ഒരു കാലത്ത് ആകാശം തുറന്നുകിടക്കുകയായിരുന്നു. ഇന്ന് ആകാശം അടഞ്ഞടഞ്ഞുവരികയാണ്. ഓരോരുത്തരും പരമാവധി ചുരുങ്ങിക്കൊണ്ടിരിക്കുന്നു. ജാതിയുടെ, മതത്തിന്റെ, വിശ്വാസത്തിന്റെ, ഭാഷയുടെ, വംശത്തിന്റെ വേലിക്കെട്ടുകൾ നമ്മെ വരിഞ്ഞുമുറുക്കിക്കൊണ്ടിരിക്കുന്നു. അങ്ങനെ നമ്മുടെ ആകാശങ്ങൾ ചെറുതായിവരുന്നു. ‘ഒടിച്ചുമടക്കിയ’ ആകാശത്തിനു കീഴിലാണ് നമ്മുടെ വാസം. ഈ സന്ദർഭത്തിൽ തുറന്ന ആകാശങ്ങളെക്കുറിച്ചുള്ള ചിന്തകൾ ഏറെ പ്രസക്തമാണ്. ഷൗക്കത്തിന്റെ ‘തുറന്ന ആകാശങ്ങൾ’ നമ്മെ വിശാലമായ ആകാശത്തിനുകീഴിൽ നിർത്തുന്നു. അതിർവരമ്പുകൾ പ്രസക്തമാവാത്ത ആകാശമാണിത്. അദ്ദേഹത്തിന്റെ ഉള്ളിൽനിന്ന് ഉറവെടുക്കുന്ന വാക്കുകൾ നമ്മുടെ ഉള്ളിൽ ഏകതയുടെ വിത്ത് പാകുന്നു. കുഞ്ഞുകാര്യങ്ങളിലാണ് വലിയ ധന്യതകൾ എന്ന് നാം മനസ്സിലാക്കുന്നു.
അദ്ദേഹത്തിന്റെ ചിന്തയിൽ ഹൃദയപരതയുണ്ട്. ”എന്റെ ആത്മീയത കേവലം മതവുമായോ അതുപോലുള്ള ഏതെങ്കിലും ദർശനവുമായോ ബന്ധപ്പെട്ടുകിടക്കുന്ന ഒന്നല്ലെന്നും അത് മിന്നാമിനുങ്ങും പാടവും തോടും പുഴയും മലയും കാടും ആകാശവും ഹൃദയവും നോവും നന്മയും കിനാവും കവിതയും ഒക്കെയായി ഇഴ പിരിഞ്ഞുകിടക്കുന്ന ഒരു പ്രവാഹമാണെന്നും ഇന്നെനിക്ക് അനുഭവിക്കാനാകുന്നത്, പറയാനാകുന്നത് അനുഭൂതിയുടെ സൗമ്യസഞ്ചാരങ്ങൾ സ്‌നേഹസ്പർശനത്തിലൂടെ കുഞ്ഞുന്നാളിൽ അനുഭവിക്കാൻ കഴിഞ്ഞതുകൊണ്ടുതന്നെയാണ് എന്ന് ഷൗക്കത്ത് കുറിക്കുന്നു.
തുറന്ന ആകാശങ്ങൾ
ഷൗക്കത്ത്
നിത്യാഞ്ജലി, വില 180