മനുഷ്യന്റെ പ്രവൃത്തികളെയും ചിന്തകളെയും തീരുമാനങ്ങളെയും നിയന്ത്രിക്കുന്നത അയാളിലുള്ള മൂല്യബോധമാണ്. എല്ലാ മനുഷ്യർക്കും മൂല്യബോധം ഉണ്ടായിരിക്കണം. എന്നാൽ നേതാക്കന്മാർക്ക് മൂല്യബോധം മറ്റെല്ലാവരെയുംക്കാൾ കൂടുതലുണ്ടായിരിക്കണം.
കാരണം മൂല്യബോധമില്ലാത്ത ഒരാളാണ് നേതൃത്വത്തിൽ വരുന്നതെങ്കിൽ അയാളുടെ മൂല്യമില്ലായ്മ ആ പ്രസ്ഥാനത്തെയും സ്ഥാപനത്തെയും ദോഷകരമായി ബാധിക്കും. മൂല്യബോധമുള്ള ഒരു നേതാവെടുക്കുന്ന തീരുമാനങ്ങൾ ചിലപ്പോൾ പരാജയപ്പെട്ടുപോയേക്കാം. പക്ഷേ അതൊരിക്കലും തെറ്റായ തീരുമാനമായിരിക്കുകയില്ല. കാരണം സ്വന്തം മൂല്യബോധത്തിൽ നിന്നാണ് അയാൾ തീരുമാനമെടുക്കുന്നത്. സത്യസന്ധതയും ഉത്തരവാദിത്തബോധവും സേവനമനോഭാവവും നീതിയും കരുണയും പൊതുനന്മയുമെല്ലാം കടന്നുവരുന്നത് ഒരാളുടെ മൂല്യബോധത്തിൽ നി്ന്നാണ്.
മൂല്യബോധമില്ലാത്ത നേതാവാണെങ്കിൽ അയാൾ അഴിമതി നടത്തും, അനർഹമായതു കൈക്കലാക്കും. സ്വജനപക്ഷപാതം പ്രകടിപ്പിക്കും. കൈക്കൂലി മേടിക്കുന്നതോ സഹപ്രവർത്തകരെ ചൂഷണം ചെയ്യുന്നതോ ഒറ്റുകൊടുക്കുന്നതോ ഒരു തിന്മയായി അയാൾക്ക് തോന്നുകയില്ല. താൻ മാത്രമാണ് അയാളുടെ ലക്ഷ്യം.തന്റെ വളർച്ചയിലാണ് അയാളുടെ നോട്ടം. അതിനുവേണ്ടി ആരെയും വെട്ടിനിരത്താനോ ഇല്ലാതാക്കാനോ അയാൾ മടിക്കുകയില്ല.
മൂല്യബോധമുളള ഒരാൾ നേതൃത്വസ്ഥാനത്തേക്ക് അവരോധിക്കപ്പെടുമ്പോൾ അത് ജനങ്ങളെ സംബന്ധിച്ചും പ്രതീക്ഷ നല്കുന്ന ഒന്നാണ്. മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാത്തതും ധാർമ്മികത പുലർത്തുന്നതുമായ ഒരാളായിരിക്കണം നേതാവ്. നേതാവായി തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾ സ്വയം ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്. മൂല്യങ്ങളോടുള്ള എന്റെ മനോഭാവം എന്താണ്? ഞാനെടുക്കുന്ന തീരുമാനങ്ങൾ എന്റെ മൂല്യബോധത്തോട് എത്രത്തോളം ചേർന്നുനില്ക്കുന്നു?
