വാർദ്ധക്യമേ നീ എന്ത് ?

Date:

ഒക്ടോബർ 1

ലോക വൃദ്ധദിനം

സ്വഭാവികമായ ആയുർദൈർഘ്യത്തിൽ ഒരു വ്യക്തിയുടെ ജീവിതത്തിലെ അവസാനഘട്ടമാണ് വാർദ്ധക്യം. ബാല്യകൗമാരയൗവനങ്ങളിലൂടെ കടന്നുവന്ന്  ജീവിതം എത്തിച്ചേരുന്ന ഒരു അന്തിമ വിശ്രമസ്ഥലമാണ് അത്. അവിടെ നിന്ന് ഒരു തിരിച്ചുപോക്കില്ല. പാശ്ചാത്യരാജ്യങ്ങളിൽ ഭൂരിപക്ഷവും 60 നും 65 നും ഇടയിൽ പ്രായമുള്ളവരുടെ അവസ്ഥയെയാണ് വാർദ്ധക്യം എന്ന് വിശേഷിപ്പിക്കുന്നത്. എന്നാൽ വിവിധ രാജ്യങ്ങളിലെ ജനങ്ങളുടെ ആയുർദൈർഘ്യം അനുസരിച്ച് അതിൽ മാറ്റം സംഭവിക്കുന്നുണ്ട്. ആഫ്രിക്കയിൽ വാർദ്ധക്യത്തെക്കുറിച്ച് പഠനം നടത്തിയ വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ അഭിപ്രായപ്രകാരം അമ്പത്തിയഞ്ചാം വയസിൽ വാർദ്ധക്യം ആരംഭിക്കുന്നു. നാല്പതുകളുടെ മധ്യം മുതൽ എഴുപതുകൾ വരെ വാർദ്ധക്യം എന്ന് വേറെ ചില കണക്കുകൾ പറയുന്നു. പണ്ടുകാലങ്ങളിൽ ആയുർദൈർഘ്യം അറുപതു വയസുവരെയായിരുന്നു. ഇന്ന് അത് എൺപതിന് മേലേയ്ക്ക് കടന്നിരിക്കുന്നു. 2030 ആകുമ്പോഴേയ്ക്കും 60 വയസ് കഴിഞ്ഞവരുടെ എണ്ണം 46 ശതമാനം വർദ്ധിക്കുമെന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്.  


സാംസ്‌കാരികവും ജീവശാസ്ത്രപരവും ആരോഗ്യപരവുമായ കാരണങ്ങളാൽ അതാത് രാജ്യങ്ങളിലെ ജനങ്ങളുടെ ആയുർദൈർഘ്യവും തന്മൂലം വാർദ്ധക്യത്തെ നിജപ്പെടുത്തുന്ന പ്രായവും വ്യത്യാസപ്പെട്ടിരിക്കുന്നു. പ്രായത്തിന്റെ കാര്യത്തിൽ അന്തരമുണ്ടെങ്കിലും ഒരാളെ വാർദ്ധക്യത്തിലേക്ക് ചേർക്കുന്ന ശാരീരികവും മാനസികവുമായ പ്രത്യേകതകൾ എല്ലായിടത്തും ഒരുപോലെയാണ്. അസ്ഥികൾക്കും സന്ധികൾക്കും സംഭവിക്കുന്ന പരിക്കുകൾ, ക്രോണിക് ഡിസീസ്, ദന്തരോഗങ്ങൾ, ദഹനസംബന്ധമായ രോഗങ്ങൾ, കാഴ്ചവൈകല്യം, വീഴ്ച, കേൾവിക്കുറവ്, ഹൃദ്രോഗങ്ങൾ, പ്രതിരോധശേഷിക്കുറവ്, ലൈംഗികശേഷിക്കുറവ്, ത്വക്കിന്റെ മൃദുത്വം നഷ്ടമാകൽ, ഉറക്കപ്രശ്നങ്ങൾ, രുചിവ്യത്യാസങ്ങൾ, മൂത്രാശയരോഗങ്ങൾ, ശബ്ദത്തിലുണ്ടാകുന്ന മാറ്റം എന്നിങ്ങനെ ഒരുപിടികാരണങ്ങൾ ഒരാളുടെ വാർദ്ധക്യത്തെ ഊട്ടിയുറപ്പിക്കുന്ന ശാരീരികവും ആരോഗ്യപരവുമായ ലക്ഷണങ്ങളിൽപെടുന്നു. ഇതുപോലെ മാനസികമായ മാറ്റങ്ങളും ഒരാളിലെ വാർദ്ധക്യത്തെ സൂചിപ്പിക്കുന്നു. വാർദ്ധക്യത്തോട് അടുത്തുകഴിയുമ്പോൾ ഡിപ്രഷൻ, ഏകാന്തത, മരണഭയമുൾപ്പെടെയുള്ള നിരവധി ഭയങ്ങൾ, മനസ്സിലാക്കാനും ഉൾക്കൊള്ളാനുമുള്ള കഴിവുകുറവ്, ആശ്രയത്വബോധം കൂടുതലാകുക എന്നിവയും സംഭവിക്കുന്നുണ്ട്.

സത്യത്തിൽ വാർദ്ധക്യത്തിലെത്തിക്കഴിയുമ്പോൾ മാത്രം വാർദ്ധക്യത്തെ  സ്വീകരിക്കുകയല്ല വേണ്ടത്. വളരെ മുന്നേ തന്നെ വാർദ്ധക്യത്തെ സ്വീകരിക്കാൻ, ഉൾക്കൊള്ളാൻ തയ്യാറെടുപ്പുകൾ നടത്തുക. അതായത് മധ്യവയസുവരെ ജീവിക്കാൻ അവസരം ലഭിക്കുന്ന ഒരാൾ സ്വഭാവികമായും മനസ്സിനെയും ഭാവിയെയും വാർദ്ധക്യത്തിലേക്കായി രൂപപ്പെടുത്തിയെടുക്കുക. എനിക്കൊരു വാർദ്ധക്യമുണ്ട്, ഞാൻ അതിലൂടെയും കടന്നുപോകേണ്ടിയിരിക്കുന്നുവെന്ന് മനസ്സിനെ പഠിപ്പിക്കുക. അങ്ങനെയൊരാൾക്ക് മാത്രമേ വാർദ്ധക്യത്തെ ക്രിയാത്മകമായി കാണാനും സമൂഹത്തിൽ ഫലദായകമായി പ്രവർത്തിക്കാനും കഴിയൂ. പക്ഷേ സംഭവിക്കുന്നത് ഇതിന് വിപരീതമാണ്. വാർദ്ധക്യത്തെ അംഗീകരിക്കാൻ നമുക്ക് വിമുഖതയാണ്. സൗന്ദര്യനഷ്ടം, ആരോഗ്യനഷ്ടം, പരാശ്രയത്വം ഇങ്ങനെ പലതുണ്ട് വാർദ്ധക്യത്തെ പേടിക്കാനുളള കാരണങ്ങൾ.

മനോഹരമായി സ്വീകരിക്കേണ്ട ഒരു ജീവിതാവസ്ഥയാണ് വാർദ്ധക്യം. പക്ഷേ എന്തുചെയ്യാം, വാർദ്ധക്യം ഒരിക്കലും മനോഹരമായ ജീവിതാവസ്ഥയായി മാറുന്നില്ല; വഹിക്കുന്നവർക്കും സഹിക്കുന്നവർക്കും.  ഭാരതീയ പശ്ചാത്തലത്തിൽ വാർദ്ധക്യം വാനപ്രസ്ഥത്തിനുള്ള സമയമാണ്. കുടുംബസ്ഥനായ ഒരാൾ തന്റെ കടമകളെല്ലാം സ്തുത്യർഹമായ വിധത്തിൽ നിർവഹിച്ചതിന് ശേഷം തന്റെ ജീവിതാന്ത്യത്തിന് തയ്യാറെടുപ്പുകൾ നടത്തുന്ന കാലമാണ് അത്. വാനപ്രസ്ഥത്തിൽ നിന്നും വാർദ്ധക്യത്തിൽ നിന്നും മരണത്തിലേക്ക് അധികം ദൂരമൊന്നുമില്ല. ഒരു വ്യക്തി ഈ ഭൂമിയിൽ നന്നായി ജീവിച്ചതിന് ശേഷം തന്റെ മരണത്തിനായി ശാന്തമായും സ്വസ്ഥമായും ഒരുങ്ങേണ്ട കാലമാണ് വാർദ്ധക്യം. അനുഗ്രഹിക്കപ്പെട്ട സമയമാണ് അത്. പക്ഷേ  നിർഭാഗ്യകരമെന്ന് പറയട്ടെ പ്രായം ചെല്ലുന്തോറും മനുഷ്യരിൽ മരണഭയം കൂടിവരുകയും ജീവിക്കാനുള്ള ആഗ്രഹം വർദ്ധിച്ചുവരികയും ചെയ്യുന്നു എന്നതാണ് ഖേദകരമായ വാസ്തവം. പ്രായം ചെന്ന ഒരാളോട് ഏറ്റവും ഭയമുള്ള കാര്യം എന്താണ് എന്ന് ചോദിച്ചാൽ മരണം എന്നായിരിക്കും ഉത്തരം.

വൃദ്ധരെ അംഗീകരിക്കുക, ആദരിക്കുക,അവരെ  തുല്യപദവിയിൽ പരിഗണിക്കുക, വൃദ്ധർ സമൂഹത്തിന് നല്കിയ സംഭാവനകളെ മാനിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ്  ലോക വൃദ്ധദിനം ആചരിക്കുന്നത്. 1991 ഒക്ടോബർ ഒന്നിനായിരുന്നു ആദ്യത്തെ ലോകവൃദ്ധദിനാചരണം. തുടർന്ന് എല്ലാവർഷവും ഒക്ടോബർ ഒന്ന് ലോകവൃദ്ധദിനമായി ആചരിക്കുന്നു. എന്നാൽ വാർദ്ധക്യത്തോട് സമൂഹം ഇന്ന് പുലർത്തുന്നത് നിഷേധാത്മകമായ സമീപനമാണ്. വാർദ്ധക്യത്തെ ശാപമായും വൃദ്ധരെ അവഗണിക്കപ്പെട്ടവരുമായിട്ടാണ് ലോകം കാണുന്നത്.  സമൂഹം മുതൽ കുടുംബംവരെ വൃദ്ധരോടുള്ള സമീപനത്തിൽ പുലർത്തിപോരുന്ന ഈ മാറ്റം നമ്മെ നടുക്കിക്കളയുന്നു.

കൊറോണക്കാലം  വെളിപ്പെടുത്തിയത് വൃദ്ധരോടുള്ള സമൂഹത്തിന്റെ മനോഭാവം കൂടിയായിരുന്നു. ഇറ്റലി, സ്പെയ്ൻ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിൽ കൊറോണ വ്യാപകമായപ്പോൾ അതിന്റെ കൂടുതൽ ഇരകളും വൃദ്ധരായിരുന്നു. തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ ശ്വാസകോശസംബന്ധമായ രോഗങ്ങളും പ്രതിരോധശേഷിക്കുറവും വൃദ്ധരിലെ രോഗവ്യാപനത്തിന് കാരണവുമായി. ഇത്തരം സന്ദർഭങ്ങളിൽ ശ്വസനോപകരണങ്ങളുടെ സഹായം കൊണ്ടുമാത്രമേ വൃദ്ധർക്ക് ജീവിക്കാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ സമാനമായ അവസ്ഥയിലുള്ള ചെറുപ്പക്കാരുടെ ജീവൻ നിലനിർത്താൻ വേണ്ടി ശ്വസനോപകരണങ്ങളുടെ കുറവ് കണക്കിലെടുത്ത് ആരോഗ്യരംഗം വൃദ്ധരെ ഉപേക്ഷിച്ചുകളഞ്ഞു. അവരെ മരണത്തിന് വിട്ടുകൊടുത്ത് ശ്വസനോപകരണങ്ങൾ ചെറുപ്പക്കാർക്ക് നല്കിയപ്പോൾ വ്യക്തമാക്കപ്പെട്ടത് വൃദ്ധർ ജീവിക്കാനല്ല മരിക്കാനാണ് യോഗ്യരെന്ന് തന്നെയായിരുന്നു. ജീവനോടുള്ള അനാദരവിന്റെ ഏറ്റവും പ്രകടമായ തെളിവായിരുന്നു അത്. ഇംഗ്ലണ്ടിലെ ഓൾഡ് ഏജ് ഹോമുകളിൽ സംഭവിച്ച കൂട്ടമരണങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യം ഉയർന്നുവന്നിരിക്കുന്നത് ഇത്തരം ഒരു പശ്ചാത്തലത്തിലാണ്. ഇങ്ങനെയൊരു സമീപനം വൈദ്യശാസ്ത്രം പോലും വൃദ്ധരോട് പുലർത്തുന്നതിന് എന്താവും കാരണം? വൃദ്ധരിൽ നിന്ന് ഇനിയൊരു നന്മയും സമൂഹത്തിന് ലഭിക്കാനില്ല. അവർ സമൂഹത്തിന് ബാധ്യതയും ഭാരവുമാണ്. അവർ മരണയോഗ്യരുമാണ്. അതാണ് ഇതിന്റെ അർത്ഥം. ദയാവധം, സൂയിസൈഡ് അസിസ്റ്റൻസ് പോലെയുള്ളവയും വൃദ്ധരുടെ ജീവൻ അപഹരിക്കാനുള്ള നിയമപരമായ ആനുകൂല്യങ്ങളാണ്.

 ജനിപ്പിച്ചു വളർത്തി വലുതാക്കിയ മക്കൾക്ക് പോലും വേണ്ടാതായി നടതള്ളപ്പെടുന്ന വാർദ്ധക്യങ്ങളുടെ എണ്ണം കേരളത്തിൽ പെരുകിക്കൊണ്ടിരിക്കുന്നു. അതുപോലെ സ്വത്തും വീടും കൈക്കലാക്കിയതിന് ശേഷം മാതാപിതാക്കളെ വഴിയിലേക്ക് ഇറക്കിവിടുകയോ വീടുകളിൽതന്നെ പൂട്ടിയിടുകയോ ചെയ്യുന്ന മക്കളുടെ എണ്ണവും.
സ്വന്തം മക്കളിൽ നിന്നും മരുമക്കളിൽ നിന്നും പേരക്കുട്ടികളിൽ നിന്നും അനാഥത്വം അനുഭവിച്ച് സ്വന്തംവീടകങ്ങളിൽ തന്നെ കഴിയുന്ന എത്രയോ വൃദ്ധരായ മാതാപിതാക്കളുണ്ട് നമുക്കിടയിൽ. കുടുംബത്തിന്റെ മാനാഭിമാനം കണക്കിലെടുത്തും സമൂഹത്തിലുള്ള സൽപ്പേരിനെ പ്രതിയും മാത്രമാണ് ഇത്തരക്കാർ മാതാപിതാക്കളെ സ്വന്തം ഭവനങ്ങളിൽ താമസിപ്പിച്ചിരിക്കുന്നത്. തങ്ങളുടെ വിയർപ്പിൽ നിന്ന് കെട്ടിപ്പൊക്കിയ മണിമാളികകളിൽ കാറ്റും വെളിച്ചവും കടന്നുവരാത്ത കുടുസുമുറികളിൽ ഒരു അടിമയെപോലെയും പഴകിയ വസ്ത്രം പോലെയും കഴിഞ്ഞുകൂടുന്ന മാതാപിതാക്കളുടെ വേദനയും സങ്കടവും അവരെ വളർത്തിവലുതാക്കിയ  മക്കൾ എന്നെങ്കിലും മനസ്സിലാക്കുമോ?

വൃദ്ധരെ നിന്ദിക്കരുത് നമുക്കും പ്രായമാവുകയല്ലേ എന്നാണ് വിശുദ്ധ ഗ്രന്ഥത്തിലെ പ്രഭാഷകൻ ആറാം അധ്യായം ആറാം വാക്യം ചോദിക്കുന്നത്.   മനുസ്മൃതിയിലെ പ്രശസ്തമായ ശ്ലോകത്തിൽ പറയുന്നതു വാർദ്ധക്യത്തിൽ സ്ത്രീയുടെ സംരക്ഷണം പുത്രൻവഹിക്കണം എന്നാണ്. എല്ലാ മതങ്ങളും വൃദ്ധരുടെ പരിചരണവും സംരക്ഷണവും എത്രത്തോളം വിലയുള്ളതായി കണ്ടിരുന്നു എന്നതിന് ഇവയെല്ലാം ഉദാഹരണങ്ങളാണ്.

വാർദ്ധക്യം ഒറ്റപ്പെടലിന്റെ ലോകമാണ്. ഏകാന്തതയുടെയും. അതിനെ അകമ്പടി സേവിക്കാൻ രോഗങ്ങൾ കൂടിവരുമ്പോൾ അവരുടെ ജീവിതം ഏറ്റവും ദുരിതമയമാകുന്നു. ഈ അവസരത്തിലാണ് അവർക്ക് മക്കളുടെ സ്നേഹവും പരിചരണവും ഏറ്റവും അധികമായി വേണ്ടിവരുന്നത്.ഒന്ന് അടുത്തിരിക്കാൻ, കാലും കൈയും തടവികൊടുക്കാൻ.. കൈപിടിച്ച് ഒന്ന് വെളിയിലേക്ക് കൊണ്ടുവരാൻ..അവർക്ക് മക്കളുടെ ആവശ്യമുണ്ട്. ഈ ആവശ്യമാണ് അവർക്ക് പലയിടങ്ങളിലും നിഷേധിക്കപ്പെടുന്നത്.  ജീവിതത്തിലെ പല പ്രതിബന്ധങ്ങളോടും ഒറ്റയ്ക്ക് നിന്ന് പോരാടിയ അവർക്ക് ശരീരവും മനസ്സും ദുർബലമായി കഴിയുമ്പോൾ ജീവിതം ഏറ്റവും വലിയ പ്രശ്നമായി മാറുന്നു.  ആത്മഹത്യകളിലാണ് അവർ പരിഹാരം കണ്ടെത്തുന്നത്.വാർദ്ധക്യത്തിലെ ആത്മഹത്യകളുടെ യഥാർത്ഥ കാരണം തേടിച്ചെല്ലുമ്പോൾ നാം കണ്ടെത്തുന്ന സത്യങ്ങളാണ് ഇവ. ഈ  സാഹചര്യങ്ങളുടെ ഉത്തരവാദിത്തങ്ങളിൽ നിന്ന് നമുക്ക് ഒളിച്ചോടാനാവില്ല. വാർദ്ധക്യം ജീവിതമാണ്. അല്ലെങ്കിൽ അതുകൂടി ചേർന്നതാണ് ജീവിതം. നമുക്കതിനെ സ്നേഹിക്കാം. എല്ലാ ആദരവോടുംകൂടി.  ഒന്നോ രണ്ടോ വളവു തിരിയുമ്പോൾ നമ്മളും എത്തിച്ചേരേണ്ട വഴിയാണ് അത്. 

ഇൻഡിപെൻഡന്റ് റിട്ടയർമെന്റ് ലിവിങ്

കാനഡ പോലെയുള്ള വിദേശരാജ്യങ്ങളിൽ നടപ്പിലാക്കി വിജയംവരിച്ച ഒന്നാണ് ഇൻഡി പെൻഡന്റ്  റിട്ടയർമെന്റ് ലിവിംങ്. ഒറ്റയ്ക്കോ സ്വന്തംവീട്ടിലോ താമസിക്കാതെ പ്രായമായവർ ഒന്നിച്ചു ജീവിക്കുന്ന സന്തോഷപ്രദമായ ഒരു അവസ്ഥയാണ്ഇത്. മറ്റുള്ളവരുടെ നിയന്ത്രണങ്ങളില്ലാ തെ സ്വന്തം ജീവിതം സ്വന്തം ഇഷ്ടം പോലെ ജീവി ക്കുക. ചെറിയ വീടുകളും അപ്പാർട്ട്മെന്റുകളും ഓരോരുത്തരുടെയും സ്വന്തം സൗകര്യവും ഇഷ്ടവുമനുസരിച്ച് ഇതിനായി തിരഞ്ഞെടുക്കാം, റിട്ടയർമെന്റ് കഴിഞ്ഞാലും സ്വന്തം ജീവിതം അവസാനിക്കുന്നില്ല എന്നും ആർക്കും ഭാരമാ വാതെയും ആരുടെയും സൗകര്യങ്ങൾ കൈവശ പ്പെടുത്താതെയും സ്വന്തമായി ജീവിക്കാൻ കഴിയും എന്നും തെളിയിച്ചുകൊടുക്കുകയാണ് ഇത്തരം സമ്പ്രദായങ്ങൾ.

സിനിമകളിലെ വാർദ്ധക്യം

അവഗണിക്കപ്പെടുകയും തിരസ്‌ക്കരിക്കപ്പെടുകയും ചെയ്യുന്ന വാർദ്ധക്യങ്ങളുടെ ജീവിത ത്തിന്റെ നിസ്സഹായവസ്ഥ മലയാളത്തിലെ പല സിനിമകളിലും പ്രതിപാദ്യവിഷയമായിട്ടുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും മുമ്പിൽ നില്ക്കുന്ന സിനിമയാണ് പത്മരാജന്റെ ‘തിങ്കളാഴ്ച നല്ല ദിവസം.’ മരങ്ങളെയും മണ്ണിനെയും സ്നേഹിച്ചു ജീവിക്കുന്ന  നല്ലവളായ അമ്മയെ ശരണാലയ ത്തിലാക്കുന്ന മക്കളുടെ ക്രൂരത മലയാളിമനസ്സു കളെ അന്നും ഇന്നും കണ്ണീരണിയിക്കുന്നുണ്ട്. ഭരതന്റെ ഒരു സായാഹ്നത്തിന്റെ സ്വപ്‌നം, പത്മകുമാറിന്റെ അമ്മക്കിളിക്കൂട് എന്നിവയും വൃദ്ധ സദനങ്ങളുടെ അകത്തളങ്ങളിൽ അകപ്പെട്ടു പോ യ വൃദ്ധരുടെ ജീവിതങ്ങളിലേക്ക് തിരിച്ചുവച്ച സി നിമാക്കാഴ്ചകളായിരുന്നു.

വൃദ്ധരോട് ചെയ്യേണ്ടതും വൃദ്ധർ ചെയ്യേണ്ടതും 10

വൃദ്ധർ ചെയ്യേണ്ടത്

പ്രായമായെന്ന് അംഗീകരിക്കുക
ആവശ്യമില്ലാത്ത കാര്യങ്ങളിൽ തലയിടാതിരിക്കുക
എല്ലാം താൻ അറിഞ്ഞേ തീരൂ എന്ന പിടിവാശി ഒഴിവാക്കുക
പരാതിയും പരിഭവങ്ങളും അവസാനിപ്പിക്കുക
മക്കൾക്ക് നല്കേണ്ട സ്വത്ത് സുബോധമുള്ളപ്പോൾ പങ്കുവച്ചുനല്കുക
സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തുക
ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കുക
സമപ്രായക്കാരുമായി കൂടുതൽ ഇടപഴകുവാൻ ശ്ര ദ്ധിക്കുക
ആത്മീയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുക
ഭയമില്ലാതെയും ആശങ്കകളില്ലാതെയും മരണത്തിന് വേണ്ടി കാത്തിരിക്കുക

വൃദ്ധരോട് ചെയ്യേണ്ടത്

തങ്ങൾക്കും വയസാകും എന്ന് തിരിച്ചറിയുക
വൃദ്ധരോട് ആലോചന ചോദിക്കുക
കുടുംബത്തെ സംബന്ധിക്കുന്നതോ വൃദ്ധർക്ക് അറിയാവുന്നവരോ ആയവരുടെ വിശേഷങ്ങൾ അറിയിക്കുക
സ്നേഹവും പരിഗണനയും നല്കുക
കഴിയുന്നത്ര സാമീപ്യം കൊടുക്കുക
പതിവായുള്ള മെഡിക്കൽ ചെക്കപ്പും മരുന്നുകളും മുടക്കാതിരിക്കുക
ആഗ്രഹമുള്ള ഭക്ഷണവിഭവങ്ങൾ നല്കാൻ ശ്രമിക്കുക
കഴിയുന്നതുപോലെ പുറത്തുകൊണ്ടുപോകാനും സാമൂഹികജീവിതം സാധ്യമാക്കാനും ശ്രമിക്കുക
എത്ര വർഷം ജീവിച്ചാലും മനുഷ്യർക്ക് ജീവിച്ചിരിക്കാനാണ് ആഗ്രഹമെന്ന് മനസ്സിലാക്കുക
ശാന്തവും സ്വച്ഛവുമായ മരണത്തിനൊരുക്കുക

More like this
Related

ആഹാ…പ്രായമായോ..!

അയ്യോ കഷ്ടം.. പ്രായമായല്ലോ... ഇങ്ങനെ പറഞ്ഞിരുന്നത് മുൻപ്. ആഹാ... പ്രായമായല്ലോ എന്ന്...

LIFE IS GOOD

'ഞാൻ ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. എന്താണ് നിന്റെ അഭിപ്രായം?'സുഹൃത്തിന്റെ ആ ചോദ്യത്തിന്...

സ്‌നേഹിക്കുന്നവർക്ക് നല്‌കേണ്ടത്…

എന്തു ഞാൻ പകരം നല്കും? സ്‌നേഹത്തെക്കുറിച്ചുള്ള സന്ദേഹങ്ങൾക്കിടയിൽ പലരുടെയും മനസ്സിൽ ഉയരുന്ന...

എങ്ങനെയാണ് സ്‌നേഹിക്കേണ്ടത്?

ദയ, അനുകമ്പ, സന്തോഷം,സമചിത്തത..  എങ്ങനെയാണ് സ്‌നേഹിക്കപ്പെടേണ്ടത് എന്നതിനു ള്ള ഏറ്റവും ഹ്രസ്വമായ...

സ്‌നേഹമേ വറ്റാത്ത സ്‌നേഹമേ..

കിണർ കുഴിക്കുന്നതുപോലെയാണ് സ്‌നേഹമെന്ന് ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്. ഒരുപാടു കുഴിച്ചുചെല്ലുമ്പോൾ കാണുന്ന ഇത്തിരി നനവുപോലെയാണ് ആദ്യസ്‌നേഹം. വീണ്ടും താഴ്ത്തി ചെല്ലുമ്പോഴാണ് നനവ് ഉറവയായി മാറുന്നത്. പിന്നീട് അത് പ്രവാഹമാകുന്നു. കോരാനും കുടിക്കാനും നനയാനും മാത്രം സമൃദ്ധമാകുന്നു.

സന്യാസിയുടെ പ്രണയം

നിക്കോളാസ് കസൻദിസാക്കസ് അസീസിയിലെ ഫ്രാൻസിസിനെ കുറിച്ചുള്ള  എഴുതിയ 'ദൈവത്തിന്റെ നിസ്വൻ' (God's...

വാടകയ്ക്ക് ഒരു ഹൃദയം

It is said, the best possible way to break...

പ്രണയമോ, അയ്യേ…  അത് പൈങ്കിളിയല്ലേ? 

എന്താണ് പ്രണയം? പ്രണയം ഇത് മാത്രമാണെന്ന് പറയത്തക്കവണ്ണം അതിനെ ആരെങ്കിലും നിർവചിച്ചിട്ടുണ്ടോ?...

പുതുവർഷത്തിലേക്ക് ചില ചുവടുവയ്പ്പുകൾ

പുതുവർഷത്തിലെല്ലാവരും ചില പുതിയ തീരുമാനങ്ങളെടുക്കാറുണ്ട്. തൂക്കം കുറയ്ക്കൽ, പുകവലി/ മദ്യപാനം നിർത്തൽ,...

No Thanks പറയുന്നത് ശരിയാണോ?

താങ്ക്യൂ  പറയുമ്പോൾ എന്താണ്  പ്രതികരണം? ചെറുതോ വലുതോ എന്തുമായിക്കൊള്ളട്ടെ ഒരു സഹായം...

‘NO’ എന്തൊരു വാക്ക് !

'നിങ്ങൾ NO പറഞ്ഞാൽ ഇവിടെയൊന്നും സംഭവിക്കില്ല. മറ്റേതൊരു ദിവസവും പോലെ ഇതും...

NO പറയണോ?

'NO, ഇല്ല'- എത്രയോ ആഴങ്ങൾ ഒളിപ്പിച്ചുവച്ചിരിക്കുന്ന തീരെ ചെറിയൊരു വാക്കാണ് ഇത്....
error: Content is protected !!