കാഴ്ചയ്ക്ക് എന്തെങ്കിലും തകരാറുണ്ടോ നി ങ്ങൾക്ക്? നിശ്ചിതപ്രായത്തിന് ശേഷമുള്ള കാഴ്ച വൈകല്യങ്ങൾ? എഴുതാനും വായിക്കാനും അകലെയുള്ള വ്യക്തികളെ കാണാനുള്ള ബുദ്ധിമുട്ട്? കണ്ണട വച്ചിട്ടുപോലും പരിഹരിക്കാൻ കഴിയാത്ത പ്ര്ശ്നങ്ങൾ? എന്താണ് പറഞ്ഞുവരുന്നതെന്നാണോ ചിന്തിക്കുന്നത്.? ഒരു മൈൽ അകലെയുള്ള വ്യക്തികളെ പോലും തിരിച്ചറിയാൻ കഴിയുന്ന സൂപ്പർ ഐയുളള, സൂപ്പർ ഹ്യൂമനായ വെറോനിക്ക സീഡറിനെക്കുറിച്ച് പറയാനാണ് ഈ മുഖവുര.
മനുഷ്യന്റെ കണ്ണുകൾക്കുള്ള കാഴ്ചശക്തിയെ പുനർനിർവചിക്കുന്ന അപൂർവ്വതയുള്ള വ്യക്തിയാണ് വെറോണിക്ക സീഡർ. തികച്ചും അമാനുഷിക. ഒരു സിനിമാക്കഥ പോലെ അസ്വഭാവികത നിറഞ്ഞ ജീവിതം. പക്ഷേ ഇത് വിശ്വസിച്ചേ മതിയാവൂ. ശരാശരി മനുഷ്യനെക്കാൾ 20 മടങ്ങ് ഇരട്ടി മികച്ച കാഴ്ചശക്തി. 20 അടി അകലെയുള്ള വിശദാശംങ്ങളാണ് ഒരു സാധാരണ മനുഷ്യന് കാണാൻ കഴിയുന്നതെങ്കിലും വെറോണിക്കയ്ക്ക് അത് ഒരു മൈലിലധികമാണ്. വെറോണിക്കയുടെ കാഴ്ചശക്തിയെ ഒരു ദൂരദർശിനിയുമായി ബന്ധപ്പെടുത്തിയുള്ള വ്യാഖ്യാനങ്ങളും ഉണ്ടായിട്ടുണ്ട്.
ഇതിന് പുറമെ മറ്റൊരു പ്രത്യേകത കൂടി വെറോനിക്കയുടെ കണ്ണുകൾക്കുണ്ട്. ചുവപ്പ്, നീല, പച്ച എന്നിവയാണല്ലോ പ്രാഥമിക നിറങ്ങൾ. ഏതു നിറത്തിന്റെയും അടിസ്ഥാനവും ഇതുതന്നെ. എന്നാൽ നാം ഈ നിറങ്ങളെ കാണുന്നതുപോലെയല്ല വെറോനിക്ക കാണുന്നത്. ഓരോ നിറത്തിന്റെയും ഘടകങ്ങളെ അതനുസരിച്ച് വേർതിരിച്ച് കാണാൻ വെറോണിക്കയ്ക്ക് കഴിയും.
നഗ്‌നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്തത്ര ചെറിയ വസ്തുവിനെ കണ്ടെത്തിയതിന്റെ പേരിലായിരുന്നു ജർമ്മൻകാരിയായ വെറോണിക്ക ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയത്. ഒരു തപാൽ സ്റ്റാമ്പിന്റെ പുറകിൽ 10 പേജുള്ള ഒരു കത്ത് എഴുതാനും വ്യക്തമായി വായിക്കാനും കഴിയുന്ന വിധത്തിൽ ശക്തവും അസാധാരണവുമാണ് വെറോണിക്കയുടെ കാഴ്ചശക്തി. യൂണിവേഴ്സിറ്റിയിലെ പ്രഫർസർമാർക്ക് മുമ്പിൽ വെറോണിക്ക ഒരിക്കൽ തന്റെ കാഴ്ചശക്തിയുടെ മറ്റൊരു പ്രത്യേകതയും അവതരിപ്പിക്കുകയുണ്ടായി. തീരെ വലുപ്പം കുറഞ്ഞ ഒരു പേപ്പർ വെട്ടിയെടുത്ത് അതിൽ വളരെ ഭംഗിയായി 20 കവിതകൾ എഴുതിയതായിരുന്നു അത്.
ലോകത്തിന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ലാത്ത ഒരു മനുഷ്യരഹസ്യം എന്നാണ് വെറോണിക്കയുടെ കാഴ്ചയെ വിലയിരുത്തുന്നത്.