സ്വച്ഛമായി ഒഴുകുന്ന ഒരു പുഴ. തീരത്ത് നിന്ന് ആരോ അതിലേക്ക് വലിച്ചെറിയുന്ന ചെറിയൊരു കല്ല്. ഇത്തിരിനേരത്തേക്കെങ്കിലും പുഴയുടെ നിർഗ്ഗളതയെ ഭഞ്ജിക്കാൻ ആ കല്ലിന് വളരെ എളുപ്പം കഴിയുന്നു. വലുപ്പമല്ല പുഴയുടെ സ്വസ്ഥത നഷ്ടപ്പെടുവാൻ ചെറുതാണെങ്കിലും ആ കല്ല് കാരണമായി എന്നതാണ് ശ്രദ്ധിക്കേണ്ടത്. ഇന്ന് ലോകത്തിന്റെ വിവിധഭാഗങ്ങളിൽ വിവിധ മണ്ഡലങ്ങളിൽ സ്വസ്ഥതയും സ്വച്ഛതയും നഷ്ടപ്പെട്ടിട്ടുണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്. അഫ്ഗാനിസ്ഥാൻ, മ്യാൻമർ എന്നിവയൊക്കെ ചില ഉദാഹരണങ്ങൾ മാത്രം. ഭരണതലത്തിലും സാംസ്‌കാരികതലത്തിലും കലാ രംഗങ്ങളിലും മതമേഖലയിലും എല്ലാം ഇപ്രകാരമുള്ള വലിയഅസ്വസ്ഥതകളുടെ കാർമേഘങ്ങൾ രൂപപ്പെട്ടിരിക്കുന്നു. നമ്മുടെ നാട്ടിലും പല മണ്ഡലങ്ങളിൽ അത് നിലനില്ക്കുന്നുണ്ട്.
ആസൂത്രിതമോ സംഘടിതമോ ആണ് അവയിൽ പലതും. അവയ്ക്ക് പിന്നിലെ കാരണങ്ങൾ പലതാണ്. കാരണം എന്തുമായിരുന്നുകൊള്ളട്ടെ സമാധാനം നഷ്ടപ്പെട്ടിരിക്കുന്നുവെന്നതാണ് യാഥാർത്ഥ്യം. ആരൊക്കെയോ വലിച്ചെറിയുന്ന ചെറിയ കല്ലുകൾ പോലും ഇവിടെ സമാധാനഭഞ്ജനത്തിന് കാരണമാകുന്നു.
വളരെ എളുപ്പമായും നിസ്സാരമായും നമുക്ക് മറ്റൊരാളുടെ ശാന്തത തകർക്കാനും കഴിയുന്നുണ്ട്. ഉള്ളിൽ സമാധാനം ഇല്ലാത്തവരാണ് എന്നും പുറമേയ്ക്ക് അസമാധാനം സൃഷ്ടിക്കുന്നത്. ഞാൻ അനുഭവിക്കാത്ത സമാധാനം നീയും അനുഭവിക്കേണ്ടതില്ലെന്ന അസൂയയും ഒന്നും ശാന്തമായി കടന്നുപോകേണ്ടതില്ലെന്ന തീരുമാനവും അവരെ സമാധാനഭഞ്ജരാക്കുന്നു. എല്ലാവർക്കും സമാധാനം കൊടുക്കാൻ ചിലപ്പോൾ സാധിച്ചുവെന്ന് വരില്ല. എന്നാൽ ആരുടെയെങ്കിലും സമാധാനക്കേടിന് കാരണക്കാരനാകാതിരിക്കാനുള്ള ഉത്തരവാദിത്തം എല്ലാവർക്കുമുണ്ട്. സമാധാനത്തിന് വേണ്ടി സ്വരമുയർത്തുന്നവർ സമാധാനത്തിന്റെപേരിൽ അസമാധാനം വിതയ്ക്കാതിരിക്കാനും ശ്രദ്ധിക്കണം. വൈരുദ്ധ്യമെന്ന് പറയട്ടെ സമാധാനത്തിന് വേണ്ടിയുള്ള ശബ്ദങ്ങൾ പലതും ഉയർത്തുന്നത് കലാപത്തിന്റെ സ്വരമാണ്. കലഹത്തിന്റെയും വിദ്വേഷത്തിന്റെയും വിഭാഗീതയതയുടെയും സ്വരമാണ്. വേർതിരിക്കലിന്റെ സ്വരമാണ്. ഒപ്പമുള്ള സഹോദരനെതിരെ വാളുയർത്തുന്നത് എന്തിന്റെ പേരിലാണെങ്കിലും അതിനെ ന്യായീകരിക്കാനാവില്ല.
ശാന്തമാകുക, സ്വസ്ഥമാകുക, സമാധാനം അനുഭവിക്കുക, സമാധാനം നല്കുക, കലങ്ങിയ പുഴകളെല്ലാം തെളിയട്ടെ. തെളിഞ്ഞ പുഴയിൽ കണ്ണാടിയിലെന്ന പോലെ മുഖം നോക്കാൻ കഴിയുന്ന ഒരു കാലം നമുക്കുണ്ടാവട്ടെ. അതിനായി നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം.
സ്നേഹാദരങ്ങളോടെ
വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്