കാത്തിരിപ്പെന്ന മൂലധനം

Date:

ഹെർമൻ ഹെസെയുടെ സിദ്ധാർത്ഥ എന്ന കൃതിയിലെ  സത്യാന്വേഷിയായ ചെറുപ്പക്കാരന് ജീവിതത്തിലെ എല്ലാ അനുഭവങ്ങളിലൂടെയും കടന്നുപോകാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ്. കച്ചവടം ചെയ്യാൻ താല്പര്യപ്പെടുന്ന അയാൾ ഒരു വർത്തകനെ കണ്ട് തന്റെ ആവശ്യം പറയുമ്പോൾ അയാൾ ആ ചെറുപ്പക്കാരനെ നേരിടുന്നത്  തെല്ലുപരിഹാസത്തോടുകൂടിയാണ്. അതിന് നിന്റെ കയ്യിൽ എന്താണ് മൂലധനം? ചെറുപുഞ്ചിരിയോടെ, ആത്മവിശ്വാസത്തോടെ സിദ്ധാർത്ഥ് പറയുന്നത് ഇങ്ങനെയാണ് എനിക്ക് നല്ലതുപോലെ പട്ടിണികിടക്കാൻ പറ്റും, പ്രാർത്ഥിക്കാൻ പറ്റും. കാത്തിരിക്കാൻ പറ്റും.

ജീവിതത്തിന്റെ വലിയ മൂലധനങ്ങളിലൊന്നാണ് കാത്തിരിപ്പ് എന്ന് നമ്മൾ ചിലപ്പോഴെങ്കിലും മറന്നുപോകുന്നുണ്ട്. കഷ്ടിച്ച് ഒന്നരമിനിറ്റ് പോലും ദൈർഘ്യമില്ലാത്ത ഒരു ട്രാഫിക് സിഗ്നൽ. അവിടെ ചുവപ്പ് പച്ചയാകാൻ കാത്തിരിക്കുമ്പോൾ പോലും നമ്മൾ എന്തുമാത്രം ഡിസ്റ്റേർബഡ് ആകുന്നു? കാത്തിരിക്കാൻ മമതയില്ലാത്ത,താല്പര്യമില്ലാത്തവരുടെ കാലം ആരംഭിച്ചിരിക്കുന്നുവെന്നാണ് പലപ്പോഴും തോന്നുന്നത്.

 നമുക്കറിയാം ലോകത്തിലെവിടെയാണെങ്കിലും ഒരാൾ വാതിലിൽ മുട്ടിക്കഴിഞ്ഞാൽ പിന്നെ ഒരൊറ്റകാര്യമേ ചെയ്യാനുള്ളൂ. കാത്തിരിക്കുക. അകത്തുളളആൾ മനസ്സലിവോടെ വാതിൽ തുറക്കുവോളം പുറത്ത്കാത്തിരിക്കുകയല്ലാതെ മറ്റൊരു പോംവഴിയുമില്ല. മൂന്നാമത്തെ ഘട്ടം അതുതന്നെയാണ്. നന്നായിട്ട് കാത്തിരിക്കുക.
അലസതയല്ല അത്. ജീവിതത്തോട് നിങ്ങൾ പുലർത്തുന്ന അലംഭാവമല്ല കർമ്മം ചെയ്തിട്ട്, നല്ലതുപോലെ ചില കാര്യങ്ങൾ ചെയ്തിട്ട് നല്ലതുപോലെ ചില കാര്യങ്ങൾക്കുവേണ്ടി പിന്നാലെ നടന്ന് അലഞ്ഞ് പിന്നെ നിങ്ങൾ ചെയ്യേണ്ട ഒരു കാര്യം കണ്ണുംപൂട്ടിയിരിക്കുക എന്നതുതന്നെയാണ്. ബുദ്ധകഥകളിൽ വായിച്ചുകേൾക്കുന്ന കണക്കെപൂമ്പാറ്റയെ തേടിപ്പോകുന്ന ഒരാൾ.പുലരിതൊട്ട് അന്തിയാകുവോളം അയാൾ ഈ പൂമ്പാറ്റയ്ക്ക് പിന്നാലെയാണ്.ചിലപ്പോൾ കിട്ടിയെന്ന് തോന്നും. പിന്നെയും കളിപ്പിച്ച് കളിപ്പിച്ച്  അത് മുന്നോട്ടുപോകുന്നു. ഒടുവിൽ ഈ  കുട്ടി തളർന്ന് ഉറങ്ങുമ്പോൾ പൂമ്പാറ്റ് പറന്നുവന്ന് ആ കുട്ടിയുടെമൂർദ്ധാവിൽ ചുംബിക്കുന്നു.

വളരെ പ്രധാനപ്പെട്ട ഒരുവിചാരം ഇതാണ്. ഉറങ്ങുന്ന എല്ലാവരുടെയും നെറ്റിത്തടങ്ങളിൽ ഈ പൂമ്പാറ്റ ചുംബിക്കാറില്ല. തന്റെ പിന്നാലെ അലയാൻ തയ്യാറായിട്ടുള്ള ഒരാളുടെ നെറ്റിത്തടങ്ങൾക്ക് മാത്രമേ കൃപയുടെ ഈ സ്പർശം ലഭിക്കാറുള്ളൂ. അങ്ങനെ വരുമ്പോൾ കാത്തിരിപ്പ് എന്ന് പറയുന്നത് രണ്ടുകാര്യങ്ങളുടെ ഒരു സന്നിവേശമാണ്.ഒരാൾ അനുഷ്ഠിക്കേണ്ട കൃത്യമായ ആ കാരണം. രണ്ട് ആ കർമ്മത്തിന് മീതെ ലഭിക്കുന്ന കൃപയുടെ  കയ്യൊപ്പ്. അപൂർവ്വ സൗന്ദര്യമുള്ള,ചാരുതയുള്ള ഒരു പദമായി കാത്തിരിപ്പ് മാറുന്നു. ലോകമെങ്ങും  ഉപയോഗിക്കുന്ന സാർവത്രികമായ ഒരു ലിപിയാണ് കാത്തിരിപ്പ്. എല്ലായിടത്തും അതിന്റെ അക്ഷരമാലകൾ ചിതറികിടക്കുന്നു.

എവിടെയാണ് അതിന്റെ അടയാളങ്ങൾ ഇല്ലാത്തത്? ഒരു കടത്തുവഞ്ചി നോക്കുക,ഒരു റെയിൽവേസ്റ്റേഷൻ.. അരങ്ങിന് മുമ്പിൽ കർട്ടൻ ഉയരാൻ കാത്തിരിക്കുന്നകാണികൾ.. മക്കൾ വരാൻവേണ്ടി കാത്തിരിക്കുന്ന അമ്മമാർ. എനിക്ക് തോന്നുന്നു ലോകത്ത്എവിടെയും കാത്തിരിപ്പിന്റെ ഈ ജീവിതക്രമം ഏറ്റവും ഭംഗിയായി കൊണ്ടുപോകുന്നത് നമ്മൾ മലയാളികളാണ്. നമ്മൾ പലരുടെയും ഉറ്റവർ ദൂരെയെവിടെയോ ആണ്. അവരുടെ കത്തിന് വേണ്ടി ഫോൺവിളിക്കുവേണ്ടി കാത്തിരിക്കുകയാണ് മനുഷ്യർ. തങ്ങൾക്കുവേണ്ടി കാത്തിരിക്കാൻ ആരോ ഉണ്ടെന്ന തോന്നൽ ഉള്ളതുകൊണ്ടാണ് മലയാളി പ്രവാസികളുടെ ജീവിതത്തിന് ഇത്രമേൽ ഭംഗിയുണ്ടാകുന്നത്.

സലീം അഹമ്മദിന്റെ പത്തേമാരിയൊക്കെ പറയാൻ ശ്രമിച്ചത് അതാണ്. ലോകമെമ്പാടും കാത്തിരിപ്പ് മനുഷ്യന്റെപ്രിയപ്പെട്ട വിഷയമാണ്. അത് കവിതയിലായാലും നോവലിലായാലും സംഗീതത്തിലായാലും ചലച്ചിത്രത്തിലായാലും.പ്രത്യക്ഷമായും പരോക്ഷമായും പറയാൻ ശ്രമിക്കുന്നത് കാത്തിരിപ്പിന്റെ കഥയാണ്.
ഒരു കോഫീഹൗസിലിരുന്ന് താൻ ആർക്കുവേണ്ടിയാണോ കാത്തിരിക്കുന്നത് അയാൾ എന്തുകൊണ്ട് വരാൻ വൈകുന്നുവെന്നൊക്കെ ഓർത്ത് ഭിത്തിയിലെ ഘടികാരത്തിൽ നോക്കി വിവശയാകുന്ന പെൺകുട്ടി തൊട്ട് നല്ലൊരു കാലം വരുമെന്നും കുറെക്കൂടി സമതയുടെയും നീതിയുടെയും ഒക്കെ  ഒരു ലോകം വരുമെന്നൊക്കെ ഓർത്ത് പട്ടിണികിടക്കുന്ന ലോകത്തിലെമനുഷ്യസ്നേഹികളായ പൗരാവകാശപ്രവർത്തകർവരെ എല്ലാവരും മന്ത്രിക്കുന്നത്  ഒരൊറ്റവാക്ക് തന്നെയാണ്.. എന്തോ ഒന്ന് കാത്തിരിക്കുന്നുവെന്ന് ഉളളതുകൊണ്ടാണ് ആളുകൾ ഇങ്ങനെ വൈകുന്നേരങ്ങളിൽ വീടുകളിലേക്ക് ബദ്ധപ്പെട്ട് ഓടിക്കൊണ്ടിരിക്കുന്നത്.

ജീവിതത്തിന്റെ വല്ലാത്തൊരുവിചാരത്തിന്റെ പേരാണ് കാത്തിരിപ്പ് . കാത്തിരിപ്പ് ഒരു സ്നാനഘട്ടമാണ്. അതിൽ മുങ്ങിനിവർന്നുവരുമ്പോഴേയ്ക്കും നിങ്ങളുടെ ജീവിതത്തിന് ഒരു വിമലീകരണംസംഭവിക്കുന്നു. ശുദ്ധീകരണം ഉണ്ടാകുന്നു.കുറെയധികം കാര്യങ്ങൾക്ക് സ്വഭാവികമായ പോംവഴിയുണ്ടാകുന്നു. കാലം വൈദ്യനാണ്. കാലം എന്ന വൈദ്യൻ ഇടപെടുന്നത് കാത്തിരിക്കാൻ മനസ്സുള്ളവരുടെജീവിതത്തിലാണ്. ശാന്തമായി കാത്തിരുന്നാൽ തെളിയാത്ത ഒരു പുഴയുമില്ല. എല്ലാം കലങ്ങിത്തെളിയാൻ കുറെക്കൂടി നേരം കൊടുക്കുക.

ബോബി ജോസ് കട്ടിക്കാട്

More like this
Related

അകലം 

ഓർമ്മകൾ തനിയെ സംഭവിക്കുന്നവയല്ല താനേ സൃഷ്ടിക്കപ്പെടുന്നവയാണ്. നിമിഷങ്ങളെ ഓർമ്മകളാക്കുക. make memories.  നമ്മൾ...

പരിചരണം

നേച്വർ  വളരെ ഭംഗിയുള്ള ഒന്നാണ്. കാലത്തിന്റെ ഒരു ബ്ലെസ്ഡ് എക്സ്പീരിയൻസാണ്. കുട്ടികളുടെ...

പരാതികളില്ലാതെ ജീവിക്കാനാവുമോ?

ചെറിയൊരു പ്രായത്തിലാണ് സെൻ കഥകളിൽ താല്പര്യം തോന്നിത്തുടങ്ങിയത്. ബുദ്ധപാരമ്പര്യങ്ങളിൽ നിന്ന് തളിർത്തിട്ടുള്ള...

വിജയത്തിന് വേണം ‘ഫിൽറ്ററിംഗ് ‘

ഊട്ടിയിലേക്കായിരുന്നു യാത്ര. കോയമ്പത്തൂരെത്തിയപ്പോഴേക്കും  വണ്ടിക്കകത്ത് നല്ല ചൂടനുഭവപ്പെട്ടു. എ സിയിട്ടിട്ടും ശരിക്കും...

അവർക്കും കൊടുക്കണം ഇത്തിരി ഇടം

വാർദ്ധക്യം ഏറെ അവഗണന നേരിട്ടുകൊണ്ടിരിക്കുന്ന കാലമാണിത്. വീട്ടിലെ പ്രായം ചെന്നവരോട് സംസാരിക്കാനോ...

നല്ലതു മാത്രം ചിന്തിക്കുക, നല്ലതുമാത്രം ചെയ്യുക

മനുഷ്യന്റെ ചിന്തകളിൽ  വിഷം കലർന്നിരിക്കുന്ന കാലമാണ് ഇതെന്ന് ചിലപ്പോഴെങ്കിലും തോന്നിയിട്ടുണ്ട്. ചീത്ത...
error: Content is protected !!