അയാളുടെ പേര് സാന്റിയാഗോ… എഴുപത്തിയഞ്ച് വയസ് പ്രായമുള്ള വൃദ്ധൻ. പക്ഷേ ആ പ്രായത്തിലെത്തിയ മറ്റേതൊരു വൃദ്ധനെയുംപോലെ ജീവിതത്തെ നിഷ്‌ക്രിയതയോടെയല്ല അയാൾ സമീപിക്കുന്നത്. കടന്നുപോയ ജീവിതഘട്ടത്തിൽ താൻ ചെയ്ത വീരസാഹസകൃത്യങ്ങൾ സ്വപ്നമായി വന്ന് അയാളിൽ പുനർജ്ജനിക്കുന്നുണ്ട്.
ഈ പ്രായത്തിലെത്തിയ ഒരു സാധാരണക്കാരൻ സ്വഭാവികമായും കണ്ടേക്കാവുന്ന സ്വപ്നങ്ങളോ ദു:സ്വപ്‌നങ്ങളോ ഒക്കെ മരണമോ ജീവിതത്തിലെ നിരാശത നിറഞ്ഞ സംഭവങ്ങളോ ആകാമെങ്കിൽ ഇവിടെ സാന്റിയാഗോയുടെ സ്വപ്നങ്ങളിൽ അതൊന്നുമല്ല എന്നതും ശ്രദ്ധേയം. കഴിഞ്ഞ എഴുപതിലേറെ ദിവസങ്ങളായി ഒരു ചെറിയ പായ് വഞ്ചിയിൽ കയറി കടലിൽ പോയി മീൻ പിടിക്കുകയാണ് അയാളുടെ ജോലി.
നിർഭാഗ്യകരമെന്ന് പറയട്ടെ ഈ ദിവസങ്ങളിലൊന്നിലും ഒരു പൊടിമീൻ പോലും അയാളുടെ ചൂണ്ടയിൽ കൊത്തിയിട്ടില്ല. പക്ഷേ അയാൾക്കതിൽ നിരാശതയോ അതുകൊണ്ട് ദിനേനയുള്ള ആ കൃത്യത്തിൽ നിന്നുള്ള പിൻവാങ്ങലോ സംഭവിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം. വലിയൊരു മീൻ തന്റെ ചൂണ്ടയിൽ കൊത്തുമെന്ന് തന്നെയാണ് അയാളുടെ വിശ്വാസം.
ആ വിശ്വാസം ഒരു ദിനം അയാൾക്ക് തുണയാവുക തന്നെ ചെയ്തു. പതിവുപോലെയുള്ള ആ കടൽ യാത്രയിൽ അയാളുടെ ചൂണ്ടയിൽ ഒരു മീൻ കൊത്തി. മുന്നൂറാൾ താഴ്ചയിൽ ചൂണ്ടയെറിഞ്ഞപ്പോഴായിരുന്നു അത്. ചൂണ്ട വലിക്കാൻ നോക്കിയപ്പോഴാണ് മീൻ പോരാട്ടം തുടങ്ങിയിരിക്കുന്നതായി അയാൾ മനസ്സിലാക്കിയത്.
അതുകൊണ്ട് പോരാടാൻ മത്സ്യത്തെ വിട്ടുകൊടുത്ത് കാത്തിരിക്കാൻ അയാൾ തയ്യാറായി. അങ്ങനെ വള്ളവും വലിച്ച് മീൻ മൂന്നു ദിവസം കടലിൽ അലഞ്ഞു. വള്ളത്തെക്കാൾ വലുതായ മീനായിരുന്നു അത്. ഒടുവിൽ മീനിനെ കീഴടക്കി കടലിൽ നിന്ന് കരയിലേക്കുള്ള യാത്രയിൽ സ്രാവുകളെല്ലാം ചേർന്ന് മത്സ്യത്തെ തിന്നുതീർത്തു എന്നത് സങ്കടകരമായ വസ്തുത.
അയാളെ തീരത്ത് കാത്തുനിന്നത് ഗ്രാമം മുഴുവനുമായിരുന്നു. ആ ഗ്രാമത്തിൽ ആരും ഇതുവരെ അത്രയും വലുപ്പമുള്ള ഒരു മത്സ്യത്തെ പിടികൂട്ടിയിട്ടില്ല എന്നാണ് അതിന്റെ എല്ലുകണ്ട് എല്ലാവരും അഭിപ്രായപ്പെട്ടത്.
ഇത് കിഴവനും കടലും എന്ന ഹെമിങ് വേയുടെ പ്രശസ്ത കൃതിയുടെ ഇതിവൃത്തമാണ്. ഏതൊരാളെയും ഏതു പ്രായത്തിലും പ്രചോദിപ്പിക്കുന്ന ഇതിവൃത്തമാണ് ഇതിന്റേത്. പക്ഷേ മറ്റൊരു തരത്തിൽ ഈ കൃതിയെ ഇന്നേ ദിവസം കാണുന്നത് നല്ലതാകുമെന്ന് കരുതുന്നു.
അത് പ്രസാദപൂർണ്ണമായ വാർദ്ധക്യത്തിന്റെ കഥയാണ്. നിഷ്‌ക്രിയരായിരിക്കുന്ന നമ്മുടെ അനേകം വാർദ്ധക്യങ്ങളെ ക്രിയാത്മകരാക്കാൻ സഹായിക്കുന്നുണ്ട് സാന്റിയാഗോ. പ്രായം ജീവിതത്തിലെ മികച്ച നേട്ടങ്ങൾ നേടുന്നതിൽ നിന്ന് നമ്മെ പിന്തിരിപ്പിക്കേണ്ടതില്ലെന്നാണ് അയാൾ പറയുന്നത്.
നമ്മുടെ പ്രിയപ്പെട്ട കലാം പറഞ്ഞതുപോലെ സ്വപ്നം കാണുന്നവരാകാനും സാന്റിയാഗോ പറയുന്നു. സാന്റിയാഗോ കാണുന്ന സ്വപ്നങ്ങളെ തന്നെ നോക്കൂ… എത്ര ലൈവായിട്ടുള്ളവയാണ് അവ. സ്വപ്നങ്ങളിൽ ചെറുപ്പം സൂക്ഷിക്കുക. മനോഭാവങ്ങളിൽ യുവത്വമുണ്ടായിരിക്കുക. സാന്റിയാഗോയുടെ ജീവിതം നല്കുന്ന സന്ദേശം അതാണ്.
ഓരോ വിധത്തിലുള്ള പോരാട്ടങ്ങൾ ഓരോരുത്തരുടെയും ജീവിതത്തിലുണ്ടാകും. പിടി വിടാതെ പോരാടുക. എഴുപത്തിയഞ്ച് വയസ് പ്രായമുള്ള ഒരു വൃദ്ധൻ കരക്കാണാകടലിൽ ഒറ്റയ്ക്ക് നിന്ന് മത്സ്യവുമായി പോരാടാൻ തയ്യാറാകുമ്പോൾ അയാളെ അതിന് പ്രേരിപ്പിക്കുന്നത് തോറ്റുകൊടുക്കാനുള്ള സന്നദ്ധതയില്ലായ്മയാണ്. ഒരു കാറ്റിനും കടലിനും അയാളിലെ പോരാട്ടവീര്യത്തെ കെടുത്താനാവില്ല. ചൂണ്ടയിൽ കുരുങ്ങിയ ഒരു മത്സ്യത്തിനും കീഴടങ്ങിക്കൊടുക്കാൻ അയാൾ തയ്യാറുമല്ല.
വാർദ്ധക്യം ഒരാളുടെ സ്വപ്നങ്ങൾക്ക് അതിരുവരയ്ക്കുന്നില്ല എന്നുകൂടി ഈ കഥ നമ്മോട് പറയുന്നുണ്ട്. വാർദ്ധക്യം ജീവിതത്തിൽ നിന്നുള്ള എക്സിറ്റല്ല, അത് ജീവിതത്തിലെ തുറക്കുകയും അടയ്ക്കപ്പെടുകയും ചെയ്യുന്ന അനേകം വാതിലുകളിൽ ഒന്നുമാത്രം.
പ്രായമെത്തിയതേിന്റെ പേരിലോ പ്രായമേറിപ്പോയതിന്റെ പേരിലോ നമ്മുടെയുള്ളിലുള്ളതിനെയൊന്നും ഇല്ലാതാക്കാൻ നോക്കരുത്. ഒരു സ്വപ്നത്തിനും പകരം വയ്ക്കാൻ കഴിയുന്നതല്ല പ്രായം.
ഒരു പ്രായവും നമ്മുടെ ഒരു സ്വപ്നത്തെയും ഹനിക്കാനും പാടില്ല.