തൃശൂരിലേക്ക് ഒരു യാത്രപോയിരുന്നു. പെരുമ്പാവൂരെത്തിയപ്പോള്‍ പതിവുപോലെ ബസ് അഞ്ച് മിനിറ്റ് നേരം യാത്രക്കാര്‍ക്കായി ചായകുടിക്കാനും ഫ്രഷാകാനുമായി നിര്‍ത്തിയിട്ടു. പലരും ഇറങ്ങുകയും കയറുകയും ചെയ്തു. ബസ് മുന്നോട്ടെടുത്തപ്പോള്‍ പെട്ടെന്ന് ഒരു യാത്രക്കാരന്റെ ഉറക്കെയുള്ള ആത്മഗതം കേട്ടു. അയ്യോ ബസ് മാറിപ്പോയല്ലോ.. മറ്റ് യാത്രക്കാര്‍ക്കൊപ്പം എന്റെ ശ്രദ്ധയും അയാളുടെ നേര്‍ക്കായി. കുര്‍ത്തയണിഞ്ഞ, തടിച്ച, പൊക്കം കുറഞ്ഞ,താടിയുള്ള ഒരു മനുഷ്യന്. മുസ്ലീമാണെന്ന് ഒറ്റനോട്ടത്തില്‍ ആര്‍ക്കും മനസ്സിലാവും. താന്‍ ഇരുന്നിരുന്ന സീറ്റും ബാഗും നോക്കിയപ്പോഴാണ് ബസ് മാറിപ്പോയ കാര്യം അയാളറിഞ്ഞത്. തുടര്‍ന്നു നടന്ന സംഭവം ചുരുക്കത്തില്‍ ഇങ്ങനെ.
നെടുമ്പാശ്ശേരിയിലേക്കുള്ള യാത്രയിലായിരുന്നു അയാള്‍. ഫ്രഷാകാന്‍ ഇറങ്ങി തിരികെ കയറിയപ്പോള്‍ ബസ് മാറി്പ്പോയി. യാത്രക്കാരനില്ലാതെ അയാളുടെ ലഗേജുമായി മറ്റൊരു സൂപ്പര്‍ഫാസ്റ്റ് ഞങ്ങളുടെ ബസിന് മുമ്പേ യാത്ര പുറപ്പെട്ടിരുന്നു. ഫ്ളൈറ്റില്‍ എവിടേയ്ക്കോ പോകേണ്ട മനുഷ്യന്. ബാഗുകള്‍ നഷ്ടമായിരിക്കുന്നു. കേട്ടപ്പോള്‍ എനിക്കാകെ ടെന്‍ഷന്‍.അയാളുടെ സ്ഥാനത്ത് ഞാന്‍ നില്ക്കുന്നതുപോലെ..
എന്തായാലും ഞങ്ങളുടെ ബസിലെ യാത്രക്കാര്‍ എല്ലാവരും അയാള്‍ക്ക് ഐകദാര്‍ഢ്യം പ്രഖ്യാപിച്ചു. അങ്കമാലിടിക്കറ്റെടുത്തോ അവിടെവച്ച് ബസ് പിടിക്കാമെന്ന് ഒരു കൂട്ടര് പറഞ്ഞു. മുമ്പില്‍ പോകുന്ന ബസ്െൈ ഡ്രവറെ വിവരം അറിയിക്കാന്‍ എന്തെങ്കിലും സാധ്യതകളുണ്ടോയെന്ന് മറ്റൊരു കൂട്ടര്.. ആ ബസിനെ ഓവര്‍ടേക്ക് ചെയ്ത് പിടികൂടാന്‍ കഴിയുമോയെന്ന് ഡ്രൈവറോട് വേറൊരു കൂട്ടര്.ഇതിനിടയ്ക്ക് കണ്ടക്ടര്‍ ആരെയൊക്കെയോ ഫോണ്‍ ചെയ്യുന്നുമുണ്ടായിരുന്നു. ടെന്‍ഷന്‍ കയറി നില്ക്കുന്ന ബാഗ് നഷ്ടപ്പെട്ട യാത്രക്കാരന് തന്റെ സീറ്റ് ഒഴിഞ്ഞുകൊടുത്ത് ശാന്തമായി ഇരിക്കാന്‍ ആവശ്യപ്പെടുന്ന യാത്രക്കാരനുമുണ്ടായി. ബസ് കാലടിയെത്താറാകുംമുമ്പ് ബ്ലോക്കില്‍ പെട്ടു. നിരനിരയായി ഇരുവശങ്ങളിലേക്കും കിടക്കുന്ന വാഹനങ്ങള്‍. മുമ്പിലുള്ള ബസ് കുരുങ്ങികിടക്കുന്നത് ഞങ്ങള്‍ക്ക് കാണാമായിരുന്നു. ഇപ്പോള്‍ ചാടിയിറങ്ങിയാല്‍ മുമ്പിലുള്ള ബസ് പിടികൂടാമെന്ന് ചിലര്‍.. അത് വേണ്ട ഇറങ്ങിക്കഴിഞ്ഞാല്‍ തിരക്കിനിടയില്‍ ആ ബസ് പുറപ്പെട്ടാല്‍ കാര്യം നടക്കില്ലെന്ന് വേറെ ചിലര്‍. ആശയക്കുഴപ്പത്തിലായി ബാഗ് നഷ്ടപ്പെട്ട യാത്രക്കാരന്. അതിനിടയില്‍ കണ്ടക്ടറും ഡ്രൈവറും മുമ്പിലുള്ള ബസിലെ ഡ്രൈവര്‍ക്ക് ചില അടയാളങ്ങള്‍ നല്കി. എന്തോ സംഭവിച്ചുവെന്ന് ആ ഡ്രൈവര്‍ക്ക് മനസ്സിലായി.
അതിനിടയില്‍ ഞങ്ങളുടെ ബസിലെ യാത്രക്കാരന് രണ്ടും കല്പിച്ച് ബസില്‍ നിന്നിറങ്ങി, പാലത്തില്‍ കുരുങ്ങികിടക്കുന്ന മറ്റ് വാഹനങ്ങള്‍ക്കിടയിലൂടെ യാത്രക്കാരന് തന്റെലക്ഷ്യവാഹനത്തിന് നേര്‍ക്ക് ഓടിപ്പോയി. ഞങ്ങള്‍ പുറത്തേക്ക് തലയിട്ട് ആ കാഴ്ച നോക്കിനിന്നു. ഒടുവില്‍ അയാള്‍ ആ ബസില്‍ കയറി. ലഗേജുകള്‍ ബസില്‍ തന്നെയുണ്ടായിരുന്നു. അയാള്‍ ബസിന്റെ പുറകിലേക്ക് വന്ന് ഞങ്ങളുടെ ബസിന് നേരെ ചില്ലുപാളികള്‍ക്കിടയിലൂടെ കരം വീശി.നന്ദിയും സ്നേഹവുമുണ്ടായിരുന്നു അതില്‍.ഞങ്ങളും സന്തോഷിച്ചു. ഏതോ സിനിമയിലെ രംഗംപോലെ തോന്നി എനിക്കതെല്ലാം കണ്ടപ്പോള്‍. ബസ് മുന്നോട്ടുപോകവെ ഞാന്‍ ആലോചിച്ചത് ഇതായിരുന്നു. ആ ബ്ലോക്ക് ഇല്ലായിരുന്നുവെങ്കില്‍.. ഒരുപക്ഷേ അയാള്‍ക്ക് തന്റെ ബാഗ് നഷ്ടപ്പെടുമായിരുന്നു. അല്ലെങ്കില്‍ ഫ്ളൈറ്റ് യാത്ര നീട്ടിവയ്ക്കേണ്ടിവരുമായിരുന്നു. പക്ഷേ എങ്ങനെയോ വന്ന ഒരു ബ്ലോക്ക് അയാള്‍ക്ക് അനുഗ്രഹപ്രദമായി. മാത്രവുമല്ല അയാളുടെ ആ സ്ഥിതിയില്‍ വാക്കുകൊണ്ടാണെങ്കില് പോലും സഹായിക്കാന്‍ നിരവധിപേരുണ്ടായി. അയാളുടെ അവസ്ഥയില്‍ സഹതപിക്കാനും സഹായിക്കാനും ആളുകളുണ്ടായി. സാധാരണഗതിയില്‍ ഇത്തരം നിസ്സഹായാവസ്ഥകളില്‍ ആദ്യം കേള്‍ക്കുന്ന ചോദ്യം ബസ് മാറിക്കയറിയതിലുള്ള കുറ്റപ്പെടുത്തലാവാം.. ബോര്‍ഡ് നോക്കിയും ബസ്നോക്കിയും വേണ്ടേ തിരികെ കയറാന്‍ എന്നാവാം. എന്നാല്‍ ആരും അത്തരമൊരു ചോദ്യം ചോദിച്ചില്ല. മറിച്ച് അയാള്‍ക്ക് പറ്റിയ അബദ്ധത്തില്‍ അയാള്‍ക്കൊപ്പം ഒറ്റക്കെട്ടായി നിന്നു. പോംവഴികളും മറ്റ് മാര്‍ഗ്ഗങ്ങളും നിര്‍ദ്ദേശിച്ചു. അത് തീരെ ചെറിയ കാര്യമായി എനിക്ക് തോന്നിയില്ല.
മുന്നോട്ടുള്ള യാത്രയില്‍ ചിലപ്പോഴെങ്കിലും നമുക്ക് ലക്ഷ്യം മാറിപോയേക്കാം. ആ യാത്രക്കാരന് സംഭവിച്ചതുപോലെ.ബസ് മാറിപോയതാണ് കുറച്ചുനേരമെങ്കിലും അയാള്‍ ടെന്ഷനില് അകപ്പെടാന്‍ കാരണം. പല ലക്ഷ്യങ്ങള്‍ക്കിടയില്‍ ് അശ്രദ്ധ കൊണ്ടോ ഉപേക്ഷ കൊണ്ടോ യഥാര്ത്ഥലക്്ഷ്യങ്ങളില്ന ിന്ന് വ്യതിചലിച്ചുപോകുന്നതാണ് പല ലക്ഷ്യങ്ങളും സഫലമാകാത്തതിന് കാരണവും. വ്യതിചലിച്ചുപോകാത്ത മാര്‍ഗ്ഗങ്ങളാണ് നമ്മെ ലക്ഷ്യത്തിലെത്തിക്കുന്നത്. ലക്ഷ്യത്തിലേക്കെത്താനുള്ള വഴികളില്‍ ചില തടസ്സങ്ങളും ഉണ്ടായേക്കാം. തടസ്സങ്ങള്‍ക്ക് മുമ്പില്‍ അധീരരാകരുത്. എല്ലാം സുഗമമായി നടന്നുപോകുമ്പോള്‍ നമ്മളൊരിക്കലും മറ്റ് മാര്‍ഗ്ഗങ്ങളെക്കുറിച്ച് ചിന്തിക്കുകയില്ല. സുരക്ഷിതമായ ലാവണങ്ങളില്‍ അകപ്പെട്ട് നാം അങ്ങനെ തന്നെ മുന്നോട്ടുപോകും. അത് ജോലിയോ മറ്റെന്തെങ്കിലുമായിക്കൊള്ളട്ടെ.. മറ്റൊരു വഴിയെക്കുറിച്ച് നാം അന്വേഷിക്കുകയില്ല. എല്ലാ സുരക്ഷിതത്വങ്ങള്ക്കും അത്തരമൊരു പ്രശ്നമുണ്ട്. ജോലിക്കിടയില്‍ പ്രശ്നങ്ങളുണ്ടാകുമ്പോള്‍, പ്രതിസന്ധികളുണ്ടാകുമ്പോള്‍ അപ്പോഴാണ് മറ്റൊരു വഴിയെക്കുറിച്ച് നാം അന്വേഷിക്കുന്നത്. നീതിയോടെയാണ് വ്യാപരിക്കുന്നതെങ്കിലും തെറ്റുകള്‍ നമ്മുടെ ഭാഗത്തില്ലെങ്കിലും ആ പ്രതിസന്ധികള്‍ നമ്മുടെ സാധ്യതകളെ തിരിച്ചറിയാനുള്ള അവസരമായി മാറും. ജീവിതത്തിലെ ചില അനുഭവങ്ങളുടെ വെളിച്ചത്തിലാണ് ഇക്കാര്യമെഴുതുന്നത്. മുമ്പില്‍ പ്രത്യക്ഷപ്പെടുന്ന എല്ലാ ബ്ലോക്കുകളെയും അതുകൊണ്ട് നാം ഭയപ്പെടരുത്. ബ്ലോക്കുകളെ ദൈവശരണത്തിലുറപ്പിച്ച് നമുക്ക് മറികടക്കാവുന്നതേയുള്ളൂ. ചില ബ്ലോക്കുകള്‍ നല്ലതുതന്നെ. കാരണം ആ ബ്ലോക്കുകള്‍ നമുക്ക് നാംആരാണെന്നും നാംഎന്താണെന്നും നമുക്ക് എന്തെല്ലാം ആകാമെന്നും നമ്മുടെ മുന്നിലുള്ള വഴികള്‍ ഏതാണെന്നും നമുക്ക് ആരൊക്കെ കൂടെയുണ്ടെന്നും പറഞ്ഞുതരും. അതെ ബ്ലോക്കുകള്‍ നല്ലതാണ്.
വിനായക് നിര്‍മ്മല്‍