ഒരു പ്രണയകാലത്തിന്റെ  ഓർമ്മയ്ക്കായ്…

Date:

കാറ്റിന്റെ ഗതിക്കനുസരിച്ച് നീങ്ങുന്ന പായ്ക്കപ്പൽ പോലെയാണ് ജീവിതം. സാഹചര്യങ്ങളാൽ നിയന്ത്രിക്കപ്പെടുന്നവരാണ് മനുഷ്യർ. കാറ്റിലും കോളിലുംപെട്ട് ജീവിത തോണി ഏത് തീരത്ത് അണയണമെന്ന് ദൈവം നിശ്ചയിച്ചിട്ടുണ്ട്. ഋതുഭേദങ്ങൾ പലത് കടന്നുപോയി ജീവിത തോണി നീയെന്ന തീരത്ത് അടുത്തപ്പോഴാണ് ജീവിതം ശാന്തമായത്. നിനക്ക് ഒരായിരം നന്ദി.  

ചിലതൊക്കെ കാലത്തിന്റെ നാൾവഴികളിൽ പൂർത്തിയാകേണ്ടവയാണ്. ഈ ചെറുവഞ്ചി നിന്റെ തീരങ്ങളിൽ കുറച്ചുനാൾ കിടന്നോട്ടെ. കാലം എന്ന അളവുകോൽ തീരുമാനിക്കട്ടെ എത്രനാൾ ഈ വഞ്ചി ആ തീരങ്ങളിൽ ഉണ്ടാവണമെന്ന്.

നീണ്ട ഒരു യാത്രക്കൊടുവിൽ ജീവിതം ഒരു പുതിയ വഴികളിലൂടെ സഞ്ചരിക്കുന്നു. ഇതുവരെ ചെയ്യാത്തത് പലതും എന്റെ ശീലത്തിന്റെ ഭാഗമാകുന്നു. നീയാണ് പുതിയവഴിയുടെ ആനന്ദത്തിലേക്കും ആകസ്മിതകളിലേക്കും എന്നെ കൈപിടിച്ച് നടത്തിയത്. ഒരു കൊറോണകാലത്ത് ഈ പ്രണയം പൂവിട്ടതും അതുകൊണ്ടാണെന്ന് ഞാൻ വിശ്വസിക്കുന്നു. കൂട്ടുകൂടാൻ വൈകിയത് ഇതിനായിരുന്നുവോ? വൈകിയെത്തിയ മഴപോലെ, വസന്തംപോലെ വാക്കുകൾക്കതീതമായ ഒരഴക് നിനക്കും നിന്റെ ഹൃദയത്തിനുമുണ്ട്. വിവിധ ഭാവങ്ങളും വികാരങ്ങളും ഇടകലർന്ന ഒരുപാടുകഥകൾ നമ്മൾ പറഞ്ഞു. മറന്നുപോയി എന്നുകരുതിയവപോലും. ഓർമ്മകളും അനുഭവങ്ങളും അയവിറക്കി നമ്മൾ ഒരുപാട് അടുത്തു, അല്ലേ?

ജ്വരം പിടിപ്പെട്ട് ഏകാന്തതയുടെ തടവറയിൽ കഴിയുന്ന ഒരാൾക്ക് കൂട്ടുപോവുകയാണ് ജീവിതത്തെ അർഥപൂർണ്ണമാക്കുന്ന ചുരുക്കം ചില നിമിഷങ്ങളിലൊന്ന്. ഒരു കേൾവിക്കാരനാവുക എന്നതാണ് ചില നേരങ്ങളിൽ ഒരാൾക്ക് നൽകാവുന്ന ഏറ്റവും വലിയ സമ്മാനം. ഒരിക്കലും തിരിച്ചുവരാത്ത സമയം നമ്മൾ പരസ്പരം കൈമാറി. കൂടെ കുറെ മോഹങ്ങളും മോഹഭംഗങ്ങളും. ഏതൊക്കെയോ ചിലകാരണങ്ങൾകൊണ്ട് ഇഷ്ടപ്പെട്ടുതുടങ്ങിയ നിന്നെ, നിന്റെ സൗഹൃദത്തെ ഇപ്പോൾ ഒരു കാരണവുമില്ലാതെ ഞാൻ വെറുതെ ഇഷ്ടപ്പെടുന്നു. ഞാനറിയാതെ നീ അറിയാതെ നീ എന്റെ കവിതയുടെ, ധ്യാനത്തിന്റെ, പ്രാർത്ഥനയുടെ ഭാഗമായി.
നീ എന്റേത് എന്ന പറയാൻ മനസ്സ് വെമ്പി. എങ്കിലും മനസിൽ ഒരു തേങ്ങൽ. അവസാന മണിക്കൂറിൽ നിന്റെ ഹൃദയത്തിൽ കയറിയ ഒരു യാത്രികനാണ് ഞാൻ. ഒന്നും ഞാൻ അർഹിക്കുന്നില്ല എങ്കിലും എന്റെ ഹൃദയം നിനക്കുള്ളതാണ് എന്റെയല്ല. നിന്റെ വലിയ മനസ്സിനുമുമ്പിൽ കോടി പ്രണാമം.

പ്രണയിച്ചും സ്നേഹിച്ചും സ്നേഹിക്കപ്പെട്ടും കൊതിതീരാത്ത ഒരാൾ എന്റെ ഉള്ളിൽ ഇരുന്നു കുറുകുന്നുണ്ടെന്ന് എനിക്ക് മനസിലായത് നിന്റെ സ്നേഹകാറ്റ് എന്നെ തലോടിയപ്പോൾ മാത്രമാണ്. ജീവിതത്തിന്റെ മധ്യാഹ്നത്തിലെത്തിയിട്ടും ചില കാര്യങ്ങളോട് മതിയെന്ന് പറയാൻ കഴിയുന്നില്ല. ചില മമതകൾ അവസാന ശ്വാസംവരെ കൂട്ടിനുണ്ടാകും എന്ന് നീ ഒരു വെളിപാടുകണക്കെ എന്റെ സ്വപ്നങ്ങളിൽ, പകലിരവുകളിൽ പറഞ്ഞു.
ഞാനറിയാതെ എൻ ഹൃദയത്തിൽ നീയൊരു നോവായി. ഒന്നും ആഗ്രഹിക്കാതെ സ്നേഹിക്കണം എന്ന് മനസ്സ് പറയുമ്പോഴും. എന്തൊക്കെയോ ആഗ്രഹിച്ചുപോയി, പ്രതീക്ഷിച്ചുപോയി. എന്റെ കുഞ്ഞ് ആഗ്രഹങ്ങൾപ്പോലും നിന്റെ വഴികളോ രുചികളോ ഒന്നുമില്ലാ എന്നറിഞ്ഞിട്ടും പൊട്ടിച്ച് മാറ്റാൻ പറ്റുന്ന എത്രയോ നേർത്ത നൂലുകളിലാണ് ജീവിതം ഇന്നും കുരുങ്ങികിടക്കുന്നത്. തീരാത്ത മോഹമായും സ്വപ്നമായും നീയും അനുബന്ധവിചാരങ്ങളും എന്നിൽ അവശേഷിക്കട്ടെ.

ഇടനെഞ്ചിൽ ഒരു നൊമ്പരമായി നീ എൻ ജീവനിൽ ഉണ്ടാകും. വിരസവിഷാദ ദിനങ്ങളെയും ബന്ധങ്ങളെയും കുറേകൂടി കനമുള്ളതാക്കാൻ. ജീവിതത്തിന്റെ സമസ്ത ഭാവങ്ങളും വികാരങ്ങളും ആസ്വദിച്ച് അത് മട്ടോളം കുടിച്ച് വിടപറയാൻ നീ തന്ന ഓർമ്മകൾ ബാക്കിയാകട്ടെ.

ജീവിതത്തിൽ ഒരാൾക്കെങ്കിലും എന്നെ പിടിത്തം കിട്ടും എന്നൊക്കെ ചെറുതായി തോന്നിത്തുടങ്ങിയത് നിന്നിൽ നിന്നാണ്. ഒരു പ്രതീക്ഷയുടെ മേഘക്കീറായി മനസിലും മാനത്തും അതു തെളിഞ്ഞു. എന്നാൽ കാർമേഘം വന്ന് മൂടാൻ അധികകാലം വേണ്ടിവന്നില്ല. ആർക്കും ആരേയും ഈ ഭൂമിയിൽ പിടിത്തം കിട്ടില്ല. ഞാനെന്ന പുസ്തകം എത്രയാവർത്തി വായിച്ചാലും എന്റെ കഥകൾ എത്ര കേട്ടാലും പിന്നെയും ബാക്കിയാകുന്ന മനുഷ്യന്റെ അസ്തിത്വ ദുഃഖമാണ് ഞാൻ ആഗ്രഹിക്കുന്നപോലെ പ്രതീക്ഷിക്കുന്നപോലെ മനസ്സിലാക്കപ്പെടുന്നില്ല എന്നത്. അതുകൊണ്ടുതന്നെ ജീവിതതോണി എന്നും ഉലഞ്ഞുകൊണ്ടിരിക്കും. ദൈവത്തിൽ വിലയം പ്രാപിക്കുവോളം. 
നിനക്ക് ആകുന്നപോലെ നീ എന്നെ സ്നേഹിക്കുക. എനിക്ക് കഴിയുന്നപോലെ ഞാൻ നിന്നെയും. സ്വന്തം ഇഷ്ടങ്ങളുടെ അതിർവരുമ്പുകൾ ഭേദിച്ച് അപരന്റെ ചെരുപ്പിൽ കയറിനിൽക്കാൻ മാത്രം ത്രാണിയുള്ള എത്ര മനുഷ്യരുണ്ട് ഈ ഭൂമിയിൽ?

വൈവിധ്യങ്ങളും വൈരുധ്യങ്ങളും ഉണ്ടെങ്കിലും നിനക്കായ് കാത്തിരിക്കുന്ന ഒരേ മഴയിൽ നനഞ്ഞ് നടന്ന ആ ദിനത്തിന്റെ ഓർമ്മകൾ ജീവിതത്തിന്റെ മധ്യാഹ്നത്തിലോ സായാഹ്നത്തിലോ ഒരു ഓർമയായ് നമ്മിൽ അവശേഷിക്കട്ടെ.

More like this
Related

സെലിബ്രിറ്റികളുടെ ഇടപെടലുകൾ

ഒരു കാര്യം സമ്മതിക്കാതെ നിവൃത്തിയില്ല. സെലിബ്രിറ്റികൾ സവിശേഷരാണ്. മനുഷ്യരായിരിക്കെ തന്നെ അവർ...

തെറി വിളിച്ചുനേടുന്ന സ്വാതന്ത്ര്യം

'ഭാര്യയെന്നെ നീയെന്നും എടാ എന്നും വിളിച്ചു''എന്തായിരുന്നു സംഭവം''നിസ്സാരകാര്യത്തിനായിരുന്നു വഴക്ക്.. ദേഷ്യം കൊണ്ട്...

എന്തിനാണ് വിവാഹം കഴിക്കുന്നത് ?

'ഭാവിയെക്കുറിച്ചോർക്കുമ്പോൾ വല്ലാത്ത പേടി തോന്നുന്നു. വയ്യാതാകുന്ന കാലത്ത് പരിചരിക്കാനും ഭക്ഷണം പാകം...

ജീവിതം മടുക്കുമ്പോൾ..

'ഈ ജീവിതത്തിൽ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നു, അടുത്ത യാത്ര പോകുകയാണ്.' നാഗാലാന്റിലും...

മാറുന്ന സിനിമാ ലോകം

നിശ്ശബ്ദ സിനിമകളിൽ നിന്ന് ശബ്ദ സിനിമകളിലേക്ക്... കറുപ്പിന്റെയും വെളുപ്പിന്റെയും വർണ്ണരാഹിത്യത്തിൽ നിന്ന്...

സമയം

എല്ലാവരുടെയും കൈയിൽ ഉളളതും എന്നാൽ ഇല്ലാത്തതുപോലെ പെരുമാറുന്നതുമായ ഒന്നേയുള്ളൂ. സമയം.  പലരും...

മാർപാപ്പ മുതൽ താരങ്ങൾ വരെ

ആഗോള കത്തോലിക്കാസഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയെ ഒരുസ്ത്രീ കൈക്ക് പിടിച്ചുവലിച്ചപ്പോൾ വീഴാൻ...
error: Content is protected !!