വ്യക്തിപരമായി മെച്ചപ്പെടാനും വളരാനും ആഗ്രഹിക്കുന്ന വ്യക്തിയാണോ നിങ്ങൾ? എങ്കിൽ തീർച്ചയായും ഒരു കാര്യം നിങ്ങൾ പരിശോധിക്കേണ്ടതുണ്ട്. നിങ്ങൾ എന്തുമാത്രം മൂല്യങ്ങൾക്ക് വില കല്പിക്കുന്നുണ്ട്? ഒരു പക്ഷേ നിങ്ങൾ മറ്റുള്ളവരുടെ നോട്ടത്തിൽ ജീവിതത്തിൽ വലിയ വിജയങ്ങൾ സ്വന്തമാക്കിയ വ്യക്തിയോ നേട്ടങ്ങൾ കൊയ്തെടുത്തെ ആളോ ആയിരിക്കണമെന്നില്ല. ഒരു സാധാരണക്കാരൻ മാത്രമായിരിക്കാം. ആയിരങ്ങളിലും പതിനായിരങ്ങളിലും പ്രത്യേകമായ ശ്രദ്ധ ലഭിക്കാത്ത ഒരാൾ. പക്ഷേ നിങ്ങൾ മൂല്യങ്ങൾക്ക് വിലകല്പിക്കുന്ന വ്യക്തിയാണെങ്കിൽ അതുതന്നെയാണ് നിങ്ങളുടെ നേട്ടം, വിജയം. മൂല്യങ്ങളിൽ വിശ്വസിക്കുകയോ മൂല്യങ്ങൾ പുലർത്തുകയോ ചെയ്യാതെ വൻവിജയങ്ങൾ നേടി ഒരു സമൂഹത്തിന്റെ മുഴുവൻ കൈയടിവാങ്ങിനില്ക്കുന്ന ഒരാളെക്കാൾ ഉയരത്തിലാണ് നിങ്ങൾ. കൈക്കൂലി വാങ്ങാനും കോപ്പിയടിക്കാനും പിൻവാതിലിലൂടെ നിയമനങ്ങൾ സ്വന്തമാക്കാനും പണം നല്കിയും സ്വാധീനിച്ചും പദവികൾ നേടാനും സാഹചര്യവും അവസരവുമുണ്ടെങ്കിലും മൂല്യബോധം നിങ്ങളെ അതിനൊന്നിനും അനുവദിക്കുന്നില്ലെങ്കിൽ നിങ്ങളെന്തൊരു മഹാനാണ്!
വഴിയരികിൽ വീണുപോയ ലക്ഷക്കണക്കിന് രൂപ ആരും അറിയാതെ കൈവശപ്പെടുത്താൻ എല്ലാ സാഹചര്യങ്ങളും സാധ്യതകളും ഉണ്ടായിരുന്നിട്ടും അത് വേണ്ടെന്ന് വച്ച് യഥാർത്ഥ ഉടമയെ തേടിപ്പിടിച്ച് പണം തിരിച്ചേല്പിക്കുന്ന നിങ്ങളെന്തൊരു മനുഷ്യനാണ്! വല്ലപ്പോഴുമെങ്കിലും പത്രങ്ങളിൽ ഇത്തരം സുവാർത്തകളുടെ തിളക്കം കാണാൻ അസുലഭ ഭാഗ്യംലഭിച്ചിട്ടുള്ളവരല്ലേ നമ്മൾ? അവരുടെ ഫോട്ടോകളിൽ അവരുടെ ശിരസിന് പിന്നിൽ പ്രകാശവലയമുളളതുപോലെ തോന്നിയിട്ടില്ലേ. വെറും സാധാരണക്കാരാണ് അവർ. ഒരുപക്ഷേ നിത്യവൃത്തിക്ക് കഷ്ടപ്പെടുന്നവർ. ഈ പണം കൊണ്ട് ബാധ്യത തീർക്കാനും ഭാവിയിലേക്ക് നീക്കിയിരുപ്പ് വരുത്താനും അവർക്ക് സാധിക്കുമായിരുന്നു. എന്നിട്ടും അതൊന്നും അവർ വേണ്ടെന്ന് വയ്ക്കുന്നു. പത്രങ്ങളിൽ ഫോട്ടോ വരാൻവേണ്ടിയല്ല, ഉള്ളിലെ ധാർമ്മികബോധവും മൂല്യചിന്തയുമാണ് അവരെ അതിന് പ്രേരിപ്പിച്ചത്.
വ്യക്തികളിലെ മൂല്യബോധം അവരിലെ ലക്ഷ്യം പോലെ പരിശോധിച്ചറിയാവുന്നതല്ല. സാഹചര്യമാണ് പലപ്പോഴും വ്യക്തികളിലെ മൂല്യബോധം പുറത്തേക്ക് കൊണ്ടുവരുന്നത്. ഉറവ കണക്കെയാണ് അത് പ്രവഹിക്കുന്നത്. മൂല്യബോധം വ്യക്തി യുടെ ക്യാരക്ടറിന് സംഭാവന നല്കുന്നുണ്ട്. ലോകം കൊതിക്കുന്നതുപോലെ വലിയ നേട്ടങ്ങൾ കൊയ്തെടുക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും പ്രശസ്തനോ സമ്പന്നനോ ആയിത്തീർന്നില്ലെങ്കിലും ഓരോരുത്തരുടെയും ഉളളിലെ ധാർമികചിന്തയും മൂല്യബോധവും ഓരോരുത്തരെയും വലിയവനാക്കുകതന്നെ ചെയ്യും.