ദേഷ്യപ്രകൃതിയുള്ളവരുടെ കൂടെയുള്ളജീവിതം ദുസ്സഹമാണ്. കുടുംബത്തിലായാലും ഓഫീസിലായാലും. സത്യത്തിൽ കോപിക്കുക എന്നത് സാധാരണ പ്രവൃത്തിയാണ്. ഹെൽത്തി ഇമോഷൻ കൂടിയാണ് കോപം. എന്നാൽ പ്രധാനപ്പെട്ട കാര്യം അതിനെ പോസിറ്റീവായി കൈകാര്യം ചെയ്യുക എന്നതാണ്. നിയന്ത്രിക്കാനാവാത്ത കോപം സ്വന്തം ആരോഗ്യത്തെയും ചുറ്റിനുമുള്ള ബന്ധങ്ങളെയും തകർത്തുകളയും. കോപം നിയന്ത്രണവിധേയമാക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഗുണകരമായ ചില നിർദ്ദേശങ്ങൾ നല്കിയിരിക്കുന്നത് ഇപ്രകാരമാണ്.
സംസാരിക്കുന്നതിന് മുമ്പ് ചിന്തിക്കുക
പൊട്ടിത്തെറിച്ച് നില്ക്കുന്ന സമയത്ത് എന്തും വിളിച്ചുപറയാൻ എളുപ്പമാണ്. എന്നാൽ ആ നിമിഷം പിടിച്ചുനില്ക്കുകയും താൻ പറയാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുക. പറയാൻ പോകുന്ന കാര്യങ്ങൾ മറ്റേ വ്യക്തിയിലുണ്ടാക്കിയേക്കാവുന്ന പ്രതികരണങ്ങളെക്കുറിച്ച് ചിന്തിക്കുക.
ദേഷ്യപ്പെടാനുള്ളകാരണങ്ങൾ കണ്ടെത്തുക, പരിഹാരവും
ദേഷ്യപ്പെടാനുള്ള കാരണങ്ങൾ കണ്ടെത്തുകയും അവയ്ക്ക് പരിഹാരം കണ്ടെത്തുകയും ചെയ്യുക. പല സാഹചര്യങ്ങളും നമുക്ക് ഒഴിവാക്കാനാവുന്നവയായിരിക്കും
ഞാൻ എന്ന ഭാവം ഉപേക്ഷിക്കുക
പലരുടെയും ദേഷ്യങ്ങൾക്ക് പിന്നിൽ ഉള്ളത് ഞാൻ എന്ന ഭാവമാണ്. ഞാൻ കയറിവരുമ്പോൾ, ഞാൻ മുറിയപ്പെടുമ്പോൾ, ഞാൻ അവഗണിക്കപ്പെടുമ്പോൾ അപ്പോഴെല്ലാം ദേഷ്യം വരും. അതുകൊണ്ട് ഞാൻ, എന്നെ എന്നിവയെല്ലാം ഒഴിവാക്കി വ്യക്തികളോട് ആദരവോടെ പെരുമാറുക
വിദ്വേഷം സൂക്ഷിക്കാതിരിക്കുക
ഒരു വ്യക്തിയോടുള്ള പക മനസ്സിൽ കൊണ്ടുനടക്കാതിരിക്കുക. കൊണ്ടുനടന്നാൽ സാഹചര്യം വന്നാൽ അത് കോപമായി പൊട്ടിത്തെറിക്കും.
ഫലിതം ആസ്വദിക്കുക
ഫലിതം ആസ്വദിക്കുന്നതും ഫലിതം പറയുന്നതും കോപം നിയന്ത്രണ വിധേയമാക്കുന്നുണ്ട്.
ചില എക്സർസൈസുകൾ
ശാരീരികപ്രവർത്തനങ്ങൾ ഒരുപരിധിവരെ കോപത്തെ നിയന്ത്രണവിധേയമാക്കാൻ സഹായിക്കുന്നു. നടത്തം, ഓട്ടം,യോഗ എന്നിവയെല്ലാം അത്തരത്തിലുള്ളവയാണ്.
സഹായം വേണ്ട സമയം മനസ്സിലാക്കുക
കോപം സ്വയം നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ അതിന് ചികിത്സ ആവശ്യമാണ്. ഇപ്രകാരം ചികിത്സ വേണ്ട സമയത്തെക്കുറിച്ച് തിരിച്ചറിയുകയും ആ വഴി സ്വീകരിക്കുകയും ചെയ്യുക.