ആഫ്രിക്കയിലെ സ്ത്രീകള്‍ ഭര്ത്താക്കന്മാരുടെ അദ്ധ്വാനഭാരം കൂടി ചുമന്ന് നടുവൊടിഞ്ഞ നിസ്സഹായരായിരുന്നു. വലിയ തടിക്കഷണങ്ങളും ഭാരങ്ങളും ചുമലിലും പുറകിലും വഹിച്ചുകൊണ്ടായിരുന്നു അവരുടെ ഓരോ ദിവസങ്ങളും കടന്നുപൊയ്ക്കൊണ്ടിരുന്നത്. ഭര്‍ത്താക്കന്മാരാവട്ടെ ഒരു ഊന്നുവടി നിലത്ത് കുത്തി, കൈവീശി ഭാര്യമാര്‍ക്ക് ഏതാനും ചുവടുമുമ്പിലായി നടന്നുപോവും. ഈ കാഴ്ച മിഷന് പ്രവര്‍ത്തനത്തിനായി അവിടെയെത്തിയ ഒരു വൈദികനെ വല്ലാതെ വേദനിപ്പിച്ചു. സ്വന്തം ഭാരം മാത്രമല്ല മറ്റൊരാളുടെ അദ്ധ്വാനഭാരം കൂടി ചുമക്കുന്ന ഈ സ്ത്രീകളെ സഹായിക്കണമെന്ന് അദ്ദേഹം തീരുമാനിച്ചു. അദ്ദേഹം ഉടന്‍തന്നെ അമേരിക്കയിലേക്ക് 200 ഓളം ഒറ്റച്ചക്രകൈവണ്ടികള് ഓര്‍ഡര്‍ ചെയ്തു. അതില്‍ ഭാരം വഹിച്ചുകൊണ്ട് സ്ത്രീകള്‍ക്ക് പോകാമല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. അതനുസരിച്ച് അദ്ദേഹം ആ കൈവണ്ടികള്‍ സ്ത്രീകള്‍ക്ക് വിതരണം ചെയ്തു. അവരുടെ അദ്ധ്വാനഭാരം ലഘൂകരിക്കപ്പെട്ടല്ലോ എന്ന വിചാരത്താല്‍ അദ്ദേഹം മടങ്ങിപ്പോയി. ഏതാനും ആഴ്ചകള്‍ക്ക് ശേഷം മടങ്ങിയെത്തിയ അദ്ദേഹം ആ കാഴ്ച കണ്ട് ഞടുങ്ങിപ്പോയി. കൈവണ്ടികള്‍ എല്ലാം ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. ” ഇതെന്താണ് നിങ്ങളിത് ഉപയോഗിക്കാത്തത് ” എന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന് ഒരു സ്ത്രീയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. ” ഇനി ഞങ്ങള്‍ കൈവണ്ടിയുടെ അധികഭാരം കൂടി വഹിക്കണമെന്നാണോ താങ്കള്‍ പറയുന്നത്”.
അധികംകിട്ടുമ്പോള്, കൂടുതല്‍ ലഭിക്കുമ്പോള്‍ എല്ലാ പ്രശ്നങ്ങളില്‍ നിന്നും മോചനം ലഭിക്കുമെന്ന് നമ്മള് പ്രതീക്ഷിക്കുന്നു. കൂടുതല്‍ പണം, പ്രശസ്തി, അങ്ങനെ പലതും ലഭിക്കുമ്പോള്‍ നമ്മുടെ പ്രശ്നങ്ങള്‍ അസ്തമിക്കുമെന്ന് കരുതുന്നു. എന്നാല്‍ ഇത് വെറും തെറ്റായ ധാരണയാണ്. എളുപ്പത്തിന് വേണ്ടി നമ്മള് ഉപയോഗിക്കുന്ന പലതും നമ്മുടെ അദ്ധ്വാനഭാരം കൂട്ടുകയാണ് ചെയ്യുന്നത്. അതാണ് ആ സ്ത്രീ പറഞ്ഞതും. ഇങ്ങനെ അധികമായി കൂട്ടിച്ചേര്‍ക്കപ്പെടുന്ന ഭാരങ്ങള്‍ നമ്മുടെ സ്വസ്ഥത നശിപ്പിക്കും.
