വൈകി ഉണരുന്ന, ഉറങ്ങുന്ന യുവത്വം !

Date:

ഒരു അച്ഛന്റെ ധർമ്മസങ്കടം ഇങ്ങനെയാണ്.മകന് പ്രായം പത്തിരുപത്തിമൂന്നായി.പക്ഷേ യാതൊരു ഉത്തരവാദിത്തവുമില്ല. ആശുപത്രിയിൽ ഡോക്ടറെ കാണാൻ കൂട്ടുവരാമോയെന്ന് ചോദിച്ചിട്ടുപോലും അവൻ വന്നില്ല.ഫ്രണ്ട്സ് പറയുന്നതേ കേൾക്കൂ.. ഏതുസമയവും മൊബൈലിൽ  കുത്തിക്കൊണ്ടിരിക്കുന്നത് കാണാം.  ഞങ്ങള് ഒന്നുറങ്ങി ഉറക്കമുണർന്നു നോക്കുമ്പോഴും അവന്റെ മുറിയിൽ വെട്ടം കാണാം. എന്തെടുക്കുകയാണാവോ… നേരം പുലർന്നാൽ  എണീല്ക്കുകയുമില്ല.

 ഇങ്ങനെ പരിതപിക്കുന്ന, സങ്കടപ്പെടുന്ന ഒരുപാട് മാതാപിതാക്കന്മാർ നമുക്കു ചുറ്റിലുമുണ്ട്.  കോവിഡ് ഏല്പിച്ച ആഘാതങ്ങളിൽ  ഇന്നും വിട്ടുമാറാത്ത ഒരു ശീലമാണ് വളരെ വൈകി ഉറങ്ങാൻ കിടക്കുന്നതും വൈകി മാത്രം ഉറക്കമുണരുന്നതും. അന്ന് അത് വലിയൊരു പ്രശ്നമായി  ആർക്കും തോന്നിയിരുന്നില്ല… കാരണം പുറത്തേക്കിറങ്ങാൻ വയ്യ. സാമൂഹികമായ ഒറ്റപ്പെട്ട അവസ്ഥ. ജീവിതത്തിന്റെ അർത്ഥം തന്നെ ചോദ്യം ചെയ്യപ്പെടുന്നതുപോലെ.

അതുകൊണ്ട് പലരും തങ്ങളിലേക്ക് തന്നെ ഒതുങ്ങിക്കൂടി. അടുത്തുള്ളവരിലേറെ അകലെയുള്ളവരുമായി ഒരു ലോകം സൃഷ്ടിക്കുകയും അതിൽ ചക്രവർത്തിമാരായി വാഴുകയും ചെയ്തു.  ഓൺലൈൻ ബന്ധങ്ങളും മൊബൈൽ സൗഹൃദങ്ങളും അക്കാലത്ത് വ്യാപകമായി.  ലോക്ക് ഡൗണും അതേല്പിച്ച മാനസികവും സാമ്പത്തികവുമായ മരവിപ്പും മാന്ദ്യവുമെല്ലാം ചേർന്ന് ജീവിതത്തിന്റെ അടുക്കും ചിട്ടയും  അന്ന് ചിലരിലെങ്കിലും നഷ്ടപ്പെട്ടുപോയി. അത് തിരിച്ചുപിടിക്കാൻ ഇന്നും പലർക്കും സാധിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

ചെറുപ്പക്കാരെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. പ്രത്യേകിച്ച് പഠനം അവസാനിക്കുകയും ജോലി സ്വന്തമാക്കുകയും ചെയ്തിട്ടില്ലാത്ത ചെറുപ്പക്കാരെ.  അവർ വളരെ വൈകി മാത്രം ഉറങ്ങാൻപോകുന്നു. രാത്രി പന്ത്രണ്ടുമണിയോ ഒരു മണിയോ ആണ് അവരുടെ ഉറക്കസമയം. ഇൻസ്റ്റഗ്രാമിലോ ഇന്റർനെറ്റിലോ മൊബൈൽ ഗെയിമുകളിലോ ആയിരിക്കും അവർ ഈ സമയമത്രയും കഴിച്ചുകൂട്ടുന്നത്. അല്ലെങ്കിൽ ഒടിടി പ്ലാറ്റ് ഫോമിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി സിനിമയോ വെബ്സീരിസോ കാണുകയാവും.

ഉറക്കമുണരുന്നത്  അടുത്തദിവസം ഉച്ചയോടുകൂടി. പ്രഭാതഭക്ഷണം പതിനൊന്നു മണിക്കോ അതിന് ശേഷമോ… ഉച്ചഭക്ഷണം മൂന്നുമണി അല്ലെങ്കിൽ നാലുമണി… ഇങ്ങനെ പോകുന്ന ദിനചര്യയാണ്  ഒരു നല്ലവിഭാഗം ചെറുപ്പക്കാർക്കുമുള്ളത്. ഇനിയും അടുക്കും ചിട്ടയുമില്ലാതെ മുന്നോട്ടുപോകാനാണ്  തീരുമാനമെങ്കിൽ അത് തങ്ങളുടെ ഭാവിയെ പ്രതികൂലമായിബാധിക്കുമെന്ന് അവർ മനസ്സിലാക്കുന്നില്ല.  ജീവിതത്തെ വളരെ ക്രിയാത്മകമായിമുന്നോട്ടുകൊണ്ടുപോകാനാണ് അവർ ശ്രമിക്കേണ്ടത്.

മാതാപിതാക്കളുമായോ മറ്റ് മുതിർന്നവരുമായോ ഇവർക്ക് മാനസികമായ അടുപ്പം കുറവായിരിക്കും. താനും തനിക്ക് വേണ്ടപ്പെട്ട ചില സുഹൃത്തുക്കളും മാത്രം ചേർന്നതാണ് ഇവരുടെ ലോകം. വീട്ടിൽ ഒരു ഗസ്റ്റ് വന്നാൽ അവരോട് സംസാരിക്കാൻ തന്റെ മുറിവിട്ട് വരണമെന്നുപോലുമില്ല. യാത്രയ്ക്കുള്ള വട്ടച്ചെലവിനും ബൈക്കിന് പെട്രോളടിക്കാനും മൊബൈൽ റീചാർജ്ജ് ചെയ്യാനും പണം തരുന്ന മിഷ്യനുകളാണ് അവരിൽ പലർക്കും മാതാപിതാക്കൾ. ചുറ്റുപാടും നടക്കുന്ന സംഭവവികാസങ്ങളിൽ അവർക്ക് തെല്ലും ആകാംക്ഷയില്ല. തൊട്ടടുത്തു നടക്കുന്ന ഒരു അപകടമോ മരണമോ അവർക്ക് വൈകാരികമായ ആഘാതമൊന്നും സൃഷ്ടിക്കുന്നില്ല. പണമുണ്ടാക്കണമെന്ന ചിന്ത ഇവരിൽ ശക്തമായിരിക്കും. എന്നാൽ അദ്ധ്വാനിച്ചു ജോലിസമ്പാദിക്കണമെന്നോ പണം ഉണ്ടാക്കണമെന്നോ മാന്യമായി ജീവിക്കണമെന്നോ ഉള്ള ചിന്ത വളരെ കുറവുമായിരിക്കും.

അസംതൃപ്തരും അസന്തുഷ്ടരുമാണ് പുതുതലമുറയെന്നാണ് മനഃശാസ്ത്രജ്ഞരുടെ  നിരീക്ഷണവും. ഉപദേശമോ ഗുണദോഷമോ ഇവർക്ക് തീരെ ഇഷ്ടമില്ല. പല മാതാപിതാക്കൾക്കും മക്കളെ പേടിയാണെന്നും പറയേണ്ടിവരും. ആകെക്കൂടി ഒന്നോ രണ്ടോ മക്കൾ. ഇഷ്ടമില്ലാത്തതു പറയുകയോ ചെയ്യുകയോ ചെയ്താൽ മക്കൾ എന്തെങ്കിലും കടും കൈ ചെയ്താലോ എന്നാണ് ചിലരുടെ പേടി.വേറെ ചിലരെ മക്കൾ തങ്ങളുടെ വരുതിക്കുള്ളിലാണ് നിർത്തിയിരിക്കുന്നത്. പിന്നെയെങ്ങനെ ഇവരെ ജീവിതത്തിന്റെ യാഥാർത്ഥ്യബോധത്തിലേക്ക് കൊണ്ടുവരാൻ കഴിയും?

ജീവിതം ക്രിയാത്മകമായി മാറണം, മാറ്റണം. മക്കളുടെ സ്‌ക്രീൻ  ടൈം കുറച്ചു കൊണ്ടുവരാൻ  മാർഗ്ഗം കണ്ടെത്തുകയാണ് ആദ്യം ചെയ്യേണ്ടത്. കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കാനുള്ള അവസരം സൃഷ്ടിക്കുക.ദിവസത്തിലെ ഏതെങ്കിലും സമയം ഇതിനായി നീക്കിവയ്ക്കുക. മാതാപിതാക്കളും മക്കളും തമ്മിൽ കൂടിച്ചേരുന്ന നിമിഷങ്ങൾ സന്തോഷത്തിന്റെ സമയമാക്കി മാറ്റുക. പരാതികൾക്കോ പരിഭവങ്ങൾക്കോ കുറ്റപ്പെടുത്തലുകൾക്കോ ഈ സമയം ചെലവഴിക്കരുത്. മാതാപിതാക്കൾക്കും സുഹൃത്തുക്കളാകാൻ കഴിയുമെന്ന് മക്കൾ തിരിച്ചറിയണം.

മക്കൾ തങ്ങളുടെ വരുതിക്ക് വരുന്നുവെന്ന് മനസ്സിലായിക്കഴിയുമ്പോൾ ചെറിയ ചെറിയ ഉത്തരവാദിത്വങ്ങൾ അവരെ ഏല്പിക്കുക. ജീവിതത്തിന്റെ അർത്ഥം എന്താണെന്ന് സ്വപ്രവൃത്തികളിലൂടെ കാണിച്ചുകൊടുക്കുകയാണ് വാക്കുകളിലൂടെ പ്രകടിപ്പിക്കുന്നതിനെക്കാൾ നല്ലത്. ജീവിതമെന്നത് മൊബൈലും സൗഹൃദങ്ങളും മാത്രമല്ല, ഉത്തരവാദിത്വവും കൂടിയാണെന്ന് മക്കൾക്ക് ബോധ്യപ്പെടുത്തിക്കൊടുക്കണം. സന്തോഷമാണ് എല്ലാവരുടെയും  ലക്ഷ്യവും ശ്രമവും. പക്ഷേ  മൊബൈലിലും ചാറ്റിംങിലും വെബ്സീരിസിലും  കണ്ടെത്തുന്നത് താല്ക്കാലികമായ സന്തോഷങ്ങൾ മാത്രമാണ്. ശാശ്വതമായ സന്തോഷങ്ങൾക്ക് ഉടമകളാകാനാണ് മക്കളെ പ്രേരിപ്പിക്കേണ്ടത്.
മക്കൾ മൊബൈലിൽ കുടുങ്ങാൻ മാതാപിതാക്കളും ഒരു പരിധിവരെ കാരണക്കാരാകുന്നുണ്ടെന്നും പറയാതെ വയ്യ. അച്ഛൻ മൊബൈലിലും അമ്മ ടി.വിക്ക് മുന്നിലും. ഭക്ഷണം കഴിക്കുന്നതുപോലും വെവ്വേറെ സമയങ്ങളിൽ. കുടുംബത്തിൽ കൂട്ടായ്മയുടെയും സ്നേഹത്തിന്റെയും അനുഭവം പല മക്കൾക്കും കിട്ടുന്നില്ല. ഒറ്റപ്പെട്ട തുരുത്തുകളായി അവർ മാറുന്നതിന് അധികമൊന്നും അവരെ കുറ്റപ്പടുത്താനാവില്ല. കുടുംബത്തിന്റെ ക്രമം നഷ്ടപ്പെടുത്താതിരിക്കുക. ഉത്തരവാദിത്വബോധത്തോടെ, സ്നേഹത്തിൽ ജീവിക്കുന്ന മാതാപിതാക്കൾ തന്നെയാണ് മക്കളുടെ ആദ്യമാതൃക.അത്തരമൊരുമാതൃകയിൽ നിന്ന് അവർ സ്വന്തം ജീവിതത്തെ കെട്ടിപ്പടുക്കുകതന്നെ ചെയ്യും.

More like this
Related

ഇങ്ങനെയൊക്കെ നടന്നാൽ മതിയോ?

പഠനം കഴിഞ്ഞ ചെറുപ്പക്കാരോട് മറ്റുള്ളവർ ചോദിക്കുന്ന ഒരു സ്ഥിരം ചോദ്യമുണ്ട്.'ജോലിയായില്ലേ?'ചെറിയ ജോലി...

ലക്ഷ്യത്തിലേക്ക് പറന്നുയരുക

മഹത്തായ ഇച്ഛാശക്തി കൂടാതെ വലിയ ജന്മവാസനകൾ ഒരിക്കലും ഫലമണിയുകയില്ല-ഹൊന്നെ റെഡിബാറല പ്ലസ് ടൂ...

ആൺകുട്ടികൾക്കും ചില പ്രശ്‌നങ്ങളുണ്ട്

അന്ന് ഹോസ്റ്റലിലെ കുട്ടികൾ സ്‌കൂളിൽ നിന്ന് വന്നപ്പോൾ ഭക്ഷണമുറിയിലേക്ക് പോകാതെ നേരേ...

അടുത്തറിയണം കൗമാരത്തെ

ഒരു വ്യക്തിയുടെ ജീവിതത്തിലെ സങ്കീർണ്ണമായ ഘട്ടമാണ് കൗമാരം. ബാല്യത്തിൽ നിന്ന് വിടപറയുകയും...

നന്മയുടെ ചിന്തകളിൽ അഭിരമിക്കാൻ നമ്മുടെ കൗമാരത്തെ പരിശീലിപ്പിക്കാം

മലയാളിയുടെ മദ്യപാനാസക്തിയും കഞ്ചാവുൾപ്പടെയുള്ള മയക്കുമരുന്നുകളോടുള്ള ഭ്രമവും വർദ്ധിച്ചു വരുന്ന കാലഘട്ടത്തിലൂടെയാണ് നാം...

ഇരുട്ടില്‍ തല കുനിച്ചിരിക്കുന്ന യുവതലമുറ

ഒരു യാത്രയ്ക്കിടയിലായിരുന്നു ആദ്യമായി ആ രംഗം ശ്രദ്ധിച്ചത്, രാത്രിയായിരുന്നു സമയം. അടച്ചിട്ടിരിക്കുന്ന...

എന്തിന് ഇത്രേം സമ്മർദ്ദം? എന്തു നേട്ടം?

ഇഷ്ടവിഷയത്തിനു ചേരാൻ വീട്ടുകാർ വിസമ്മതിച്ചു; പ്ലസ്ടുകാരൻ  ജീവനൊടുക്കി. മാനസിക സമ്മർദ്ദം താങ്ങാനാകാതെ...

കൗമാരക്കാരെ ടെന്‍ഷന്‍ ഫ്രീയാക്കാന്‍ ഇതാ ഒരു വഴി

പഠിക്കുന്ന കാര്യത്തില്‍ ടെന്‍ഷന്‍ അനുഭവിക്കാത്ത കൗമാരക്കാരാരും തന്നെ ഉണ്ടാവില്ല. പ്രത്യേകിച്ച്...

Still Alive

ഒരു മനുഷ്യായുസ്സുകൊണ്ട് ചെയ്തുതീർക്കാവുന്നതിലും ഏറെ കാര്യങ്ങൾ ചെയ്തു തീർത്തതുകൊണ്ടാവാം ഇരുപത്തിയൊന്നാം വയസിൽ...

സഹപ്രവർത്തകർ വെറുക്കുന്നുണ്ടോ?

നന്നായി ജോലിയെടുക്കുന്നതിന്  ജോലിസ്ഥലത്ത് ആരോഗ്യകരമായ അന്തരീക്ഷം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. സഹപ്രവർത്തകർ തമ്മിലുള്ള...

ഇന്റർവ്യൂ! പേടി വേണ്ട

ഇന്റർവ്യൂ.  കേൾക്കുമ്പോൾ തന്നെ പലർക്കും ചങ്കിടിപ്പ് വർദ്ധിക്കും. ദേഹം തണുക്കും. കൈ...

ചൂയിംഗം ചവയ്ക്കുന്പോള്‍ ശ്രദ്ധിക്കണേ

ചൂയിംഗം ചവച്ചുനടക്കാന്‍ ഇത്തിരി രസമൊക്കെയുണ്ട് അല്ലേ.. അതുപോലെ നോണ്‍ ആല്‍ക്കഹോളിക് ഫ്‌ളേവറിലുള്ള...
error: Content is protected !!