എന്തൊരു ചൂട് എന്ന് പറയാത്തവരായി നമുക്കിടയിൽ ആരും തന്നെയുണ്ടാവില്ല. കാരണം അകവും പുറവും ഒന്നുപോലെ പുകയ്ക്കുന്ന ചൂടാണ്. ചൂട് ഇങ്ങനെ ദിനംപ്രതി വർദ്ധിച്ചുവരുമ്പോൾ പല ആരോഗ്യപ്രശ്നങ്ങളും ഉടലെടുക്കാറുണ്ട്. മഴക്കാലത്ത് ഉണ്ടാകുന്നതിനെക്കാൾ കൂടുതൽ ആരോഗ്യപ്രശ്നങ്ങൾ വേനൽക്കാലത്താണ് ഉണ്ടാകുന്നത്. എന്നാൽ മഴക്കാലരോഗങ്ങൾക്കു കൊടുക്കുന്നപ്രതിരോധപ്രവർത്തനങ്ങളുടെ അത്ര പ്രാധാന്യം വേനൽക്കാലരോഗങ്ങൾക്കെതിരെ പലരും കൈക്കൊള്ളാറില്ല.
വിശപ്പിനു പകരം ദാഹവും ഉന്മഷത്തിനു പകരം ക്ഷീണവുമാണ് വേനൽക്കാലത്തിന്റെ പൊതുപ്രത്യേകത. ശരീരത്തിൽ നിന്ന് ജലാംശം നഷ്ടപ്പെടുന്നതാണ് വേനൽക്കാലം നേരിടുന്ന വലിയ പ്രതിസന്ധി. നിർജ്ജലീകരണം മരണത്തിനുവരെ കാരണമായേക്കാം. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ വേനൽക്കാലങ്ങളിലെ നിർജ്ജലീകരണവും ചൂടും കാരണം അനേകം മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കുടിക്കാൻ കിട്ടുന്ന ജലത്തിന്റെ ദൗർലഭ്യവും ശുദ്ധതക്കുറവും ഇത്തരം മരണങ്ങൾക്ക് കാരണമാകുന്നുണ്ട്.
നമ്മുടെ അനുദിനപ്രവർത്തനങ്ങൾ വഴിയായി മനുഷ്യശരീരത്തിലടങ്ങിയിട്ടുളള 75 ശതമാനം ജലത്തിന്റെ നല്ലൊരു ശതമാനം ജലവും ശരീരത്തിൽ നിന്ന് നഷ്ടപ്പെടുന്നുണ്ട്. മലമൂത്രവിസർജ്ജനവും വിയർപ്പും മാത്രമല്ല ജലാംശം നഷ്ടപ്പെടുത്തുന്നത് മറിച്ച് ശ്വാസോച്ഛാസത്തിൽകൂടിയും ജലാംശം നഷ്ടമാകുന്നുണ്ട്. ഇങ്ങനെ പലതരത്തിൽ നഷ്ടമാകുന്ന ജലാംശത്തിന് ആനുപാതികമായ ജലം ശരീരത്തിലേക്ക് തിരികെചെല്ലുന്നില്ലെങ്കിൽ ശരീരം രോഗഗ്രസ്തമാകും. അതിന്റെ ഫലമായി ശരീരം തളരുകയും ചെയ്യും.
അതുകൊണ്ട് വേനൽക്കാലത്ത് ശരീരത്തിൽ നിന്ന് ജലാംശം നഷ്ടമാകാതെ സൂക്ഷിക്കണം. അമിതമായ ദാഹമാണ് ശരീരത്തിൽ നിന്ന് ജലാംശം നഷ്ടമാകുന്നുവെന്നതിന്റെ പ്രധാനലക്ഷണം, അതുപോലെ തന്നെ മൂത്രത്തിന്റെ അളവു കുറയുന്നതും സാന്ദ്രത കൂടി മഞ്ഞനിറത്തിലാകുന്നതും ജലനഷ്ടം ഭീമമായ തോതിൽ സംഭവിച്ചിരിക്കുന്നുവെന്നതിന്റെ സൂചനയാണ്. കണ്ണും വായയും വരണ്ടുണങ്ങുക, പേശികൾ കോച്ചിപിടിക്കുക.,ഛർദ്ദിക്കാൻ തോന്നുക. നെഞ്ചിടിപ്പ് വർദ്ധിക്കുക, തലവേദന അനുഭവപ്പെടുക എന്നിവയും ജലനഷ്ടത്തിന്റെ സൂചനകളാണ്. ജലനഷ്ടം രൂക്ഷമാകുമ്പോഴാണ് തളർച്ചയും ബോധക്ഷയവും സംഭവിക്കുന്നത്.
ഇത്തരം രൂക്ഷപ്രശ്നങ്ങളിലേക്ക് എത്തിപ്പെടാതിരിക്കാൻ കൃത്യമായ അളവിലും ഇടവേളകളിലുമായി വെള്ളം കുടിക്കുക എന്നതാണ് ഏറ്റവും നല്ല മാർഗം. വെള്ളം കുടിക്കേണ്ട കൃത്യമായ അളവിനെക്കുറിച്ച് ഏകപക്ഷീയമായി പറയാനാവില്ല. എങ്കിലും ഒരാൾ ചുരുങ്ങിയത് എട്ടുഗ്ലാസ് വെള്ളമെങ്കിലും ദിവസവും കുടിച്ചിരിക്കണം എന്നാണ് പൊതുവെപറയുന്നത്. എന്നാൽ ചിലർക്ക് എട്ടുഗ്ലാസ് വെള്ളത്തിൽ കൂടുതൽ കുടിക്കേണ്ടിവന്നേക്കാം. എത്ര ഗ്ലാസ് കുടിക്കുന്നുവെന്നതല്ല ശരീരത്തിൽ ജലാംശം നഷ്ടപ്പെടാതിരിക്കുക എന്നതാണ് പ്രധാനമായും ചെയ്യേണ്ടത്.
ചൂടിനെ നേരിടാനുള്ള ശ്രമമായി പലരും വേനൽക്കാലങ്ങളിൽ തണുത്ത വെള്ളം കുടിക്കാൻ ആഗ്രഹിക്കുന്നവരാണ്. ചൂടത്ത് തണുത്തവെള്ളം കുടിക്കുന്നത് ഏറെ ആശ്വാസമായി തോന്നാറുമുണ്ട്. പക്ഷേ വേനൽക്കാലത്ത് തണുത്തവെള്ളം കുടിക്കുന്നത് അത്ര നല്ലതല്ല എന്ന അഭിപ്രായമാണ് ആയുർവേദനത്തിനുള്ളത്. തണുത്ത വെളളം കുടിക്കുന്നത് ശരീരത്തിന് ദഹനസംബന്ധമായപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നാണ് ആയുർവേദം പറയുന്നത്. കാരണം തണുത്തവെള്ളം അമിതമാകുമ്പോൾ ദഹനപ്രക്രിയ തടസപ്പെടും. അതുവഴിയായി കഴിച്ച ആഹാരം ദഹിക്കാതെ കിടക്കും.
കഠിനമായചൂടിൽ നിന്ന് വന്ന് ഉടൻതന്നെ തണുത്തവെള്ളം കുടിക്കുമ്പോൾ ആ മാറ്റം ഉൾക്കൊണ്ട് പ്രവർത്തിക്കാൻ ശരീരം ശ്രമിക്കുന്നതുമൂലം ദഹനവ്യവസ്ഥതടസപ്പെടും.ദഹനത്തിന് ആവശ്യമായ എൻസൈമുകളുടെ ഉൽപാദനത്തെയും നാഡികൾ, രക്തക്കുഴലുകൾ , അനുബന്ധ അവയവങ്ങൾ, ഹൃദയം എന്നിവയുടെ പ്രവർത്തനങ്ങളെയും അത് ദോഷകരമായി ബാധിക്കും.
അതുകൊണ്ട് വേനൽക്കാലത്ത് ചൂടുവെള്ളം കുടിക്കുന്നതാണ് നല്ലതെന്ന് ആയുർവേദം പറയുന്നു. തൊണ്ടവേദന, കഫക്കെട്ട്, ജലദോഷം തുടങ്ങിയ പ്രശ്നങ്ങൾക്കും തണുത്തവെളളത്തിന്റെ ഉപയോഗം വഴിയൊരുക്കും. തണുത്തവെള്ളം അധികമായി കുടിച്ചാൽ ഹൃദയമിടിപ്പ് കുറയും. ശ്വസനവ്യവസ്ഥയിൽ മ്യൂക്കസ് അടിഞ്ഞുകൂടാനും കാരണമാകും. സൈനസൈറ്റീസ് ഉള്ള ആളുകൾക്ക് പ്രശ്നം കൂടുതൽ വഷളാക്കും. മസ്തിഷ്‌ക്കം മരവിക്കാനും നട്ടെല്ലിന്റെ പല സെൻസിറ്റീവ് നാഡികളെ ദുർബലപ്പെടുത്താനും സാധ്യതകളുണ്ട്. വേനൽക്കാലത്ത് തണുത്തവെള്ളം പരമാവധി ഒഴിവാക്കുക.
(കടപ്പാട്: ഇന്റർനെറ്റ്)