രണ്ടുനേരമെങ്കിലും കുളിക്കുന്ന മലയാളികളിൽ പലർക്കും അറിഞ്ഞുകൂടാത്ത ഒരു കുളിയാണ് ഡാർക്ക് ഷവർ. എന്താണ് ഡാർക്ക് ഷവർ? രാത്രികാലങ്ങളിൽ വിളക്ക് ഓഫാക്കി ഇരുട്ടിൽ കുളിക്കുക. ഉറക്കത്തിനും മാനസികാരോഗ്യത്തിനും ഏറെ പ്രയോജനപ്പെടുന്ന കുളിയാണ് ഡാർക്ക് ഷവറെന്നാണ് പുതിയ ചില കണ്ടുപിടിത്തങ്ങൾ. ശാസ്ത്രീയമായ അടിത്തറയും ഇതിനുണ്ടെന്നാണ് വാദം. സമ്മർദ്ദങ്ങളിലൂടെയും സംഘർഷങ്ങളിലൂടെയും കടന്നുപോകുന്ന ഇന്നത്തെ തലമുറയ്ക്ക് പരീക്ഷിച്ചുനോക്കാവുന്ന ഒരു മാർഗമായിട്ടാണ് ഡാർക്ക് ഷവറിനെ അവതരിപ്പിക്കുന്നത്. ഉറക്കമില്ലാത്തവർക്ക് ഉറക്കം കിട്ടാൻ പോലും ഇത് സഹായകരമാകുന്നു. വെളിച്ചം അണച്ച് ഇരുട്ടിൽ കുളിക്കുമ്പോൾ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ചുള്ള വെളിപെടുത്തലുകൾ ഇപ്രകാരമാണ്. വെളിച്ചമില്ലാതെവരുമ്പോൾ ഉറക്കഹോർമോൺ ആയ മെലട്ടോണിന്റെ ഉത്പാദനം വർദ്ധിക്കും. വിശ്രമിക്കാറായി, ഉറങ്ങാറായി എന്ന സൂചന അത് ശരീരത്തിന് നല്കുന്നു. ഉറങ്ങാൻപോകുന്നതിന് പത്തുമിനിറ്റ് മുമ്പായിരിക്കണം ഇപ്രകാരം കുളിക്കേïത്. നാഡീവ്യൂഹത്തിന് ശമനം നല്കുന്നു. ഇരുട്ടിൽ കുളിക്കുന്നത് ഒരു ധ്യാനാനുഭവമാണെന്നാണ് ചിലരുടെ പക്ഷം. വെളളത്തിന്റെ സ്പർശം മാത്രമാണ് നാം അവിടെ അറിയുന്നത്. അതൊരുതരം പ്രത്യേക അനുഭവമാണ്. കുളിമുറിയിലെ കണ്ണാടിയിൽപോലും നമുക്ക് നമ്മെ കാണാൻ കഴിയില്ല. ഇത്തരമൊരു അവസ്ഥ ധ്യാനത്തോട് സമാനമാണ്.
ഈ രീതി പരീക്ഷിച്ചുനോക്കിയവരിൽ പലർക്കും- അതായത് ഉറക്കമില്ലാതെ രാത്രിയിൽ തിരിഞ്ഞുംമറിഞ്ഞും കിടന്നിരുന്ന പലർക്കും- സുഖകരമായി ഉറങ്ങാൻ കഴിഞ്ഞതായും പഠനങ്ങൾ പറയുന്നു. സുരക്ഷിതമല്ലാത്ത ബാത്ത്റൂമുകളിൽ കുളിക്കുന്നവരോ ഇരുട്ടിനെ ഭയമുള്ളവരോ ഡാർക്ക് ഷവർ നടത്തരുത്. പേടിയില്ലാത്തവരും സുരക്ഷിതമായ ബാത്ത് റൂം ഉപയോഗിക്കുന്നവരും പരീക്ഷിച്ച് നോക്കാവുന്നതാണ് ഡാർക്ക് ഷവർ.
