നെരൂദ തുറന്ന ആകാശം

Date:

പറഞ്ഞറിയിക്കാനാകാത്ത ഒരു ഭാഷയുടെ പേരാണല്ലോ കവിത. ഹൃദയത്തിന്റെ ഭാഷ. അത്തരത്തിൽ ഒരു ഭാഷയെ അതിന്റെ എല്ലാ തീവ്രതയോടും തീഷ്ണതയോടും കൂടി വരച്ചിട്ട  വിശ്വപ്രസിദ്ധ ചിലിയൻ കവിയാണ് പബ്ലോ നെരൂദ. തന്റെ വാക്കുകൾക്കൊണ്ട് വായനക്കാരന്റെ ഉള്ളിൽ അനേകായിരം തിരമാലകളെ സൃഷ്ട്ടിച്ച നെരൂദയുടെ കവിതകൾ എല്ലാ കാലഘട്ടങ്ങളിലും പ്രസക്തമാണ്. നെരൂദയെ വായിച്ചു തുടങ്ങുമ്പോൾ   ഇനിയും പ്രണയം എന്താണെന്ന്  പഠിച്ചിട്ടില്ലാത്ത നമ്മുടെ കാഴ്ചകളെ, കാഴ്ച്ചപ്പടുകളെ  വളരെ  പതുക്കെ കവി മാറ്റി മറിക്കുന്നു. അദ്ദേഹത്തിന്റെ കവിതകൾ ഉള്ളിൽ ചേക്കേറിക്കഴിയുമ്പോൾ നമുക്ക് ചുറ്റും ഉള്ള ലോകം നിശ്ചലമാക്കുന്നതായും  എന്തിലും ഏതിലും പ്രണയത്തിന്റെയും  സ്‌നേഹത്തിന്റെ ശേഷിപ്പുകൾ തിങ്ങി നിൽക്കുന്നതായും നമുക്ക് അനുഭപ്പെട്ടു തുടങ്ങും.

നെരൂദയുടെ  ‘Twenty love poems and A song of Despire’ എന്ന കവിതാ സമാഹാരം സ്‌നേഹത്തിന്റെ വീഞ്ഞു തീർന്നു പോയ നമ്മുടെ കാലഘട്ടത്തിലെ ഓരോ മനുഷ്യരും വായിച്ചിരിക്കേണ്ട പുസ്തകമാണ്. എത്ര ചേർത്തുപിടിച്ചിട്ടും ജീവിതം വിരലുകൾക്കിടയിലൂടെ ചോർന്നു പോകുന്ന അനുഭവം നമ്മളെ മടുപ്പിച്ചിട്ടുണ്ടാകുമെന്നത് തീർച്ചയാണല്ലോ.  വർത്തമാനത്തെ പ്രണയം കൊണ്ട് എങ്ങനെ പ്രകാശവത്താക്കാം എന്ന് കാണിച്ചു തരുകയാണ് കവിയിവിടെ. തന്റെ കാവ്യബിംബങ്ങളെ കടലിനോടും കാറ്റിനോടും ഈ പ്രപഞ്ചത്തിലെ സർവ്വചരാചരങ്ങളോടും കൂട്ടിയിണക്കി അദ്ദേഹം കവിത നെയ്യുന്നു. സ്‌നേഹം എല്ലാ മനുഷ്യരും ആഗ്രഹിക്കുന്ന ഒന്നാണ്. നമ്മൾ പാടുന്നതും നൃത്തം വെക്കുന്നതും ആർപ്പുവിളിക്കുന്നതുക്കെ സ്‌നേഹിക്കപെടാനാണ്. നമ്മളെ പോലെ തന്നെ പ്രകൃതിയും സ്‌നേഹിക്കപ്പെടാൻ ആഗ്രഹിക്കുന്നു എന്ന് കവി പറഞ്ഞുവെക്കുന്നു. അതൊടൊപ്പം നമ്മൾ വിചാരിക്കുന്നതിനേക്കാൾ തൊട്ടടുത്തേക്ക് നെരൂദ പ്രപഞ്ചത്തെ ആവാഹിക്കുന്നു. അതുകൊണ്ട് തന്നെ നെരൂദ കവിതകൾക്കെപ്പോഴും അകപ്പെട്ടു പോകുന്ന സ്‌നേഹത്തിന്റെ ഗന്ധമുണ്ട്.
വായനക്കാരന്റെ പ്രാണനിലേക്ക് സഞ്ചരിക്കാനുള്ള ഏറ്റവും നല്ല ഉപാധി പ്രണയമാണെന്ന് തിരിച്ചറിയുന്ന അദ്ദേഹം കവിതയിൽ സ്‌നേഹത്തിന്റെ നടപ്പു വഴികൾ സ്വീകരിക്കുന്നു. നെരൂദ എഴുതിയ പ്രണയം വായിക്കുമ്പോൾ ഇതായിരുന്നല്ലോ യഥാർത്ഥ പ്രണയമെന്ന് നമ്മൾ അത്ഭുതപ്പെടും.

പ്രണയത്തിന്റെ ഭാവങ്ങളായ നിശ്ചലത, ഏകാന്തത, വിഷാദം, മൗനം ഇവയെല്ലാമുണ്ട് ഈ കവിതകളിൽ. മരത്തിൽ നിന്നും പൊട്ടിവീണ ചില്ലയുടെ ശബ്ദത്തെ മഴയുടെ കരച്ചിലിനോടും തകർന്ന ഒരു ഹൃദയത്തോടും ഒരേ സമയം നെരൂദ ഉപമിക്കുന്നു. മനുഷ്യമനസ്സിന്റെ നീഗൂഢതകളെ പ്രകൃതിയിലെ ദൃശ്യമായ ചലനങ്ങളുമായി അദ്ദേഹം താരതമ്യം ചെയ്യുന്നു. അതിൽ പ്രണയവും മരണവും വിരഹവും ഒരു പോലെ പ്രതിഫലിക്കുന്നു.

ഇദ്ദേഹമില്ലായിരുന്നെങ്കിൽ മനുഷ്യർക്ക് പ്രണയം പറയാൻ വാക്കുകൾ കുറഞ്ഞു പോയേനെ എന്ന് ചിന്തിക്കുന്ന ഒരുപാട് മനുഷ്യരുണ്ട് ഈ ലേകത്ത്. ചുണ്ടുകൾക്കും ശബ്ദത്തിനുമിടയിൽ എന്തോ ഒന്ന് മരിച്ചു പോകുന്നു, പക്ഷിയുടെ ചിറകുകളുള്ള ഒന്ന്. തീവ്ര വേദനയും വിസ്മൃതിയും കലർന്ന ഒന്ന്, വലകളിൽ വെള്ളം നിൽക്കാത്ത ഒന്ന്. എത്ര തവണ വായിച്ചാലും മടുക്കാത്ത, വായിക്കുമ്പോളൊക്കെ നമ്മളെ സ്‌നേഹത്തിലേക്ക് മടങ്ങി വരാൻ പ്രേരിപ്പിക്കുന്ന കവി, വീടിന്റെ നാലു ചുവരുകൾക്കപ്പുറം പ്രണയം  തുറന്നു തരുന്ന ഒരാകാശത്തെയും  അടയാളപ്പെടുത്തുന്നു.

‘എത്ര ഹ്രസ്വം പ്രേമം
എങ്കിലും വിസ്മൃതിയെത്ര ദീർഘം.’

ജിബു കൊച്ചുചിറ

More like this
Related

മരണം മണക്കുന്ന ഉമ്മകൾ

ഹൃദയം ഹൃദയത്തെ തൊടുന്നില്ലല്ലോ എന്ന നൊമ്പരത്തിൽ നിന്നായിരിക്കണം അധരം അധരത്തെ തേടേണ്ടത്...

കാഴ്ചകളിൽ കുരുങ്ങാതെ… 

''തീരത്തടിഞ്ഞ വെണ്ണക്കൽ നിറത്തിൽ, ഉള്ളിൽ നീലഞരമ്പുകളുള്ള ശംഖിന്റെ മനോഹാരിതയിൽ ശ്രദ്ധ സ്വരുക്കൂട്ടിയിരിക്കുമ്പോൾ...

മറന്ന് മറന്ന്…

"Man is a bundle of Memories' -  ഒരു കൂട്ടം...

ആരാണ് കാവലാൾ?

സഹോദരങ്ങൾ തമ്മിലുള്ള പകയ്ക്കും (Siblings Rivalry) പോരാട്ടങ്ങൾക്കും മനുഷ്യന്റെ ആരംഭകാലത്തിൽ തന്നെ...

തോറ്റുപോയവർക്ക് ഒരു വാഴ്ത്ത്

ജീവിതത്തിൽ സ്ത്രീയും പുരുഷനും പരാജയങ്ങളും അവമതിയും ഒരേ പോലെ തന്നെയാകുമോ കൈകാര്യം...

ആകാശം നഷ്ടപ്പെട്ടവർ

കണ്ണാടിപൈക്കൂറ എന്താണെന്നറിയാമോ? ഷൊർണ്ണൂരിലെ- അല്ല, ചെറുമണ്ണൂരിലെ പെൺകുട്ടികളെ കല്യാണം ചെയ്ത് അയയ്ക്കുമ്പോൾ, കുടുംബം...

വേരുകൾ മുറിയുമ്പോൾ…

കുടിയേറ്റക്കാരന്റെ മനസ്സ് എന്നും അസ്വസ്ഥമാണ്. എന്ത് പറഞ്ഞുകൂടാ, ചെയ്തുക്കൂടാ എന്നൊക്കെയാകും അയാളുടെ...

വാക്ക്

വാക്കിനോളം വലുതല്ല ഒരാകാശവുംവാക്കിനോളം വരില്ലൊരാശ്വാസവുംതെളിഞ്ഞും മൂടിയും പെയ്തും കനത്തുംഇരുണ്ടും വരണ്ടും മടിച്ചും...

വിശന്ന് വിശന്ന്…

രണ്ട് വലിയ യുദ്ധങ്ങളുടെ നടുക്കായി അക്ഷരാർത്ഥത്തിൽ ലോകത്തിന്റെ ഭക്ഷണ പാത്രം ശൂന്യമായിപോയ,...

ഭ്രാന്തുള്ളവർക്ക് സ്തുതിയായിരിക്കട്ടെ

''നിങ്ങൾക്ക് കാണാൻ കഴിയാത്തത് കാണുവാൻ മാത്രം അവരുടെ കണ്ണുകൾ തുറക്കപ്പെട്ടിട്ടുണ്ടെങ്കിലോ? ഈ...

കഥ തീരുമ്പോൾ

''എന്നിട്ട്..?''''എന്നിട്ടെന്താ, പിന്നീട് അവര് സുഖമായി ജീവിച്ചു...''രാജകുമാരിക്ക് രാജകുമാരനെ കിട്ടി...കുഞ്ഞിമകൾക്ക് അവളുടെ അച്ഛന്റെ...

നേരം

ഒന്നിനും നേരമില്ലെന്നു ചൊല്ലാനുംതെല്ലു നേരമില്ലാതെ പോവുന്ന കാലംനേരത്തിൻ പൊരുൾ തേടീടുവാൻനേരവും കാലവും...
error: Content is protected !!