സ്നേഹം തണുത്തുറഞ്ഞുപോകുന്ന ബന്ധങ്ങളിൽ വച്ചേറ്റവും മുൻപന്തിയിലുളളത് ദാമ്പത്യബന്ധം തന്നെയാവാം. കാരണം ഇത്രയധികം കൂടിച്ചേരലുകൾ നടക്കുന്നതും എപ്പോഴും ഒരുമിച്ചായിരിക്കുന്നതുമായ മറ്റൊരു ബന്ധവും ഈ ലോകത്തിൽ ഇല്ല. സുഹൃദ്ബന്ധത്തിനും മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തിനും മഹത്വമുണ്ടെങ്കിലും അതിന് അതിന്റേതായ പരിമിതികളുണ്ട്. പക്ഷേ ദാമ്പത്യബന്ധം അങ്ങനെയല്ല. അതുകൊണ്ടുതന്നെ അത് കാലം കഴിയുമ്പോഴും കൂടുതൽ അടുക്കുമ്പോഴും വിരസമായി തോന്നിയേക്കാം. പക്ഷേ നഷ്ടപ്പെട്ടുപോകുന്ന ദാമ്പത്യബന്ധത്തിലെ സ്നേഹങ്ങളെ ഒന്നുപോലെ ശ്രമിച്ചാൽ വീണ്ടെടുക്കാവുന്നതേയുള്ളൂ.
പണ്ടുകാലങ്ങളിലേതുപോലെയുള്ള കുടുംബസങ്കല്പങ്ങളിൽ നിന്ന് ഇന്ന് ലോകം ഒരുപാട് മാറിയിട്ടുണ്ട്. പണ്ടുകാലങ്ങളിൽ സ്ത്രീയെക്കാൾ പുരുഷനായിരുന്നു കുടുംബങ്ങളിൽ മേധാവിത്വവും സ്ഥാനവും. പക്ഷേ ഇപ്പോൾ പുരുഷനൊപ്പം സ്ത്രീയും പരിഗണിക്കപ്പെടേണ്ടതുണ്ട്. ഇങ്ങനെയൊരു തുല്യത കല്പിച്ചുകൊടുക്കാൻ ചില പുരുഷന്മാർക്കെങ്കിലും കഴിയാറില്ല. ഇത് ദാമ്പത്യബന്ധം സങ്കീർണ്ണമാക്കാൻ ഇടയുളള വിഷയമാണ്. വീട്ടുജോലികൾ, ശിശുപരിപാലനം,സാമ്പത്തികം എന്നിങ്ങനെ വിവിധ മേഖലകളിൽ ഉത്തരവാദിത്തങ്ങൾ പങ്കിടുക. കുടുംബത്തിന്റെ നിയന്ത്രണം ഒരാൾക്കുമാത്രമാകാതെ തുല്യമായി വീതിക്കുക. വലുപ്പ ചെറുപ്പം കൂടാതെ തുല്യതയോടെ പരിഗണിക്കുക. കൊടുക്കേണ്ട ബഹുമാനം നല്കുക, സാമ്പത്തിക കാര്യങ്ങളിൽ സുതാര്യത പാലിക്കുക ഇതെല്ലാം ദാമ്പത്യബന്ധത്തിലെ ഇഴയടുപ്പത്തിന് അത്യാവശ്യമാണ്. പങ്കാളികൾ തമ്മിൽ ഒരുമിച്ചിരിക്കാനും സംസാരിക്കാനും സമയം കണ്ടെത്തുക എന്നതും പ്രധാനപ്പെട്ട കാര്യമാണ്. അതുപോലെതന്നെ പല ദമ്പതികളും വർഷം കഴിയും തോറും ലൈംഗികതയിൽ നിന്ന് അകന്നുപോകുന്നതായും കണ്ടുവരാറുണ്ട്. ഒരാൾക്ക് ലൈംഗിതയോട് താല്പര്യമുണ്ടായിരിക്കുകയും മറ്റെ ആൾക്ക് താല്പര്യം ഇല്ലാതെവരുന്ന സാഹചര്യവുമുണ്ട്. ഇതും പരസ്പരസംഘർഷത്തിലേക്ക് വഴിതെളിക്കും. ലൈംഗികതയെക്കുറിച്ചുള്ള തുറന്ന ചർച്ചയും നഷ്ടപ്പെട്ടുപോയ ലൈംഗികത തിരിച്ചുപിടിക്കുകയുമാണ് ഇവിടെ ചെയ്യാവുന്ന പരിഹാരമാർഗ്ഗം.
മനോഹരമായ മുറ്റത്ത് മഴ പെയ്തതിന് ശേഷം മുളച്ചുവരുന്ന പാഴ്ചെടികൾ പോലെയാണ് ദാമ്പത്യത്തിലെ പല പ്രശ്നങ്ങളും. ചെടിയല്ലേ എന്ന് കരുതി പിഴുതുകളയാതിരുന്നാൽ അവ കാടായി വളർന്ന് മുറ്റത്തിന്റെ ഭംഗി നശിപ്പിക്കും പലപ്പോഴും ചെറിയ പ്രശ്നങ്ങളാണ് ദാമ്പത്യത്തിലെ വലിയ പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. ചെറിയ പ്രശ്നങ്ങളാണല്ലോ എന്നു കരുതി അവഗണിക്കാതെ വേണ്ടത്ര പരിഗണന നല്കി അവരെ പരിഹരിക്കുക. നഷ്ടമായ ഇഴയടുപ്പം പുനഃസ്ഥാപിക്കുക.