ജീവിച്ചിരിക്കാനുള്ള കാരണങ്ങൾ

Date:


വിഷാദം തീ പിടിപ്പിച്ച എതെങ്കിലും ഒക്കെ മനുഷ്യരോട് ഇടക്കെങ്കിലും സംസാരിക്കാൻ ഇടവരാറുണ്ട്. ‘ഞാൻ വലിയ ഒരു ഒറ്റമുറിവാണെടോ’ എന്ന് സങ്കടപെടുന്ന മനുഷ്യർ.. ആത്മഹത്യ ചെയ്യാൻ തോന്നുന്നെടോ എന്ന് പറയുന്ന മറ്റു ചില മനുഷ്യർ… ‘കാരണമൊന്നു ഇല്ലാതെ സങ്കടം വരുന്നു ജിബു’ എന്ന് പതിരായ്ക്ക് ഏറ്റവും പ്രിയപ്പെട്ടരാൾ വിളിച്ചു പറയുമ്പോയാണ് നൗഫൽ പറയുംപോലെ ‘വിഷാദം അത്രക്ക് ചെറിയ വാക്കൊന്നുമല്ല’യെന്ന തിരിച്ചറിവുണ്ടാകുന്നത്. അദ്യശ്യമായതുകൊണ്ട് മാത്രം പലപ്പോഴും നമുക്ക് തിരിച്ചറിയാൻ പറ്റാതെ പോകുന്ന വിഷാദം… ആകെ അസ്വസ്ഥത… ശരീരം കാലിയാകുന്നതു പോലെ…. വേവലാതികളെപ്പറ്റി വേവലാതിപ്പെട്ട് തനിക്ക് ചുറ്റും ഒന്നുമില്ലായ്മയുടെ ഭാരം ചുമക്കുന്ന മനുഷ്യർ. അവർ തലയ്ക്ക് തീപിടിച്ച് നടക്കുമ്പോഴും ചുറ്റുമുള്ള പ്രിയപ്പെട്ടവർക്ക് അവരുടെ ഉള്ളിലെ സംഘർഷങ്ങളെ തിരിച്ചറിയാനാകില്ല എന്നതാണ് വിഷാദത്തെ കൂടുതൽ ഭീകരമാക്കുന്നത്. ‘ഈ മനസ്സിൽ നിന്ന് പുറത്തു കടക്കാൻ ഒരു വഴിയുമില്ലേ’ എന്ന് സിൽവിയ പ്ലാത്ത് ചോദിച്ചതും ഇതെ വിഷാദം തീ പിടിപ്പിച്ചതു കൊണ്ടായിരിക്കാം. വിഷാദം തീച്ചൂള പോലെ ഉരുക്കിക്കൊണ്ടിരിക്കുന്നവർ വിളിക്കുമ്പോൾ എനിക്ക് ഇത് വരെ ഭയമായിരുന്നു. മാറ്റ് ഹെയ്ഗ്  പറയുന്നതുപോലെ ജാറിനുള്ളിൽ കുടങ്ങിയ ഈച്ചയെപ്പോലെ സ്വന്തം ഉളളിൽ കുടുങ്ങിയ മനുഷ്യർ വിളിക്കുമ്പോൾ എന്ത് പറയും… ??? നമ്മുടെ ഉത്തരങ്ങൾ… ഉപദേശങ്ങൾ.. അവരെ  തൊടാതെ പോയാൽ…!പിറ്റേന്ന് നമ്മളെ വിളിച്ചയാൾ ഒരു നീളൻ കയറിൽ ഒടുങ്ങിയെന്ന് അറിയേണ്ടി വന്നാൽ..? ജീവിതകാലം മുഴുവൻ ചുമക്കേണ്ടി വരുന്ന ആ ഭാരം… ഓർക്കുമ്പോഴേ പേടിയായിരുന്നു.  


ജീവിത വഴികളിൽ വെളിച്ചം തരുന്ന ഈ പുസ്തകം. തന്നെ തകർത്തു കളഞ്ഞ വിഷാദം എന്ന രോഗത്തെ അദ്ദേഹം അതിജീവിച്ചതിന്റെയും വീണ്ടും ജീവിക്കാൻ പഠിച്ചതിന്റെയും ഒക്കെ യാഥാർഥ്യമാണ്  മാറ്റ് ഹെയ്ഗിന്റെ ‘ജീവിച്ചിരിക്കാനുള്ള കാരണങ്ങൾ’ എന്ന പുസ്തകത്തിലൂടെ തുറന്ന് പറയുന്നത്. ജീവിതം മഹത്തായ ഒരു സാദ്ധ്യതയാണ് എന്ന് തിരിച്ചറിയുന്ന ഹെയ്ഗിന്റെ തന്നെ ജീവിതത്തിന്റെ പച്ചയായ വരച്ചിടലാണ് പ്രഭാ സക്കറിയാസ് വിവർത്തനം ചെയ്ത ഈ പുസ്തകം. ജീവന്റെയും ജീവിതത്തിന്റെയും ഹൃദ്യമായ ഒഴുക്കുകളെ അദ്ദേഹം ഇവിടെ വരച്ചിടുന്നുണ്ട്.


നാം ശ്രദ്ധിച്ചു കേട്ടാൽ ജീവിതം എപ്പോഴും നമുക്ക് മരിക്കാതിരിക്കാനുള്ള കാരണങ്ങൾ തന്നു കൊണ്ടേയിരിക്കും. പക്ഷേ അകം പൊരുളിലെ സത്തയ്ക്ക് നമ്മൾ കാത് കൊടുക്കണമെന്ന് മാത്രം. യാതൊരു പ്രതീക്ഷയും ഇല്ലാതിരിക്കുക എന്നതാണ് വിഷാദത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ. മനസിൽ എന്തൊക്കെ പ്രക്ഷോഭങ്ങൾ നടന്നാലും അത് പുറമെ അറിയണമെന്നോ കാണണമെന്നേയില്ല.വിഷാദത്തെപ്പറ്റി മാറ്റ് ഹെയ്ഗ് പറയുന്നത് നെഞ്ചിൽ വാവലുകൾ കൂടു കൂട്ടിയതുപോലെയൊരു അനുഭവമെന്നാണ്. ശരിയാണ് ഇത് തന്നെയാണ് വിഷാദത്തെ ലോകത്തിലേക്കും വെച്ച് ഏറ്റവും മാരകമായ അസുഖങ്ങളിലൊന്നാക്കി മാറ്റുന്നതും. വിഷാദത്തിന്റെ തീ കെടുത്താൻ സ്‌നേഹത്തിന്റെ മഞ്ഞു തുള്ളികൾക്കു മാത്രമേ കഴിയൂ എന്ന വലിയ തിരിച്ചറിവിലേക്കാണ് ഹെയ്ഗ് ഈ പുസ്തകത്തിലൂടെ നമ്മളെ പഠിപ്പിക്കുന്നത്. ഷൗക്കത്ത് മാഷ് പറയും പോലെ ‘വേദനിക്കുന്നവരുടെ അടുത്ത് വെറുതെ കുറച്ചു നേരം ധൃതിയില്ലാതെ ഇരുന്നു കൊടുത്താൽ അതു പകരുന്ന ആശ്വാസം ചെറുതല്ല.’


ജീവിതം അതിന്റെ സാധ്യതകളെല്ലാം നീട്ടി നമ്മളെ കാത്തിരിക്കുന്നു. റൂമി പറഞ്ഞതോർക്കുന്നില്ലേ ‘മുറിവിലൂടെയാണ് നിങ്ങളുടെ ഉള്ളിൽ പ്രകാശം കടക്കുക’. അതു കൊണ്ട് ഇനി ജീവിതം വഴിമുട്ടി നിൽക്കുകയാണ് എന്ന് തോന്നുമ്പോൾ എനിക്ക് ചുറ്റും ലോകമാകെ ചിതറിത്തെറിച്ചു നിൽക്കുകയാണ് എന്ന തോന്നലുണ്ടാകുമ്പോഴും ഈ പുസ്തകം വായിക്കുക. ജീവിതത്തിൽ സംഘർഷങ്ങൾ ഉണ്ടാകുമ്പോൾ മനുഷ്യരെ മാത്രം തിരയാതെ പ്രതീക്ഷകൾ നൽകുന്ന പുസ്തകങ്ങളിലേക്ക് കടക്കാനും, പ്രകൃതിയുടെ മാറിൽ പറ്റിക്കിടക്കാനും മാറ്റ് ഹെയ്ഗ് നമ്മളെ പഠിപ്പിക്കും.

ജിബു കൊച്ചുചിറ

More like this
Related

തണലിൽ മറന്നുപോയത്

'ആ മരമായ മരമെല്ലാം കൊണ്ട വെയിലാണീ തണൽ' എന്ന് കുറിക്കുമ്പോൾ എന്തായിരുന്നിരിക്കാം...

മരണം മണക്കുന്ന ഉമ്മകൾ

ഹൃദയം ഹൃദയത്തെ തൊടുന്നില്ലല്ലോ എന്ന നൊമ്പരത്തിൽ നിന്നായിരിക്കണം അധരം അധരത്തെ തേടേണ്ടത്...

കാഴ്ചകളിൽ കുരുങ്ങാതെ… 

''തീരത്തടിഞ്ഞ വെണ്ണക്കൽ നിറത്തിൽ, ഉള്ളിൽ നീലഞരമ്പുകളുള്ള ശംഖിന്റെ മനോഹാരിതയിൽ ശ്രദ്ധ സ്വരുക്കൂട്ടിയിരിക്കുമ്പോൾ...

മറന്ന് മറന്ന്…

"Man is a bundle of Memories' -  ഒരു കൂട്ടം...

ആരാണ് കാവലാൾ?

സഹോദരങ്ങൾ തമ്മിലുള്ള പകയ്ക്കും (Siblings Rivalry) പോരാട്ടങ്ങൾക്കും മനുഷ്യന്റെ ആരംഭകാലത്തിൽ തന്നെ...

തോറ്റുപോയവർക്ക് ഒരു വാഴ്ത്ത്

ജീവിതത്തിൽ സ്ത്രീയും പുരുഷനും പരാജയങ്ങളും അവമതിയും ഒരേ പോലെ തന്നെയാകുമോ കൈകാര്യം...

ആകാശം നഷ്ടപ്പെട്ടവർ

കണ്ണാടിപൈക്കൂറ എന്താണെന്നറിയാമോ? ഷൊർണ്ണൂരിലെ- അല്ല, ചെറുമണ്ണൂരിലെ പെൺകുട്ടികളെ കല്യാണം ചെയ്ത് അയയ്ക്കുമ്പോൾ, കുടുംബം...

വേരുകൾ മുറിയുമ്പോൾ…

കുടിയേറ്റക്കാരന്റെ മനസ്സ് എന്നും അസ്വസ്ഥമാണ്. എന്ത് പറഞ്ഞുകൂടാ, ചെയ്തുക്കൂടാ എന്നൊക്കെയാകും അയാളുടെ...

വാക്ക്

വാക്കിനോളം വലുതല്ല ഒരാകാശവുംവാക്കിനോളം വരില്ലൊരാശ്വാസവുംതെളിഞ്ഞും മൂടിയും പെയ്തും കനത്തുംഇരുണ്ടും വരണ്ടും മടിച്ചും...

വിശന്ന് വിശന്ന്…

രണ്ട് വലിയ യുദ്ധങ്ങളുടെ നടുക്കായി അക്ഷരാർത്ഥത്തിൽ ലോകത്തിന്റെ ഭക്ഷണ പാത്രം ശൂന്യമായിപോയ,...

ഭ്രാന്തുള്ളവർക്ക് സ്തുതിയായിരിക്കട്ടെ

''നിങ്ങൾക്ക് കാണാൻ കഴിയാത്തത് കാണുവാൻ മാത്രം അവരുടെ കണ്ണുകൾ തുറക്കപ്പെട്ടിട്ടുണ്ടെങ്കിലോ? ഈ...

കഥ തീരുമ്പോൾ

''എന്നിട്ട്..?''''എന്നിട്ടെന്താ, പിന്നീട് അവര് സുഖമായി ജീവിച്ചു...''രാജകുമാരിക്ക് രാജകുമാരനെ കിട്ടി...കുഞ്ഞിമകൾക്ക് അവളുടെ അച്ഛന്റെ...
error: Content is protected !!