വിഷാദവും ആത്മഹത്യയും. അമേരിക്കയിലെ യുവജനങ്ങള്‍ക്കിടയിലെ ഏറ്റവും വലിയ പ്രശ്‌നമായി കണക്കാക്കപ്പെടുന്നത് ഇവ രണ്ടുമാണ്. 2016 ല്‍ 45,000 ആളുകളാണ് വിഷാദത്തിനും നിരാശയ്ക്കും അടിപ്പെട്ട് സ്വയം ജീവന്‍ വലിച്ചെറിഞ്ഞത്. 1999 ലെ വച്ചുനോക്കുമ്പോള്‍ 25 ശതമാനം വര്‍ദ്ധനവാണ് ഇതിലുള്ളത്. 13.3 % യുവജനങ്ങള്‍ ആത്മഹത്യ ചെയ്യുന്നവരില്‍ പെടുന്നു. എന്തുകൊണ്ടാണ് യുവജനങ്ങള്‍ ഇങ്ങനെ ആത്മഹത്യ ചെയ്യുന്നതെന്ന അന്വേഷണം എത്തിനിന്നത് അവരുടെ ജീവിതത്തിലെ ദൈവവിശ്വാസത്തിന്റെ കുറവിലായിരുന്നു. ദൈവത്തിലോ ഏതെങ്കിലും മതാചാരങ്ങളിലോ വിശ്വസിക്കാത്തവര്‍ വളരെ പെട്ടെന്ന് തന്നെ നിരാശരും വിഷാദത്തിന് അടിമകളുമാകുന്നുവെന്നാണ് ഗവേഷണഫലം വ്യക്തമാക്കിയത്.
എന്നാല്‍ ഒരു വ്യക്തി ദൈവവിശ്വാസിയാണെങ്കില്‍ അയാള്‍ക്ക് വിഷാദത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വളരെ എളുപ്പം സാധിക്കുമെന്ന് യൂണിവേഴ്‌സിറ്റി ഓഫ് നോര്‍ത്ത് കരോലിനയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക്‌സ് വിഭാഗത്തിലെ ജെയ്ന്‍ കൂലെ പറയുന്നു. വിശ്വാസജീവിതം വ്യക്തികളില്‍ പതിനൊന്ന് ശതമാനത്തോളം വിഷാദം കുറയ്ക്കുന്നുവെന്നാണ് പഠനം വ്യക്തമാക്കിയത്. വിശ്വാസികളായ കുട്ടികളുടെ സാമൂഹ്യജീവിതം വളരെ ശക്തമാണെന്നും അവര്‍ ആക്ടീവാണെന്നും ഒരു നിരീക്ഷണവുമുണ്ട്. അത്തരക്കാരുടെ മാനസികനിലവാരവും ഉയര്‍ന്നതായിരിക്കും. അതുകൊണ്ട് മക്കളെ ചെറുപ്പം മുതല്്‌ക്കേ ആത്മീയതയില്‍ വളര്‍ത്തുന്നത് നല്ലതാണ്. അവരവരുടെ തന്നെ ജീവിതവിജയത്തിന് ഇതേറെ സഹായം ചെയ്യും.