‘ചിലർ വരുമ്പോൾ ചരിത്രം വഴിമാറും’ എന്ന പരസ്യവാചകം വരുന്നതിന് മുമ്പ് സംഭവിച്ച മുന്നേറ്റമാണ് ഇത്. അമ്പതിൽ പരം വർഷങ്ങൾക്ക് മുമ്പ് മലബാറിലെ പയ്യാവൂരിൽ നിന്നാണ് ഈ കഥ ആരംഭിക്കുന്നത്.
ജീവിതസ്വപ്നങ്ങളുടെ ഭാണ്ഡവും പേറിയുള്ള കുടിയേറ്റ ജനതയുടെ തുടക്കകാലം. വികസനം എന്ന വാക്ക് നിഘണ്ടുവിൽ മാത്രമേ അന്ന് ഉണ്ടായിരുന്നുള്ളൂ. പ്രകൃതിയോട് പടവെട്ടി പൊരുതി വീഴുകയോ പൊരുതിജയിക്കുകയോ ചെയ്യുന്ന മനുഷ്യർ. പ്രകൃതിയെ കീഴടക്കിയെങ്കിലും കീഴടക്കാനാവാത്തതായി പകർച്ചവ്യാധികളും രോഗങ്ങളുമുണ്ടായിരുന്നു. ഹിംസ്രജന്തുക്കളും വിഷജന്തുക്കളുമുണ്ടായിരുന്നു.
രോഗങ്ങളുടെ ഈ ആക്രമണത്തിൽ കുടിയേറ്റജനത നിസഹായരായി നോക്കിനിന്നപ്പോൾ അവരുടെ ദയനീയതയ്ക്ക് പരിഹാരമെന്ന നിലയിലാണ് കോട്ടയം രൂപതാധ്യക്ഷനായിരുന്ന ബിഷപ് തോമസ് തറയിൽ അലക്സ് നഗറിൽ മേഴ്സി ഹോസ്പിറ്റൽ സ്ഥാപിച്ചത്. ഈ ഹോസ്പിറ്റലിന്റെ നേതൃത്വസ്ഥാനത്തേക്ക് ബിഷപ് നിയമിച്ചത് കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് പ്രഥമ അംഗവും ജർമനിയിൽ നിന്ന് മെഡിസിൻ പൂർത്തിയാക്കി കാരിത്താസിൽ ജോലി ചെയ്തുകൊണ്ടിരിക്കുകയുമായിരുന്ന ഡോ. മേരി കളപ്പുരയ്ക്കലിനെയായിരുന്നു.
ഒരു ഡോക്ടറായി ആശുപത്രിയുടെ കോമ്പൗണ്ടിൽ ഒതുങ്ങുക മാത്രമല്ല തന്റെ കടമയെന്ന് പയ്യാവൂരിലെത്തിയ ആദ്യ നാളുകളിൽ തന്നെ ഡോ. മേരിക്ക് മനസ്സിലായി. വൈദ്യുതിയില്ല,വഴിയില്ല, ടെലിഫോൺ സൗകര്യങ്ങളോ തപാലാഫീസുകളോ ഇല്ല. ആശുപത്രിയിൽ പോലും വേണ്ടത്ര സൗകര്യങ്ങളില്ല, ഉപകരണങ്ങളില്ല.
ചെറിയൊരു തുക മാത്രമേ ഫീസായി നിശ്ചയിച്ചിരുന്നുള്ളൂവെങ്കിലും അതുപോലും കൊടുക്കാൻ അന്നത്തെ കുടിയേറ്റ ജനതയ്ക്ക് കഴിഞ്ഞിരുന്നില്ല. മുടക്കുമുതലെങ്കിലും തിരിച്ചുപിടിക്കാൻ കഴിയാതെ വന്നപ്പോൾ ആശുപത്രി അടച്ചുപൂട്ടിയാലോ എന്നും ചിന്തിച്ചുപോയ അവസരം.
ഈ സാഹചര്യത്തിൽ തനിക്ക് പരിചയമുണ്ടായിരുന്ന ജർമ്മനിയിലെ സുഹൃത്തുക്കളുടെ സഹായം തേടാൻ തന്നെ ഡോ. മേരി തീരുമാനിച്ചു . അങ്ങനെ ജർമ്മനിയിലെ സുഹൃത്തുക്കൾ നല്കിയ സാമ്പത്തിക സഹായത്തിന്റെ പിൻബലത്തിലായിരുന്നു പിന്നീട് മേഴ്സി ആശുപത്രിയുടെ വളർച്ച.
കുറെക്കൂടി സൗകര്യപ്രദമായ സ്ഥലത്ത് ആശുപത്രി ആരംഭിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ചിന്തകൾ ഉയർന്നുവന്നതും അപ്പോഴായിരുന്നു. പയ്യാവൂർ പള്ളിക്കെട്ടിടത്തിൽ വാടകയ്ക്ക് മേഴ്സി ആശുപത്രിയുടെ ഒരു വിങ്ങ് 1975 ൽ ആരംഭിച്ചു. രണ്ടു ആശുപത്രികളും തമ്മിൽ ആറു കിലോമീറ്ററിന്റെ അകലമുണ്ടായിരുന്നുവെങ്കിലും രണ്ടിടങ്ങളിലും മടുപ്പുകൂടാതെ ഡോ. മേരിയെത്തിയിരുന്നത് പലർക്കും അത്ഭുതമായിരുന്നു.
മേഴ്സി ആശുപത്രിയിൽ കിടത്തിചികിത്സയുടെ ആവശ്യവും ഇതോടൊപ്പം ഉയർന്നുവന്നു. എന്നാൽ ഒരു ആശുപത്രി
കെട്ടിടം പുതുതായി പണിയാൻതക്ക സാമ്പത്തികസ്ഥിതി കോട്ടയം അതിരൂപതയ്ക്കുണ്ടായിരുന്നില്ല, മലബാറിലെ ജനതയ്ക്ക് നല്ല ചികിത്സ ലഭ്യമാകുന്ന ഒരു ആശുപത്രി ഡോ. മേരിയുടെ സ്വപ്നവുമായിരുന്നു.
രണ്ടിനുമിടയിൽ മേരി ഒരു തീരുമാനമെടുത്തു. ജർമ്മനിയിലേക്ക് തന്നെ മടങ്ങുക. അവിടെയുള്ള സുഹൃത്തുക്കളെ നേരിൽ ചെന്ന് കണ്ട് സഹായം അഭ്യർത്ഥിക്കുക. അക്കാലത്ത് കൊളോൺ രൂപതയിലെ പല ദേവാലയങ്ങളിലും മലബാറിലെ ആശുപത്രിക്കുവേണ്ടിയുളള മേരിയുടെ സഹായാഭ്യർത്ഥനകൾ ഉയർന്നിട്ടുണ്ട്.അവയുടെയെല്ലാം ഫലമായാണ് ഇന്ന് മേഴ്സി ഹോസ്പിറ്റലിന്റെ വളർച്ച. ജർമ്മനിയിൽ നിന്ന്കടൽ കടന്നെത്തിയ സഹായമാണ് ഹോസ്പിറ്റലിന്റെ ക്വാർട്ടേഴ്സുകളും ആധുനികചികിത്സാ ഉപകരണങ്ങളുമെല്ലാം.
ആശുപത്രിയിൽ രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് അനുസരിച്ച കിടത്തിചികിത്സിക്കാൻ കഴിയാതെ വന്ന അവസരങ്ങളിൽ സ്വന്തം മുറിയിൽ പോലും രോഗികളെ കിടത്തി ചികിത്സിക്കാൻ ഡോ. മേരി തയ്യാറായതിനെക്കുറിച്ച് അനുഭവസ്ഥർ ഇപ്പോഴും പറയുന്നുണ്ട്. ജാതിയോ മതമോ നോക്കാതെയായിരുന്നു ഡോ. മേരിയുടെ എല്ലാ പ്രവർത്തനങ്ങളും. ആശുപത്രിയിലെ ഭാരപ്പെട്ട ജോലികൾക്കിടയിലും വീടുകളിലെ കിടപ്പുരോഗികളെ തേടിയുള്ള യാത്രകൾക്ക് മേരി മുടക്കം വരുത്തിയിരുന്നില്ല.
അക്കാലത്ത് നാ ലുകിലോമീറ്റർ നടന്നുവേണമായിരുന്നു പോസ്റ്റോഫീസിലെത്താൻ. ഈ സാഹചര്യത്തിലാണ് മേരിയുടെ നേതൃത്വത്തിൽ ആശുപത്രി കെട്ടിടത്തിൽ തന്നെ പോസ്റ്റോഫീസ് ആരംഭിക്കാൻ കാരണമായത്. അതുപോലെ ടെലിഫോൺ പയ്യാവൂരിലെത്തിയതും ഡോക്ടറുടെ പരിശ്രമ ഫലമായിട്ടായിരുന്നു.

മേഴ്സി ഹോസ്പിറ്റലിലേക്ക് രോഗികൾക്ക് എത്തിച്ചേരാൻ തടസമായി നിന്നത് പാലത്തിന്റെ അഭാവമായിരുന്നു. അപകടത്തിൽപെട്ടവരെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ കഴിയാത്തതുകൊണ്ട് പലരും മരണമടഞ്ഞ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇതിൽ ഖിന്നയായിരുന്ന ഡോക്ടർ മേരിയുടെ പരിശ്രമഫലമായിട്ടാണ് അഞ്ചുലക്ഷം രൂപ മുടക്കി ഒരു തൂക്കുപാലം പണിതത്. മുപ്പതിൽപരം വർഷങ്ങൾക്ക് ശേഷവും രണ്ടു മഹാപ്രളയത്തെ അതിജീവിച്ചും ഇന്നും ആ തൂക്കുപാലം തലഉയർത്തിനില്ക്കുന്നു ഡോ. മേരിയുടെ സ്നേഹം പോലെ… നിസ്വാർത്ഥതയ്ക്ക് തെളിവായി…
എൺപത്തിയഞ്ചിലെത്തി നില്ക്കുന്ന ഈ പ്രായത്തിലും അടുത്തകാലം വരെയുളള ഏതു യാത്രകളിലും മേരിയുടെ ബാഗിൽ ഒരു സ്റ്റെതസ്‌ക്കോപ്പ് ഉണ്ടായിരുന്നു. എപ്പോഴാണ് രോഗികളെ കണ്ടുമുട്ടുകയെന്നോ ആവശ്യം വരികയെന്നോ നിശ്ചയമില്ലല്ലോ? ഇപ്പോൾ കോട്ടയം കാരിത്താസിൽ വിശ്രമജീവിതം നയിക്കുകയാണ് ഡോ. മേരി കളപ്പുരയ്ക്കൽ.
ഒരിക്കലും തന്റെ പ്രവർത്തനങ്ങളെയോ സേവനങ്ങളെയോ പരസ്യപ്പെടുത്താനോ അതുവഴി അംഗീകാരം നേടിയെടുക്കാനോ മേരി ശ്രമിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ മദർ ഓഫ് മലബാർ പുരസ്‌ക്കാരം ഡോ. മേരിയെ സംബന്ധിച്ചിടത്തോളം വൈകി വന്ന അംഗീകാരമാണെന്ന് വേൾഡ് മലയാളി കൗൺസിൽ പ്രസിഡന്റ് ജോണി കുരുവിള പറയുന്നത് അക്ഷരംപ്രതി ശരിയാണെന്ന് ആ ജീവിതത്തെ അടുത്തറിയുന്ന എല്ലാവരും സമ്മതിക്കും.