മലയാളിയുടെ പ്രധാന പ്രശ്നം മക്കളെ കരുതുന്നതിലോ അവരുടെ ശിക്ഷണത്തിലോ പരിധി എത്രത്തോളമെന്ന് അറിവില്ലാത്തതാണ്. മക്കള്‍ക്ക് അതിര്‍വരമ്പുകളുള്ള സ്വാതന്ത്ര്യം അനുവദിക്കുകയാണ് മാതാപിതാക്കള്‍ ചെയ്യേണ്ടത്. അതിനുള്ള ചില കാര്യങ്ങള്‍:-
- സ്നേഹം ഒളിച്ചു വെയ്ക്കരുത്:- പല രക്ഷിതാക്കളും മനസ്സില്‍ സ്നേഹം ഒളിച്ചു വെയ്ക്കുന്നവരാണ്. കുട്ടിയെ സ്നേഹിച്ചാല്‍ മാത്രം പോരാ, സ്നേഹം പ്രകടിപ്പിക്കണം. കുട്ടികള്‍ ആവശ്യപ്പെടുന്നതെല്ലാം വാങ്ങിച്ചു കൊടുക്കുന്നതോ, സാധിച്ചു കൊടുക്കുന്നതോ മാത്രമാണ് സ്നേഹം എന്ന് അവര്‍ മനസ്സിലാക്കുന്നില്ല. മാതാപിതാക്കള്‍ കൊഞ്ചിക്കുന്നതും, കെട്ടിപ്പുണരുന്നതും, ഉമ്മ വെയ്ക്കുന്നതിലുമെല്ലാമുള്ള സ്നേഹം അവര്‍ പെട്ടെന്ന് തിരിച്ചറിയും.കണക്കുകൂട്ടലുകളില്ലാത്ത സ്നേഹമാണ് അച്ഛന്റെതും, അമ്മയുടെതും എന്ന് കുട്ടിയ്ക്ക് ബോധ്യമാവണം.
- ആരോഗ്യം ഉറപ്പാക്കണം:- ആണ്‍കുട്ടിയെയും, പെണ്‍കുട്ടിയെയും ശുചിത്വശീലങ്ങള്‍ മൂന്നു വയസ്സുമുതല്‍ ചിട്ടയായി പഠിപ്പിക്കണം. നഖം വെട്ടുക, ദിവസവും രണ്ടുതവണ കുളിക്കുക, തലമുടി വൃത്തിയായി സൂക്ഷിക്കുക എന്നീ കാര്യങ്ങളില്‍ മിക്ക മാതാപിതാക്കളും ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ അടിവസ്ത്രം കഴുകി ഉണക്കി വൃത്തിയായി സൂക്ഷിക്കുന്ന കാര്യത്തില്‍, ദിവസേന മാറുന്ന കാര്യത്തില്‍ പലര്‍ക്കും ശ്രദ്ധയില്ല. അതുപോലെ കുട്ടിയ്ക്ക് 18 വയസ്സാകും വരെ കഴിയുന്നതും ഒരു ഡോക്ടറെ തന്നെ കാണിക്കുന്നതാണ് നല്ലത്. വേറെ ഡോക്ടറെ കാണിക്കണമെന്നുന്ടെങ്കില് സ്ഥിരമായി ചികിത്സിക്കുന്ന ഡോക്ടര്‍ റഫര്‍ ചെയ്യുന്നതാണ് നല്ലത്.
- ഉള്ളതും ഇല്ലാത്തതും അറിയിച്ചു വളര്‍ത്തണം:- കുട്ടികള്‍ക്ക് പണത്തിന്റെ വില മനസ്സിലാക്കി കൊടുക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്. ക്ലാസിലെ മറ്റു കുട്ടികള്‍ക്കുള്ളതെല്ലാം വാങ്ങാന്‍ പറ്റില്ലെന്നുള്ളത് കുട്ടിയെ ബോധ്യപ്പെടുത്തണം. പണം സമ്പാദിക്കുന്നത് ശീലമാക്കാന്‍ കുട്ടിയെ പരിശീലിപ്പിക്കണം. പോക്കറ്റ്മണി കരുതലോടെ ചെലവാക്കാന്‍ നിര്‍ദ്ദേശം കൊടുക്കുകയും വേണം.
- മക്കളോടോത്ത് ഉപകാരപ്രദമായ സമയം:- കുട്ടികളുമായി പ്രയോജനപ്രദമായ സമയം ചെലവഴിക്കുന്നത് പ്രത്യേക പണചെലവുള്ള കാര്യമല്ല. കുട്ടികള്‍ പറയുന്നത് കേള്‍ക്കുക എന്നതാണ് ആദ്യം വേണ്ടത്. കൂട്ടുകാരെകുറിച്ച്, സ്കൂളിലെ ടീച്ചറെക്കുറിച്ച്, സ്കൂള്‍വാനില്‍ കണ്ടത് എന്തും അവര്‍ പറയട്ടെ. കുട്ടികളോടൊപ്പം കുറച്ചു ദൂരം നടക്കുന്നത് പോലും ഗുണപ്രദമാകും. കുട്ടിയുടെ നിരീക്ഷണബുദ്ധി വളര്‍ത്തുന്നതിനു ഇത് വഴിയൊരുക്കും. കുട്ടിയുടെ പരാതികള്‍ എത്ര ബാലിശമാണെങ്കിലും അതിനു ചെവി കൊടുക്കുക.
- പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ പ്രാപ്തരാക്കുക:- സ്വന്തം കഴിവില്‍ ആത്മവിശ്വാസം വളര്‍ത്തുകയാണ് പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ കുട്ടിയ്ക്ക് ആദ്യ വഴികാട്ടി. ജീവിതാന്ത്യം വരെ ഇത് പ്രയോജനകരമാകും. “നിനക്കിതു ചെയ്യാന്‍ കഴിയും” എന്ന മാതാപിതാക്കളുടെ ഉറപ്പുമതി കുട്ടിയില്‍ ആത്മവിശ്വാസം അത്ഭുതകരമായി വളരാന്‍. ഒരു പ്രശ്നമുണ്ടായാല്‍, എന്ത് സംഭവിച്ചു, എങ്ങനെ സംഭവിച്ചു, പരിഹാരം എന്ത്, അവ എങ്ങനെ നടപ്പാക്കും എന്ന രീതിയില്‍ സമചിത്തതയോടെ അഭിമുഖീകരിക്കാന്‍ കുട്ടിയെ പരിശീലിപ്പിക്കണം. കുട്ടിയുടെ ഏത് പ്രശ്നത്തിലും സഹായിക്കാന്‍ മാതാപിതാക്കള്‍ കൂടെയുണ്ട് എന്ന ഉറപ്പ് കുട്ടിക്ക് കൊടുക്കുക.
- മാതാപിതാക്കള്‍ മാതൃകയായാല്‍ മതി:- കുട്ടികളോട് വിരല്‍ ചൂണ്ടി, കയറൂ എന്ന് ആജ്ഞാപിക്കുന്നവരാകരുത് മാതാപിതാക്കള്‍. നമ്മള് കയറാന്‍ ആരംഭിച്ചാല്‍ മക്കളും അനുഗമിച്ചോളും. സ്വന്തം ശരീരത്തെ മാത്രമല്ല, എതിര്‍ലിംഗത്തില്‍പെട്ടവരെ ബഹുമാനിക്കാനും കുട്ടികളെ ശീലിപ്പിക്കണം. മാന്യമായ വസ്ത്രധാരണം, സംസാരം എന്നിവയിലെല്ലാം ശ്രദ്ധിച്ചാല്‍ മൂല്യബോധം കുട്ടികളില്‍ സ്വയമേവ ഉണ്ടാകും. മാതാപിതാക്കള്‍ നന്ദിയുടെ വാക്കുകള്‍ പറയുമ്പോള്‍ മക്കളും മറ്റുള്ളവരോട് നന്ദി പറയുന്നവരാകും.
- കുട്ടികളോട് ക്രൂരത കാട്ടരുത്:- അമിതമായ പ്രതീക്ഷകളാണ് കുട്ടികളോടുള്ള ക്രൂരതയ്ക്ക് മുഖ്യ കാരണം. ശരാശരി നിലവാരമുള്ള കുട്ടിയോട് ഒന്നാം റാങ്ക് നേടിയാല്‍ സൈക്കിള്‍ വാങ്ങിത്തരാമെന്നു പറയുന്നത് ക്രൂരതയാണ്. വളഞ്ഞ വഴിയിലൂടെ അത് എങ്ങനെ നേടാമെന്ന് കുട്ടി ശ്രമിക്കാന്‍ സാധ്യതയുണ്ട്. കുട്ടികളെ അവരുടെ കുറവുകളോട് കൂടി അംഗീകരിക്കുകയാണ് വേണ്ടത്. എല്ലാ കുട്ടികള്‍ക്കും എല്ലാ കാര്യങ്ങളിലും താല്പര്യമുണ്ടാവില്ല. അവരുടെ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യേണ്ടത്. കുട്ടിയ്ക്ക് യാതൊരു താല്പര്യവുമില്ലാത്ത രീതികള്‍ അടിച്ചേല്‍പ്പിക്കരുത്.
