‘ഒരാൾക്ക് വിജയം ഉണ്ടാകുമ്പോൾ അയാൾ പറഞ്ഞത് കേൾക്കാൻ എല്ലാവരും ഉണ്ടാകും.’ അടുത്തയിടെ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് വിശദീകരണം നല്കിയപ്പോൾ ഒരു നടൻ പറഞ്ഞ വാചകമാണ് ഇത്.
വിജയികളുടെ അഭിപ്രായങ്ങൾക്കും അനുഭവങ്ങൾക്കും അനുവാചകരുണ്ട്. മാർക്കറ്റ് വാല്യൂവുണ്ട്. ആരും തിരിച്ചറിയാതെയും അംഗീകരിക്കാതെയും കഴിഞ്ഞ നാളുകളിൽ കടന്നുപോയ ദുരനുഭവങ്ങൾക്ക് ഇടം ഉണ്ടാകുന്നത് അയാൾ വിജയം രേഖപ്പെടുത്തിക്കഴിയുമ്പോഴാണ്.
ഇന്നലെവരെ അയാളുടേതുമാത്രമായിരുന്ന ദുരനുഭവങ്ങൾ വിജയങ്ങളിൽ എത്തുമ്പോഴാണ് സാമാന്യവൽക്കരിക്കപ്പെടുന്നത്. അപ്പോഴാണ് അവ പാഠപുസ്തകങ്ങളാകുന്നത്. പലരും തങ്ങളുടെ ദാരിദ്ര്യത്തിന്റെയും അപമാനങ്ങളുടെയും കഥകൾ അയവിറക്കുന്നത് വിജയകിരീടങ്ങളിലിരുന്നുകൊണ്ടാണ്. ഇന്നലെവരെ അയാളുടെ പരാജയങ്ങൾ അയാളുടേതു മാത്രമായിരുന്നു. വിജയിക്കാൻ വേണ്ടിയുള്ള അയാളുടെ ശ്രമങ്ങൾ അയാളുടേതു മാത്രമായിരുന്നു. പിന്തുണകളോ പ്രോത്സാഹനങ്ങളോ അയാൾക്ക് ലഭിക്കുന്നുമുണ്ടായിരുന്നില്ല. പക്ഷേ വിജയിക്കുന്നതോടെ അയാൾ എല്ലാവരുടേതുമാകുന്നു. എല്ലാവരും അയാളുടെ വിജയങ്ങളുടെ പിന്നിൽ അണിനിരക്കുന്നു. മുമ്പൊരിക്കലും സംസാരിച്ചതുപോലെയല്ല അയാൾ ഇപ്പോൾ മുതൽ സംസാരിക്കുന്നത്. അയാളെ കേൾക്കാൻ ആളുകളേറെയുണ്ടാവുന്നു.വിജയികൾക്ക് ഇരിക്കാൻ ഇരിപ്പിടങ്ങൾ… അവരെ അനുമോദിക്കാൻ വേദികൾ… അവർക്കായി പൂമാലകൾ… ഫ്‌ളക്സുകൾ…
വിജയിച്ചവരുടെ പിന്നാലെയാണ് ലോകം. അതോടൊപ്പം തുടർച്ചയായി വിജയം നല്കുന്നവരുടെയും. ഒരിക്കൽ സംഭവിച്ച വിജയങ്ങൾ ആകസ്മികമായി അവതരിപ്പിക്കപ്പെട്ടേക്കാം. തുടർച്ചയായി വിജയങ്ങൾ നല്കുമ്പോൾ മാത്രം അത് അയാളുടെ കഴിവിന്റെ അംഗീകാരമായി ചിത്രീകരിക്കപ്പെടുന്നു.
വിജയിക്കുന്നത് കഴിവുള്ളവർ മാത്രമാണോ? ഒരിക്കലുമല്ല. അവർക്ക് കഴിവുണ്ട്, അദ്ധ്വാനമുണ്ട്, പരിശ്രമമുണ്ട്. പക്ഷേ അതൊക്കെയുണ്ടായിട്ടും ചിലർക്ക് മറ്റുള്ളവർ വിലയിരുത്തുന്ന വിധത്തിലുള്ള വിജയങ്ങളിൽ എത്തിച്ചേരാൻ കഴിയുന്നില്ല. അ ങ്ങനെ വരുമ്പോൾ വിജയം ഒരു സാധ്യത കൂടിയായി മാറുന്നുണ്ട്. വിജയിച്ചവരെക്കാൾ കൂടുതൽ കഴിവുണ്ടായിട്ടും അത്രയധികം ശ്രദ്ധിക്കപ്പെടാതെപോയവരുടെ ലോകം കൂടിയാണ് ഇത്.
ഒരു ശ്രമം പരാജയപ്പെട്ടുവെന്ന് കരുതി നിങ്ങൾ കഴിവില്ലാത്തവനാകുന്നില്ല. ഒന്നാമതെത്താത്തതുകൊണ്ട് പരാജയപ്പെട്ടവനാകുന്നുമില്ല. മറ്റുള്ളവർ മുഴുവൻ നിങ്ങളെ വിജയിയായി അംഗീകരിക്കുമ്പോഴും സ്വയം വിജയിയായോ അല്ലെങ്കിൽ ആത്മാവിൽ പോലും സ്വന്തം വിജയങ്ങളെയോർത്ത് അഭിമാനിക്കാനോ സന്തോഷിക്കാനോ കഴിയുന്നില്ലെങ്കിൽ നമ്മുടെ വിജയങ്ങൾക്കെന്തു പ്രസക്തി?