൽ. അവനെ ഞാൻ നിശബ്ദനാക്കിയെന്നോ മിണ്ടാട്ടം മുട്ടിച്ചെന്നോ ഉള്ള ഒരു സൂചന… ആരാണ് വിജയിച്ചത്? തർക്കം നിങ്ങൾ നേടിയേക്കാം, പക്ഷെ ആ സുഹൃത്തിനെ നിങ്ങൾ നേടിയോ?
ശങ്കരാചാര്യരെ കുറിച്ച് പണ്ട് വിവേകാനന്ദൻ പറഞ്ഞത് പോലെ ‘ശങ്കരനോ, മഹാ താർക്കികൻ! പക്ഷേ കരുണയില്ല’. എന്നാലോ നാരായണ ഗുരുവിൽ തർക്കബോധം അത്ര വലുതല്ല, പക്ഷെ കരുണ വേണ്ടുവോളം കാണാം.
ഒരു പീഡയെറുമ്പിനും വരു-
ത്തരുതെന്നുള്ളനുകമ്പയും സദാ
കരുണാകര! നല്കുകുള്ളിൽ നിൻ
തിരുമെയ് വിട്ടകലാതെ ചിന്തയും – അനുകമ്പാ ദശകത്തിൽ നിന്നാണ്.
‘ഞാൻ മാത്രം ശരിയെന്ന’ കേവലം വികലമായ ചിന്തയാണല്ലോ മാത്സര്യത്തിനും തർക്കങ്ങൾക്കും വഴിയൊരുക്കുന്നത്.
മധ്യേയിങ്ങനെ കാണുന്ന നേരത്ത്… എന്ത് തർക്കം? എന്ത് വിജയം?
വ്യത്യസ്ത ജീവിത സന്ധികളിൽ നമ്മൾ നാം പോലുമറിയാതെ എടുത്തണിയുന്ന വേഷങ്ങളുണ്ട്. ജീവിതാരംഭത്തിൽ- യൗവനത്തിന്റെ കുതിപ്പിൽ നമ്മൾ വേട്ടക്കാരാണ്. ഒരു യുവരാജാവ് തന്റെ അശ്വമേധത്തിലൂടെ രാജ്യങ്ങളെയും രാജാക്കന്മാരെയും ജനതകളെയും തോൽപ്പിച്ച് മുന്നേറുന്നു. ശൗര്യവും ക്രൗര്യവും അയാളെ പരാക്രമിയാക്കുന്നു. മധ്യവയസ്സിൽ അയാൾക്ക് കുറേകൂടി ശമം കൈവരുന്നുണ്ട്. ഇനി കീഴടക്കിയ രാജ്യങ്ങളുടെ ഏറ്റവും തന്ത്ര പ്രധാനമായ കുന്നിൻ മുകളിൽ അയാൾ ബലവത്തായ ഒരു കോട്ട പണിയുന്നു. ആ കോട്ടയ്ക്ക് ചുറ്റും കിടങ്ങുകൾ കുഴിച്ച്, കാവലിനു രാപകൽ ഇമവെട്ടാതെ നിൽക്കുന്ന സൈന്യ ദളങ്ങൾ. അകത്തളങ്ങളിൽ കനത്ത സുരക്ഷയൊരുക്കാൻ പ്രത്യേകം ഒരുക്കി നിർത്തിയ കാവൽസംഘം. അംഗ രക്ഷകർ, ഉടവാൾ….!
നോക്കൂ എത്ര പെട്ടെന്നാണ് അക്രമിയിൽ നിന്ന്, വേട്ടക്കാരനിൽ നിന്ന് നിങ്ങൾ ഇരയിലേയ്ക്ക് രൂപാന്തരപ്പെട്ടത്? കോട്ട സംരക്ഷിക്കാനുള്ളതാണ്. അത് വേട്ടക്കാരന്റെ ചിഹ്നമല്ല, ഇരയുടെ ഒളിയിടമാണ്. മാളം. ഇനി തന്നെ കൊല്ലാനായി വരുന്നവന് വേണ്ടിയുള്ള, ഭയപ്പെടുത്തുന്ന കാത്തിരിപ്പിന്റെ കാലമാണ്. ആനന്ദിന്റെ ‘മരുഭൂമികൾ ഉണ്ടാകുന്നതിൽ’ ഇത്തരം കോട്ടകളുടെ നിർമ്മാണങ്ങളും അതിന്റെ രഹസ്യാത്മകതയും നമ്മളെ ഭ്രമിപ്പിച്ച് കളയും.
വിജയാനന്തരം നമ്മൾ ഒളിയിടങ്ങളിലേയ്ക്ക് മടങ്ങിപ്പോകുന്നു. ഭയമാണ് പിന്നെ നമ്മുടെ ശരീര ഭാഷ.
വലുതാകുമ്പോൾ ആരാകണമെന്നാ മോന്റെ ആഗ്രഹം? (മോളുടെ ആഗ്രഹങ്ങളെ കുറിച്ച് ആരും അത്ര ബോധാവാന്മാരായിരുന്നില്ലല്ലോ) നമ്മൾ എത്ര തവണ കേട്ടിട്ടുള്ളതാണീ ചോദ്യം? എല്ലാവരും ഒരേ സ്വരത്തിൽ പറയും, ഡോക്ടർ, എൻജിനീയർ, പോലീസ്….കുരുന്നുമോഹങ്ങൾ ക്ലാസ് മുറികളുടെ മരതട്ടികകൾ കടന്ന് പുറത്തേയ്ക്കുയരും…
എല്ലാവർക്കും ഇഷ്ടമായ ആ കഥാപാത്രങ്ങൾ നടന്നു നടന്നു മുന്നോട്ട് പോകുകയാണ്. “What do you want to be when you grow up?’ വലുതാകുമ്പോൾ എന്താകണമെന്നാ നീയാഗ്രഹിക്കുന്നത്? Moleന്റെ ചോദ്യത്തിന് ഒരിട നിശബ്ദതയ്ക്ക് ശേഷം പയ്യൻ പറയും “Kind’ ദയവുള്ളവനാകണം…! (The Boy, the Mole, the Fox and the Horse – Book byCharlie Mackesy) വിജയങ്ങളുടെ മാതൃകാ ഉത്തരങ്ങളിൽ കാണാത്തൊരു ഉത്തരം അല്ലെ? ദയവുള്ളവനാകണം. മണ്ടത്തരം, അല്ലാതെന്ത്!
Self-help പുസ്തകങ്ങളുടെയും ജീവിതശൈലീ ട്രെയിനർമാരുടെയും മോട്ടിവേഷണൽ പ്രസംഗകരുടേയും ശബ്ദതരംഗങ്ങൾക്കിടയിൽ നിന്നും ആരെങ്കിലും കേൾക്കുന്നുണ്ടോ, ‘ഈ ലോകം പരാജിതരുടെ കൂടിയാണെ’ന്ന്?
ലോകം വിജയിച്ച മനുഷ്യരുടെ മാത്രം ചരിത്രങ്ങളെ കുറിച്ച് വച്ചിട്ടുള്ളൂ. പരാജിതരും സ്ത്രീകളും കുഞ്ഞുങ്ങളും അടിമകളും തൊഴിലാളികളുമാകട്ടെ, ചരിത്രത്തിന്റെ അടരുകളെ അവരുടെ ജീവരക്തം കൊണ്ട് സചേതനങ്ങളാക്കി. ഓരോ വിജയങ്ങളും നമ്മെ വല്ലാത്ത നിരർത്ഥകതയിലേക്ക് നയിച്ചേക്കാം. സൂക്ഷിക്കണം. വിജയങ്ങൾ – മാനസാന്തരങ്ങളിലേക്കുള്ള കിളിവാതിലുകൾ കൂടിയാണ്.
അധികാരമോ പണമോ സമ്പത്തോ നേടിയതുകൊണ്ട് ഒരാൾ വിജയിച്ചുവെന്നു കരുതാനാകുമോ?. അധികാരവും സമ്പത്തും നേടാനുള്ള ഓട്ടത്തിൽ മരിച്ചു ജീവിക്കുന്ന എത്രയോ പേർക്കിടയിലാണ് നമ്മൾ ജീവിക്കുന്നത്. എല്ലാമുണ്ടെങ്കിലും ഒന്നുമില്ലാതെ ശൂന്യരായിപോയ ഗതികെട്ടവന്മാർ. ഒന്നുമേ പങ്കുവയ്ക്കാൻ ത്രാണിയില്ലാതെ മനസ്സ് ചുരുങ്ങിപോയ ജന്മങ്ങൾ. അങ്ങനെയെങ്കിൽ വിജയത്തിന്റെ മാനദണ്ഡം എന്തായിരിക്കും?
അത് ആത്യന്തികമായി നിങ്ങൾ എന്ത് മാത്രം സന്തോഷമുള്ളവരാണ് എന്നത് അടിസ്ഥാനമാക്കിയായിരിക്കും എന്നതാണ് പരമാർത്ഥം. നിങ്ങൾ സന്തോഷവാനാണോ, നന്ദി നിറഞ്ഞ മനസ്സോടെയാണോ നിങ്ങൾ ജീവിക്കുന്നത്, എങ്കിൽ നിങ്ങളാണ് ഏറ്റവും വലിയ വിജയി. അതിൽ തർക്കങ്ങളോന്നുമേയില്ല.