സ്ത്രീ സ്വതന്ത്രയാണ്

Date:

പിതാ രക്ഷതി കൗമാരേ
ഭർത്താ രക്ഷതി യൗവനേ
പുത്രോ രക്ഷതി വാർദ്ധക്യേ
ന: സ്ത്രീ സ്വാതന്ത്ര്യമർഹതി.

എഴുതപ്പെട്ട കാലം മുതലേ വിമർശനങ്ങൾ ഏറെ ഏറ്റു വാങ്ങിയ ഈ ശാസന തന്നെയാണ്, ഇന്നും സ്ത്രീ സ്വതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്നവരുടെ പെരുക്കപ്പട്ടിക എന്ന് പലപ്പോഴും തോന്നാറുണ്ട്.  അനാവശ്യ ബഹളമുള്ള ഇടങ്ങളിലാവട്ടെ  മനുസ്മൃതിയുടെ  വരികളിൽ, ആദ്യത്തെ മുക്കാൽ ഭാഗവും മുങ്ങിപോവുന്നുമുണ്ട് . ചില ഇടങ്ങളിൽ അവസാന വാചകം ആദ്യം പ്രയോഗിക്കാറുമുണ്ട്. ഇത്രയും ശ്രദ്ധിക്കാനുള്ള കാരണം ഈ വാചകങ്ങളുടെ  ഘടനയുടെ സവിശേഷതയാണ്. സ്ത്രീയുടെ വളർച്ചകളുടെ പടവുകളും, ജീവിതത്തിന്റെ രണ്ടവസ്ഥകളും  വ്യക്തമായി ഇതിൽ  അടയാളപ്പെടുത്തിയിരിക്കുന്നു. ബാല്യം പരിഗണിക്കപ്പെടുന്നില്ല, ശേഷം കൗമാരം മുതൽ വാർദ്ധക്യം വരെയുള്ള കാലഘട്ടത്തെ കുറിച്ചും, രണ്ട്  മനുഷ്യാവസ്ഥകളെ കുറിച്ചും വൃത്തിയായി ഒതുക്കി പറഞ്ഞുവച്ചിരിക്കുന്നു.

സംരക്ഷണവും സ്വാതന്ത്ര്യവും. ഒരു സ്ത്രീയെ ന്ന നിലയിൽ  വല്ലാതെ ആഴമുള്ള ഒരു  ബന്ധം ഈ രണ്ട് വാക്കുകൾക്കിടയിൽ  അനുഭവപ്പെടുന്നുണ്ട്. എഴുതപ്പെട്ടതു പോലെ തന്നെ ഇവ രണ്ടും തമ്മിൽ വല്ലാതെ ഇഴചേർന്നിട്ടുണ്ട്.

സംരക്ഷണത്തിന് പകരം കൊടുക്കേണ്ട കപ്പമാണത്രെ സ്വതന്ത്ര്യം.  കാരണം  കൗമാരം കനക്കുന്നതോടെ ആൺകുട്ടിയെ ശാരീരികമായും മാനസികമായും ഒറ്റക്കാലിൽ നിറുത്താനും പെൺകുട്ടിയെ വാൽസല്യത്തിന്റെയോ കരുതലിന്റെയോ സ്‌നേഹത്തിന്റെയോ ലേബലൊട്ടിച്ച്  ഏതെങ്കിലും തോളിനോട് ചേർത്ത് കെട്ടാനും  ശ്രമം നടത്തുന്ന  കാലഘട്ടത്തിലാണല്ലോ നമ്മൾ?

സഞ്ചാരം മുതൽ വിദ്യാഭ്യാസവും ഉദ്യോഗവും സാമ്പത്തികവും വരെയുള്ള എല്ലാ വിഷയങ്ങളിലും  ഈ സ്‌നേഹ സംരക്ഷണം പെൺകുട്ടികളുടെ കാലുകളെ കഴലിണ കെട്ടുന്നുണ്ട്. എന്നാൽ  കൗമാരം കനക്കുന്നതോടെ ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുപോലെ ശാരീരികമായും മാനസികമായും ഒറ്റക്കാലിൽ നിറുത്താൻ പ്രാപ്തരാക്കിയിരുന്ന ഒരു പാരമ്പര്യം നമുക്കുണ്ടായിരുന്നു എന്നതാണ് യാഥാർത്ഥ്യം. ശ്രദ്ധയും ശാരീരികക്ഷമതയും ആവശ്യമുള്ള അടുക്കള ജോലികൾ പെൺകുട്ടികളെ ശീലിപ്പിച്ചു തുടങ്ങുന്നതിൽ പോലും ഈ ഒരു ദീർഘവീക്ഷണം ഉണ്ടായിരുന്നുവെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പുരുഷ മേധാവിത്വത്തിന്റെ കളരി ആരംഭിക്കുന്നത് കൗമാരം മുതലെന്ന കാടടച്ച് വെടിവെപ്പുകളെല്ലാം മാറ്റിനിറുത്തി ഒന്നാലോചിച്ചാൽ ചില വസ്തുതകൾ തെളിഞ്ഞ് കാണാം.

മുതിർന്ന ക്ലാസ്സെത്തുമ്പോൾ തന്നെ കുഞ്ഞു കുട്ടികൾക്ക്  ട്യൂഷൻ എടുത്തിരുന്നവരും സ്‌കൂൾ തുന്നൽ ക്ലാസ്സിലെ ആദ്യപാഠങ്ങൾക്ക് ശേഷം തയ്യൽക്കാരികളായി തൊഴിലുറപ്പ് വരുത്തി പഠനം തുടർന്നിരുന്നവരും ജോലിക്കൊപ്പം സായാഹ്ന ക്ലാസ്സിൽ ചേർന്ന് ബിരുദാനന്തര ബിരുദം വരെ നേടിയവരും  കൊയ്ത്തും കൃഷിയും മേക്കാട് പണിയും ചെയ്തിരുന്നവരുമൊക്കെ  ഈ സംരക്ഷണ വലയത്തിന് വലിയ ശ്രദ്ധ കൊടുത്തിരുന്നില്ല എന്ന് തോന്നുന്നു. ആർപ്പും ആരവവും ആവേശവും ആണാധിപത്യത്തിന്റേത് മാത്രമല്ലാതിരുന്ന കാലത്ത്, എന്റെ നാടായ വല്ലാർപാടം പള്ളി ഗ്രൗണ്ട് ആൺ – പെൺ  ഫുട്‌ബോൾ മൽസരങ്ങളുടെ സ്ഥിരം വേദിയായിരുന്നു.

സംസ്ഥാന വനിതാ ഫുട്‌ബോൾ ടീമിനു വേണ്ടി വരെ കളിക്കുന്ന ചേച്ചിമാരും സമപ്രായക്കാരുമടങ്ങിയവർ  ജെഴ്‌സിയും ഷോർട്‌സുമണിഞ്ഞ് പന്ത് കളിയുടെ എല്ലാ ഉശിരും ഉൾക്കൊണ്ട്  കളം നിറഞ്ഞ് പന്താടിയതൊക്കെ ഇന്നും സുന്ദരമായ ഓർമ്മകളാണ്.  വേഷത്തിന്റെയോ അച്ചടക്കത്തിന്റെയോ പേരിൽ ഒരതിർവരമ്പും ഇല്ലാതിരുന്ന കാലഘട്ടം.

മറ്റോർമ്മകൾ  ഇങ്ങിനെയാണ്: വെള്ളത്താൽ ചുറ്റപ്പെട്ട നാട്ടിൽ നിന്ന് എറണാകുളത്തേക്ക് സർവ്വീസ് നടത്തുന്ന ബോട്ടുകളിൽ, നേരം വെളുക്കുന്നത് മുതൽ പലതരം ജോലികൾക്കായി പോകുന്ന – ഗവൺമെന്റ് സർവ്വീസിലെ ഉന്നത ഉദ്യോഗസ്ഥർ മുതൽ വീട്ടുജോലികൾക്കായി  പോകുന്നവർ വരെയുള്ള – പെൺ
കൂട്ടങ്ങൾ ഉണ്ടായിരുന്നു.

നിരവധി പ്രശ്‌നങ്ങളുടെ കൂമ്പാരങ്ങൾ ചുമക്കുന്നുവെങ്കിലും   എന്നും രാവിലെ ഒരുങ്ങി പ്രസരിപ്പോടെ ജോലിക്ക് പോയിരുന്നവർ. ശേഷം  ചന്തയിൽ കയറി വീട്ടാവശ്യത്തിനുള്ള സാധനങ്ങൾ വാങ്ങി ഉൽസാഹത്തോടെ  തിരിച്ചു വരുന്നവർ. ലഭിച്ചിരുന്ന  വേതനത്തിൽ നിന്ന് മനോരാജ്യവും മംഗളവും വാങ്ങി വായിച്ചിരുന്നവർ. കൂട്ടം കൂടി സിനിമയ്ക്ക് പോയിരുന്നവർ.

തൊട്ടയൽപക്കത്തെ ചിറ്റയെന്ന് വിളിച്ചിരുന്ന രണ്ട് ചേച്ചിമാരുണ്ട്. അവരുടെ  മടിയിലിരുന്ന്  കപ്പലണ്ടിയും കൊറിച്ച് കണ്ട സിനിമാസ്വാദനം പിന്നീട് ഇന്ന് വരെയും  ജീവിതത്തിൽ ഉണ്ടായിട്ടേയില്ല. സിനിമാ കൊട്ടകയിലും ഉൽസവ പറമ്പിലും രാത്രി നാടകം കാണാനും ഒരാൺ തുണയുമില്ലാതെ ഞങ്ങളെയും കൂട്ടി തലയുയർത്തി ആത്മവിശ്വാസത്തോടെ നടന്ന ആ ചിറ്റമാരും അവരുടെ കൂട്ടുകാരികളുമാണ്  ഇന്നും എന്റെ ഹീറോയിൻസ്.  

ഇത്രയും ദീർഘമായി ഇതെല്ലാം ഓർമ്മിച്ച് പറ ഞ്ഞത്, സംരക്ഷിക്കപ്പെടേണ്ടവരാണ് തങ്ങൾ എന്ന ചിന്തയില്ലാതെ വളർന്ന ഒരു പെൺതലമുറയെ കുറിച്ച് പറയാനാണ്. ഇതെന്റെ മാത്രം അനുഭവമല്ല. മുതിർന്ന  തലമുറകളുടെ ഓർമ്മകളിലെല്ലാം  അടുക്കളയിലും  അരങ്ങത്തും ഒരുപോലെ നിറഞ്ഞു വാണിരുന്ന ഇത്തരം  സ്ത്രീകളുണ്ടാവും. മൂഡ് സ്വിംഗിങ്ങെന്നും  ആർത്തവവിരാമമെന്നും അറിയാതെ തന്നെ തങ്ങളുടെ മാനസിക- ശാരീരിക അവസ്ഥകളെ സ്വയം മാനേജ് ചെയ്തിരുന്നവർ. വിവാഹിതരായ സ്ത്രീകൾക്കിടയിൽ  പോലും ഇന്ന് കാണുന്ന കണക്ക് അമിത ആശ്രിതത്വം ഉണ്ടായിരുന്നില്ലെന്ന് തോന്നുന്നു.  Ladies dayoutകളും  തൊഴിലിടം സിനിമയായതിനാൽ, ഒരേസമയം സ്വാതന്ത്ര്യം വേണമെന്ന് മുറവിളി കൂട്ടുകയും, സംരക്ഷിക്കപ്പെടണമെന്ന് ചിണുങ്ങകയും ചെയ്യുന്ന പുതിയ ശീലങ്ങളോട്  വ ല്ലാതെ സങ്കടം തോന്നാറുണ്ട്.

സിനിമ എന്ന തട്ടകത്തിലെ  ഒട്ടുമിക്ക  തൊഴിൽരംഗങ്ങളും തന്നെ ഗുരുവിന്റെ കീഴിൽ നിന്നും സ്വായത്തമാക്കേണ്ടവ തന്നെയാണ്. ടെക്‌നിക്കൽ മേഖല മുതൽ അഭിനയം വരെയും മേൽപ്പറഞ്ഞതിൽ പെടുന്നു. ഗുരുവിനെ അഥവാ വഴികാട്ടിയെ സംരക്ഷകനായി അവരോധിക്കുന്നതിലൂടെ പിന്നീട് സംഭവിക്കു ന്ന കാര്യങ്ങൾ പലപ്പോഴും Online മാധ്യമങ്ങൾക്ക് ചൂടേറിയ വാർത്തകളായി മാറാറുമുണ്ട്. ഏതാനും നാളുകളിലെ പരിചയത്തിന്റെ പിൻബലത്തിൽ, ജീവിതം തന്നെ കാൽക്കൽ സമർപ്പിക്കുന്നത് എന്ത് തരം  ഗുരുദക്ഷിണയാണെന്ന് പിടി കിട്ടുന്നതേയില്ല. അറിയാത്ത പാഠങ്ങൾ  അറിയാനുള്ള ജിജ്ഞാസ ഒരിക്കലും വ്യക്തിത്വം പണയം വെച്ചിട്ടാവരുതേ… സംരക്ഷിക്കപ്പെടേണ്ട വസ്തുവല്ല അംഗീകരിക്കപ്പെടേണ്ട വ്യക്തിത്വമാകണം ഓരോ സ്ത്രീയും. വള്ളി പോലെ മൃദുവായല്ല, തനിച്ച് നിവർന്ന്  നിൽക്കാനുള്ള കരുത്തോടെയാണ് ഓരോ പെൺകുഞ്ഞും വളരേണ്ടത്.

 പിതാവിനാലും ഭർത്താവിനാലും പുത്രനാലും ഗുരുവിനാലും സ്‌നേഹിക്കപ്പെടാനും അംഗീകരിക്കപ്പെടാനും അർഹമാകുന്ന തരത്തിൽ വ്യക്തിത്വത്തെ ദൃഢപ്പെടുത്തിയവർ ചേർന്ന് ശാസനകളെ ഇപ്രകാരം തിരുത്തട്ടെ. സ്ത്രീ സ്വതന്ത്രയാണ്. കാരണം സ്വയം സംരക്ഷിക്കാൻ അവൾക്കറിയാം.

(മീഡിയ കൺസൾട്ടന്റ് & പോസ്റ്റ് പ്രൊഡക്ഷൻ
സ്റ്റുഡിയോ മാനേജരാണ് ലേഖിക)

മറിയം റാൻസം

More like this
Related

ആഹാ…പ്രായമായോ..!

അയ്യോ കഷ്ടം.. പ്രായമായല്ലോ... ഇങ്ങനെ പറഞ്ഞിരുന്നത് മുൻപ്. ആഹാ... പ്രായമായല്ലോ എന്ന്...

LIFE IS GOOD

'ഞാൻ ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. എന്താണ് നിന്റെ അഭിപ്രായം?'സുഹൃത്തിന്റെ ആ ചോദ്യത്തിന്...

സ്‌നേഹിക്കുന്നവർക്ക് നല്‌കേണ്ടത്…

എന്തു ഞാൻ പകരം നല്കും? സ്‌നേഹത്തെക്കുറിച്ചുള്ള സന്ദേഹങ്ങൾക്കിടയിൽ പലരുടെയും മനസ്സിൽ ഉയരുന്ന...

എങ്ങനെയാണ് സ്‌നേഹിക്കേണ്ടത്?

ദയ, അനുകമ്പ, സന്തോഷം,സമചിത്തത..  എങ്ങനെയാണ് സ്‌നേഹിക്കപ്പെടേണ്ടത് എന്നതിനു ള്ള ഏറ്റവും ഹ്രസ്വമായ...

സ്‌നേഹമേ വറ്റാത്ത സ്‌നേഹമേ..

കിണർ കുഴിക്കുന്നതുപോലെയാണ് സ്‌നേഹമെന്ന് ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്. ഒരുപാടു കുഴിച്ചുചെല്ലുമ്പോൾ കാണുന്ന ഇത്തിരി നനവുപോലെയാണ് ആദ്യസ്‌നേഹം. വീണ്ടും താഴ്ത്തി ചെല്ലുമ്പോഴാണ് നനവ് ഉറവയായി മാറുന്നത്. പിന്നീട് അത് പ്രവാഹമാകുന്നു. കോരാനും കുടിക്കാനും നനയാനും മാത്രം സമൃദ്ധമാകുന്നു.

സന്യാസിയുടെ പ്രണയം

നിക്കോളാസ് കസൻദിസാക്കസ് അസീസിയിലെ ഫ്രാൻസിസിനെ കുറിച്ചുള്ള  എഴുതിയ 'ദൈവത്തിന്റെ നിസ്വൻ' (God's...

വാടകയ്ക്ക് ഒരു ഹൃദയം

It is said, the best possible way to break...

പ്രണയമോ, അയ്യേ…  അത് പൈങ്കിളിയല്ലേ? 

എന്താണ് പ്രണയം? പ്രണയം ഇത് മാത്രമാണെന്ന് പറയത്തക്കവണ്ണം അതിനെ ആരെങ്കിലും നിർവചിച്ചിട്ടുണ്ടോ?...

പുതുവർഷത്തിലേക്ക് ചില ചുവടുവയ്പ്പുകൾ

പുതുവർഷത്തിലെല്ലാവരും ചില പുതിയ തീരുമാനങ്ങളെടുക്കാറുണ്ട്. തൂക്കം കുറയ്ക്കൽ, പുകവലി/ മദ്യപാനം നിർത്തൽ,...

No Thanks പറയുന്നത് ശരിയാണോ?

താങ്ക്യൂ  പറയുമ്പോൾ എന്താണ്  പ്രതികരണം? ചെറുതോ വലുതോ എന്തുമായിക്കൊള്ളട്ടെ ഒരു സഹായം...

‘NO’ എന്തൊരു വാക്ക് !

'നിങ്ങൾ NO പറഞ്ഞാൽ ഇവിടെയൊന്നും സംഭവിക്കില്ല. മറ്റേതൊരു ദിവസവും പോലെ ഇതും...

NO പറയണോ?

'NO, ഇല്ല'- എത്രയോ ആഴങ്ങൾ ഒളിപ്പിച്ചുവച്ചിരിക്കുന്ന തീരെ ചെറിയൊരു വാക്കാണ് ഇത്....
error: Content is protected !!