ഏറെ പ്രചോദനാത്മകമായ രണ്ടുജീവിതങ്ങളെക്കുറിച്ച് എഴുതാമെന്നാണ് വിചാരിക്കുന്നത്. ഒന്ന് ലതയാണ്. നമ്മുടെ സാക്ഷാൽ ലതാ മങ്കേഷ്‌ക്കർ. രണ്ടാമത്തെയാൾ ബാബുവാണ്. പാലക്കാട് മലമ്പുഴയിലെ മലയിൽ കാൽവഴുതി വീണ ബാബു. അമ്പേ വ്യത്യസ്തരായ ഈ രണ്ടുവ്യക്തികൾ തമ്മിൽ എങ്ങനെയാണ് ഒരു താരതമ്യപഠനം സാധ്യമാവുന്നതെന്ന് ചോദിച്ചാൽ ശരിയാണ് അത് തികച്ചും അസംഭവ്യമാണ്. പക്ഷേ ജീവിതത്തോടും പ്രതികൂലങ്ങളോടും ഇരുവരും കാണിച്ച സമീപനം കൊണ്ടാണ് ഇവർ തുല്യരാകുന്നത്. സ്വരം കൊള്ളില്ലെന്ന് പറഞ്ഞ് മടക്കി അയയ്ക്കപ്പെട്ട ഒരു ഭൂതകാലമുണ്ടായിരുന്നു ലതയ്ക്ക്. പക്ഷേ തോറ്റുപിന്മാറാൻ തയ്യാറായിരുന്നില്ല ആ പെൺകുട്ടി. സ്വന്തം കഴിവുകളെക്കുറിച്ച് അവൾക്ക് അങ്ങേയറ്റം മതിപ്പും വിശ്വാസവുമുണ്ടായിരുന്നു. അതുതന്നെയാണ് പിന്നീട് അവളെ വാനമ്പാടിയാക്കിയത്.
ഇനി ബാബുവിലേക്ക് വരൂ. 43 മണിക്കൂറാണ് പകലത്തെ കൊടും ചൂടിലും രാത്രിയിലെ തണുപ്പിലും ജലപാനം പോലുമില്ലാതെ ആ ഇരുപത്തിമൂന്നുകാരൻ കഴിച്ചുകൂട്ടിയത്. ഒന്ന് കൈവിട്ടാൽ, ഒരു ചുവട് തെറ്റിയാൽ, മനസ്സ് തളർന്നാൽ അവൻ ഇപ്പോൾ ഒരു ഓർമ്മ മാത്രമാകുമായിരുന്നു. പക്ഷേ മനോബലത്തോടെ അവൻ സാഹചര്യത്തെ നേരിട്ടു. ആത്മധൈര്യത്തോടെ അവൻ ജീവിതത്തിലേക്ക് തിരികെ വന്നു.
സ്വന്തം കഴിവുകളെക്കുറിച്ച് മതിപ്പുള്ള ഒരാൾക്കും തന്റെ ലക്ഷ്യത്തിൽ നിന്ന് പാതിവഴിയിൽ പിന്മാറാനാവില്ല. ആരെങ്കിലുമൊക്കെ നമ്മെ ഇക്കാലയളവിൽ നിസ്സാരക്കാരായി തള്ളിപ്പറഞ്ഞിട്ടുണ്ടാവും, കഴിവുകെട്ടവനെന്ന് അധിക്ഷേപിച്ചിട്ടുണ്ടാകാം, ഒരു പരാജയത്തിന്റെ പേരിൽ ഇനിയൊരു സാധ്യതയില്ലെന്ന് വിധിയെഴുതിയിട്ടുമുണ്ടാവും. പക്ഷേ മറ്റുള്ളവരുടെ നാവിൻത്തുമ്പിലല്ല നമ്മുടെ കഴിവും കഴിവുകേടും പരാജയവും വിജയവുമെന്ന തിരിച്ചറിവാണ് നമുക്കാദ്യം ഉണ്ടാവേണ്ടത്. അവനവനിൽ വിശ്വാസമുള്ള ഒരാളെ മറ്റൊരാൾക്കും എന്നേക്കുമായി തോല്പിക്കാനാവില്ല. ചിലപ്പോൾ അവസരങ്ങൾ നഷ്ടപ്പെടുത്തിയേക്കാം.അത്രയേയുള്ളൂ.
ജീവിതയാത്രയിൽ പലപല പ്രതിസന്ധികളും നമുക്ക് നേരിടേണ്ടിവന്നേക്കാം. പ്രതിസന്ധികളെയോ എതിർപ്പുകളെയോ വിപരീതാനുഭവങ്ങളെയോ നമുക്ക് ഒഴിവാക്കാനാവില്ല. പക്ഷേ മനോധൈര്യം കൊണ്ട് നമുക്ക് അവയെ മറികടക്കാനും അതിജീവിക്കാനുമാവും. അവിടെയാണ് ബാബു പ്രചോദനമാകേണ്ടത്. ശരീരത്തെക്കാൾ ആദ്യം തളരുന്നത് മനസ്സാണ്. അതുകൊണ്ട് മനസ്സിനെ തളർത്താതിരിക്കുക. തളരാത്ത മനസ്സുള്ളവനെ ശരീരത്തിനോ വ്യക്തികൾക്കോ സാഹചര്യങ്ങൾക്കോ ഇല്ലാതാക്കാനാവില്ല.
ജീവിതത്തോട് കുറച്ചുകൂടി നമുക്ക് പോസിറ്റീവാം. മനസ്സിനെ കുറച്ചുകൂടി നമുക്ക് ധൈര്യപ്പെടുത്താം.
ആശംസകളോടെ,
വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്