ചിരിക്കാൻ മറന്നുപോകുന്ന മനുഷ്യരാണ് കൂടുതലും. എന്നാൽ ചിരിക്കാൻ ആഗ്രഹമുള്ള മനുഷ്യരാണ് എവിടെയും. ഊഷ്മളതയിലേക്ക് വളരാൻ കഴിയുന്ന ഒരു ബന്ധത്തിന്റെ തുടക്കമാണ് ഓരോ ചിരിയും. പല സ്നേഹങ്ങളും സൗഹൃദങ്ങളും ആരംഭിക്കുന്നത് നിസ്സാരമെന്ന് തോന്നാവുന്ന ചിരിയിൽ നിന്നാണ്. വ്യക്തിപരമായി മാത്രമല്ല ആരോഗ്യപരമായും ചിരി ഏറെ ഗുണപ്രദമാണ്. ഏതുതരം ചിരിയുമായിക്കൊള്ളട്ടെ ആരോഗ്യത്തിന് അതേറെ സഹായകരമാണെന്നാണ് വിദഗ്ദർ പറയുന്നത്.
കോർട്ടിസോൾ പോലുള്ള സ്ട്രെസ് ഹോർമോണുകൾ കുറയ്ക്കുന്നതിനും രോഗപ്രതിരോധ കോശങ്ങളെയും അണുബാധയെ ചെറുക്കുന്ന ആന്റിബോഡികളെ വർദ്ധിപ്പിക്കുന്നതിനും ചിരി സഹായിക്കുന്നു. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും രോഗങ്ങളിൽ നിന്ന് അത് നമ്മളെ രക്ഷിക്കുകയും ചെയ്യുന്നു. ഡോപാമൈൻ, സെറാടോണിൻ പോലെയുള്ള ശാന്തതയുണ്ടാക്കുന്ന ന്യൂറോകെമിക്കലുകളുടെ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നുമുണ്ട്. വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും ജീവിതത്തോട് കൂടുതൽ പോസിറ്റീവായ മനോഭാവം രൂപപ്പെടുത്താനും ചിരി സഹായിക്കുന്നു.
ചിരി രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും രക്തയോട്ടം വർദ്ധിപ്പിക്കുകയും ചെയ്യുന്നു, ഹൃദ്രോഗസാധ്യത കുറയ്ക്കാനും ചിരി സഹായിക്കുന്നു.
ചിരി ശരീരത്തിലെ രാസവസ്തുക്കളായ എൻഡോർഫിനുകളുടെ പ്രകാശനത്തെ ഉത്തേജിപ്പിക്കുന്നു. എൻഡോർഫിനുകൾ മാനസികാവസ്ഥ വർദ്ധിപ്പിക്കുക മാത്രമല്ല സ്വാഭാവികവേദനസംഹാരികളായും പ്രവർത്തിക്കുന്നുണ്ട്.
നല്ലതുപോലെ ചിരിക്കുമ്പോൾ ഡയഫ്രവും ശ്വാസകോശവും സജീവമാകുന്നു. വയറിലെ പേശികൾ, തോളുകൾ എന്നിവയെ സജീവമാക്കുകയും ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുകയും ചെയ്യും.
ചിരിയിലൂടെ ശ്രദ്ധ കേന്ദ്രീകരിക്കാനും ഓർമ്മശക്തി മെച്ചപ്പെടുത്താനും സാധിക്കും. വയറിലെ കൊഴുപ്പ് കുറയ്ക്കുക, കണ്ണിന്റെ ആയാസം കുറയ്ക്കുക, കണ്ണുനീർ ഉല്പാദിപ്പിക്കാൻ സഹായിക്കുക തുടങ്ങിയ കാര്യങ്ങളും ചിരിയിലൂടെ നേടിയെടുക്കാവുന്നതാണ്. ചിരി ഒരു ഔഷധമാണെന്ന് പറയുന്നത് വെറുതെയല്ലെന്ന് മനസ്സിലായില്ലേ? അതുകൊണ്ട് ചിരിക്കാൻ കിട്ടുന്ന അവസരങ്ങൾ പാഴാക്കാതിരിക്കുക. ചിരിക്കുക.
ചിരിദിനം
മെയ്മാസത്തിലെ ആദ്യഞായർ ലോക ചിരിദിനമായി ആചരിക്കുന്നു. എന്നാൽ ജനുവരി പത്താം തീയതിയും ചിരിദിനമായി ആഘോഷിക്കാറുണ്ട്. ഇന്ത്യയിൽ നിന്നാണ് ചിരിക്കാനൊരു ദിനം എന്ന ആശയം ലോകത്തിന് ലഭിച്ചത്. 1995 ൽ മുംബെയിൽ ചിരിയോഗ മൂവ്മെന്റിന് തുടക്കമിട്ട ഡോ. മദൻ കത്താരിയയാണ് ലോകചിരിദിനം എന്ന ആശയത്തിന് തുടക്കമിട്ടത്.
