അഡിക്ഷൻ എന്നത് ആധുനികകാലത്ത് വളരെ പ്രസക്തമായ ഒരു അവസ്ഥയാണ്. വലിപ്പച്ചെറുപ്പമില്ലാതെ പലരും പലതരം അഡിക്ഷനുകളിൽ വീണുപോവുകയാണ്. ഒരു പ്രത്യേക വസ്തുവിലോ പ്രവൃത്തിയിലോ വ്യാപൃതനായി അവർ അതിന് അടിമപ്പെടുന്ന അവസ്ഥ സംജാതമാകുകയാണ്.
ഒരു വസ്തുവിൽ നാം അഡിക്ട് ആയാൽ അല്ലെങ്കിൽ അടിമപ്പെട്ടാൽ അവ നമ്മുടെ പ്രാഥമിക ആവശ്യങ്ങൾ പോലെ അല്ലെങ്കിൽ അതിനേക്കാൾ പ്രാധാന്യമുള്ള അത്യന്താപേക്ഷിതമായ ഒരു ഘടകമായി മാറുന്നു. ഇത്തരത്തിലുള്ള അഡിക്ഷൻ മദ്യപാനത്തോടോ പുകവലിയോടോ മറ്റു ലഹരിപദാർത്ഥങ്ങളോടോ അതുമല്ലെങ്കിൽ ഇന്റർനെറ്റിനോടോ പോലുമാകാം.
ഇന്ന് കൗമാരപ്രായക്കാരായ കുട്ടികൾക്കിടയിൽ സർവസാധാരണമായി കണ്ടുവരുന്ന ഒന്നാണ് ലഹരിപദാർത്ഥങ്ങളുടെ ഉപയോഗം. ആധുനിക യുഗത്തിൽ ലഹരി മാഫിയ വളരെ ആസൂത്രിതമായാണ് കുട്ടികളെ ലഹരിയുടെ മായാവലയത്തിലേക്ക് എത്തിക്കുന്നത്. മിഠായികളുടെയും പാനീയങ്ങളുടെയുമെല്ലാം ലഹരിപദാർത്ഥങ്ങൾ മാഫിയക്കണ്ണികൾ കുട്ടികൾക്ക് ലഭ്യമാക്കുന്നു
എന്താണ് അഡിക്ഷൻ?
ഒരു വ്യക്തി ഒരു വസ്തുവിലോ പ്രവൃത്തിയിലോ വ്യാപൃതനാവുകയും പിന്നീട് അതൊരു ശീലമായി മാറുകയും ശീലമായിക്കഴിഞ്ഞാൽ അപകടകരമായ പാർശ്വഫലങ്ങൾ ഉണ്ടാകും എന്ന് അറിഞ്ഞിട്ടും പിന്മാറാൻ സാധിക്കാത്ത ഒരു അവസ്ഥയാണ് അഡിക്ഷൻ. ഒരു വ്യക്തിയുടെ ശാരീരികവും മാനസികവും സാമൂഹികവുമായ പ്രവർത്തനങ്ങളെ തകർത്തുകളയുന്ന ഒരു മനോവൈകല്യമാണിത്.
വെറുതെ തുടങ്ങുന്നു, പിന്നെ ശീലമാകുന്നു
ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം തുടങ്ങുന്നത് വളരെ ലളിതമായാണ്. മയക്കുമരുന്നിന് അടിമയാകണമെന്നുള്ള ബോധപൂർവമായ ഒരു ആലോചനയിൽ നിന്നല്ല ഇത് സംഭവിക്കുന്നത്. നിസാരമായി തുടങ്ങുകയും ഇത് നിത്യജീവിതത്തിൽ ശീലമാക്കുകയും അത് പിന്നീട് അഡിക്ഷനു കാരണമാവുകയും ചെയ്യും. ഇതിന് ശാരീരികവും മാനസികവും സാമൂഹികവുമായ കാരണങ്ങൾ ഉണ്ടാവും. അത് ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും.
ജനിതക ഘടനയിലെ ചില പ്രത്യേകത, ആത്മവിശ്വാസമില്ലായ്മ, തോൽക്കുമെന്നുള്ള ഭയം, പ്രതീക്ഷയില്ലായ്മ, അപഹർഷതാബോധം, പ്രതിസന്ധികളെ നേരിടാൻ കഴിയാത്ത അവസ്ഥ, ഉപയോഗിച്ച് നോക്കുവാനുള്ള ആകാംക്ഷ, ഹീറോകളെ അനുകരിക്കാനുള്ള താല്പര്യം, കൂട്ടുകാരുടെ സ്വാധീനം, ജോലിയുടെ സ്വഭാവം, മാതാപിതാക്കളുടെ ശീലങ്ങൾ തുടങ്ങിയവ തുടങ്ങിയവയെല്ലാം ഉപയോഗത്തിനു കാരണമാവുന്നു
അഡിക്ഷന്റെ ഉത്പന്നം, ശാരീരിക-മാനസിക വൈകല്യങ്ങൾ
ഒരു വ്യക്തി അഡിക്ടഡായാൽ അത് അവരുടെ ശാരീരിക-മാനസിക അവസ്ഥകളുടെ സുഗമമായ പ്രവർത്തനത്തെ ബാധിക്കുന്നു. ലഹരിപദാർത്ഥങ്ങളുടെ അമിത ഉപയോഗം തലച്ചോറിലെ റിവാർഡ് സർക്യൂട്ട് തകരാറിലാകുന്നതിന് ഇടയാക്കുന്നു. അതുവഴി ഡോപ്പാമിൻ എന്ന ന്യൂറോ ട്രാൻസ്മിറ്ററിന്റെ ഉത്പാദനത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നു. കൂടാതെ പ്രീ ഫ്രോണ്ടൽ കോർട്ടക്സിലെ ന്യൂറോണുകളുടെ നാശത്തിനും കാരണമാകുന്നു. അതുവഴി ഓർമക്കുറവ്, കാര്യങ്ങൾ വിവേചിച്ചറിയാനുള്ള കഴിവില്ലായ്മ, തീരുമാനമെടുക്കാനുള്ള കഴിവില്ലായ്മ എന്നിവ സംഭവിക്കുന്നു. കൂടാതെ മാനസിക സംഘർഷം, വിഷാദരോഗം, ഉറക്കമില്ലായ്മ, താൽപര്യമില്ലായ്മ, വിശപ്പില്ലായ്മ, അകാരണമായ ദേഷ്യം എന്നിവ ഉണ്ടാകുന്നു. ഇതിനുപുറമേ ലഹരി പദാർത്ഥങ്ങൾ ലഭിക്കാനായി ക്രൂരമായ പ്രവൃത്തികൾ പോലും ചെയ്തേക്കാം. ബന്ധങ്ങൾക്ക് വില കൊടുക്കാതെയുള്ള നിഷേധാത്മകമായ സമീപനങ്ങളും പ്രകടമായേക്കാം. ഇതു പലപ്പോഴും ഒരു വ്യക്തിയുടെ പരാജയത്തിനായിരിക്കും കാരണമാകുന്നത്. അതുകൊണ്ടുതന്നെ അഡിക്ഷനിൽ നിന്ന് എത്രയും പെട്ടെന്ന് രക്ഷപെടാനുള്ള മാർഗങ്ങൾ കണ്ടെത്തുകയോ അതിനായി പരിശ്രമിക്കുകയോ ചെയ്യേണ്ടതുണ്ട്.
പോയാലും പിന്നെയും വരാം
ഒരുതവണ അഡിക്ഷനിൽ നിന്ന് മുക്തി നേടിയാലും ആ ശീലം തിരിച്ചുവരാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ റിലാക്സിംഗ് ഡിസീസ് എന്നാണ് അഡിക്ഷനെ ചികിത്സാ ലോകം വിലയിരുത്തുന്നത്. എങ്കിലും രക്ഷപ്പെടണമെന്നുള്ള കടുത്ത ആഗ്രഹവും ശാസ്ത്രീയവും ആധുനികവുമായ ചികിത്സ രീതികൾ ഉപയോഗപ്പെടുത്തുകയും ചെയ്താൽ അഡിക്ഷനെ ചെറുത്തുതോൽപ്പിക്കാൻ കഴിയും.
ചികിത്സകൾ
മരുന്നു ചികിത്സ, ബിഹേവിയറൽ തെറാപ്പി, ഫാമിലി കൗൺസിലിംഗ്, സ്കിൽ ട്രെയിനിങ്, കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി തുടങ്ങിയ ചികിത്സാരീതികൾ അഡിക്ഷനിൽ നിന്ന് മുക്തി നേടുന്നതിന് ഉപയോഗിക്കാവുന്നതാണ്.
ശാരീരികവും മാനസികവും സാമൂഹികവുമായ പല കാരണങ്ങളും ഒരു വ്യക്തിയെ അഡിക്ഷനിലേക്ക് നയിച്ചാലും എല്ലാത്തിന്റെയും അടിസ്ഥാന കാരണം ഞാൻ എന്ന വ്യക്തിയെക്കുറിച്ച് അവനവൻ ഉണ്ടാക്കുന്ന കാഴ്ചപ്പാടാണ്. വരുംവരായ്കകളെക്കുറിച്ച് ചിന്തിച്ചുറച്ചേ എന്തെങ്കിലും പ്രവർത്തിക്കൂ എന്ന ഉറച്ച വിശ്വാസം നാം ആർജിച്ചെടുത്താൽ ഒരു വസ്തുവിനും അടിമപ്പെടുത്താൻ സാധിക്കില്ല എന്നുള്ള യാഥാർഥ്യം ഓർമിക്കേണ്ടതുണ്ട്.