1895 ൽ ആയിരുന്നു രോഗചികിത്സയിൽ നിർണ്ണായകസ്ഥാനം പിടിച്ച ഇന്നത്തെ എക്സ്റേയുടെ കണ്ടുപിടിത്തം. കാതോഡ് റേ ട്യൂബുകളുപയോഗിച്ച് പരീക്ഷണങ്ങൾ നടത്തുകയായിരുന്ന റോൺജൻ അപ്രതീക്ഷിതമായിട്ടാണ് ഒരു പച്ചവെളിച്ചം കണ്ടത്. പരീക്ഷണശാലയിലെ ബേരിയം പ്ലാറ്റിനോ സൈനൈഡ് പുരട്ടിയ സ്‌ക്രീനിൽ ആയിരുന്നു ആ വെളിച്ചം. തനിക്ക് അജ്ഞാതമായ ആ വെളിച്ചത്തിന്റെ ഉറവിടം തേടി അദ്ദേഹത്തിന്റെ പരീക്ഷണങ്ങൾ മുന്നോട്ടുപോയി. അന്ന് നവംബർ എട്ടാം തീയതി വെള്ളിയാഴ്ചയായിരുന്നു. പതിവുപോലെ പരീക്ഷണനിരീക്ഷണങ്ങളുമായി റോൺജൻ ലാബറട്ടറിയിലും.

കറുത്ത കട്ടിക്കടലാസുകൊണ്ട് മൂടിയ കാതോഡ് റേ ട്യൂബിലൂടെ വൈദ്യുതി കടത്തിവിട്ടപ്പോൾ വളരെ യാദൃച്ഛികമായി തന്റെ ഇരുൾ നിറഞ്ഞ പരീക്ഷണശാലയിൽ ഒരു വശത്ത് അദ്ദേഹമൊരു തിളക്കം കണ്ടു.
വാക്വം ട്യൂബിലൂടെ ഇൻഡക്ഷൻ കോയിൽ ഉപയോഗിച്ച് ഇലക്ട്രോമാഗ്നറ്റിക് തരംഗങ്ങളുടെ ഗതിവിഗതികൾ പഠിക്കുകയായിരുന്ന അദ്ദേഹം അത്ഭുതപ്പെട്ടു. പ്രകാശത്തിന്റെ നേർത്ത കണികപോലും കടക്കാനാകാത്ത വിധം കൊട്ടിയടയ്ക്കപ്പെട്ട ആ മുറിയിൽ എവിടെ നിന്ന് വന്നു കിരണം? ഗ്ലാസ് ട്യൂബ് കറുത്ത തുണികൊണ്ട് മൂടിയിരുന്നുവെങ്കിലും അതിനെയും കടന്നു ചില തരംഗങ്ങൾ പുറത്തുവരുന്നതായിരിക്കും എന്ന് കരുതിയ അദ്ദേഹം അക്കാര്യം ഉറപ്പിക്കാനായി തന്റെ കൈ അതിന് പ്രതിരോധമായി വച്ചു.
അപ്പോഴാണ് മറ്റൊരു അത്ഭുതം സംഭവിച്ചത്. കയ്യുടെ മൊത്തത്തിലുള്ള നിഴലിന് പകരം ചുമരിൽ തെളിഞ്ഞത് കയ്യിലെ അസ്ഥികൂടത്തിന്റെ ചിത്രമായിരുന്നു. റോൺജർ ബോധം കെട്ടില്ലെന്നേയുളളൂ. എന്തായാലും അദ്ദേഹം ഉടൻ തന്നെ ഭാര്യയെ ചെന്നു വിളിച്ചു ലാബറട്ടറിയിലെ അത്ഭുതപ്രതിഭാസം കാണിച്ചുകൊടുത്തു.
അദൃശ്യമായ ഈ കിരണത്തിന് അറിഞ്ഞുകൂടാത്ത എന്തിനെയും എക്സ് എന്ന് വിളിക്കണം എന്ന അലിഖിത ശാസ്ത്രനിയമത്തിന്റെ പേരിൽ അദ്ദേഹം അതിന് എക്സ് റേ എന്ന് പേരു നല്കി. തുടർന്ന് ഫോട്ടോഗ്രാഫിക് പ്ലേറ്റ് എടുത്തുകൊണ്ടുവന്ന് വെളിച്ചം പതിയുന്ന സ്ഥലത്ത് വച്ചു ഭാര്യയോട് അതിന് മുകളിൽ കരം വയ്ക്കാൻ പറഞ്ഞു. അങ്ങനെ ആദ്യമായി ലോകത്തിലെ എക്സ് റേചിത്രം തെളിഞ്ഞു. ഒരു വർഷത്തിനുള്ളിൽ എക്സ്റേ ഡിപ്പാർട്ട്‌മെന്റ് ആരംഭിച്ചു.
റോൺജർ കണ്ടെത്തിയ അത്ഭുത കിരണങ്ങൾക്ക് എക്സ് എന്ന പേരു മാറ്റി പകരം അദ്ദേഹത്തിന്റെ പേരു നല്കണമെന്ന് ശാസ്ത്രലോകം ആവശ്യപ്പെട്ടുവെങ്കിലും റോൺജർ അക്കാര്യം സ്നേഹപൂർവ്വം നിരസിക്കുകയാണ് ചെയ്തത്.