വളരെ വലുപ്പത്തിലും ഉയരത്തിലുമുള്ള ചില കാട്ടുമരങ്ങളെ കണ്ടിട്ടില്ലേ ആരാണ് അവ നട്ടത്… ആരാണ് അവയ്ക്ക് വെള്ളം തളിച്ചത്? ആരാണ് അവയ്ക്ക് വളം നല്കിയത്? ആരുമില്ല. എന്നിട്ടും അവ അതിന്റെ സ്വഭാവിക ചോദന അനുസരിച്ച് ചുറ്റുപാടുകളിൽ നിന്ന് തന്റെ വളർച്ചയ്ക്ക് വേണ്ടതെല്ലാം സ്വാംശീകരിച്ചെടുത്ത് വളർന്നുപന്തലിച്ചു. എന്നാൽ അതേ വൃക്ഷത്തിന്റെ ചുറ്റുവട്ടത്തിലോ അതിന്റെ ചുവടെ തന്നെയോ വേറെയും ചില മരങ്ങളുണ്ടാകാം. എന്നാൽ അവയ്ക്കൊരിക്കലും മറ്റേ വൃക്ഷം പോലെ വളർച്ചയില്ല. ഒരേ മണ്ണും ഒരേ വളവും ഒരേ സാഹചര്യവും ആയിരുന്നിട്ടും ഇതെന്തുകൊണ്ടു സംഭവിക്കുന്നു? സാഹചര്യങ്ങളെക്കാൾ പ്രസക്തം ഓരോന്നിന്റെയും ഉള്ളിലുള്ള ചില ചോദനകളാണ്. സാഹചര്യങ്ങളെ അപ്രസക്തമാക്കി ജീവിതത്തിൽ ഉയർന്നുവന്നിരിക്കുന്ന അനേകം വ്യക്തികളില്ലേ? അബ്രഹാം ലിങ്കണിന്റെ നെൽസൺ മണ്ടേലയുടെയോ നമ്മുടെ നാട്ടിലെ കെആർ നാരായണന്റെയോ പോലെയുള്ള സാഹചര്യങ്ങളിൽ ജീവിച്ചുവളർന്ന വ്യക്തികൾ വേറെയുമുണ്ട്. പക്ഷേ അവർക്കാർക്കും ഒരു ലിങ്കണോ നാരായണനോ മണ്ടേലയോ ആകാൻ കഴിഞ്ഞിട്ടില്ല. എന്താണ് കാരണം. സാഹചര്യങ്ങളെക്കാൾ മനോഭാവം. അവരുടെ ഉള്ളിലുള്ള അതിജീവിക്കാനും പോരാടാനുമുള്ള കരുത്ത്. അതാണ് അവരെ വ്യത്യസ്തരാക്കിയത്.
ഇതുപോലെ ഓരോ വ്യക്തിയിലും അടിസ്ഥാനപരമായി ചില സവിശേഷതകളുണ്ട്. ചില സ്വഭാവപ്രത്യേകതകളുണ്ട്. ഉദാഹരണത്തിന് മുൻകോപം, പൊട്ടിത്തെറി. പുകവലിയോട് യാതൊരുവിധ താല്പര്യങ്ങളുമില്ലാത്ത ഒരാൾ ഒരു പുകവലിസംഘത്തിൽ പെട്ടാൽ അയാൾ പുകവലിക്കുമോ. ഇല്ല. കാരണം പുകവലിയോട് താല്പര്യമുള്ള ഒരു മനോഭാവം അയാളുടെ ബോധതലങ്ങളിൽ ഒരിടത്തുപോലുമില്ല. എന്നാൽ പരസ്യമായി പുകവലിക്കാതിരിക്കുകയും അതേസമയം പുകവലിക്കാൻ മനസ്സുകൊണ്ട് ആഗ്രഹിക്കുകയും ചെയ്യുന്ന ഒരാളാണെങ്കിലോ അനുകൂലമായ സാഹചര്യത്തിൽ അയാൾ പുകവലിക്കും. അയാൾ അവിടെ പുകവലിക്കുന്നത് ആരും കാണുന്നില്ല. പുകവലിക്കാത്തവനും മാന്യനുമായി പുറംജീവിതത്തിൽ അയാൾ ഇടപെടുകയും ചെയ്യും. പക്ഷേ അയാൾ അയാളെ തന്നെ രഹസ്യമായി തൃപ്തിപ്പെടുത്തിയിരിക്കുന്നു. അയാളുടെ ആഗ്രഹങ്ങളെ, ചോദനകളെ എല്ലാം തൃപ്തിപ്പെടുത്തിയിരിക്കുന്നു.
ഒരാളുടെ ഉള്ളിലുളളവയാണ് അയാൾ അനുകൂല സാഹചര്യങ്ങളിൽ പുറമേയ്ക്ക് പ്രകടിപ്പിക്കുന്നത്. സാഹചര്യം ഒരാളെയും വഴിതെറ്റിക്കുന്നില്ല. മറിച്ച് വഴിയൊരുക്കുക മാത്രമേ ചെയ്യുന്നുള്ളൂ. വീടും നാടും വിട്ട് പഠിക്കാനും ജോലിക്കുമായി പോകുന്ന കുട്ടികൾ വഴിതെറ്റുന്നുവെന്ന് ഒട്ടുമിക്ക മാതാപിതാക്കളുടെയും സങ്കടവും പരാതിയും വേവലാതിയുമാണ്. എന്നാൽ വീട്ടിൽ നിന്ന് എത്ര അകലെയായിട്ടും ചുവടുകൾ തെറ്റിപ്പോകാത്ത കുഞ്ഞുങ്ങളുമില്ലേ. ഒരേ സാഹചര്യമായിരുന്നിട്ടും അവർ രണ്ടുപേർ,
രണ്ടുരീതിയിലായിരിക്കും ജീവിക്കുന്നത്. എന്തിനെന്നല്ലേ അയാളുടെ ഉളളിൽ മണ്ണ് പുതഞ്ഞുകിടന്നിരുന്നവയെ പുറത്തേക്ക് കൊണ്ടുവരാൻ. ദേഷ്യം വരുമ്പോഴോ എന്നെ ഒരാൾ എതിർക്കുമ്പോഴോ എനിക്ക് ഹിതകരമല്ലാത്തത് പെരുമാറുമ്പോഴോ ആണ് ഞാൻ നിങ്ങളെ പരുഷവാക്കുകൾ കൊണ്ട് നേരിടുന്നത്, നിങ്ങൾക്ക് നേരെ പുലഭ്യം പുലമ്പുന്നത്. ആ സാഹചര്യത്തിന്റെ പ്രത്യേകതയല്ല മറിച്ച് ചീത്തവിളിക്കാനും വെല്ലുവിളിക്കാനുമുള്ള അടിസ്ഥാനപരമായ ചോദനകൾ എന്റെ ഉള്ളിലുണ്ട് എന്നാണ് അത് വ്യക്തമാക്കുന്നത്.
എന്റെയുള്ളിൽ ഇല്ലാത്തത് എനിക്കൊരിക്കലും പുറമേയ്ക്ക് കൊണ്ടുവരാനാവില്ല. പാട്ട് പാടാൻ കഴിവില്ലാത്ത ഒരാൾ ഗാനഗന്ധർവന്റെയോ വാനമ്പാടിയുടെയോ കൂടെ കഴിഞ്ഞാലും പാട്ടുപാടുമോ? എഴുതാൻ ഉള്ളിലില്ലാത്ത ആൾ ടാഗോറിന്റെയോ ഷേക്സ്പിയറിന്റെയോ ദെസ്തയോവിസ്‌ക്കിയുടെയോ കൂടെ എത്രനാൾ കഴിഞ്ഞാലും എഴുതിത്തുടങ്ങുമോ? ഇല്ലെന്നാണ് സത്യം. പക്ഷേ എഴുതിയേക്കും, പാടിയേക്കും അയാളുടെ ഉള്ളിൽ അത്തരത്തിലുള്ള ഒരു സാധ്യയുണ്ടെങ്കിൽ. അതുകൊണ്ട് സാഹചര്യങ്ങളെ നാം അന്ധമായി കുറ്റം വിധിക്കേണ്ടതില്ല. സാഹചര്യം ചിലപ്പോൾ നല്ലതോ ചീത്തയോ ആകാം. അനുകൂലമോ പ്രതികൂലമോ ആകാം. പക്ഷേ ആ സാഹചര്യത്തോട് നാം ഏതുരീതിയിൽ പ്രതികരിക്കുന്നു, നാം എങ്ങനെ ഇടപെടുന്നു, നമ്മുടെ ഉളളിൽ എന്തുണ്ട് എന്നതാണ് പ്രധാനം.
ചീത്തവാക്കുകൾ ഒരാൾ നമുക്ക് നേരെ കടിച്ചുതുപ്പിയാലും അതേ നാണയത്തിൽ നാം തിരികെ പറയാത്തത് നമ്മുടെ ഉളളിൽ അത്തരം വാക്കുകളില്ലാത്തതുകൊണ്ടാണ്. മറ്റേ ആളാവട്ടെ പുറമേയ്ക്ക് നല്ലരീതിയിൽ പെരുമാറുകയും ജീവിക്കുകയും ചെയ്യുമ്പോഴും അയാളുടെ ഉള്ളിൽ അസഭ്യവാക്കുകളുടെ കടലുമുണ്ട്. ആകസ്മികമായി സംഭവിക്കുന്നവയോ കൈയബദ്ധങ്ങളെയോ ഒഴിവാക്കിയാൽ സാഹചര്യമല്ല ഒരാളെയും വഴിതെറ്റിക്കുന്നത് നാം സ്വയം വഴിതെറ്റുകയാണ് ചെയ്യുന്നത്.
നമ്മുടെ ഉള്ളിലുള്ളവയാണ് നമ്മുടെ നേർവഴിക്കും തെറ്റായ വഴിക്കും നയിക്കുന്നത്. അതുകൊണ്ട് സാഹചര്യങ്ങളെ കുറ്റം വിധിക്കേണ്ട. നിങ്ങളുടെ ഉള്ളിൽ എന്താണ് എന്ന് സത്യസന്ധമായി കണ്ടെത്തിയാൽ മാത്രം മതി.