‘നിങ്ങൾ NO പറഞ്ഞാൽ ഇവിടെയൊന്നും സംഭവിക്കില്ല. മറ്റേതൊരു ദിവസവും പോലെ ഇതും കടന്നുപോകും. എന്നാൽ നിങ്ങൾ YES പറഞ്ഞാൽ അതൊരു ചരിത്രമായിരിക്കും’
‘ട്രാഫിക്ക്’ സിനിമയിലെ ഒരു ഡയലോഗ് ആണ് ഇത്. ചരിത്രമാകാൻ വേണ്ടിയാണ് പലരും YES പറയുന്നത്. പല YESകളും ഇവിടെ ചരിത്രമായിട്ടുമുണ്ട്. കണ്ണും പൂട്ടി YES പറഞ്ഞതിലൂടെയാണ് പല ചരിത്രങ്ങളും പിറന്നിരിക്കുന്നതും. പക്ഷേ എല്ലായ്പ്പോഴും YES പറയണോ.. NO യ്ക്ക് ഒരു വിലയുമില്ലേ?
YESപറയേണ്ടിടത്ത് YESപറയണം. അക്കാര്യത്തിൽ യാതൊരു സംശയവുമില്ല. പക്ഷേ ചിലയിട
ങ്ങളിൽ NO പറയുന്നത് നമ്മുടെ തന്നെ ഹൃദയസമാധാനത്തിന് സഹായകരമായിരിക്കും. വെല്ലുവിളികൾ ഏറ്റെടുക്കാനുള്ള വിമുഖത കൊണ്ടൊന്നുമല്ല NO പറയുന്നത്. ഭാവിയിൽ സംഭവിക്കാനിരിക്കുന്ന ചില സംഘർഷങ്ങൾ മനസ്സിലാക്കി ബോധപൂർവ്വമായ ഒഴിഞ്ഞുമാറൽ കൂടിയാണ് ചില NO കൾ.
ഒരു പ്രൊജക്ടിന്റെ ഭാഗമാണ് നിങ്ങളെന്നിരിക്കട്ടെ. എന്നാൽ പ്രൊജക്ട് ലീഡർക്ക് നിങ്ങളെ വേണ്ടവിധം ദഹിക്കുന്നില്ല. മറ്റ് ചില സാഹചര്യങ്ങൾ കൊണ്ടായിരിക്കാം നിങ്ങൾ അതിന്റെ ഭാഗമായിരിക്കുന്നതെങ്കിലും ലീഡർക്ക് താല്പര്യമില്ലാത്തിടത്തോളം നിങ്ങൾ ചെയ്യുന്നതിലെല്ലാം അയാൾ കുറ്റം കണ്ടെത്തും. കാരണം അയാൾക്ക് നിങ്ങളുടെ കഴിവിൽ വിശ്വാസമില്ല. അല്ലെങ്കിൽ മറ്റൊരാളെ നിങ്ങൾക്ക് പകരമായി റീപ്ലെയ്സ് ചെയ്യാനായിരിക്കും അയാൾ ഇഷ്ടപ്പെടുന്നത് അതുമല്ലെങ്കിൽ. ഇങ്ങനെയൊരു സാഹചര്യത്തിൽ ആ പ്രൊജക്ടിന്റെ ഭാഗമായി നില്ക്കുന്നത് നിങ്ങളെ സംബന്ധിച്ചിടത്തോളം മാനസികസംഘർഷത്തിന് ഇടവരുത്തും. നിങ്ങളുടെ ഈഗോയും അയാളുടെ ഈഗോയും തമ്മിൽ കൂട്ടിയിടിച്ച് അന്തരീക്ഷം വിഷലിപ്തമാകും. ഇങ്ങനെയുള്ള ചില സാഹചര്യങ്ങളും സംഘർഷങ്ങളും ഒഴിവാക്കുന്നതിന് നിങ്ങൾ ആ പ്രൊജക്ടിനോട് NO പറയുന്നതാണ് നല്ലത്. നിങ്ങളെ സംശയിക്കുന്നവരോടും നിങ്ങളുടെ കഴിവിൽ മതിപ്പില്ലാത്തവരോടും നിങ്ങൾ ഒഴിവായിപ്പോകണമെന്ന് ആഗ്രഹിക്കുന്നവരോടും NO പറയാൻ മടിക്കരുത്. അത് ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള നിങ്ങളുടെ കഴിവുകേടല്ല. സ്വന്തം കഴിവിൽ നിങ്ങൾക്ക് വിശ്വാസമുണ്ടെന്നതിന്റെ തെളിവാണ്. പ്രശ്നങ്ങളിൽ നിന്നുള്ള ബോധപൂർവ്വമായ അകലം പാലിക്കലാണ്.
അവനവന്റെ കഴിവിൽ ഉത്തമബോധ്യമുള്ള ഒരാൾക്കേ ധൈര്യപൂർവ്വം NO പറയാൻ കഴിയൂ. ചെയ്യാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് അയാൾക്ക് വ്യക്തമായ ധാരണയും വിലയിരുത്തലുമുണ്ടായിരിക്കണം. ഒരാളുടെ ആത്മവിശ്വാസത്തിന്റെ ഭാഗം കൂടിയാണ് NO പറയാനുള്ളകഴിവ്.
അതുകൊണ്ട് ആത്മവിശ്വാസം തകർക്കാൻ ശ്രമിക്കുന്ന വ്യക്തികളോടും സന്ദർഭങ്ങളോടും NO പറയുക.
NO പറയേണ്ട മറ്റൊരു സാഹചര്യം അനർഹമായി ചിലർ നിങ്ങളുടെ വിജയത്തിന്റെ അവകാശം ഏറ്റെടുക്കാൻ ശ്രമിക്കുമ്പോഴും നിങ്ങളുടെ വിജയത്തോട് ചേർന്നുനടക്കാൻ ശ്രമിക്കുമ്പോഴുമാണ്. ചൂഷണം ചെയ്യുമ്പോഴും മുതലെടുപ്പ് നടത്തുമ്പോഴുമാണ്. ഇത് മനസ്സിലാക്കിയിട്ടും അവരോട് NO പറയുന്നില്ലെങ്കിൽ നിങ്ങൾ സ്വയം വിഡ്ഢിയാവുകയാണ് ചെയ്യുന്നത്.
NO ചെറിയൊരു വാക്കാണെങ്കിലും അതിന്റെ മുഴക്കം വളരെ വലുതാണ്. NO ഒരിക്കലും നിഷേധാത്മകമായ വാക്കല്ല.