നര്‍ത്തകരുടെ രൂപസൗന്ദര്യവും ആരോഗ്യവും ശ്രദധിച്ചിട്ടില്ലേ. പ്രായം ചെന്നാലും ചെറുപ്പം സൂക്ഷിക്കുന്ന ഉടല്‍. ദുര്‍മേദസു അവരെ പിടികൂടിയിട്ടുമില്ല. എന്തുകൊണ്ടാണ് സാധാരണക്കാരില്‍ നിന്ന് വ്യത്യസ്തമായി നര്‍ത്തകര്‍ ആരോഗ്യമുളളവരും സൗന്ദര്യമുള്ളവരുമായി കാണപ്പെടുന്നു എന്ന് ചോദിച്ചാല്‍ അതിന് ഉത്തരം ഒന്നേയുള്ളൂ. നൃത്തം ഒരു കലാരൂപം മാത്രമല്ല വ്യായാമം കൂടിയാണ്.
ശരീരം, മനസ്സ്, ആത്മാവ് എന്നിങ്ങനെ മൂന്നു തലങ്ങളില്‍ ഉന്മേഷവും ആരോഗ്യവും പ്രദാനം ചെയ്യാന്‍ ഡാന്‍സിന് കഴിവുണ്ട്. ചില വ്യായാമങ്ങള്‍ ഏതെങ്കിലും ഒരുപ്രത്യേക ശരീരഭാഗത്തിനോ ചിലപ്രത്യേക വശങ്ങളിലേക്കോ മാത്രമായിട്ടുള്ളതാണെങ്കില്‍ നൃത്തം എല്ലാവശങ്ങളിലേക്കും കൂടിയുള്ള ചലനവും വ്യായാമവുമാണ് നല്കുന്നത്. തന്മൂലം തീരെ ചെറിയ പേശികള്‍ക്കു പോലും വ്യായാമം ലഭിക്കാന്‍ ഇതുവഴി ഇടയാകുന്നു.
വളരെയേറെ ഊര്‍ജ്ജം ആവശ്യമുള്ള വ്യായാമമാണ് നൃത്തം. ശരീരത്തിലെ എല്ലുകള്‍, പേശികള്‍, സന്ധികള്‍ എന്നിവയെ സംരക്ഷിച്ച് ബലപ്പെടുത്തുവാന്‍ ഡാന്‍സിന് കഴിവുണ്ട്. അതുകൊണ്ടാണ് പ്രായം ചെന്നിട്ടും ശരീരത്തിന്റെ രൂപഘടനയില്‍ നര്‍ത്തകര്‍ക്ക് മാറ്റം സംഭവിക്കാത്തതും അവര്‍ക്ക് സൗന്ദര്യം നിലനിര്‍ത്താന്‍ കഴിയുന്നതും.
30 മിനിറ്റ് ഡാന്‍സ് ചെയ്താല്‍ 150 കലോറിയോളം കൊഴുപ്പ് കളയാന്‍ കഴിയും. ഇങ്ങനെയാണ് നര്‍ത്തകര്‍ക്ക് ശരീരഭാരം വര്‍ദ്ധിക്കാതെയിരിക്കുന്നത്.
ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പേശികളുടെ ശേഷി വര്‍ദ്ധിപ്പിക്കാനും ഡാന്‍സിന് കഴിവുണ്ട്. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായം ചെന്നവര്‍ വരെ വിവിധപ്രായക്കാര്‍ക്കു നൃത്തം ഏറെ പ്രയോജനപ്പെടുന്നുണ്ട്.
പ്രായമായവരിലെ ഓര്‍മ്മക്കുറവിനെ ഡാന്‍സിലൂടെ പ്രതിരോധിക്കാന്‍ കഴിയുമത്രെ. തലച്ചോറിലെ ഘടകങ്ങളെ ബന്ധിപ്പിക്കുന്ന വൈറ്റ് മാറ്റര്‍ എന്ന ടിഷ്യൂ പ്രായമേറുംതോറും ദുര്‍ബലമാകുന്ന സ്ഥിതിവിശേഷമുണ്ട്.പക്ഷേ ഡാന്‍സ് ചെയ്യുന്നവരില്‍ ഇത് സാധാരണയിലും കുറഞ്ഞ തോതിലാണ് സംഭവിക്കുന്നത്. അങ്ങനെ അവര്‍ക്ക് ഓര്‍മ്മക്കുറവിനെ മറികടക്കാന്‍ സാധിക്കുന്നു.
ഏകാഗ്രത വര്‍ദ്ധിപ്പിക്കാനും ടെന്‍ഷന്‍ കുറയ്ക്കാനും ഡാന്‍സിന് കഴിവുണ്ട്.
അതുകൊണ്ട് ഒരു കലാരൂപം മാത്രമായി നൃത്തരൂപങ്ങളെ കാണാതെ അവയ്ക്ക് പിന്നിലുള്ള ആരോഗ്യപരമായ നന്മകളെകൂടി കാണാന്‍ ശ്രമിക്കുക, മത്സരവേദികളിലെ സമ്മാനങ്ങള്‍ ലക്ഷ്യമാക്കാതെ ചെറുപ്രായം മുതല്‌ക്കേ കുട്ടികളെ നൃത്തം പരിശീലിപ്പിക്കുക. മുതിര്‍ന്ന പ്രായത്തിലും ഡാന്‍സ് പരിശീലനം നേടാന്‍ ശ്രമിക്കുക. അതുവഴി നമുക്ക് സ്വന്തമാക്കാന്‍ കഴിയുന്നത്ശരീരത്തിന്‍റെയും മനസ്സിന്‍റെയും ആരോഗ്യവും സന്തോഷവുമാണ്.