ജനനക്രമം വ്യക്തിത്വത്തെ ബാധിക്കുമെന്നാണ് ചില നിരീക്ഷണങ്ങൾ. കുടംബത്തിലെ മൂത്ത കുട്ടിയായി ജനിച്ച ഒരാളിൽ നിന്നും വ്യത്യസ്തമായ സ്വഭാവപ്രത്യേകതകളായിരിക്കും ഇളയകുട്ടിയുടേത്. ഇവർ രണ്ടുപേരെയും പോലെയല്ല ഒറ്റക്കുട്ടിയായി ജനിച്ച ഒരാൾ. ജനനക്രമവും വ്യക്തിത്വവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചില കാര്യങ്ങൾ മനസ്സിലാക്കാം
രണ്ടു മക്കൾ തമ്മിൽ സ്വഭാവത്തിൽ കാണിക്കുന്ന പ്രകടമായ മാറ്റങ്ങളെ പ്രതി തല പുകയ്ക്കുന്നവരാണ് പല മാതാപിതാക്കളും. എന്നാൽ ഇക്കാര്യത്തിൽ മക്കളെ കുറ്റം പറയേണ്ടെന്നും അവരുടെ ജനനക്രമമനുസരിച്ചാണ് സ്വഭാവത്തിൽ മാറ്റം കാണുന്നതെന്നുമാണ് മനശ്ശാസ്ത്രജ്ഞനായ കെവിൻ ലെമാൻ പറയുന്നത്. 1967 മുതൽ കുട്ടികളുടെ ജനനക്രമത്തെക്കുറിച്ചുള്ള സ്വഭാവപ്രത്യേകതകളെ അടിസ്ഥാനമാക്കി പഠനം നടത്തുന്ന വ്യക്തിയാണ് ഇദ്ദേഹം. മൂത്തകുട്ടിയോട് പെരുമാറുന്നതുപോലെയല്ല മാതാപിതാക്കൾ ഇളയകുട്ടിയോട് പെരുമാറുന്നത്. ഇതിൽ നിന്നും വ്യത്യസ്തമായിട്ടായിരിക്കും ഒറ്റക്കുട്ടിയെ വളർത്തുന്നത്ഒറ്റക്കുട്ടികളെ സവിശേഷമായരീതിയിലാണ് മാതാപിതാക്കൾ വളർത്തുന്നത്.
മറ്റ് മക്കളില്ലാത്തതുകൊണ്ട് മാതാപിതാക്കളുടെ മുഴുവൻ ശ്രദ്ധയ്ക്കും പരിഗണനയ്ക്കും സ്നേഹത്തിനും ഇക്കൂട്ടരാണ് അർഹർ. ഇതുകൊണ്ടുതന്നെ തങ്ങൾ സവിശേഷപ്രത്യേകതയുള്ളവരാണെന്ന് ഇവർ കരുതുന്നു. മാതാപിതാക്കളുടെ പിന്തുണ അകമഴിഞ്ഞ് ലഭിക്കുന്നതിനാൽ അവരുടെ അമിതപ്രതീക്ഷകൾ ചുമലിൽ വഹിക്കാൻ നിർബന്ധിക്കപ്പെടുന്നവർ കൂടിയാണ്.
ഒറ്റക്കുട്ടികളുടെ ലക്ഷണങ്ങളായി വിദഗ്ദർ ചൂണ്ടിക്കാണിക്കുന്ന പ്രത്യേകതകൾ ഇവയാണ്.
- പ്രായത്തിന് അനുസരിച്ച പക്വത
- പരിപൂർണ്ണതാവാദികൾ
- നേതൃത്വഗുണം
- മനസ്സാക്ഷി
- ഉത്സാഹശീലം
മറ്റ്കുട്ടികൾ ചിത്രത്തിലില്ലാത്തതുകൊണ്ട് മാതാപിതാക്കളുടെ സ്നേഹവും പരിഗണനയും ഒറ്റക്കുട്ടിയെപ്പോലെ നേടിയെടുത്തുകൊണ്ടാണ് മൂത്തകുട്ടികളും വളരുന്നത്. ആദ്യത്തെകുട്ടിയായതുകൊണ്ട് പേരന്റിംങിലെ ഗുണദോഷങ്ങൾ സമ്മിശ്രരൂപത്തിൽ മൂത്തകുട്ടികളിൽ പ്രകടമാണ്. മുതിർന്നവരെ പോലെ ഇടയ്ക്കൊക്കെ പെരുമാറുന്നവരാണ് ഇവർ. പൊതുവെ ഇവർ വിശ്വസിക്കാവുന്നവരാണ്, മനസ്സാക്ഷിയുള്ളവരും. മറ്റുള്ളവരെ നിയന്ത്രിക്കാൻ തക്ക കഴിവും ഇക്കൂട്ടർക്കുണ്ട്.
കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും വഹിക്കേണ്ടിവരുന്നവരും ഇവർതന്നെ. ഇളയകുട്ടികളുടെ പരിപാലനവും മറ്റും ഇവരാണ് നിർവഹിക്കേണ്ടിവരുന്നത്. ഇത് ഇവരിൽ വലിയ തോതിലുള്ള സംഘർഷത്തിന് കാരണമാകുന്നുണ്ട്. മാതാപിതാക്കൾക്കു മുമ്പിൽ, കേമനെന്ന തെളിയിച്ചുകൊടുക്കാനുള്ള സമ്മർദ്ദത്തിനും ഇവർ ഇരകളാകുന്നുണ്ട്.
മൂത്തകുട്ടിയെയും ഇളയകുട്ടിയെയും അപേക്ഷിച്ച് മാതാപിതാക്കളിൽ നിന്ന് കുറച്ചുമാത്രം പരിഗണന ലഭിച്ചുവളർന്നുവരുന്നവരാണ് രണ്ടാമത്തെ കുട്ടി അല്ലെങ്കിൽ ഒന്നിനും അവസാനത്തേതിനും ഇടയിൽ വളരുന്ന കുട്ടികൾ. മൂത്തവനുമല്ല ഇളയവനുമല്ല പിന്നെ ഞാനാരാണ് എന്ന രീതിയിൽ ഒരുതരം ആശയവൈരുദ്ധ്യം ഇവരുടെ ജീവിതത്തിൽ കാണാം. അത്രയധികം പരിഗണനയൊന്നും ഇക്കൂട്ടർക്ക് കിട്ടിയിരിക്കണമെന്നില്ല. പലപ്പോഴും മൂത്തകുട്ടിയോടും ഇളയകുട്ടിയോടുമുള്ള താരതമ്യത്തിനും ഇവർ വിധേയരായിരിക്കും. ആളുകളെ സന്തോഷിപ്പിക്കുന്നവരും സൗഹൃദങ്ങൾ വളർത്തുന്നതിൽ തല്പരരും വലിയൊരു സാമൂഹികവലയം കാത്തുസൂക്ഷിക്കുന്നവരുമായിരിക്കും ഇവർ. പൊതുവെ സമാധാനപ്രേമികളുമായിരിക്കും.
ഇടയിൽ വളരുന്ന കുട്ടികളിൽ തങ്ങൾ കുടുംബത്തിൽ അംഗീകരിക്കപ്പെടുന്നില്ല എന്നൊരു ചിന്ത കടന്നുകൂടാറുള്ളതായി വിദഗ്ദർ പറയുന്നു. മൂല്യമുള്ളവരാണ് തങ്ങളെന്ന ബോധ്യം അവരിൽ വളർത്തിയെടുക്കുക ദുഷ്‌ക്കരവുമാണ്.
കുടുംബത്തിലെ ഇളയകുട്ടികൾ പലപ്പോഴും കുടുംബാംഗങ്ങളുടെ മുഴുവൻ ശ്രദ്ധയും പരിചരണവും സ്നേഹവും നേടിവളർന്നുവരുന്നവരാണ് അതുകൊണ്ടുതന്നെ അവർ എപ്പോഴും ശ്രദ്ധ പിടിച്ചുപറ്റാൻ ശ്രമിക്കുകയും ശ്രദ്ധ ആഗ്രഹിക്കുകയും ചെയ്യും. അവനവരിൽതന്നെ കേന്ദ്രീകരിച്ചായിരിക്കും ഇവരുടെ പ്രവർത്തനങ്ങളെല്ലാം.തങ്ങളുടേതായ വഴികളിലൂടെ ശ്രദ്ധ നേടിയെടുക്കാൻ ശ്രമിക്കുന്നവരാണ് ഇവർ. പ്രശസ്തരായ നടീനടന്മാരും കൊമേഡിയന്മാരുമെല്ലാം വീടുകളിലെ ഇളയ മക്കളായിരുന്നുവെന്നൊരു നിരീക്ഷണവും നിലവിലുണ്ട്.
ചില ഇളയകുട്ടികൾ മുതിർന്ന കുട്ടികളെപോലെയും മുതിർന്ന കുട്ടികൾ ഇളയവരെപോലെയും പെരുമാറിയെന്നും വരാം. എന്നാൽ ഇവിടെ മനസ്സിലാക്കേണ്ട ഒരുകാര്യം ജനനക്രമം കുട്ടികളുടെ വ്യക്തിത്വത്തെ സ്വാധീനിക്കുമെന്ന് മാതാപിതാക്കൾ തിരിച്ചറിയുകയും അതനുസരിച്ച് പേരന്റിങ് മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ്.