ചുറ്റുവട്ടത്തെങ്ങാനും കാറ്റിൽ പെട്ട് വൻ മരങ്ങൾ 
വീണെന്നറിഞ്ഞാൽ അവിടേയ്ക്ക് ഓടിപ്പാഞ്ഞു 
ചെല്ലുന്ന ഒരാളുണ്ടായിരുന്നു ഞങ്ങളുടെ നാട്ടിൽ.
ചെന്നാലുടനെത്തന്നെ മണ്ണിൽ അനാഥരായി കിടക്കുന്ന കിളിക്കുഞ്ഞുങ്ങളെയും പ്രാണികളെയും 
പുഴുക്കളെയും കുറച്ചുനേരം നെഞ്ചോടു ചേർത്തു പിടിച്ച് 
ആശ്വസിപ്പിക്കും അയാൾ.
പിന്നെ പ്രാണികളേയും പുഴുക്കളേയും 
അതീവശ്രദ്ധയോടെ മറ്റേതെങ്കിലും മരത്തിന്റെ 
തടിയിലോ ചില്ലകളിലോ ചേർത്തു വയ്ക്കും.
പറക്കമുറ്റാത്ത കിളിക്കുഞ്ഞുങ്ങളെ വീട്ടിലേക്ക് കൊണ്ടുപോയി പരിചരിച്ച് വളർത്തിവലുതാക്കും.
അതിനിടയിൽ വീണുപോയ മരത്തിന്റെ തൈകളോ 
വിത്തുകളോ എങ്ങനെയെങ്കിലും തപ്പിപ്പിടിച്ച് 
മരം നിന്ന അതേ സ്ഥലത്തുതന്നെ നടും.
ഒരിക്കൽ ഒരു കുന്നുംപുറത്ത് ഒറ്റക്ക് നിന്നിരുന്ന 
ഒരു വൻ മരം കാറ്റിൽ മറഞ്ഞു വീണെന്നറിഞ്ഞ് 
അവിടേയ്ക്ക് ഓടിയെത്തി അയാൾ.
തന്റെ കൂട് തകർന്നു പോയതിന്റെ സങ്കടത്തിൽ മരത്തിൽ ചാരിയിരുന്ന ഒരു കാക്ക, ഒറ്റക്ക് നിന്ന് നിന്ന് മടുത്ത് 
ആ മരം കാറ്റിലേക്കെടുത്തു ചാടി ആത്മഹത്യ 
ചെയ്തതാണെന്ന് അയാളോട് പറഞ്ഞു.
ചുറ്റും മരങ്ങൾ ഒന്നും ഇല്ലാത്തതുകൊണ്ട് അയാളുടെ 
ദേഹത്ത് കുഞ്ഞുങ്ങളെപ്പോലെ പറ്റിച്ചേർന്നിരുന്ന 
പ്രാണികളും പുഴുക്കളും അതുകേട്ട് സങ്കടപ്പെട്ട് 
കരയാൻ തുടങ്ങി.
അതിനിടയിൽ ഒരു മരംകൊത്തി വന്ന് അയാളോട് പറഞ്ഞു, ഈ മരത്തിന്റെ വിത്തുകളോ തൈകളോ 
ഇനി ഈ ഭൂമിയിൽ ബാക്കിയില്ല എന്ന്.
അതും കൂടി കേട്ടതോടെ തളർന്നുപോയ അയാൾ 
കണ്ണുകളടച്ച് ഒരേ നിൽപ്പ് തന്നെ നിന്നുപോയെന്നാണ് കുന്നിറങ്ങി വന്ന കാറ്റ് നാട്ടുകാരോട് പറഞ്ഞത്.
കുറെ വർഷങ്ങൾക്കു ശേഷം ഞങ്ങളുടെ നാട്ടിലെ 
എൽ പി സ്‌കൂളിലെ കുട്ടികളെ കുന്നു കാണിക്കാൻ 
കൊണ്ടു പോയ മാഷമ്മാര് പറഞ്ഞാണറിഞ്ഞത് അയാൾ ആ കുന്നിൻ മുകളിൽ ഒരു മരമായി 
നിൽക്കുന്നുണ്ടെന്ന്.
അപ്പോൾ അയാളുടെ കൊമ്പുകളിൽ 
കിളികൾ കൂടു കൂട്ടി മുട്ടയിടുന്നു.
അയാളുടെ തടിയിൽ പ്രാണികളും പുഴുക്കളും സന്തോഷത്തോടെ ജീവിച്ചുപോരുന്നു.
അയാളിൽ വിരിഞ്ഞിറങ്ങുന്ന പൂക്കൾ കുന്നുംപുറം മുഴുവൻ സുഗന്ധം കൊണ്ട് നിറയ്ക്കുന്നു.
അയാളുടെ വേരുകൾ, മഴവെള്ളപ്പാച്ചിലിൽ ഒലിച്ചുപോവാതെ മണ്ണിനെ ചേർത്തു പുണരുന്നു.
ഇത് വായിച്ച് ആ വൻ മരത്തെ കാണാൻ 
ആരെങ്കിലും പോകുന്നുണ്ടെങ്കിൽ 
ഒരു കാര്യം ചോദിക്കണേ,
ഒറ്റയ്ക്കായിപ്പോയ ഈ ഭൂമിയിലെ മനുഷ്യർക്ക് ഇങ്ങനെ മരമായി മാറാൻ ഇനിയും കഴിയുമോ എന്ന്.
സജിത്ത് കുമാർ
