എല്ലാ രാത്രിയും ആറേഴ് മണിക്കൂർ ഉറങ്ങിയിട്ടും നേരം പുലർന്നെണീല്ക്കുമ്പോൾ വല്ലാത്ത ക്ഷീണം. ആ ക്ഷീണം ദിവസം മുഴുവൻ നീണ്ടുനില്ക്കുകയും ചെയ്യും. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? കൃത്യമായ സമയം ഉറങ്ങിയതുകൊണ്ടുമാത്രം ഉറക്കം ശരിയായിരിക്കണമെന്നില്ല അളവിനെക്കാൾ കൂടുതൽ ഗുണമാണ് പ്രധാനം. ഉറങ്ങിയെണീറ്റിട്ടും ക്ഷീണം ബാക്കിനില്ക്കുന്നതിന് പിന്നിൽ ചില കാരണങ്ങളുണ്ടെന്നാണ് സ്ലീപ് സ്പെഷ്യലിസ്റ്റുകൾ പറയുന്നത്.
രോഗം
ചില രോഗങ്ങളോ രോഗാവസ്ഥകളോ ഇതിന് കാരണമാകാം. പ്രത്യേകിച്ച് തൈറോയ്ഡ് രോഗങ്ങൾ, ശ്വാസകോശരോഗങ്ങൾ, കൂടാതെ വിളർച്ച. ഏഴുമുതൽ ഒമ്പതുവരെ മണിക്കൂർ ഉറങ്ങിയിട്ടുംവിട്ടുമാറാത്ത ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ തീർച്ചയായും ഒരു ഡോക്ടറെ കണ്ട് വേണ്ട പരിശോധനകൾ നടത്തണമെന്ന് നാഷനൽ സ്ലീപ് ഫൗ ണ്ടേഷൻ വാഷിംങ്ടണിലെ പ്രൊഫ. ക്രിസ്റ്റഫർ ബാർനെസ് പറയുന്നു.
അനാരോഗ്യകരമായ ജീവിതശൈലി
ആഴ്ചയിൽ 150 മിനിറ്റെങ്കിലും ശാരീരികമായ അദ്ധ്വാനം-വ്യായാമം -പ്രായപൂർത്തിയായവർക്ക് അത്യാവശ്യമാണെന്നാണ് വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ ശുപാർശ. ഗർഭിണികൾ പോലും എയറോബിക് വ്യായാമങ്ങൾ ചെയ്യണമെന്നും പറ യുന്നു. പക്ഷേ ഇന്നത്തെ തിരക്കുപിടിച്ച ലോകത്തിൽ പലരും വ്യായാമം ചെയ്യാൻ സമയം കിട്ടാത്തവരാണ്. ഉദാസീനമായ ജീവിതശൈലി മതിയായി ഉറങ്ങിയാലും ക്ഷീണം ബാക്കിനിർത്തുന്നുണ്ട്.
വിഷാദവും ഉത്കണ്ഠയും
ശരീരത്തെ നിരുന്മേഷപ്പെടുത്തുന്ന ഘടകങ്ങളാണ് വിഷാദവും ഉത്കണ്ഠയും. നിഷേധാത്മകമായ സ്വാധീനമാണ് ഇവ ശരീരത്തിൽ സൃഷ്ടിക്കുന്നത്. രാത്രിയിൽ പലവട്ടം ഉറക്കമുണരുന്നത് ക്ഷീണം വർദ്ധിപ്പിക്കുന്നു.
ക്രമരഹിതമായ ഉറക്കം
ജോലിയുടെ സ്വഭാവമനുസരിച്ച് ഉറക്കത്തിൽ സംഭവിക്കുന്ന ക്രമക്കേടുകളാണ് മറ്റൊന്ന്. ജോലിയുള്ള ദിവസങ്ങളിൽ കുറച്ചുമാത്രം ഉറക്കം. ജോലിയില്ലാത്ത ദിവസങ്ങളിലും അവധിദിനങ്ങളിലും കൂടുതൽ ഉറക്കം. ഇതും ശരീരത്തിന്റെ താളം തെറ്റിക്കുമത്രെ.
നിർജ്ജലീകരണം
ഭക്ഷണം ദഹിക്കുന്നതിനും ഹോർമോൺ ഉല്പാദിപ്പിക്കുന്നതിനും ശരീരത്തിൽ മതിയായ അളവിൽ വെള്ളം നിലനില്ക്കേണ്ടത് അത്യാവശ്യമാണ്. ശരീരത്തിൽ വെള്ളം മതിയായ തോതിലുണ്ടെങ്കിൽ മാത്രമേ ഓക്സിജൻ ലെവൽ ശരിയായ രീതിയിൽ നിലനില്ക്കുകയുള്ളൂ. ശരീരത്തിൽ ആവശ്യത്തിന് വെള്ളമില്ലെങ്കിൽ ഉറക്കവും ക്ഷീണവും വർദ്ധിക്കുന്നതിന് കാരണമാകും. ഈ കുറവ് പരിഹരിക്കുന്നതിന് വേണ്ടിയാണ് ഉറങ്ങാൻ പോകുന്നതിന് മുമ്പ് വെള്ളം കുടിക്കണമെന്ന് പറയുന്നത്.
ഉറക്കപരിസരം
ഉറങ്ങാൻ തിരഞ്ഞെടുക്കുന്ന മുറിയുടെ അന്തരീക്ഷം ഉറക്കത്തെ അനുകൂലമായും പ്രതികൂലമായും ബാധിക്കാറുണ്ട്. മുറിയിലെ വെളിച്ചം, തണുപ്പ്, ചൂട് എന്നിവയെല്ലാം ഇതിൽപെടുന്നു. ഉറങ്ങാൻ പോകുന്നതിന് ആറുമണിക്കൂർ മുമ്പ് തന്നെ ലഹരിവസ്തുക്കളുടെ ഉപയോഗം കുറയ്ക്കുന്നത് അത്യാവശ്യമായ കാര്യമാണ്. സ്പൈസി ഫുഡ് രണ്ടുമണിക്കൂർ മുമ്പും ഉപേക്ഷിക്കേണ്ടതാണ്.
പങ്കാളി
ഉറങ്ങുമ്പോൾ കൂടെയുള്ള ആൾ-ജീവിതപങ്കാളി, സുഹൃത്ത്, കുട്ടികൾ- നിങ്ങളുടെ ഉറക്കത്തെ ബാധിക്കാറുണ്ട്. അവരുടെ കൂർക്കംവലി പോലെയുള്ളവ ഉറക്കം തടസ്സപ്പെടുത്താറുണ്ട്.