‘എന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല,
എന്റേതൊരു പാഴ് ജന്മമാണ്,
ഇതെന്റെ തെറ്റാണ്,
ആരും എന്നെ മനസ്സിലാക്കുന്നില്ല… ‘
ജീവിതത്തിലെ ചില വിപരീതാനുഭവങ്ങളിലൂടെ കടന്നുപോകുമ്പോൾ, വൈകാരികമായ അസന്തുലിതാവസ്ഥ നേരിടുമ്പോൾ ഏതൊരാളും ഒരിക്കലെങ്കിലും പറഞ്ഞുപോയിട്ടുള്ള, പോയേക്കാവുന്ന ചില വാചകങ്ങളാണ് ഇത്. നമ്മുടെ പരാജയഭീതി, കുറ്റബോധം, ദേഷ്യം, അപകർഷതാബോധം, ആത്മവിശ്വാസമില്ലായ്മ തുടങ്ങിയവയാണ് ഇങ്ങനെ ചില നിഗമനങ്ങളിൽ എത്താൻ നമ്മെ പ്രേരിപ്പിക്കുന്നത്. ഇത്തരം ചിന്തകളിലൂടെ കടന്നുപോകുമ്പോൾ നാം മറന്നുപോകുന്ന ഒരു കാര്യമുണ്ട്, മനസ്സ്, ശരീരം, ആത്മാവ് ഇവ മൂന്നും ചേർന്നതാണ് ഞാൻ എന്ന വ്യക്തി. നമുക്ക് തീരുമാനിക്കാനും അനുഭവിക്കാനും ആലോചിക്കാനും എല്ലാം കഴിവുണ്ട്. നമ്മുടെ നിഷേധാത്മകമായ വികാരങ്ങളോട് നാം ആരോഗ്യപരമായിട്ടായിരിക്കണം ഇടപെടേണ്ടത്. ആശാസ്യമായ വഴിയാണ് നാം അതിന് സ്വീകരിക്കേണ്ടതും. പലതരം നിഷേധാത്മക അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോൾ മനസ്സ് ശാന്തമാക്കാനും വൈകാരികസന്തുലിതാവസ്ഥ കൈവരിക്കാനും ഇതാ ചില മാർഗ്ഗങ്ങൾ.
ഞാനെന്താണ് ഇപ്പോൾ അനുഭവിക്കുന്നത്?
നാം ആഗ്രഹിക്കാത്ത രീതിയിലൂടെയാണ് ഒരു സന്ദർഭം കടന്നുപോകുന്നതെങ്കിൽ, അല്ലെങ്കിൽ നാം പ്രതീക്ഷിക്കാത്ത ഒരു സാഹചര്യത്തെയാണ് നേരിടേണ്ടിവരുന്നതെങ്കിൽ ആ നിമിഷം നാം എന്താണോ അനുഭവിക്കുന്നത് അത് തിരിച്ചറിയുകയും അതേക്കുറിച്ച് എഴുതുകയും ചെയ്യുക. ദേഷ്യം, ഭയം, വിഷാദം, പക, ഉത്കണ്ഠ, അരക്ഷിതാവസ്ഥ, കുറ്റബോധം എന്തുമാവാം അതെഴുതിവയ്ക്കുക.
എന്താണ് എന്റെ ചിന്ത
ഈ സന്ദർഭത്തെക്കുറിച്ച് ഞാൻ സ്വയം എന്താണ് ചിന്തിക്കുന്നത്, ഇതിൽ പങ്കാളികളായ മറ്റുള്ളവരെക്കുറിച്ച് ഞാൻ എന്താണ് ചിന്തിക്കുന്നത്, ഈ സന്ദർഭത്തെക്കുറിച്ച് ഞാൻ എന്താണ് ചിന്തിക്കുന്നത്. വസ്തുതകളെക്കുറിച്ച് വ്യക്തിനിഷ്ഠമായ വ്യാഖ്യാനം കൊടുക്കുക.
എനിക്കാവശ്യമുള്ളത് എന്താണ്?
ഇത്തരം സന്ദർഭത്തിൽ എനിക്കാവശ്യമുള്ളത് എന്താണ്. വിശ്രമം, നിശ്ശ്ബ്ദത, ആശയവിനിമയം, മനസ്സിലാക്കൽ, ശ്രവണം, വ്യക്തമായ പ്രതീക്ഷ, ഉത്തരവ്.
ഇവയൊക്കെ നിസാരമായ ചില ചോദ്യങ്ങളാണ്. എന്നാൽ നാം ആശങ്കപ്പെട്ടുകൊണ്ടിരിക്കുന്ന ചില പ്രശ്നങ്ങളുടെ മേൽ മാറ്റം വരുത്താൻ നമുക്ക് ഇതുകൊണ്ട് സാധിക്കും. നിങ്ങൾ കടന്നുപോകുന്ന പ്രശ്നങ്ങളുടെ മേൽ മറ്റാരെങ്കിലും നിയന്ത്രണം ഏറ്റെടുക്കുന്നതിന് മുമ്പ് നിങ്ങൾ തന്നെ സ്വയം ആ പ്രശ്നങ്ങളെയും അവയ്ക്കുള്ള പരിഹാരമാർഗ്ഗങ്ങളെയും ഏറ്റെടുക്കുക.
മാറ്റം നിങ്ങളിലാണ് ആരംഭിക്കേണ്ടത്. പ്രശ്നങ്ങളുണ്ടാകുമ്പോൾ പലരും ആദ്യം ശ്രമിക്കുന്നത് പ്രശ്നപരിഹാരത്തിനാണ്. പക്ഷേ ഒരിക്കലും എനിക്കെന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് ഞാൻ എന്താണ് അനുഭവിക്കുന്നത് എന്ന കാര്യത്തെക്കുറിച്ച് ആരും ചിന്തിക്കുന്നതേയില്ല.
അതുകൊണ്ട് ആദ്യം ചെയ്യേണ്ടത് പ്ര്ശനത്തിൽ അകപ്പെട്ട നാം നമ്മെക്കുറിച്ച് തന്നെ ചിന്തിക്കുകയും നമുക്കാവശ്യമുള്ളത് എന്താണ് എന്ന് കണ്ടെത്തുകയും അതിന് അനുസരിച്ച് തീരുമാനമെടുക്കുകയുമാണ്.
ഇത്തരമൊരു വഴി സ്വീകരിച്ചുകഴിയുമ്പോൾ തന്നെ നാം പാതി സ്വസ്ഥരായിക്കഴിഞ്ഞിരിക്കും.