പ്രശ്നം സാധ്യതയാണ്

Date:

പ്രീഡിഗ്രി കാലം മുതല്ക്കേയുള്ള സൗഹൃദമാണ് അവനോട്. പത്തിരുപത്തിയെട്ട് വർഷത്തോളം പഴക്കമുള്ളത്. ഡിഗ്രി പഠനം രണ്ടിടത്തായിരുന്നു. തുടർന്ന് അവൻ ബി.എഡിന് ചേർന്നു. ഒരു അധ്യാപകനായി അവൻ മാറും എന്ന് കരുതിയിടത്ത് നിന്നാണ് അപ്രതീക്ഷിതമായി ഒരു ട്വിസ്റ്റ് സംഭവിച്ചത്. പിന്നീട് കേട്ടത് അവൻ പോലീസിൽ ചേർന്നു എന്നായിരുന്നു. ബി.എ മലയാളം പഠിച്ച് ബി.എഡ് പഠിച്ച് ഒടുവിൽ പോലീസുകാരന ാവുക.

അടുത്ത ബന്ധുവായ ഒരു പെൺകുട്ടി. അവളുടെ ആഗ്രഹം ഒരു കോളജ് അധ്യാപിക ആവുക എന്നതായിരുന്നു. പക്ഷേ അവളുടെ അച്ഛൻ അതിന് അനുകൂലമായിരുന്നില്ല. പെൺകുട്ടികളെ സംബന്ധിച്ച് തൊഴിൽ സാധ്യത ഉറപ്പുള്ളതും സാമ്പത്തികമായി ഉന്നമനത്തിന് വഴിതുറക്കുന്നതുമായ പ്രഫഷൻ നേഴ്സിംങ് ആണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. അതനുസരിച്ച് പെൺകുട്ടി നേഴ്സായി. ഇന്ന് അവൾ വിദേശത്ത് നേഴ്സായി ജോലി ചെയ്യുന്നു.

മറ്റൊരു സുഹൃത്തിന്റെ അനുഭവം ഇങ്ങനെയാണ്. പ്രീഡിഗ്രി കഴിഞ്ഞ അവനെ ഐ ടി ഐ യിൽ ചേർക്കാനായിരുന്നു വീട്ടുകാരുടെ നിർബന്ധം. പക്ഷേ  എഴുത്തിന്റെ അസ്‌കിത ഉള്ളവനായതുകൊണ്ട് അവൻ ആ നിർബന്ധത്തെ ചെറുത്തുനിന്നു. പിന്നെ സ്വന്തം പരിശ്രമം വഴി ഡിഗ്രിയും ജേർണലിസവും കഴിഞ്ഞ് ഒരു പത്രപ്രവർത്തകനായി അവൻ ഇപ്പോൾ ജോലി ചെയ്യുന്നു. ഇങ്ങനെ ആഗ്രഹിച്ച  ജോലി ചെയ്യുന്നവരും ആഗ്രഹിക്കാത്ത ജോലി ചെയ്യുന്നവരുമുണ്ട്.


ഓരോ ജോലിയും രൂപപ്പെടുത്തിയെടുക്കുന്ന ഒരു സംസ്‌കാരമുണ്ട്.   ഓരോ വ്യക്തിക്കും ചെയ്യാൻ കഴിയുന്ന ഓരോ ജോലികളുണ്ട്. ആരോ പറഞ്ഞതുപോലെ എല്ലാവരും തുല്യജീവിതത്തിന് അർഹരാണെങ്കിലും തുല്യജോലിക്ക് അർഹരല്ല. ഒരു പക്ഷേ ജോലിയോടുള്ള താല്പര്യം ഓരോരുത്തരുടെ വ്യക്തിത്വത്തിന്റെ ഭാഗം തന്നെയായിരിക്കാം. ചിലർക്ക് മാത്രം ചെയ്യാൻ കഴിയുന്നതായി ചില ജോലികളുണ്ട്.  വേറെ ചിലർക്കാകട്ടെ എന്തുമാത്രം പണം കിട്ടിയാലും തങ്ങൾക്ക് ചെയ്യാൻ കഴിയുന്ന നിസ്സാര പ്രതിഫലം കിട്ടുന്ന ഒരേയൊരു ജോലിയോട് മാത്രമായിരിക്കും താല്പര്യം. അക്ഷരങ്ങളുമായി ബന്ധം പുലർത്തുന്ന ഒരാൾക്ക് അക്കങ്ങളോട് നീതിപുലർത്തി ജീവിക്കാനാവില്ല.
ഇങ്ങനെ പൊതുവായി പറയുമ്പോഴും അപവാദമായി  മറ്റ് പലതുമുണ്ട്. കാരണം ഇന്ന് ജീവിക്കാനുള്ള ശ്രമത്തിനിടയിൽ, സുരക്ഷിതമായ ഒരു ജോലിക്ക് വേണ്ടിയുള്ള ശ്രമത്തിൽ വ്യക്തിപരമായ താല്പര്യങ്ങൾ പലതുംവേണ്ടെന്നു വച്ചായിരിക്കും ഓരോരുത്തരും ജോലി തിരഞ്ഞെടുക്കുന്നത്. ഇഷ്ടമുളള ജോലി ചെയ്യാൻ കഴിയുന്നത് വളരെ ചുരുക്കം ചിലർക്ക് മാത്രമായിരിക്കും. ഇഷ്ടമില്ലാത്ത ജോലി ചെയ്യുന്നവരാണ് ഇന്നത്തെ കാലത്ത് അധികവും.
താല്പര്യമുള്ള ജോലി ചെയ്യുമ്പോഴാണ് കൂടുതൽ റിസൾട്ട് ഉണ്ടാകുന്നത്. ഇഷ്ടമുള്ള ജോലി ചെയ്യുമ്പോഴാണ് സംതൃപ്തി ഉണ്ടാകുന്നത്.  ചെയ്യുന്ന ഓരോ ജോലിയും വ്യക്തിത്വത്തിന്റെ ഭാഗമായി മാറുന്നതിനെക്കുറിച്ചുകൂടി പരാമർശിക്കേണ്ടതുണ്ടെന്ന് തോന്നുന്നു. അധ്യാപകർ കണിശക്കാരും അച്ചടക്കബോധം കൂടുതലുള്ളവരുമാണെന്ന് പൊതുവെയൊരു ധാരണയുണ്ട്. പ്രത്യേകിച്ച് കണക്ക് അധ്യാപകർ. മലയാളം അധ്യാപകർ രസികരും വളരെയധികം സ്നേഹമുളളവരുമാണെന്നും. പക്ഷേ  ഇന്ന് അധ്യാപനം എന്നത് പണം കൊടുത്ത് മേടിക്കുന്ന പ്രഫഷനായി മാറിയിരിക്കുന്ന സാഹചര്യത്തിൽ എത്ര അധ്യാപകർ നൂറു ശതമാനം പ്രതിബദ്ധതയുള്ളവരാണെന്ന് അവർ ഓരോരുത്തരുമാണ് കണ്ടെത്തേണ്ടത്.  


തുടക്കത്തിലെഴുതിയ പോലീസുകാരൻ ചങ്ങാതിയുടെ  കാര്യം തന്നെയെടുക്കാം. കോവിഡിന് മുമ്പ് നടത്തിയ ഒരു ഗാദറിംങിൽ കണ്ടുമുട്ടിയപ്പോൾ അവനോട് പറഞ്ഞു, എടാ   നീ ഇപ്പോഴും പോലീസുകാരനാണെന്ന് തോന്നുന്നില്ല. അപ്പോൾ സ്വതസിദ്ധമായ ചിരിയോടെ അവൻ പറഞ്ഞു, ഇത് ജീവിതമല്ലേ മാഷേ, കുടുംബം നോക്കണം. ജീവിക്കണം. ഗവൺമെന്റ് ജോലിയാകുമ്പോൾ സുരക്ഷിതത്വമുണ്ട്. ഇങ്ങനെയങ്ങ് പോകട്ടെ. പിന്നെ നിങ്ങൾക്കെല്ലാം പോലീസുകാരെക്കുറിച്ച് ഒരു തെറ്റിദ്ധാരണയുണ്ട്. അവരെന്തുകൊണ്ട് പരുക്കന്മാരായി പെരുമാറുന്നുവെന്ന്. അതിനൊരു കാരണമേയുള്ളൂ. ഈ ലോകത്തിൽ ഏതു ജോലിചെയ്യുമ്പോഴും അവിടെയെല്ലാം നന്മയുടെ വാർത്തകളുണ്ട്, സന്തോഷം അനുഭവിക്കാൻ കഴിയുന്ന നിമിഷങ്ങളുണ്ട്. പക്ഷേ പോലീസുകാരുടെ ജോലിക്കിടയിൽ അവരെ തേടിയെത്തുന്നത് എപ്പോഴും നെഗറ്റീവ് വാർത്തകളാണ്. മോഷണം, പിടിച്ചുപറി, കൊലപാതകം, അക്രമം, ലൈംഗികപീഡനം…


സ്ഥിരമായി ഇത്തരം വാർത്തകളോട് സഹവസിക്കുകയും ഇത്തരക്കാരുമായി അടുത്ത് ഇടപഴകുകയും ചെയ്യുമ്പോൾ സ്വഭാവികമായും അറിഞ്ഞോ അറിയാതെയോ ആ സ്വഭാവങ്ങൾ ഞങ്ങളുടെ സ്വഭാവത്തിൽ കലരുന്നു. ഓഫീസിലെ നൂറുകൂട്ടം പ്രശ്നങ്ങളുമായി വീട്ടിലെത്തുമ്പോൾ അവിടെയും നമ്മെ മനസ്സിലാക്കാൻ കഴിയാത്ത ആളുകളാണ് ഉള്ളതെങ്കിൽ  പിന്നെ പറയാനുമില്ല. പോലീസുകാർ മോശക്കാരൊന്നുമല്ല, അവർ മോശക്കാരായി മാറ്റപ്പെടുന്നവരാണ്. സാഹചര്യം അവരെ മാറ്റിക്കൊണ്ടിരിക്കുന്നു.


ശരിയായിരിക്കാം. കുടുംബജീവിതത്തിലെ അസ്വസ്ഥതകളിൽ നിന്നെല്ലാം തനിക്ക് ശമനം കിട്ടുന്നത് ക്ലാസിൽ കുട്ടികളുടെ മുമ്പിൽ നില്ക്കുമ്പോഴാണെന്ന് ഒരു അധ്യാപിക പറഞ്ഞതോർക്കുന്നു.  ജോലി ചിലർക്ക് തങ്ങളിൽ നിന്ന് തന്നെ ഓടിയൊളിക്കാനുള്ള താവളമാകുന്നു. വേറെ ചിലർക്ക് ആത്മസാക്ഷാത്ക്കാരവും. ഇനിയും മറ്റ് ചിലർക്ക് ജീവിക്കാനുള്ള വഴിയും വകയും.


അതൊക്കെ എന്തായാലും  ജോലിയുണ്ടായിരിക്കുക എന്നതാണ് പ്രധാനം. അതെത്ര നിസ്സാരമായ ജോലിയുമായിരുന്നുകൊള്ളട്ടെ. ജോലി നല്കുന്ന ആത്മാഭിമാനവും സ്വയംപര്യാപ്തതയും വളരെ വലുതാണ്.   ജോലി നഷ്ടപ്പെടുമ്പോൾ സാമ്പത്തികവരുമാനം മാത്രമല്ല ഇല്ലാതാകുന്നത് ആത്മാഭിമാനം കൂടിയാണ്. ഇന്നലെ വരെ ചെയ്തിരുന്ന ഒരു ജോലിയെക്കാൾ തനിക്ക് തന്നെ കുറവുള്ളതെന്ന് തോന്നുന്ന ജോലി ചെയ്യാൻ പലരും തയ്യാറല്ല. പ്രമോഷനാണ് ജോലിയിൽ എല്ലാവരും ആഗ്രഹിക്കുന്നത്, ഡീ പ്രമോഷനല്ല. എന്നാൽ വരും കാലം ജോലിയെ സംബന്ധിച്ച് അത്ര സുന്ദരമായിരിക്കില്ല എന്നാണ് സൂചനകൾ.


 കേരളത്തിന്റെ കോവിഡാനന്തര പശ്ചാത്തലത്തിൽ ഇന്ന് പലരുടെയും ജോലികളുടെ സുരക്ഷിതത്വവും നിലനില്പും ചോദ്യം ചെയ്യപ്പെടുന്നു. പലർക്കും ജോലി നഷ്ടപ്പെടുന്നു. ഏതു ജോലിയും ചെയ്യാനുള്ള മാനസികാവസ്ഥയിലേക്ക് നാം എത്തിക്കൊണ്ടിരിക്കുന്നു.


നേരത്തെ ജോലിചെയ്തിരുന്ന ഒരു സ്ഥാപനത്തിലെ അംഗങ്ങൾക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് കേട്ടത് ഇതിനെ ശരിവയ്ക്കുന്നു. ഓഫീസ് ജോലി  എന്ന് വിശേഷിപ്പിക്കപ്പെടുന്ന വിധത്തിൽ ജോലി ചെയ്തിരുന്ന അവരിൽ ചിലരെങ്കിലും ജീവിക്കാനായി ഇന്ന്  മറ്റ് പല തൊഴിലുകളിലേക്കും ഇറങ്ങിയിരിക്കുന്നു.


വെബ് ഡിസൈനിംങ് പോലെയുള്ള  ജോലികൾ സ്വന്തം നിലയിൽ ചെയ്യുന്ന ഒരു സുഹൃത്ത് പണ്ടൊരിക്കൽ പറഞ്ഞു, എനിക്ക് ഈ ജോലി ഇല്ലാതായാലും  ആരോഗ്യമുണ്ടെങ്കിൽ ഏതു ജോലി ചെയ്തും ജീവിക്കാനുള്ളധൈര്യമുണ്ട്. ഇത് ജീവിതത്തോട് ക്രിയാത്മകമായ  സമീപനം പുലർത്തുന്ന മനോഭാവമാണ്. ഇങ്ങനെ ജീവിതത്തോട് പൊരുതിനില്ക്കാൻ കെല്പുള്ളവർക്ക് ജോലിനഷ്ടങ്ങളോ സാമ്പത്തികബുദ്ധിമുട്ടുകളോ ബാധിക്കുകയില്ല. അവർ അവരിൽ തന്നെ കരുത്തരാണ്, സ്വയം പര്യാപ്തരും. പക്ഷേ എല്ലാവർക്കും അതിന് കഴിയുന്നില്ല എന്നും എല്ലാവരുംഅങ്ങനെയല്ല എന്നതുമാണ് വാസ്തവം. അത്തരക്കാരുടെ ജീവിതം പ്രതിസന്ധിയിലാവും. ആ പ്രതിസന്ധികളെ നേരിടാനുള്ള കരുത്ത് നാം ആർജ്ജിച്ചെടുക്കേണ്ടിയിരിക്കുന്നു.


പ്രതിസന്ധികളുണ്ടാകുമ്പോൾ അതിന് മുമ്പിൽ തളർന്നുപോകുന്നവന് ജീവിതത്തിൽ വിജയിക്കാൻ കഴിയില്ല. പ്രതിസന്ധികൾക്കിടയിലും ഒരു സാധ്യത കണ്ടെത്തുന്നവനാണ് ജീവിതത്തിൽ വിജയിക്കുന്നത്. പ്രശ്നം സാധ്യതയാണെന്ന് മനസ്സിലാക്കി ആ സാധ്യതയെ പ്രയോജനപ്പെടുത്താൻ കോവിഡ് കാലം നമുക്ക് കരുത്തുനല്കട്ടെ. പുതിയ ജോലിയും പുതിയ ജോലി സംസ്‌കാരവും രൂപപ്പെടുത്താൻ ഇക്കാലം നമുക്ക് കാരണമായി മാറുമെന്ന് ശുഭപ്രതീക്ഷ നമ്മെ നയിക്കട്ടെ.

More like this
Related

പിന്തിരിഞ്ഞോടരുത് !

പരാജയങ്ങൾ വിജയത്തിന്റെ ചവിട്ടുപടിയാണെന്ന് പറയുമ്പോഴും, ആദ്യത്തെ പരാജയത്തിൽ തന്നെ മനസ്സു മടുക്കുന്നവനാണ്...

സ്വയം ഉയരുക

മറ്റുള്ളവർ വളർത്തുമെന്ന് കരുതി കാത്തിരിക്കുന്നതാണ് ജീവിതത്തിൽ മനുഷ്യർ ചെയ്യുന്ന വലിയ അബദ്ധങ്ങളിലൊന്ന്....

നന്നാകാൻ നാളെവരെ കാത്തിരിക്കേണ്ട

നല്ലതാകാൻ നാളേയ്ക്കുവേണ്ടി കാത്തിരിക്കുന്നവരാണ് പലരും. പ്രവൃത്തിക്കാനും അവർ നാളേയ്ക്കുവേണ്ടി കാത്തിരിക്കുന്നു. ഫലമോ...

സേവിങ്ങ്‌സ് എത്ര ഉണ്ട്..? 

ചോദ്യം കേട്ടാൽ ഓർമ തനിയെ ബാങ്കിലേക്ക് പോകും. സേവിങ്ങ്‌സ് അഥവാ നിക്ഷേപം...

പരിമിതികൾ ഇല്ലാത്ത ജീവിതം

കുഞ്ഞുനാളുകളിൽ സ്വപ്‌നങ്ങളെക്കുറിച്ച് കേട്ടിട്ടുള്ള മനോഹരമായ ഒരു കാര്യം വെളുപ്പാൻ കാലത്ത് കാണുന്ന...

മുറിവുകൾ തളിർക്കുമ്പോൾ…

മുറിവുകൾക്ക് ഒരു ചരിത്രം ഉണ്ടോ?  അറിഞ്ഞുകൂടാ. എന്നിരുന്നാലും ഓരോ മുറിവുകൾക്ക് പിന്നിലും...

പോസിറ്റീവാകൂ നല്ലതുപോലെ…

കേൾക്കുമ്പോൾതന്നെ ഉള്ളിൽ സന്തോഷം നിറയുന്ന ഒരു വാക്കാണ് പോസിറ്റീവ്. പോസിറ്റീവ് കാര്യങ്ങൾ...

മറക്കരുതാത്ത മൂന്നു കൂട്ടർ

ജീവിതത്തിൽ മൂന്നുതരം ആളുകളെ മറക്കരുതെന്നാണ് പറയുന്നത്.1.   ജീവിതത്തിലെ ദുഷ്‌ക്കരമായ സാഹചര്യങ്ങളിൽ...

പ്രതീക്ഷ നിലനിർത്താൻ, സന്തോഷത്തിലായിരിക്കാൻ

മാനസികാരോഗ്യം സന്തോഷവുമായി  ബന്ധപ്പെട്ടാണിരിക്കുന്നത്.പോസിറ്റീവായി ചിന്തിക്കാനും ജീവിതത്തെ അതേ രീതിയിൽ സമീപിക്കാനുമൊക്കെ സന്തോഷത്തിന്റെ...

പ്രതിസന്ധികൾ അവസാനമല്ല

പ്രതിസന്ധികൾ ആരുടെ ജീവിതത്തിലാണ് ഇല്ലാത്തത്?  ഓരോരുത്തരും അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ ഓരോ തരത്തിലാണ്....

കാത്തിരിപ്പ്

ദീർഘനാളത്തെ പരിശീലനം കഴിഞ്ഞ് പിരിഞ്ഞുപോകാൻ നേരം ശിഷ്യൻ ഗുരുവിനോട് ചോദിച്ചു :'ഗുരു,...

Thank You…

2020 ഓഗസ്റ്റ് മാസത്തിലാണ് ഇടുക്കി ജില്ലയിലെ പെട്ടിമുടി ദുരന്തം നടന്നത്. ഒരായുസ്സ്...
error: Content is protected !!