തോല്ക്കാൻ ബെന്നിക്ക് മനസ്സില്ല

Date:

ബെന്നി പറഞ്ഞു, ”എനിക്കൊരു സ്വപ്‌നമുണ്ട്; പറന്നു നടക്കണം”.  ഇതു വായിക്കുമ്പോൾ നിങ്ങൾക്കു തോന്നും ഇയാൾക്കെന്താ ചിറകുണ്ടോ എന്ന്..?. എന്നാൽ ഉണ്ട്, വൃത്താകൃതിയിലുള്ള രണ്ടു ചിറകുകളാണവ. ആ ചിറക് ഉപയോഗിച്ചാണ് അദേഹം പറന്നു നടക്കുന്നത്. പല വഴികളിലൂടെ.. പല ദൗത്യങ്ങളുമായി…

ആദ്യകാല കുടിയേറ്റ കർഷകരായ കാസർഗോഡ് ജില്ലയിലെ മാലക്കല്ല് എന്ന ഗ്രാമത്തിലെ കൊല്ലാലപ്പാറയ്ക്കൽ ലൂക്ക-പെണ്ണമ്മ ദമ്പതികളുടെ അഞ്ച് മക്കളിൽ നാലാമനായി1973 ലാണ് ബെന്നിയുടെ ജനനം 10 ക്ലാസിന് ശേഷം തയ്യൽക്കാരനായി. ജോലിയിൽ ഇടവേളകളിൽ കണ്ടെത്തി ഡ്രൈവിംഗ് പഠിച്ചു. തയ്യൽ ജോലി കുറയുമ്പോൾ ഡ്രൈവിംഗിന് പോയി ജീവിതം പുലർത്തി. തിരക്കിട്ട ഈ ജീവിതത്തിനിടയിലും  കരാട്ടെ പഠിച്ചു. ചുരുങ്ങിയ കാലംകൊണ്ട് കെൻപോ കരാട്ടെയിൽ ബ്ലാക്ക്ബെൽറ്റ് നേടി. ജീവിതം ഇങ്ങനെ സന്തോഷപ്രദമായി കടന്നുപോകുമ്പോഴായിരുന്നു ആ ഇരുണ്ട ദിനം ബെന്നിയുടെ ജീവിതത്തിലേക്ക് കടന്നുവന്നത്.

1997 മാർച്ച് 10  അന്ന്  ജേഷ്ഠന്റെ വിവാഹത്തലേന്നാൾ. പന്തല് കെട്ടാൻ ഓലയ്ക്കായി വീടിന് സമീപമുള്ള തെങ്ങിൽ കയറിയതായിരുന്നു ബെന്നി. ഓല വെട്ടുന്നതിനിടെ കാല് തെറ്റി ബെന്നി  താഴേക്ക് വീണു.

ബോധം വീണ്ടെടുക്കുമ്പോൾ മംഗലാപുരത്തെ ആശുപത്രിയിലാണ്. ചെരിഞ്ഞൊന്ന് കിടക്കാൻ ശരീരം ആവുംവിധം അനക്കി. അരയ്ക്കു മുകളിലേക്ക് മാത്രം… താഴേക്ക് ഒന്നുമില്ലാത്ത അവസ്ഥ.  സുഷുമ്‌ന നാഡിക്കേറ്റ പരിക്ക് ബെന്നിയുടെ ജീവിതത്തെ അന്ന് കട്ടിലിലേക്ക്ചുരുക്കുകയായിരുന്നു.

മൂന്നു മാസത്തെ ചികിൽസയ്ക്കൊടുവിൽ മംഗലാപുരത്തെ ആശുപത്രി വിട്ടു. പിന്നെ കുറച്ചുനാൾ വയനാട്ടിലെ നാട്ടുചികിൽസാ കേന്ദ്രത്തിൽ. അഞ്ചു മാസത്തെ ചികിത്സയ്ക്കൊടുവിൽ വീൽചെയറിൽ ഇരിക്കാമെന്ന അവസ്ഥയായി. പിന്നെ വീടിന്റെ നാലു ചുവരുകൾക്കുള്ളിലേക്ക്. ഏകാന്തതയും അന്യതയും അസഹനീയമായ കാലം.

ചില അടുത്ത സുഹൃത്തുക്കളും വീട്ടുകാരും ബലമേകിയപ്പോൾ ജീവിതം തിരിച്ചെടുക്കുവാനുള്ള വാശി മനസിൽ രൂപപ്പെട്ടു. അവ ആദ്യം കുറിക്കപ്പെട്ടത് കവിതകളുടെ രൂപത്തിലായിരുന്നു. ഏകാന്തത അസഹ്യമാകുമ്പോൾ അതെടുത്ത് പലകുറി വായിച്ചു. ഓരോ തവണയും തിരുത്തലുകൾ കുറിച്ചു. അവസാനം കവിത പൂർണതയിൽ എത്തിയപ്പോൾ വീടിന്റെ നാലു ചുവരുകൾ വിട്ട് വീൽചെറുമായി പുറത്തേക്കിറങ്ങാൻ തീരുമാനിച്ചു.

വീൽചെറുമായി എത്തിപ്പെട്ടത് പഴയ തട്ടകമായ മാലക്കല്ല് ടൗണിൽ തന്നെ. അവിടെ ഒരു തയ്യൽ കട തുടങ്ങി. പഴയ കരാട്ടെ സുഹൃത്തുക്കൾ പ്രദർശന മത്സരം നടത്തി പിരിച്ചെടുത്ത പണം ഉപയോഗിച്ചാണ് കട തുടങ്ങിയത്. അതുകൊണ്ട് കടയ്ക്ക് പീപ്പിൾസ് ടൈലറിംഗ് ഷോപ്പ് എന്ന് പേരിട്ടു. ഒറ്റമുറി പകുത്തെടുത്ത് കടയും വീടുമാക്കി രൂപാന്തരപ്പെടുത്തി. അങ്ങനെ വീൽചെയറിൽ പറന്നുനടന്ന് പുതു ജീവിതത്തിൽ പിച്ചവെച്ചു. വീൽചെയറിൽ ഓടിനടന്ന് ഭക്ഷണം വയ്ക്കുകയും തയ്യൽ ജോലികൾ ചെയ്യുകയും മുറിയോട് ചേർന്നുള്ള ബാത്ത്റൂമിൽ അലക്കുകയും ചെയ്യുന്ന ബെന്നി നാട്ടുകാർക്ക് അത്ഭുതമായി മാറുകയായിരുന്നു.

തയ്യൽജീവിതം പച്ചപിടിച്ചപ്പോൾ ബെന്നി ഗ്യാസ് കസ്റ്റമർ സെന്റർ കൂടി ആരംഭിച്ചു. നാട്ടുകാരും ഈ സംരംഭത്തിൽ സഹായിച്ചതോടെ ബെന്നിയുടെ രണ്ടാം ശ്രമവും വിജയകരമായി. പിന്നെ സ്റ്റൗ സർവീസ് സെന്റർ, മൊബൈൽ റീച്ചാർജ് സെന്റർ, ചിട്ടി കേന്ദ്രം എന്നിവയും ആ ഒറ്റമുറിയുടെ വിശാലതയിൽ അദേഹം സാധ്യമാക്കി.

പുതു ജീവിതം തുടങ്ങി പന്ത്രണ്ടാം വർഷം ബെന്നി മാലക്കല്ല് ടൗണിൽ അഞ്ചു സെന്റ് സ്ഥലം വാങ്ങി. ഏഴു വർഷത്തിനപ്പുറം അദേഹം തന്റെ അഞ്ചു സെന്റ് സ്ഥലത്ത് 2,400 ചതുരശ്ര അടി വലിപ്പമുള്ള ഇരുനിലക്കെട്ടിടം പണികഴിപ്പിച്ചു. അതിൽ ഒരുനില തന്റെ വീടും ഇടവുമാക്കി. മറ്റേ നില വാടകയ്ക്ക് നൽകി. ഏകദേശം 40 ലക്ഷത്തോളം രൂപ മുതൽമുടക്കിലാണ് കെട്ടിടം പണിതത്. ബാങ്ക്, കെഎസ്എഫ്ഇ എന്നിവിടങ്ങളിൽ നിന്നും മറ്റും ലോണെടുത്തും തന്റെ വർഷങ്ങളുടെ സമ്പാദ്യം ഉപയോഗിച്ചുമാണ് ഈ സ്വപ്നസൗധം ബെന്നി പണി കഴിപ്പിച്ചത്.

വെല്ലുവിളികളിൽനിന്നും സ്വന്തം ജീവിതം പണിതുയർത്തുമ്പോഴും സമാന ജീവിതങ്ങൾക്കു സാന്ത്വനമേകാൻ ബെന്നി പരിശ്രമിച്ചു. തിരക്കുകൾക്കിടയിലും ആശ്രയമാവശ്യമുള്ളവരെ അന്വേഷിച്ചു ചെന്നു. അവരുടെ പ്രശ്നങ്ങളെക്കുറിച്ച് മനസിലാക്കി. അവർക്കു സാന്ത്വനമേകി. ഈ യാത്രയ്ക്കിടയിലും എല്ലാവരുടേയും ഒരു കൂട്ടായ്മയായിരുന്നു മനസിൽ. ആ പരിശ്രമത്തിന് അവസാനം ഉത്തരമായിരിക്കുന്നു. സിയാൽ എന്നാണ് ആ സംഘടനയുടെ പേര്. സ്പൈനൽ കോഡ് ഇൻജുറീസ് അസോസിയേഷൻ ഫോർ ലൗ ആന്റ് ലൈവ് എന്ന് പൂർണരൂപം. ബെന്നിയുടെ നേതൃത്വത്തിൽ സമാന മനസ്‌കരായ കുറച്ചുപേർ കൂടി ആരംഭിച്ച സംഘടന. ഈ സംഘടനയുടെ ബാനറിൽ രണ്ടു സംഗമങ്ങൾ ഇതുവരെ നടത്തി. ഒരു രാത്രിയും ഒരു പകലും എല്ലാവരും ഒരുമിച്ച് സന്തോഷവും സ്വപ്നങ്ങളും അവർ പങ്കിടുന്നു. രണ്ടു സംഗമങ്ങളിലും 30 മുകളിൽ അംഗങ്ങളുടെ പ്രാതിനിധ്യമുണ്ടായിരുന്നു. കൂടാതെ വീൽചെയർ ജീവിതങ്ങളുടെ സംസ്ഥാന സംഘടനയായ ഓൾ കേരള റൈറ്റ്സ് ഫെഡറേഷന്റെ സ്ഥാപക ഭാരവാഹിത്വവും വഹിച്ചു.

ബെന്നിയുൾപ്പെടെ സമാനമനസ്‌കരുടെ സംഘം വോയ്‌സ് ഓഫ് ഡിസേബിൾ എന്ന പേരിൽ സംഘടന രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ വികലാംഗ ദിനത്തിൽ സംഘടനയുടെ നേതൃത്വത്തിൽ അവകാശ സംരക്ഷണമെന്ന മുദ്രാവാക്യമുയർത്തി കേരളമാസകലമുള്ള ഭിന്നശേഷിക്കാരെ സംഘടിപ്പിച്ച് സെക്രട്ടറിയേറ്റിലേക്ക് വീൽചെയർ റാലി നടത്തുകയും മന്ത്രിമാർക്കുൾപ്പെടെ നിവേദനം നൽകുകയും ചെയ്തതു.  മോട്ടിവേഷൻ സ്പീക്കറായും ബെന്നി തിളങ്ങുന്നുണ്ട്.   ഫോൺ-8547544111.

മായ വിനിൽ

More like this
Related

സ്വയം ഉയരുക

മറ്റുള്ളവർ വളർത്തുമെന്ന് കരുതി കാത്തിരിക്കുന്നതാണ് ജീവിതത്തിൽ മനുഷ്യർ ചെയ്യുന്ന വലിയ അബദ്ധങ്ങളിലൊന്ന്....

നന്നാകാൻ നാളെവരെ കാത്തിരിക്കേണ്ട

നല്ലതാകാൻ നാളേയ്ക്കുവേണ്ടി കാത്തിരിക്കുന്നവരാണ് പലരും. പ്രവൃത്തിക്കാനും അവർ നാളേയ്ക്കുവേണ്ടി കാത്തിരിക്കുന്നു. ഫലമോ...

സേവിങ്ങ്‌സ് എത്ര ഉണ്ട്..? 

ചോദ്യം കേട്ടാൽ ഓർമ തനിയെ ബാങ്കിലേക്ക് പോകും. സേവിങ്ങ്‌സ് അഥവാ നിക്ഷേപം...

പരിമിതികൾ ഇല്ലാത്ത ജീവിതം

കുഞ്ഞുനാളുകളിൽ സ്വപ്‌നങ്ങളെക്കുറിച്ച് കേട്ടിട്ടുള്ള മനോഹരമായ ഒരു കാര്യം വെളുപ്പാൻ കാലത്ത് കാണുന്ന...

മുറിവുകൾ തളിർക്കുമ്പോൾ…

മുറിവുകൾക്ക് ഒരു ചരിത്രം ഉണ്ടോ?  അറിഞ്ഞുകൂടാ. എന്നിരുന്നാലും ഓരോ മുറിവുകൾക്ക് പിന്നിലും...

പോസിറ്റീവാകൂ നല്ലതുപോലെ…

കേൾക്കുമ്പോൾതന്നെ ഉള്ളിൽ സന്തോഷം നിറയുന്ന ഒരു വാക്കാണ് പോസിറ്റീവ്. പോസിറ്റീവ് കാര്യങ്ങൾ...

മറക്കരുതാത്ത മൂന്നു കൂട്ടർ

ജീവിതത്തിൽ മൂന്നുതരം ആളുകളെ മറക്കരുതെന്നാണ് പറയുന്നത്.1.   ജീവിതത്തിലെ ദുഷ്‌ക്കരമായ സാഹചര്യങ്ങളിൽ...

പ്രതീക്ഷ നിലനിർത്താൻ, സന്തോഷത്തിലായിരിക്കാൻ

മാനസികാരോഗ്യം സന്തോഷവുമായി  ബന്ധപ്പെട്ടാണിരിക്കുന്നത്.പോസിറ്റീവായി ചിന്തിക്കാനും ജീവിതത്തെ അതേ രീതിയിൽ സമീപിക്കാനുമൊക്കെ സന്തോഷത്തിന്റെ...

പ്രതിസന്ധികൾ അവസാനമല്ല

പ്രതിസന്ധികൾ ആരുടെ ജീവിതത്തിലാണ് ഇല്ലാത്തത്?  ഓരോരുത്തരും അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ ഓരോ തരത്തിലാണ്....

കാത്തിരിപ്പ്

ദീർഘനാളത്തെ പരിശീലനം കഴിഞ്ഞ് പിരിഞ്ഞുപോകാൻ നേരം ശിഷ്യൻ ഗുരുവിനോട് ചോദിച്ചു :'ഗുരു,...

Thank You…

2020 ഓഗസ്റ്റ് മാസത്തിലാണ് ഇടുക്കി ജില്ലയിലെ പെട്ടിമുടി ദുരന്തം നടന്നത്. ഒരായുസ്സ്...

പോസിറ്റീവാകാം, പോസിറ്റീവ് വഴികളിലൂടെ

ജീവിതത്തിലെ വലിയ നിക്ഷേപങ്ങളിലൊന്നാണ് പോസിറ്റീവ് ചിന്തകളും കാഴ്ചപ്പാടുകളും. ജീവിതത്തോടും ഭാവിയോടും വളരെ...
error: Content is protected !!