വികൃതി. കൊച്ചുകുട്ടികളുടെ കന്നത്തരങ്ങളെ പരക്കെ വിശേഷിപ്പിച്ചിരുന്നത് കുസൃതിയെന്നും അതിന്റെ ഉടമകളെ വികൃതിയെന്നുമായിരുന്നു. പക്ഷേ കുസൃതികളുടെയും വികൃതികളുടെയും സ്ഥാനം ഇന്ന് സോഷ്യൽ മീഡിയാ ഏറ്റെടുത്തുവെന്ന് പറയാം. എത്രയെത്ര കുസുതിത്തരങ്ങളും വികൃതിത്തരങ്ങളുമാണ് നമ്മുടെ കൺമുമ്പിലേക്ക് ഒാരോ നിമിഷവും വന്നുകൊണ്ടിരിക്കുന്നത്. പക്ഷേ അവയിൽ ചിലതെങ്കിലും മറ്റുള്ളവരുടെ ജീവിതങ്ങളെ ദുഖത്തിലാഴ്ത്തുന്നതും അപമാനത്തിലേക്ക് തളളിവിടുന്നവയുമല്ലേ? വികൃതി എന്ന ചിത്രം കണ്ടിറങ്ങുമ്പോൾ ഒരു വിധം എല്ലാ പ്രേക്ഷകനും സ്വയം ചോദിച്ചുപോകുന്ന ചോദ്യമാണിത്. ഇങ്ങനെ സ്വയം ആത്മവിമർശനത്തിനും തിരിച്ചറിവിനും വഴിയൊരുക്കുന്ന ചിത്രമാണ് വികൃതി.
കൊച്ചി മെട്രോയിൽ കിടന്നുറങ്ങിയ അംഗപരിമിതനായ എൽദോ എന്ന വ്യക്തി യെ ഒറ്റനിമിഷം കൊണ്ട് മദ്യപാനിയാക്കിമാറ്റിയ സോഷ്യൽ മീഡിയായുടെ സാഡിസ്റ്റ് മനോഭാവത്തെ ആസ്പദമാക്കിയെടുത്തിരിക്കുന്നതാണ് ഇൗ ചിത്രം. ഏറെ കൊട്ടിഘോഷിക്കലുകളോ ആരവങ്ങളോ ഇല്ലാതെ വന്ന ചിത്രം പ്രതീക്ഷയ്ക്കപ്പുറം ഉയർന്നുനിന്നു. ചിന്തിക്കാനും പ്രചോദിപ്പിക്കാനും ഇൗ വികൃതി ഇടനല്കുന്നുണ്ട്.
ആക്ഷൻ ഹീറോ ബിജുവിലൂടെ തന്റെ അഭിനയപാടവം വ്യക്തമാക്കിയ സുരാജ് വെഞ്ഞാറമൂടിന്റെ അഭിനയ മികവിന് പുതിയ ഉദാഹരണമാണ് വികൃതിയിലെ എൽദോ. ഒരൊറ്റ പോസ്റ്റുകൊണ്ട് എത്ര പെട്ടെന്നാണ് അയാളുടെ ജീവിതം വിപരീതദിശയിലേക്ക് മാറിമറിഞ്ഞത്. ജോലി ചെയ്യുന്ന ഇടം മുതൽ സ്വന്തം മകൻ വരെ അയാളെ അതിന്റെ പേരിൽ തള്ളിപ്പറഞ്ഞു. തന്റെ സങ്കടങ്ങളുടെ മൂർദ്ധന്യത്തിൽ ഒരിക്കൽപോലും മദ്യപിച്ചിട്ടില്ലാത്തഅയാൾ മദ്യത്തിന് വേണ്ടി കൈനീട്ടുന്നതുപോലുമുണ്ട്.
ഒടുവിൽ തന്നെ അപമാനിതനാക്കാൻ ഇടയാക്കിയ വ്യക്തി നിയമത്തിന്റെ മുമ്പിൽ കുറ്റക്കാരനെന്ന് വിധിക്കപ്പെടാൻ സാധ്യതയുണ്ടെന്നറിയുമ്പോൾ കേസ് പിൻവലിക്കാൻ തയ്യാറായി. നിയമത്തിന് മാപ്പു കൊടുക്കാൻ കഴിയില്ല, പക്ഷേ മനുഷ്യന് മാപ്പുകൊടുക്കാൻ കഴിയും എന്ന് പറഞ്ഞ് അയാൾ വലിയൊരുമനുഷ്യസ്നേഹികൂടിയായി മാറുന്നു. പിന്നെ മറ്റൊരു മെട്രോയാത്രയിൽ അവശനും ആലംബഹീനനുമായ ഒരാളെ തന്റെ സ്ഥാനത്ത് കാണുമ്പോൾ മറ്റൊരാളുടെ ക്യാമറക്കണ്ണിൽ അയാളുടെ ജീവിതം അപമാനിപ്പെടാതിരിക്കാനായി എൽദോ ചുമൽ കാണിച്ചുകൊടുക്കുന്ന രംഗം അത്യന്തം ശ്ലാഘനീയമെത്ര. ഒരിക്കൽ അപമാനക്കപ്പെട്ട ഒരാൾക്ക് മാത്രമേ അതേ സാഹചര്യത്തിലൂടെ കടന്നുപോകാൻ ഇടയുള്ള ഒരാളുടെ മനോഗതങ്ങളെ വ്യവച്ഛേദിച്ചറിയാൻ കഴിയൂ.
ലൈക്ക് അടിക്കുന്നതാണ് ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യമെന്നാണ് ചിത്രത്തിൽ സൗബിൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ വിചാരം. എയർപോർട്ടിൽ വന്നിറങ്ങുന്ന നിമിഷം തന്നെ അയാൾ തന്റെ കൂട്ടുകാരനോട് ചോദിക്കുന്നത് ഞാൻ പോസ്റ്റ് ചെയ്യുന്നതിനൊന്നും നീ ലൈക്ക് അടിക്കാറില്ലല്ലോ എന്നാണ്. ലൈക്ക് എന്നാ ഉണ്ടായത് അതിനുമുമ്പും നമ്മൾ കൂട്ടുകാരല്ലേ എന്നാണ് സുഹൃത്തിന്റെ പ്രതികരണം.
ഫേസ്ബുക്കിലെ ലൈക്ക് നോക്കി ജീവിതത്തിന്റെ അർത്ഥവും മറ്റുള്ളവർക്ക് തന്നോടുള്ള ഇഷ്ടവും മനസ്സിലാക്കുന്ന ഒരുപിടി ആളുകളെ കാണാനിടയായിട്ടുണ്ട്. പക്ഷേ ലൈക്കിലല്ല കാര്യം ജീവിതത്തിലാണ്. താൻ വരുന്ന വിവരം വീട്ടുകാരെ പോലും മറച്ചുവച്ച് വീട്ടിലെത്തുന്നത് ലൈവായി ചിത്രീകരിച്ച് ഗ്രൂപ്പിലിടുന്നതാണ് മേൽപ്പടിയാന്റെ വിനോദവും. കാണുന്നതെല്ലാം മൊബൈലിൽ പകർത്തുക, അത് പോസ്റ്റ് ചെയ്യുക. ഗ്രൂപ്പിലിടുക. ഇതാണ് ഇപ്പോൾ ഭൂരിപക്ഷവും ചെയ്തുകൊണ്ടിരിക്കുന്നത്. അർത്ഥമില്ലാത്ത അഭ്യാസങ്ങൾ പോലെയാണ് അതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. നേരംപോക്കിന് വേണ്ടി നാം ചെയ്യുന്ന വികൃതിയിൽ ആരൊക്കെയാണ് തട്ടിമുറിയുന്നതെന്നോ ആരുടെയെല്ലാം ജീവിതങ്ങളാണ് കുത്തിവരയ്ക്കപ്പെടുന്നതെന്നോ നമുക്ക് നിശ്ചയമില്ല.
അടുത്തയിടെ കൊല്ലത്ത്ഒരു നാലുവയസുകാരി രക്തം ഛർദിച്ച് മരിച്ച സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ആദ്യത്തെ റിപ്പോർട്ടുകൾ അമ്മ മർദ്ദിച്ചവശയാക്കിയതിന്റെ ഫലമാണ് കുഞ്ഞു രക്തം ഛർദ്ദിച്ചത് എന്നായിരുന്നു. അടുത്ത ദിവസം വാർത്തയിലെ സത്യം പുറത്തുവന്നു. ന്യൂമോണിയായിരുന്നു മരണകാരണം. പക്ഷേ കഥയറിയാതെ അമ്മയെ പ്രതിക്കൂട്ടിലാക്കി നിരവധി പ്രതികരണങ്ങൾ പുറത്തുവന്നു. ആ സമയമെല്ലാം ആ അമ്മ അനുഭവിച്ച വിഷമങ്ങൾ ആരറിയുന്നു?
ലൈസൻസില്ലാതെ എന്തും പറയാനും ചെയ്യാനുമുള്ള പൊതു ഇടമായി സോഷ്യൽ മീഡിയ മാറിയതുവഴി ഗുണത്തെക്കാളേറെ ചിലപ്പോഴെങ്കിലും അത് ദോഷം പങ്കുവയ്ക്കുന്നുമുണ്ട്. ഫോർവേഡു ചെയ്യുന്നതിനും ലൈക്ക് അടിക്കുന്നതിനും മുമ്പ് അവ അപ്രകാരം ചെയ്യേണ്ടതാണോ എന്ന് ഒരു നിമിഷമെങ്കിലും ചിന്തിക്കാൻ പ്രേരണ നല്കുന്നതിനൊപ്പം സോഷ്യൽ മീഡിയായിലെ ലൈക്കുകളുടെ എണ്ണം നോക്കി ജീവിതത്തെ നിർവചിക്കാൻ ശ്രമിക്കുന്നവരൊക്കെ അത്യാവശ്യമായും കണ്ടിരിക്കേണ്ട ചിത്രമാണ് വികൃതി.