നടത്തത്തിന്റെ ഗുണങ്ങളെക്കുറിച്ച് എല്ലാവർക്കുമറിയാം. മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നു, ശരീരഭാരം കുറയ്ക്കുന്നു, ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നു എന്നിങ്ങനെ എത്രയോ ഗുണങ്ങൾ നടത്തവുമായി ബന്ധപ്പെട്ട് നാം മനസ്സിലാക്കിയിരിക്കുന്നു. നടത്തമെന്ന് പറയുമ്പോൾ സ്വാഭാവികമായും മുന്നോട്ടുനടക്കുന്നതിനെക്കുറിച്ച് മാത്രമാണ് നാം ഉദ്ദേശിക്കുന്നതും. എന്നാൽ മുന്നിലേക്ക് മാത്രമല്ല പിന്നിലേക്കും നടക്കാം. വി്ഡ്ഢിത്തമായോ തമാശയായോ ഇത് തോന്നാമെങ്കിലും സംഗതി ഗൗരവതരം തന്നെയാണ്. പിന്നിലേക്കുള്ള നടത്തം വഴി ഒരുപാട് ഗുണങ്ങൾ ശരീരത്തിനും മനസ്സിനും ഒന്നുപോലെ ലഭിക്കുന്നുണ്ട്.
എന്തൊക്കെയാണ് ഗുണങ്ങൾ എന്ന് നോക്കാം. ആദ്യം മാനസികമായി ലഭിക്കുന്ന ഗുണങ്ങൾ പരിശോധിക്കാം.
ശരീരത്തെക്കുറിച്ച് കൂടുതൽ അവബോധമുണ്ടാകുന്നതിനാൽ ഏകാഗ്രത വർദ്ധിക്കുന്നു.
സുരക്ഷിതലാവണങ്ങളിൽ നിന്ന് പുറത്തുവന്ന് ചുവടുകൾ വയ്ക്കാൻ പ്രചോദനം നല്കുന്നു, മനസ്സിന് ശക്തി കൂടുതലാകുന്നു.
ചിന്താശേഷിക്ക് മൂർച്ച കൂടുതലാകുന്നു.
മൊത്തത്തിലുള്ള മൂഡ് മെച്ചപ്പെടുത്തുന്നു.
സ്ഥിരമായി ചെയ്യുന്ന വർക്കൗട്ടുകളിൽ നിന്ന് മോചനം ലഭിച്ച് പുതിയൊരു ഉന്മേഷം മനസ്സിനുണ്ടാകുന്നു.
ശാരീരികനേട്ടങ്ങൾ
സാധാരണ മുന്നോട്ടാണല്ലോ നടക്കുന്നത്. എന്നാൽ പിന്നിലേക്ക് നടക്കുന്നതുവഴി കാലുകളുടെ പിൻഭാഗത്ത് അധികം ഉപയോഗിക്കാത്ത പേശികൾക്ക് ചലന ശേഷി കൂടുതൽ ലഭിക്കുകയും കാലുകൾ ശക്തിയാർജ്ജിക്കുകയും ചെയ്യുന്നു.
കാൽമുട്ടുവേദനയോ പരിക്കോ സംഭവിച്ചവർക്ക് കാൽമുട്ടിന് വലിയ സമ്മർദ്ദം വേണ്ടിവരുന്നില്ല. തൽഫലമായി മുട്ടുവേദനയ്ക്ക് കുറവ് അനുഭവപ്പെടുന്നു.
നടുവേദനയ്ക്ക് പരിഹാരമായും ഇത് നിർദ്ദേശിക്കപ്പെടുന്നുണ്ട്,
ശരീരഭാരം കുറയ്ക്കുന്നു
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു.
ചുരുക്കത്തിൽ പിൻനടത്തം ബാലൻസ് മെച്ചപ്പെടുത്താൻ സഹായിക്കുകയും സന്തോഷകരമായ ഹോർമോണുകൾ പുറപ്പെടുവിക്കുകയും ചെയ്യുന്നു. പതിനഞ്ച് മിനിറ്റെങ്കിലും റിവേഴ്സ് വാക്കിംങ് വേണമെന്നാണ് പറയുന്നത്. ഗുണകരമാണെന്ന് കരുതി അപകടസാധ്യത ഇല്ലെന്നും പറയാനാവില്ല. അതുകൊണ്ട് പിൻനടത്തത്തിനായി തിരഞ്ഞെടുക്കുന്ന സ്ഥലത്തെക്കുറിച്ചു കൃത്യമായ അറിവുണ്ടായിരിക്കണം. വീടിനകമാണ് ഇതിനായി തിരഞ്ഞെടുക്കുന്നതെങ്കിൽ നടക്കുന്ന ഭാഗത്ത് തട്ടിവീഴാൻ ഇടയാകുന്ന സാധനസാമഗ്രികൾ ഒന്നും ഇല്ലെന്ന് ഉറപ്പുവരുത്തണം, പൊതുവഴിയിലാണെങ്കിൽ കുഴികൾ പോലെയുളള അപകടസാധ്യതകളെക്കുറിച്ചും അവബോധമുണ്ടായിരിക്കണം.