നടപ്പിലാക്കാവുന്ന അനേകം സ്വപ്‌നങ്ങളുണ്ട്. നടപ്പിലാക്കാന്‍ കഴിയില്ലാത്ത അതിലും അനേകം സ്വപ്‌നങ്ങളുണ്ട്. ഇതില്‍ ഏതു ഗണത്തിലായിരിക്കും ഒക്ടോബര്‍ രണ്ട് പ്ലാസ്റ്റിക് വിമുക്തരാജ്യമായി പ്രഖ്യാപിക്കാനുള്ള തീരുമാനം അണിയറയിലൊരുങ്ങുമ്പോള്‍ സംഭവിക്കുക? ഇന്ത്യയെ ഒക്ടോബര്‍ രണ്ടിന് പ്ലാസ്റ്റിക് വിമുക്തരാജ്യമായി പ്രഖ്യാപിക്കുന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ പലരുടെയും ഉള്ളിലുണരുന്ന സംശയം ഇതാണ്. ഈ തീരുമാനം നടപ്പിലാക്കാന്‍ കഴിയുമോ?
തീര്‍ച്ചയായും നടപ്പിലാക്കാന്‍ കഴിയും. പക്ഷേ ഒറ്റക്കെട്ടായി നാം അണിനിരക്കണമെന്ന് മാത്രം. അതിലേക്ക് നാം നീങ്ങണമെങ്കില്‍ പ്ലാസ്റ്റിക് വരുത്തിവയ്ക്കുന്ന ദൂഷ്യവശങ്ങളെക്കുറിച്ചുള്ള തിരിച്ചറിവു നമുക്കുണ്ടാകണം. ബോധവല്‍ക്കരണം നടക്കണം. സിഗററ്റും മദ്യപാനവും ആരോഗ്യത്തിന് ഹാനികരമെന്ന് എഴുതിവച്ചത് വായിച്ചുകൊണ്ടുതന്നെ അത് ഉപയോഗിക്കുന്നതുപോലെയാണ് പ്ലാസ്റ്റിക് ഉപയോഗത്തിന്റെ ദൂഷ്യവശങ്ങള്‍ മനസ്സിലാക്കിക്കൊണ്ടുതന്നെ നാം അതിന്റെ പ്രചാരകരായി മാറുന്നത്.
ഒരുപക്ഷേ സിഗററ്റും മദ്യവും അതുപയോഗിക്കുന്നവരിലോ അല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ടവരിലോ മാത്രമായിരിക്കും ദോഷഫലങ്ങള്‍ക്ക് കാരണമാകുന്നതെങ്കില്‍ പ്ലാസ്റ്റിക് അങ്ങനെയല്ല. അലക്ഷ്യമായി ഒരു വ്യക്തി വലിച്ചെറിയുന്ന ഓരോ തുണ്ട് പ്ലാസ്റ്റികും പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്കും മനുഷ്യരാശിക്കും അപകടം വരുത്തിവയ്ക്കുകയാണ് ചെയ്യുന്നത്. ഉപയോഗിക്കാന്‍ ഏറെ സൗകര്യപ്രദം എന്ന ഒരൊറ്റ ന്യായീകരണത്തിന്റെ പേരിലാണ് പലരും പ്ലാസ്റ്റികിന്റെ പ്രചാരകരായി മാറിയിരിക്കുന്നത്. മാത്രവുമല്ല ഏറെ കാലം നിലനില്ക്കുകയും ചെയ്യും. പക്ഷേ പ്ലാസ്റ്റിക്കിന്റെ വ്യാപകമായ പ്രചാരത്തിന് മുമ്പും നാം സാധനങ്ങള്‍ വാങ്ങിയിരുന്നില്ലേ.
ഉവ്വ്, തുണിസഞ്ചികളില്‍. ഇറച്ചിയും മീനും പോലും അക്കാലങ്ങളില്‍ നാം ഇലകളിലാണ് പൊതിഞ്ഞുകെട്ടി കൊണ്ടുവന്നിരുന്നത്. ഇപ്പോഴാവട്ടെ എല്ലാം പ്ലാസ്റ്റിക്കിന്റെ ആവരണത്തില്‍ പൊതിയപ്പെടുന്നു. ( നാട്ടിന്‍പുറങ്ങളിലെ ഇറച്ചിക്കടകളില്‍ തേക്കിലകളിലാണ് ഇറച്ചി കൊണ്ടുവന്നിരുന്നത്. വാഴനാരു കൊണ്ട് കെട്ടുകയും ചെയ്യും.) എന്നിട്ട് ഉപയോഗവസ്തു സ്വീകരിക്കുകയും പ്ലാസ്റ്റിക്കിനെ വലിച്ചെറിയുകയും ചെയ്യുന്നു. നാട്ടില്‍ നിന്ന് കാട്ടിലേക്ക് വരെ പ്ലാസ്റ്റിക് എത്തിപ്പെടുന്നു എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട മേഖലകളിലാണ് ഇത്തരമൊരു അതിരുഭേദിക്കല്‍ നടന്നിരിക്കുന്നത്.
വിനോദസഞ്ചാരികള്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യം കഴിക്കുന്ന ആനകള്‍ പോലും രോഗബാധിതരാകുന്നുണ്ട് എന്നും വാര്‍ത്തയില്‍ പറയുന്നു. ആനകളെ പോലും കുടുക്കിലാക്കുന്നവയാണ് പ്ലാസ്റ്റിക് എങ്കില്‍ മനുഷ്യരെ അത് എത്രത്തോളമായിരിക്കും തകര്‍ത്തുകളയുക?
എന്നിട്ടും ഇതേക്കുറിച്ച് ഇതിന്റെ ദുരന്തങ്ങളെക്കുറിച്ച് നാം മനസ്സിലാക്കുന്നതേയില്ല. നദിയും കടലും കായലും വനവും പ്ലാസ്റ്റിക്കാല്‍ നിറയപ്പെടുമ്പോള്‍ അത് സൃഷ്ടിക്കുന്ന ദുരന്തങ്ങള്‍ മനുഷ്യവംശത്തിന്റെ നാശത്തിന് തന്നെയാണ് കാരണമായിത്തീരുന്നത്. ടൂത്ത് ബ്രഷ് മുതല്‍ വെള്ളക്കുപ്പിവരെ നാം ദിവസവും ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പ്ലാസ്റ്റിക് ഉല്‍്പന്നങ്ങളുടെ ബാഹുല്യം എത്രയോ അധികമാണ്. അവയൊക്കെ ഒറ്റയടിക്ക് നിര്‍ത്തലാക്കുകയെന്നത് ചിലപ്പോള്‍ അസാധ്യമായെന്നു വന്നേക്കാം.
പക്ഷേ നമ്മുടെ നീലഗിരിയില്‍ തന്നെ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. നാടും നാട്ടുകാരും ഭരണകൂടവും ഒത്തൊരുമിച്ച് നിന്നതിന്റെ ഫലമാണ് അത്. അങ്ങനെയെങ്കില്‍ നമുക്ക് എന്തുകൊണ്ട് ആ വഴിപരീക്ഷിച്ചുകൂട?
കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഇക്കാര്യത്തില്‍ ഒരുമിച്ചുനില്ക്കണം. കയ്യിലിരിക്കുന്ന ഓരോ പ്ലാസ്റ്റിക് ഉല്പന്നവും പ്രകൃതിക്കു ഭീഷണിയാണെന്ന് നാം മനസ്സിലാക്കണം. വലിച്ചെറിയപ്പെടുന്ന ഓരോ പ്ലാസ്റ്റിക് തുണ്ടും നിങ്ങള്‍ പ്രകൃതിക്ക് നേരെ കാര്‍ക്കിച്ചുതുപ്പുന്നതിന് തുല്യമാണ്. അവളുടെ ഹൃദയത്തില്‍ ഉണക്കാനാവാത്ത മുറിവുസൃഷ്ടിക്കുന്നതിന് തുല്യമാണ്.
പ്ലാസ്റ്റിക് ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പാതിയിലാണ് മേല്‍ക്കൈ നേടിയതെങ്കില്‍ ഇനി അതിനെ വെല്ലുന്നതും പ്രകൃതിക്ക് ദോഷം ചെയ്യാത്തതുമായ പുതിയ ഉല്പന്നങ്ങളെയും നാം അവതരിപ്പിക്കേണ്ടിയിരിക്കുന്നു. നിരോധനം പോലെ തന്നെ പകരംവയ്ക്കലുകളും അത്യാവശ്യമാണ്.
അതിന് ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ വീട്ടില്‍, അടുക്കളയില്‍ എന്തുമാത്രം പ്ലാസ്റ്റിക് ഉല്പനങ്ങള്‍ ഉണ്ട് എന്ന് കണ്ടെത്തുകയാണ്. അതില്‍ ഏതെല്ലാമാണ് നിങ്ങളുടെ അവശ്യപരിധിയില്‍ വരുന്നതും വരാത്തതും? ഒഴിവാക്കാവുന്നവ ധാരാളമില്ലേ. എങ്കില്‍ അടുക്കളയില്‍ നിന്ന് ആ വിപ്ലവം തുടങ്ങട്ടെ.
ഒക്ടോബര്‍ രണ്ടിലേക്ക് നമുക്കിനി അധികം ദൂരമില്ല. രാജ്യം മുഴുവനും പ്ലാസ്റ്റിക് നിയന്ത്രണം നടപ്പിലാക്കാന്‍ തുടങ്ങുമ്പോള്‍ അതിന്റെ ചെറിയതുടക്കം എന്റെ വീട്ടില്‍ നി്ന്നാവട്ടെ, എന്നില്‍ നിന്നാവട്ടെ.