നല്ലത് വരാനിരിക്കുന്നതേയുള്ളൂ 

Date:


‘നന്നായി തുടങ്ങിയാൽ പാതിയോളമായി…’ നമ്മൾ തന്നെയും പലപ്പോഴും പറഞ്ഞിട്ടുള്ള ഒരു ചൊല്ലാണ് ഇത്. എന്താണ് ഇതിന്റെ അർത്ഥം? നല്ല രീതിയിൽ തുടങ്ങുക. നന്നായി തുടങ്ങിയാൽ അത് പാതി വിജയിച്ചുവെന്ന്… ഇങ്ങനെ പല അർത്ഥവും പറയാം.

ശരിയാണ് ഏതുകാര്യവും മനസ്സുകൊടുത്ത്, പ്ലാൻ ചെയ്ത് നല്ലതുപോലെ ആരംഭിക്കുന്നത് അതിന്റെ വിജയത്തിന് നല്ലതാണ്. എന്നാൽ വേണ്ടത്രഒരുക്കമില്ലാതെയും ആലോചിക്കാതെയും ചെയ്യുന്ന ചില കാര്യങ്ങൾ പരാജയപ്പെടാനാണ് സാധ്യത. പക്ഷേ പരാജയപ്പെട്ടുവെന്ന് കരുതി വിജയിക്കാൻ കഴിയില്ല എന്ന് അർത്ഥമില്ല. എത്രയെത്ര പരാജയങ്ങളിലൂടെയാണ് ചിലരൊക്കെ മഹാവിജയങ്ങളിലെത്തിയത്. സ്‌കൂൾ ക്ലാസ് മുതൽ നാം കേട്ടുവളരുന്ന അബ്രാഹം ലിങ്കന്റെ വിജയകഥ തന്നെ ഉദാഹരണം. അപ്പോൾ തുടക്കം നന്നായില്ലെങ്കിലും പിന്നീട് വിജയിക്കാൻ സാധിക്കും. മനസ്സുണ്ടെങ്കിൽ.. ശ്രമമുണ്ടെങ്കിൽ.. പ്രതീക്ഷയുണ്ടെങ്കിൽ..

കൂടുതലാളുകളെയും ആകർഷിക്കുന്ന ഒരു കലാരൂപമെന്ന നിലയിൽ സിനിമയിലെ ചില ഉദാഹരണങ്ങൾ പറയാം.
ഇന്ന് മലയാളത്തിലെ മികച്ച നടന്മാരിലൊരാളായി പരക്കെ അംഗീകരിക്കപ്പെടുന്ന ഫഹദ് ഫാസിലിന്റെ കരിയർ ഗ്രാഫ് നോക്കൂ. കയ്യെത്തും ദൂരത്ത് എന്ന ഫാസിൽ സിനിമയിലൂടെയാണ് ഫഹദ് അഭിനയരംഗത്തെത്തിയത്. The best is yet to comeമോഹൻലാലിനെയും ശാലിനിയെയും പൂർണ്ണിമജയറാം, കുഞ്ചാക്കോ ബോബൻ തുടങ്ങിയ അഭിനയരംഗത്ത് ഏറെ ശ്രദ്ധേയരായവരെയും മലയാളത്തിൽ അവതരിപ്പിച്ച പ്രതിഭാധനനായ സംവിധായകനാണല്ലോ ഫാസിൽ. പോരാഞ്ഞ് ഫഹദിന്റെ വാപ്പയും. എന്നിട്ടും കയ്യെത്തുംദൂരത്ത് ഒട്ടും വിജയമായില്ല. ഫഹദും. പാളിപ്പോയ തുടക്കത്തിന് ഏറ്റവും നല്ല ഉദാഹരണം. ഫഹദിന് അഭിനയിക്കാൻ അറിയില്ലെന്ന് ഭൂരിപക്ഷവും വിധിയെഴുതി. പക്ഷേ ഫഹദ് ഇന്ന് നമ്മെ വിസ്മയിപ്പിക്കുന്നു. നന്നായി തുടങ്ങിയില്ലെങ്കിലും ജീവിതത്തിന്റെ തുടർച്ചയിൽ അയാൾ  പിന്നീട് വിജയിച്ചു.

ബോളിവുഡിലെ ശ്രദ്ധേയ താരം വിദ്യാബാലന്റെ  തുടക്കം മലയാളത്തിലായിരുന്നുവെന്ന കാര്യം ഒരുപക്ഷേ പലർക്കും അറിയില്ല. കമൽ-ലോഹിതദാസ്‌കൂട്ടുകെട്ടിൽ പിറന്ന ചക്രം എന്ന സിനിമയിലായിരുന്നു വിദ്യ അഭിനയിക്കാനെത്തിയത്. കുറച്ചുദിവസത്തെ ഷൂട്ടിംങ് നടന്നു. പിന്നെ ചിത്രം മുന്നോട്ടുപോയില്ല. അഭിനയിക്കാൻ കഴിയാതെ വരികയും ചിത്രം മുടങ്ങിപ്പോവുകയുമൊക്കെ ചെയ്താൽ രാശിയില്ലാത്ത നടിയെന്ന പേരിൽ അന്ധവിശ്വാസങ്ങളേറെയുള്ള സിനിമയിൽ മാറ്റിനിർത്തപ്പെടുകയാണ് പതിവ്. പക്ഷേ പാലക്കാട്ടുകാരിയായ വിദ്യയെ പിന്നെ ഇന്ത്യ കണ്ടത് ഹിന്ദിയിലാണ്. തുടക്കം പാളിയെങ്കിലും തുടക്കത്തിൽ വിജയിച്ചില്ലെങ്കിലും വിദ്യാബാലൻ ഇന്ന് കീഴടക്കിയിരിക്കുന്ന ഉയരങ്ങളെക്കുറിച്ച് ആർക്കും സംശയമില്ല.  

പാർവതിയെന്ന വലിയ കണ്ണുകളുള്ള നടിയെ മലയാളസിനിമാ പ്രേക്ഷകർ മറക്കാനിടയില്ല.ബാലചന്ദ്രമേനോന്റെ വിവാഹിതരേ ഇതിലേ ഇതിലേ എന്ന സിനിമയിലൂടെയായിരുന്നു തുടക്കം. പക്ഷേ തുടക്കത്തിൽ എത്ര അഭിനയിച്ചിട്ടും ഒട്ടും ശരിയായില്ല. അഭിനയം മോശമായതിന്റെ പേരിൽ തിരിച്ചയയ്ക്കാൻ വരെയുള്ള തീരുമാനത്തിൽ സംവിധായകൻ എത്തി.  പിന്നീട് അവിടെ നടന്നത്  അവിശ്വസനീയമായ കാര്യമായിരുന്നു. ഒഴിവാക്കി നിർത്താൻ കഴിയാത്തവിധം പാർവതി മലയാളസിനിമയുടെ ഭാഗമായി. 

സംയുക്താവർമ്മ എന്ന നടിയുടെ തുടക്കവും സമാനമായ രീതിയിലായിരുന്നു. സത്യൻ അന്തിക്കാടിന്റെ വീണ്ടുംചില വീട്ടുകാര്യങ്ങളിലൂടെ തുടക്കം കുറിച്ച നടിയായിരുന്നു സംയുക്ത. ആദ്യദിവസം എത്ര അഭിനയിച്ചിട്ടും ശരിയാകുന്നില്ല. സംവിധായകൻ ദേഷ്യപ്പെട്ടു. നടി കരഞ്ഞു. അവിടെയും ഒരു അത്ഭുതത്തിന് സിനിമ സാക്ഷ്യം വഹിച്ചു.സംയുക്തയും ഏറെക്കാലം സിനിമയിൽ തിളങ്ങിനിന്നു.

കിരീടവും സദയവും തനിയാവർത്തനവും ചെയ്ത് മലയാളികളെ അനുഭവിപ്പിച്ച സിബിമലയിലിന്റെ തുടക്കം അത്ര ശോഭനമൊന്നുമായിരുന്നില്ല.  പെരുന്തച്ചൻസംവിധാനം ചെയ്ത അജയനെപോലെയോ മഹേഷിന്റെ പ്രതികാരം ചെയ്ത ദിലീഷ് പോത്തനെപോലെയോ വിസ്മയിപ്പിക്കുന്ന തുടക്കമൊന്നും ആയിരുന്നില്ല സിബിയുടേത്. മുത്താരംകുന്ന് പി ഒ എന്ന ശരാശരി സിനിമ ചെയ്തുകൊണ്ടായിരുന്നു അദ്ദേഹം കടന്നുവന്നത്. അത്തരമൊരു പാറ്റേണിൽ ഒതുങ്ങിപ്പോകാൻ എല്ലാസാധ്യതകളുമുണ്ടായിരുന്നു. പക്ഷേ പിന്നീട് മലയാളം സിബിയെ കണ്ടത്  കലാമൂല്യവും ജനപ്രീതിയുമുള്ള സംവിധായകനായിട്ടാണ്. 

അതുകൊണ്ട് തുടക്കം നോക്കി ഒരാളെ ജഡ്ജ്മെന്റ് ചെയ്യരുത്.  ഒരു രീതിയിൽ തുടങ്ങിയെന്നതുകൊണ്ട് അയാൾ എപ്പോഴും അതേ രീതിയിലായിരിക്കും മുന്നോട്ടുപോവുക എന്ന മുൻവിധിയും പാടില്ല. എപ്പോഴും ഒരു സാധ്യത, ഒരു അത്ഭുതം എല്ലാവരുടെയും ജീവിതത്തിലുണ്ട്. ഓണക്കാലത്തെ ശ്രദ്ധേയ ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയുടെ പിന്നിലെ കഥയും നോക്കൂ. വിനയനാണ് സംവിധായകൻ. അടുത്തകാലത്ത് ഭേദപ്പെട്ടതെന്ന് പറയാവുന്ന ഒരു ചിത്രവും അദ്ദേഹത്തിന്റേതായി വന്നിട്ടില്ല. അദ്ദേഹത്തെ മലയാളസിനിമ തള്ളിക്കളയുകയും ചെയ്തിരുന്നു. പക്ഷേ അവിടെയാണ് ബാഹുബലിയും ആർആർആർ പോലെയുമുള്ള ഒരു സിനിമ ചെയ്ത് അത്ഭുതം രചിച്ചത്. ഒരു കുട്ടിയും വീഴാതെ നടന്നിട്ടില്ല. ഒരു നീന്തലുകാരനും വെള്ളം കുടിക്കാതെ വിദഗ്ദനായിട്ടില്ല. എത്രയധികം തിരുത്തിയെഴുതിയാണ് ഒരു ലേഖനമോ കഥയോ ഓരോരുത്തരും എഴുതുന്നത്.

അതുകൊണ്ട് പാളിപ്പോയ തുടക്കങ്ങൾ നമ്മുടെജീവിതത്തിന്റെ അവസാനവാക്കല്ല. അതെ ഒരു തുടക്കവും അവസാനമല്ല. ഓരോ അവസാനത്തിനും ഓരോ പുതിയ തുടക്കങ്ങളുണ്ട്. നല്ലതുപോലെ പ്ലാൻ ചെയ്തും നല്ല രീതിയിലും തുടങ്ങുന്നത് തീർച്ചയായും നല്ലതുതന്നെ. പക്ഷേ തുടക്കം ചീറ്റിപ്പോയതുകൊണ്ട് അത് അന്ത്യമാണെന്ന് വിചാരിക്കാതിരിക്കുക. മനസ്സ് മടുക്കാതിരിക്കുക. മനസ്സ് നീറ്റാതിരിക്കുക. വിജയിക്കാൻ നമുക്ക് നാളെയുണ്ട്. മറക്കരുത്, നമ്മളിലെ നല്ലത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ.

More like this
Related

പിന്തിരിഞ്ഞോടരുത് !

പരാജയങ്ങൾ വിജയത്തിന്റെ ചവിട്ടുപടിയാണെന്ന് പറയുമ്പോഴും, ആദ്യത്തെ പരാജയത്തിൽ തന്നെ മനസ്സു മടുക്കുന്നവനാണ്...

സ്വയം ഉയരുക

മറ്റുള്ളവർ വളർത്തുമെന്ന് കരുതി കാത്തിരിക്കുന്നതാണ് ജീവിതത്തിൽ മനുഷ്യർ ചെയ്യുന്ന വലിയ അബദ്ധങ്ങളിലൊന്ന്....

നന്നാകാൻ നാളെവരെ കാത്തിരിക്കേണ്ട

നല്ലതാകാൻ നാളേയ്ക്കുവേണ്ടി കാത്തിരിക്കുന്നവരാണ് പലരും. പ്രവൃത്തിക്കാനും അവർ നാളേയ്ക്കുവേണ്ടി കാത്തിരിക്കുന്നു. ഫലമോ...

സേവിങ്ങ്‌സ് എത്ര ഉണ്ട്..? 

ചോദ്യം കേട്ടാൽ ഓർമ തനിയെ ബാങ്കിലേക്ക് പോകും. സേവിങ്ങ്‌സ് അഥവാ നിക്ഷേപം...

പരിമിതികൾ ഇല്ലാത്ത ജീവിതം

കുഞ്ഞുനാളുകളിൽ സ്വപ്‌നങ്ങളെക്കുറിച്ച് കേട്ടിട്ടുള്ള മനോഹരമായ ഒരു കാര്യം വെളുപ്പാൻ കാലത്ത് കാണുന്ന...

മുറിവുകൾ തളിർക്കുമ്പോൾ…

മുറിവുകൾക്ക് ഒരു ചരിത്രം ഉണ്ടോ?  അറിഞ്ഞുകൂടാ. എന്നിരുന്നാലും ഓരോ മുറിവുകൾക്ക് പിന്നിലും...

പോസിറ്റീവാകൂ നല്ലതുപോലെ…

കേൾക്കുമ്പോൾതന്നെ ഉള്ളിൽ സന്തോഷം നിറയുന്ന ഒരു വാക്കാണ് പോസിറ്റീവ്. പോസിറ്റീവ് കാര്യങ്ങൾ...

മറക്കരുതാത്ത മൂന്നു കൂട്ടർ

ജീവിതത്തിൽ മൂന്നുതരം ആളുകളെ മറക്കരുതെന്നാണ് പറയുന്നത്.1.   ജീവിതത്തിലെ ദുഷ്‌ക്കരമായ സാഹചര്യങ്ങളിൽ...

പ്രതീക്ഷ നിലനിർത്താൻ, സന്തോഷത്തിലായിരിക്കാൻ

മാനസികാരോഗ്യം സന്തോഷവുമായി  ബന്ധപ്പെട്ടാണിരിക്കുന്നത്.പോസിറ്റീവായി ചിന്തിക്കാനും ജീവിതത്തെ അതേ രീതിയിൽ സമീപിക്കാനുമൊക്കെ സന്തോഷത്തിന്റെ...

പ്രതിസന്ധികൾ അവസാനമല്ല

പ്രതിസന്ധികൾ ആരുടെ ജീവിതത്തിലാണ് ഇല്ലാത്തത്?  ഓരോരുത്തരും അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ ഓരോ തരത്തിലാണ്....

കാത്തിരിപ്പ്

ദീർഘനാളത്തെ പരിശീലനം കഴിഞ്ഞ് പിരിഞ്ഞുപോകാൻ നേരം ശിഷ്യൻ ഗുരുവിനോട് ചോദിച്ചു :'ഗുരു,...

Thank You…

2020 ഓഗസ്റ്റ് മാസത്തിലാണ് ഇടുക്കി ജില്ലയിലെ പെട്ടിമുടി ദുരന്തം നടന്നത്. ഒരായുസ്സ്...
error: Content is protected !!