തണലിൽ മറന്നുപോയത്

Date:

‘ആ മരമായ മരമെല്ലാം കൊണ്ട വെയിലാണീ തണൽ’ എന്ന് കുറിക്കുമ്പോൾ എന്തായിരുന്നിരിക്കാം കവിയുടെ മനസ്സിൽ?

തണലിൽ മറന്നുപോകുന്നത്.. എന്ന് തന്നെയായിരിക്കില്ലേ? ഓരോ തണലിലും ഇരുന്നാശ്വസിക്കുന്ന നേരമൊന്നും നമ്മൾ ആ മരംക്കൊണ്ട വെയിലിനെക്കുറിച്ച് ഓർക്കാറേയില്ല. ആ മരം അവിടെ ഉണ്ടായിരുന്നല്ലോ… ഇനിയുമുണ്ടാകുമല്ലോ! ആ തണലിൽ ഇത്തിരി നേരം… പിന്നെ ആ മരത്തെയും മറന്ന് മറന്ന്…

ഇംഗ്ലീഷിൽ സാധാരണമായ ഒരു പ്രയോഗമുണ്ടല്ലോ,  “Take for granted’. മുൻവിധികളോടെ വ്യക്തികളെയും സാഹചര്യങ്ങളെയും എടുക്കുന്ന തീർത്തും Materialistic ആയിട്ടുള്ള കാഴ്ചപ്പാടിനെ സൂചിപ്പിക്കാൻ  ഉപയോഗിക്കുന്ന പ്രയോഗം. ഉപയോഗിച്ചു കഴിഞ്ഞതിന് ശേഷം ഉപേക്ഷിച്ചുകളയുന്ന, ഉപയോഗിക്കാൻ മാത്രമുള്ളവരാണ് മറ്റുള്ളവർ എന്നൊക്കെയുള്ള ചിന്തകളിൽ നിന്ന്  ഉത്ഭവിക്കുന്ന  പ്രയോഗങ്ങൾ അങ്ങനെ നിരവധിയുണ്ട്. 

അമ്മയെകുറിച്ച് കാവ്യം ചമയ്ക്കുന്ന തിരക്കിൽ അപ്പനെ ഒന്ന് ഓർക്കാൻ പോലും പലപ്പോഴും കാലവും കഥകളും മറന്നുപോയി.  അപ്പന്റെ നിലപാടുതറ പൊതുവിൽ സുരക്ഷിതത്വം കുറഞ്ഞ ഒന്നാണെന്ന് തോന്നിയിട്ടുണ്ട്. അമ്മ യാഥാർഥ്യവും   സത്യവുമാകുമ്പോൾ  അപ്പൻ ഒരു  ഭംഗുരമായ സങ്കൽപ്പമാണെന്ന്  പൊതുവിൽ പറയേണ്ടി വരും. ചരിത്രത്തിലും പുരാണങ്ങളിലും ഒക്കെയുള്ള ‘ദിവ്യഗർഭങ്ങളിൽ’ എല്ലാം, ‘പിതാവ്’ ഒരു തിരശീലയ്ക്കപ്പുറം മാറ്റിനിര്ത്തപെട്ടു . അമേരിക്കയിലും മറ്റുമുള്ള ചില കോടതി വിഡിയോകളിൽ ‘പിതൃത്വം’ തെളിയിക്കാനുള്ള പരീക്ഷകളിൽ തോറ്റുപോയി വിലപിക്കുന്ന ‘അപ്പന്മാരെ’ കണ്ട് കണ്ണ് നിറഞ്ഞിട്ടുമുണ്ട്. ‘ആക്ഷൻ ഹീറോ ബിജു’ എന്ന സിനിമയിൽ സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രം ആ പോലീസ് സ്റ്റേഷനിൽ കടന്നുപോകുന്ന ഹൃദയസ്പർശിയായ ഒരു രംഗമുണ്ടല്ലോ! ‘പറ്റിക്കാൻ വേണ്ടിയാണെങ്കിലും ഇങ്ങനെയൊന്നും പറയല്ലേ’  അമ്മ ചൂണ്ടിക്കാണിക്കുന്ന ആൾ ആരോ അയാൾ ആണ്  അപ്പൻ. അത് തന്നെയാണ് ‘അപ്പന്മാരുടെ’ നിലനിൽപ്പ് തുലോം ദുർബ്ബലമായ പ്രതലത്തിലാണ് എന്ന് എഴുതിയതും.

അമ്മ നമ്മളിൽ ചില പാടുകൾ (Scars) അവശേഷിപ്പിക്കും. അപ്പൻ മക്കളിൽ അങ്ങനെ യാതൊന്നും പ്രത്യക്ഷത്തിൽ അവശേഷിപ്പിക്കുന്നില്ല. അതിനാൽ തന്നെ, അപ്പനെ ഉപേക്ഷിക്കാൻ എളുപ്പമാണ്.  അമ്മ ഉദരത്തിൽ പത്തുമാസം ചുമന്ന കുഞ്ഞിനെ അപ്പൻ പക്ഷേ ഹൃദയത്തിലാണ് ചുമക്കുന്നത്. ‘തന്തയില്ലാത്തവനെ’ അല്ലെങ്കിൽ ‘തന്തയ്ക്ക് പിറക്കാത്തവനെ’ എന്നതിനോളം ചൊടിപ്പിക്കുന്ന, പ്രാക്തനമായ എല്ലാ വൈകാരിക ഭ്രാന്തുകളും ബാധിക്കുന്ന മറ്റൊരു വെല്ലുവിളിയോ അധിക്ഷേപമോ ഉണ്ടോ? എന്തുക്കൊണ്ടായിരിക്കും അത്? ഹൃദയത്തിൽ ചുമന്ന അപ്പനോട് ഹൃദയം പ്രതികരിക്കുന്നതാകാം. അറിയാത്ത വണ്ണം നമ്മെ പോരിന് തയ്യാറാക്കുന്നതും അത് തന്നെയാകാം. 

തന്റെ പിതാവിന് തന്നെ മനസിലായില്ല’ എന്നും വിലപിച്ച് എഴുതാതെ പോയ കത്തുകളെ കുറിച്ച് (Letter to His Father) പിന്നീട് ഫ്രാൻസ് കാഫ്ക പറയുന്നുണ്ട്: “You were for me the measure of all things.’ എല്ലാത്തിനും എന്തിനും അപ്പൻ തന്നെയായിരുന്നു ഏകകം. ഞാൻ നിന്നെ സ്‌നേഹിച്ചിരുന്നു, എങ്കിലും എനിക്ക് നിന്നിൽ നിന്നും ഒളിച്ചോടാതിരിക്കാൻ വയ്യായിരുന്നു. “I always loved you, but I f led from you.” ആരെയാണ് നമ്മൾ കുറ്റം വിധിക്കാൻ പോകുന്നത് കാഫ്കയെയോ, അതോ അദ്ദേഹത്തിന്റെ പിതാവ് ഹെർമൻ കാഫ്കയെയോ. സകല കഥകളിലും അപ്പൻ തന്നെ വില്ലൻ. ഒരാളും എന്നാൽ അയാളോട് ചോദിച്ചില്ല എന്തുകൊണ്ട് നിങ്ങൾ ഇങ്ങനെ ആയെന്ന്? 

പത്താം ക്ലാസ് വരെ അപ്പനെന്ന ‘ടെറർ’ മായി ഇടപെടാൻ സാധ്യതയുള്ള എല്ലാ സാഹചര്യങ്ങളും മനപൂർവ്വം ഒഴിവാക്കി നടന്നോരാൾ. വിഖ്യാത ആംഗലേയ കവി എലിസബത്ത് ജെന്നിങ്ങ്‌സ് ന്റെ “Father to Son’ ൽ പറയുന്നത് പോലെ, ‘ഒരേ കൂരയ്ക്ക് കീഴെ കഴിഞ്ഞ രണ്ട് അപരിചിതർ’ എന്നത്  പോലെ. പിന്നീട് ഒടുവിൽ സന്യാസത്തിന് പോകാൻ മകൻ തീരുമാനിച്ചപ്പോൾ കൊച്ചുകുഞ്ഞിനെ പോലെ പൊട്ടിക്കരഞ്ഞ ഒരപ്പൻ ഓർമ്മയിൽ തെളിയുന്നുണ്ട്. പെറ്റി സെമിനാരിയുടെ വിജനമായ ഡോർമിറ്ററി യുടെ ഒരു കോണിൽ യാത്ര പറയാൻ നിൽക്കുമ്പോൾ , അയാൾ ഒരു കളവ് ചെയ്യുന്നത് പോലെ  മകന്റെ കവിളിൽ ചുംബിക്കുന്നുണ്ട്. മകന് ഓർക്കാൻ കഴിയുന്ന അപ്പന്റെ ആദ്യത്തെ ചുംബനം! പിന്നീട് അപ്പൻ മകനോട് കുമ്പസാരിക്കുന്നുണ്ട് ‘എനിക്ക് നിന്നെ നഷ്ടമാകുമോ, നിനക്കെന്തെങ്കിലും സംഭവിക്കുമോ എന്നുള്ള ഭയമായിരുന്നു അന്നെല്ലാം നിന്നോട് അങ്ങനെ പെരുമാറാൻ പ്രേരിപ്പിച്ചത്’ എന്ന്. ഇങ്ങനെ അധികം അപ്പന്മാർക്കൊന്നും മക്കളോട് തുറന്നുപറയാൻ കാലം അനുവദിച്ചിട്ടില്ലന്നേ. ആ അപ്പന്മാരോക്കെ വില്ലന്മാരായി കഥകളിൽ മഞ്ഞും വെയിലും കൊള്ളുന്നു, ഇപ്പോഴും. 

ജെയിംസ് ബ്ലണ്ടിന്റെ “Monsters’ൽ എഴുതിയത് പോലെ, 
”അവർ എല്ലാ വെളിച്ചങ്ങളും 
കെടുത്തുന്നതിന് മുമ്പ് 
ഞാൻ നിന്നോട് ശുഭരാത്രി മാത്രം പറയും….
മാപ്പ് പറയലുകളോ മാപ്പ് കൊടുക്കലുകളോ 
ആവശ്യമില്ല.
ഞാൻ നിന്റെ മകനോ, നീ എന്റെ അപ്പനോ അല്ല,
രണ്ടു മുതിർന്നവർ യാത്ര പറയുകയാണ് ഇപ്പോൾ…
അതുക്കൊണ്ട് അപ്പാ, നീ കണ്ണുകൾ അടയ്ക്കുക 
ഭയപ്പെടേണ്ട 
സമയം കടന്നുപോയി..നീ ശാന്തമായി ഉറങ്ങുക..
ഭയക്കാതെ കടന്നുപോകുക 
ഇപ്പോൾ നിനക്ക് വേണ്ടി ഭൂതങ്ങളെ ഞാൻ 
ഓടിക്കാം…

മക്കൾക്ക് പോലും പിടികൊടുക്കാതെ, പുറംതോട് പരുക്കനായ, വീട് സദാ സമയം ചുമന്ന് ഇഴഞ്ഞു നടന്ന ആമകളെപോലെയാണ് അപ്പന്മാർ എന്നെഴുതാൻ തോന്നുന്നു.

സന്തോഷ് ചുങ്കത്ത് 

More like this
Related

മരണം മണക്കുന്ന ഉമ്മകൾ

ഹൃദയം ഹൃദയത്തെ തൊടുന്നില്ലല്ലോ എന്ന നൊമ്പരത്തിൽ നിന്നായിരിക്കണം അധരം അധരത്തെ തേടേണ്ടത്...

കാഴ്ചകളിൽ കുരുങ്ങാതെ… 

''തീരത്തടിഞ്ഞ വെണ്ണക്കൽ നിറത്തിൽ, ഉള്ളിൽ നീലഞരമ്പുകളുള്ള ശംഖിന്റെ മനോഹാരിതയിൽ ശ്രദ്ധ സ്വരുക്കൂട്ടിയിരിക്കുമ്പോൾ...

മറന്ന് മറന്ന്…

"Man is a bundle of Memories' -  ഒരു കൂട്ടം...

ആരാണ് കാവലാൾ?

സഹോദരങ്ങൾ തമ്മിലുള്ള പകയ്ക്കും (Siblings Rivalry) പോരാട്ടങ്ങൾക്കും മനുഷ്യന്റെ ആരംഭകാലത്തിൽ തന്നെ...

തോറ്റുപോയവർക്ക് ഒരു വാഴ്ത്ത്

ജീവിതത്തിൽ സ്ത്രീയും പുരുഷനും പരാജയങ്ങളും അവമതിയും ഒരേ പോലെ തന്നെയാകുമോ കൈകാര്യം...

ആകാശം നഷ്ടപ്പെട്ടവർ

കണ്ണാടിപൈക്കൂറ എന്താണെന്നറിയാമോ? ഷൊർണ്ണൂരിലെ- അല്ല, ചെറുമണ്ണൂരിലെ പെൺകുട്ടികളെ കല്യാണം ചെയ്ത് അയയ്ക്കുമ്പോൾ, കുടുംബം...

വേരുകൾ മുറിയുമ്പോൾ…

കുടിയേറ്റക്കാരന്റെ മനസ്സ് എന്നും അസ്വസ്ഥമാണ്. എന്ത് പറഞ്ഞുകൂടാ, ചെയ്തുക്കൂടാ എന്നൊക്കെയാകും അയാളുടെ...

വാക്ക്

വാക്കിനോളം വലുതല്ല ഒരാകാശവുംവാക്കിനോളം വരില്ലൊരാശ്വാസവുംതെളിഞ്ഞും മൂടിയും പെയ്തും കനത്തുംഇരുണ്ടും വരണ്ടും മടിച്ചും...

വിശന്ന് വിശന്ന്…

രണ്ട് വലിയ യുദ്ധങ്ങളുടെ നടുക്കായി അക്ഷരാർത്ഥത്തിൽ ലോകത്തിന്റെ ഭക്ഷണ പാത്രം ശൂന്യമായിപോയ,...

ഭ്രാന്തുള്ളവർക്ക് സ്തുതിയായിരിക്കട്ടെ

''നിങ്ങൾക്ക് കാണാൻ കഴിയാത്തത് കാണുവാൻ മാത്രം അവരുടെ കണ്ണുകൾ തുറക്കപ്പെട്ടിട്ടുണ്ടെങ്കിലോ? ഈ...

കഥ തീരുമ്പോൾ

''എന്നിട്ട്..?''''എന്നിട്ടെന്താ, പിന്നീട് അവര് സുഖമായി ജീവിച്ചു...''രാജകുമാരിക്ക് രാജകുമാരനെ കിട്ടി...കുഞ്ഞിമകൾക്ക് അവളുടെ അച്ഛന്റെ...

നേരം

ഒന്നിനും നേരമില്ലെന്നു ചൊല്ലാനുംതെല്ലു നേരമില്ലാതെ പോവുന്ന കാലംനേരത്തിൻ പൊരുൾ തേടീടുവാൻനേരവും കാലവും...
error: Content is protected !!