‘ഇനി നിങ്ങളെക്കുറിച്ച് സംസാരിക്കൂ.’
‘എന്തൊക്കെയാണ് നിങ്ങളുടെ സ്ട്രങ്ത്.’
‘നിങ്ങളെക്കുറിച്ച് സഹപ്രവർത്തകരുടെ അഭിപ്രായം എന്താണ്?’
ഇന്റർവ്യൂവിൽ പങ്കെടുക്കുമ്പോൾ ഇങ്ങനെ ചില നിർദ്ദേശങ്ങളും ചോദ്യങ്ങളും കേട്ടിട്ടില്ലാത്തവർ ചുരുക്കമായിരിക്കും. കേട്ടപാടെ ഇന്റർവ്യൂ ബോർഡിലെ ആളുകളെ ഇംപ്രസ് ചെയ്യാനായി സ്വന്തം കഴിവുകളും മേന്മകളും അഭിപ്രായങ്ങളും വായ്തോരാതെ സംസാരിക്കുന്നവരാണ് കൂടുതലും.
പക്ഷേ ഇതൊരു തെറ്റായ രീതിയാണെന്നാണ് കരിയർ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം. സ്വന്തം കാര്യങ്ങൾ പറയാൻ നിർദ്ദേശിക്കുന്നതിലൂടെ ഇന്റർവ്യൂ ബോർഡ് ലക്ഷ്യമാക്കുന്നത് നിങ്ങൾ നിങ്ങളിൽ തന്നെ എത്രത്തോളം ആത്മവിശ്വാസമുള്ള വ്യക്തിയാണെന്നാണ്. അതുപോലെ നിങ്ങളുടെ കമ്മ്യൂണിക്കേഷൻ സാമർത്ഥ്യം എത്രത്തോളമുണ്ടെന്നും. നിങ്ങൾ പറയുന്ന ഓരോ വാക്കും വിശേഷണവും ഇന്റർവ്യൂ ബോർഡ് സൂക്ഷ്മമായ നിരീക്ഷണത്തിലും വിലയിരുത്തലിനും വിധേയമാക്കുന്നു്.അതുകൊണ്ട് ആത്മപ്രശംസയില്ലാതെ ആത്മവിശ്വാസത്തോടെ സംസാരിക്കുകയാണ് വേണ്ടത്. ഇതിന് നല്ല തയ്യാറെടുപ്പും ആവശ്യമാണ്. അവനവനിൽ വിശ്വാസമില്ലാത്ത ഒരാളെ സ്ഥാപനം എങ്ങനെ വിശ്വസിക്കും?
പല ഉദ്യോഗാർത്ഥികളും മുഖാമുഖവേളകളിൽ പറയുന്ന ചില കാര്യങ്ങളും അത് എങ്ങനെ തെളിയിക്കപ്പെടും എന്നും നമുക്ക് നോക്കാം.
ഞാനൊരു ഹാർഡ് വർക്കറാണ്
ഉദ്യോഗാർത്ഥി കഠിനാദ്ധ്വാനിയാണെന്നത് സ്ഥാപനത്തെ സന്തോഷിപ്പിക്കുന്ന കാര്യം തന്നെ. പക്ഷേ നിങ്ങൾ കഠിനാദ്ധ്വാനിയാണെന്ന് ഇന്റർവ്യൂ ബോർഡ് എങ്ങനെ മനസ്സിലാക്കും? ജോലിക്ക് നിയമിച്ചാൽ മാത്രമേ സ്ഥാപനം അത് തിരിച്ചറിയുകയുള്ളൂ. അതുകൊണ്ട് നിങ്ങൾ കഠിനാദ്ധ്വാനിയാണെന്ന് സ്വയം പറയാതെ അത് ബോധ്യപ്പെടുത്തിക്കൊടുക്കാൻ തക്ക എന്തെങ്കിലും തെളിവുണ്ടോയെന്ന് നോക്കുക.അതായത് മുൻ ജോലി സ്ഥലങ്ങളിൽ അധികാരികൾ നിങ്ങളുടെ കഠിനാദ്ധ്വാനത്തെക്കുറിച്ച് പറഞ്ഞ രേഖകൾ, നിങ്ങൾ അദ്ധ്വാനം വഴി നേടിയവിജയങ്ങളുടെ തെളിവുകൾ എന്നിവയെല്ലാമാണ് ഇവിടെ ഹാജരാക്കേണ്ടത്.
ഞാനൊരു ടീം ലീഡറാണ്
ടീം ലീഡർ ആരാണ് എന്ന് തിരിച്ചറിയുകയാണ് ഈ മറുപടി പറയുന്നതിന് മുമ്പ് ആദ്യം ചെയ്യേണ്ടത്. ടീം ലീഡർ എന്നാൽ ഒരു ഗ്രൂപ്പിൽ ഒരുമിച്ചു ജോലി ചെയ്യുന്നതോ മറ്റുള്ളവരുമായി സഹകരിച്ചു ജോലി ചെയ്യുന്നതോ അല്ല. സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് ജോലി ചെയ്യാനും കൂടെ ജോലിചെയ്യുന്നവരോട് ആദരവോടെ പെരുമാറാനും ടീം അംഗങ്ങളുടെ ആവശ്യങ്ങളെ തുറന്ന മനസ്സോടെ കേൾക്കാൻ തയ്യാറുള്ളവനും പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾപരിഹാരം കണ്ടെത്താൻകഴിവുള്ളവനും ലക്ഷ്യങ്ങളുള്ളതുമായ വ്യക്തിയായിരിക്കണം. വിജയത്തിന്റെ മുഴുവൻ ക്രെഡിറ്റും സ്വന്തമാക്കാനും പാടില്ല. ക്രെഡിറ്റ് അർഹതപ്പെട്ടവർക്ക് നല്കാൻ കൂടി അയാൾ തയ്യാറായിരിക്കണം. ഞാൻ എന്നതിന് പകരം ഞങ്ങൾ എന്നായിരിക്കണം ഒരു നല്ല ടീംലീഡർ ഉപയോഗിക്കേണ്ടത്. അതുകൊണ്ട് ഞാനൊരു നല്ല ടീം ലീഡറാണ് എന്ന് പറയുന്നതിന് പകരം- അത് തെളിയിക്കപ്പെടേണ്ടതാണല്ലോ- ഒരു ടീമിനെ നയിച്ച മുൻകാല അനുഭവം പങ്കുവയ്ക്കുന്നതായിരിക്കും നല്ലത്.
ഞാൻ വളരെ ഡൈനാമിക്കാണ്
നിങ്ങൾ ഡൈനാമിക്കാണെന്ന് പറയുകയല്ല കാണിച്ചുകൊടുക്കുകയാണ് വേണ്ടത്. പോസിറ്റീവ് എനർജി പുറപ്പെടുവിക്കുന്ന ഒരാൾ സ്വഭാവികമായും ഡൈനാമിക്കായിരിക്കും.ആശയങ്ങൾ പങ്കുവയ്ക്കുന്ന രീതികൊണ്ടും ആശയങ്ങളുടെ വൈവിധ്യവും നൂതനത്വവും കൊണ്ട് അക്കാര്യം ബോർഡ് തിരിച്ചറിയും. നിങ്ങളുടെ കാഴ്ചപ്പാടും പെരുമാറ്റവുമാണ് വാക്കുകളെക്കാൾ കൂടുതലായി ഇവിടെ സംസാരിക്കുന്നത്.
ഞാൻ ക്രിയേറ്റീവാണ്
വളരെയധികം സർഗ്ഗാത്മകതയുള്ള ഒരു വ്യക്തിയാണെന്ന് അവകാശപ്പെടുന്നവർ അത്തരം അവകാശങ്ങൾ മുഴക്കുന്നതിന് പകരം അത് തെളിയിക്കുന്ന പോർട്ട് ഫോളിയോ, ബ്ലോഗ് തുടങ്ങിയവ റഫറൻസിനായി ഉപയോഗിക്കുകയാണ് ഉചിതം