ദാമ്പത്യബന്ധം വഷളാകുന്നതിൽ പലകാരണങ്ങൾ കണ്ടെത്തുമ്പോഴും അതിൽ പലരും ഗൗനിക്കാതെ പോകുന്ന ഒന്നാണ് സാമ്പത്തികപ്രശ്നങ്ങൾ. സാമ്പത്തികം ഇല്ലാത്തതുകൊണ്ടുമാത്രമല്ല സാമ്പത്തികം വേണ്ടവിധത്തിൽ ചെലവഴിക്കാത്തതും അമിതമായി ചെലവഴിക്കുന്നതും ദാമ്പത്യബന്ധം വഷളാക്കുന്നതിൽ പ്രധാനപങ്കുവഹിക്കുന്നുണ്ട്. പങ്കാളികളിലൊരാൾ നിരന്തരം പണം അനാവശ്യമായി ചെലവഴിക്കുമ്പോൾ അത് മറ്റെയാളിൽ ആശങ്കയും ചിലപ്പോൾ നിരാശയും ഉണ്ടാക്കാറുണ്ട്. എന്തൊരു ചെലവാ ഈ വീട്ടിൽ എന്ന് ഭർത്താവും നിങ്ങളെത്രരൂപയാ ഇങ്ങനെ അനാവശ്യമായി ചെലവഴിക്കുന്നത് എന്ന് ഭാര്യയും പരസ്പരം കുറ്റപ്പെടുത്തുന്ന പല കുടുംബങ്ങളുമുണ്ട്. അടുക്കളയിലും ഷോപ്പിംങിലും ഭാര്യ അനാവശ്യമായി പണം ചെലവഴിക്കുന്നുവെന്ന് ഭർത്താവ് കുറ്റപ്പെടുത്തുമ്പോൾ മദ്യപിച്ചും സിഗരറ്റ് വലിച്ചും കൂട്ടുകാർക്കൊപ്പം സർക്കീട്ടടിച്ചും എത്ര രൂപയാ നിങ്ങൾ ചെലവഴിക്കുന്നതെന്നായിരിക്കും ഭാര്യയുടെ ആരോപണം. ഇങ്ങനെയുള്ള കുറ്റപ്പെടുത്തലുകൾ കുടുംബത്തിൽ അസ്വസ്ഥത സൃഷ്ടിക്കുകയും ബന്ധങ്ങളിൽ വിള്ളലുകൾ സൃഷ്ടിക്കുകയും ചെയ്യും. ഇതൊഴിവാക്കാനായി ഈ വിഷയത്തെ എങ്ങനെ കൈകാര്യം ചെയ്യാൻ കഴിയും?
ചെലവിനെ കുറ്റപ്പെടുത്താതെ സംസാരിക്കുക
പങ്കാളി പണം അമിതമായി ചെലവഴിച്ചാൽ കോപത്തോടെ ചോദ്യം ചെയ്യുന്നതാണ് പലരുടെയും രീതി. പക്ഷേ അത് കാര്യങ്ങൾ വഷളാക്കുകയേയുള്ളൂ. പണം അനാവശ്യമായി ചെലവഴിക്കുന്നു എന്നു കുറ്റപ്പെടുത്തുന്നതിന് പകരം നമുക്ക് സാമ്പത്തികമായ ഭദ്രത വേണ്ടേ കുട്ടികളൊക്കെ വളർന്നുവരുകയല്ലേ അതിന് ചെലവുകൾ എങ്ങനെ കുറയ്ക്കാൻ കഴിയും എന്ന രീതിയിൽ സംഭാഷണം ആരംഭിക്കുക.നീ ഈ കുടുംബത്തെ നശിപ്പിക്കും എന്ന് പറയുന്നതിന് പകരം നീ അനാവശ്യമായി പണം ചെലവഴിക്കുന്നത് എന്നെ പേടിപ്പെടുത്തുന്നുണ്ട് എന്നുകൂടി പറയുക.
ഒരേ ലക്ഷ്യം ഉണ്ടായിരിക്കുകയും ഒരേ സ്വപ്നത്തിലേക്ക് വളരുകയും ചെയ്യുക എന്നതാണ് മറ്റൊരു വഴി. പങ്കാളികളിൽ ഒരാൾക്ക് മാത്രമാണ് ഭാവിജീവിതത്തെയും പദ്ധതികളെയും കുറിച്ച് സ്വപ്നങ്ങളുള്ളതെങ്കിൽ അവിടെ പ്രത്യേകമായി എന്തെങ്കിലും സംഭവിക്കണമെന്ന് നിർബന്ധമില്ല. ഇനി സംഭവിച്ചാൽ തന്നെ അത് പലപ്പോഴും പല വെല്ലുവിളികൾ നേരിടുകയും ചെയ്തേക്കാം. എന്നാൽ രണ്ടുപേരും ഒരേപോലെ സ്വ്പനം കാണുകയും പദ്ധതികൾ ആവിഷ്ക്കരിക്കുകയും ചെയ്യുമ്പോൾ അത് സാഫല്യത്തിലെത്തുക എന്നത് അസാധ്യമായി മാറുന്നില്ല. സ്വന്തമായുള്ള വീട് , വാഹനം, മക്കളുടെ ഭാവി, റിട്ടയർമെന്റ് , യാത്രകൾ ഇങ്ങനെ പലകാര്യങ്ങളെയും മുൻകൂട്ടികണ്ട് രണ്ടുപേരും കൂടി ഒരേ മനസ്സോടെ സാമ്പത്തികാസൂത്രണം നടത്തുക. കുടുംബഭാരം മുഴുവൻ ഒരാളുടെ തലയിലേക്ക് വച്ചുകൊടുത്തിട്ട് സ്വന്തം പണം തോന്നുംപോലെ ചെലവഴിക്കുന്നത് ശരിയായ രീതിയല്ല. ഭാവിയിൽ സാക്ഷാത്ക്കരിക്കേണ്ട പദ്ധതികൾ ദമ്പതികൾ ഇപ്പോൾതന്നെ ഒരു നോട്ട്ബുക്കിൽ കുറിച്ചുവയ്ക്കുകയും ഇടയ്ക്കിടെ അതെടുത്തു വായിച്ചുനോക്കി പിഴവുകൾ തിരുത്തി മുന്നോട്ടുപോവുകയും ചെയ്യുക.
ബജറ്റ് അത്യാവശ്യം
കുടുംബത്തിലെ സാമ്പത്തികമേഖല അലങ്കോലപ്പെടുന്നതിന് പ്രധാന കാരണം കൃത്യമായ ബജറ്റ് ഇല്ലാത്തതാണ്. ഒരാൾ എത്ര കൊണ്ടുവരുന്നുവെന്നോ മറ്റേ ആൾ എത്രമാത്രം ചെലവഴിക്കുന്നുവെന്നോ പരസ്പരം അറിയാതെപോകുന്നു. വീട്ടുചെലവുകൾക്ക്, അടിയന്തിരാവശ്യങ്ങൾക്ക്, ഭാവിനിക്ഷേപത്തിന്, വിനോദങ്ങൾക്ക് എന്ന രീതിയിൽ കൃത്യമായ ബജറ്റ് ഉണ്ടായിരിക്കുകയും ആ ബജറ്റിനുള്ളിൽ ഒതുങ്ങി കാര്യങ്ങൾ നിർവഹിക്കുകയും വേണം. പരസ്പര സമ്മതത്തോടും അഭിപ്രായത്തോടും കൂടിയായിരിക്കണം ബജറ്റ് തയ്യാറാക്കേണ്ടത്. ഇങ്ങനെ ചെയ്താൽ ചെലവുകൾ നിയന്ത്രിതമാകും.
സ്വന്തം കാര്യങ്ങൾക്കുവേണ്ടി നീക്കിവയ്ക്കുക
വരുമാനം മുഴുവൻ വീട്ടിലേക്ക് നീക്കിവച്ചുകഴിയുമ്പോൾ സ്വന്തം ആവശ്യങ്ങൾക്ക് തീർത്തും സ്വകാര്യാവശ്യങ്ങൾക്ക് പണം ഇല്ലാതെവരുന്ന സാഹചര്യവും കണ്ടുവരാറുണ്ട്. സ്ത്രീപക്ഷത്തിൽ നിന്ന് ചിന്തിക്കുകയാണെങ്കിൽ ഭാര്യയുടെ ശമ്പളം കിട്ടുന്നത് അതേപടി ഭർത്താവിനെ ഏല്പിക്കുകയാണെന്ന് വിചാരിക്കുക. ഇങ്ങനെ പണം കൊടുത്തുകഴിയുമ്പോൾ അവളെ സംബന്ധിച്ച് വ്യക്തിപരമായ കാര്യങ്ങൾക്കായി പണം ഇല്ലാതെവരുന്നു. കൂട്ടുകാരിയുടെ കല്യാണത്തിന് സമ്മാനം കൊടുക്കാൻ, അല്ലെങ്കിൽ സ്വന്തം വീട്ടിൽ പോകാൻ ഇങ്ങനെ വലുതും ചെറുതുമായ കാര്യങ്ങൾക്കുപോലും ഭർത്താവിനോട് കൈനീട്ടേണ്ടിവരുമ്പോൾ അത് രണ്ടുപേർക്കുമിടയിൽ അസ്വസ്ഥതപരത്തും. അതുണ്ടാവാതിരിക്കാനായി ബജറ്റ്ിലേക്ക് സംഭാവന ചെയ്യുമ്പോൾ തന്റെ വ്യക്തിപരമായ ആവശ്യങ്ങൾക്കായി ഒരു പങ്ക് നീക്കിവയ്ക്കണം. സ്വന്തം പോക്കറ്റ് മണി എന്ന് ഇതിനെ വിശേഷിപ്പിക്കാം.
സാമ്പത്തികം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് പഠിക്കുക
സാമ്പത്തികം എങ്ങനെ കാര്യക്ഷമമായി കൈകാര്യം ചെയ്യണം എന്ന വിഷയത്തെക്കുറിച്ച് വേണ്ടത്ര അറിവില്ലാത്തവരാണ് പല ദമ്പതികളും. വിദ്യാഭ്യാസവും ബിരുദവുമൊക്കെ ഉണ്ടെങ്കിലും സാമ്പത്തികഭദ്രത കൈവരിക്കുന്നതിനെക്കുറിച്ച് അവർ അജ്ഞരുമായിരിക്കും. ഇതൊഴിവാക്കാൻ സാമ്പത്തികവുമായി ബന്ധപ്പെട്ട ലേഖനങ്ങളോ പുസ്തകങ്ങളോ വായിക്കുന്നതും അത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ക്ലാസുകളിൽ പങ്കെടുക്കുന്നതും നല്ലതാണ്. ‘ക്രെഡിറ്റ് കാർഡ്’ വഴി വാങ്ങുമ്പോൾ പലിശ എങ്ങനെ വർധിക്കുന്നു, ചെറിയ ചിലവുകൾ എങ്ങനെ വലിയ തുകകളായി മാറുന്നു, വിരമിക്കൽക്കു മുൻപ് സേവിങ്സ് ഇല്ലെങ്കിൽ എന്തു സംഭവിക്കും എന്നീ കാര്യങ്ങൾ ഇങ്ങനെ മനസ്സിലാക്കിയെടുക്കാം.
പണത്തെക്കാൾ വലുത്
പണം വലുതാണ്. പക്ഷേ അതിനെക്കാൾ വലുതാണ് ബന്ധങ്ങൾ. അല്ലെങ്കിൽ ഭാര്യ/ഭർത്താവ്. പണം അനാവശ്യമായി ചെലവഴിക്കുന്ന ശീലമുണ്ട് എന്നതൊഴിച്ചാൽ വ്യക്തികളെന്ന നിലയിൽ പല നല്ല ക്വാളിറ്റിയുള്ളവരുമായിരിക്കും അവർ. അതുകൊണ്ട് ഈയൊരു സ്വഭാവവൈകല്യം കണക്കിലെടുക്കാതെ പരസ്പരം സ്നേഹിക്കുകയും വിട്ടുവീഴ്ചകൾ നടത്തുകയും ചെയ്യുക. പണം അനാവശ്യമായി ചെലവഴിക്കുന്നു എന്നതിന്റെ പേരിൽ ബന്ധം അവിടെ അവസാനിപ്പിക്കരുത്. കുറ്റപ്പെടുത്തലുകളും തർക്കങ്ങളും ഇല്ലാതെ സ്നേഹത്തോടും സഹകരണത്തോടും കൂടി മുന്നോട്ടുപോവുക.
സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ
സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ എല്ലാവർക്കും പരീക്ഷിച്ചുനോക്കാവുന്ന ഒരു മാർഗമാണ്. ഭാവിജീവിതം സാമ്പത്തികമായി സുരക്ഷിതമാക്കാനുളള ഒരു മാർഗമാണ് ഇത്. മാസം തോറും നിശ്ചിതമായ ഒരു തുക തുടർച്ചയായി നിക്ഷേപിക്കുന്നതാണ് ഈ രീതി. കൈയിലുളളത് കുറച്ചേയുള്ളൂവെങ്കിലും തുടർച്ചയായി അതു നിക്ഷേപിക്കുകയാണെങ്കിൽ ഭാവിയിൽ വലിയൊരു തുകയുടെ ഉടമകളായിത്തീരും. റിട്ടയർമെന്റ് കാലത്ത് ഇതുപകരിക്കുകയും ചെയ്യും. ദമ്പതികൾ ഒരുമിച്ച് ഇത്തരത്തിലുള്ള ഒരു നിക്ഷേപപദ്ധതി ആരംഭിച്ചാൽ പല ഭാവിസ്വപ്നങ്ങളും അവർക്ക് സ്വന്തമാക്കുകയും ചെയ്യാം.