നല്ലതു മാത്രം ചിന്തിക്കുക, നല്ലതുമാത്രം ചെയ്യുക

Date:

മനുഷ്യന്റെ ചിന്തകളിൽ  വിഷം കലർന്നിരിക്കുന്ന കാലമാണ് ഇതെന്ന് ചിലപ്പോഴെങ്കിലും തോന്നിയിട്ടുണ്ട്. ചീത്ത കാര്യങ്ങൾ ചർച്ച ചെയ്യാനും ചീത്ത കാര്യങ്ങളെക്കുറിച്ച് ആലോചിക്കാനും അത് പറയാനുമാണ് ഭൂരിപക്ഷത്തിനും താല്പര്യം. ഇത് മുമ്പെന്നെത്തെക്കാളുമേറെ ആയിട്ടുണ്ട്. ഒരു പക്ഷേ ആധുനിക കാലത്തിന്റെ സവിശേഷതകളായ ഇൻർനെറ്റും മൊബൈൽ ഫോണും  വാട്ട്‌സാപ്പുമൊക്കെയായിരിക്കാം ഇതിന് കാരണം.

ഈ ചെറിയ ചിന്ത പങ്കുവയ്ക്കുമ്പോൾ കേരളം മുഴുവൻ മലയാള സിനിമാതാരങ്ങളുമായി ബന്ധപ്പെട്ട ഒരു വിഷയമാണ് ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. ടിവിയിലും പത്രങ്ങളിലും എല്ലാം അതുമാത്രമേ വാർത്തയുള്ളൂ. ആളുകൾ അതിന്റെ പുറകെയാണ്.  അവരെന്തു പറഞ്ഞു? ഇവരെന്തു പറഞ്ഞു? അത് സത്യമാണോ.. ഇതാണ് മനുഷ്യരുടെ ചിന്ത.
പത്രങ്ങളിലെ ഇത്തരം വാർത്തകൾക്കൊന്നും ഞാൻ വലിയ പ്രാധാന്യം കൊടുക്കാറില്ല. അതിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നുമില്ല. എന്തിന് അത്തരം മലീമസമായ വാർത്തകളുടെ പുറകെ പോയി മനസ്സ് ദുഷിപ്പിക്കണം?

അതുപോലെ രാഷ്ട്രീയ ചേരിതിരിവുകളുടെ വാർത്തകളുടെയോ പടലപിണക്കങ്ങളുടെയോ പുറകെയും ഞാൻ പോകാറില്ല. അതൊക്കെ വായിച്ച് , ചർച്ച ചെയ്ത് ചില നിഗമനങ്ങളിലെല്ലാം എത്തിച്ചേരുന്ന നാം പിന്നെ കാണുന്നത് ഇന്നലെ വരെ പരസ്പരം ചീത്ത പറഞ്ഞും പോരടിച്ചും നില്ക്കുന്നവരൊക്കെ കെട്ടിപിടിച്ച് നില്ക്കുന്നതായിരിക്കും. അതൊക്കെ വായിച്ച നമ്മൾ വിഡ്ഢികളാകുകയും ചെയ്യും. അതുകൊണ്ട് ഇത്തരം വാർത്തകളൊന്നും എന്നെ ആകർഷിക്കാറില്ല.

ദിനവും പത്രം തുറക്കുമ്പോൾ എ്വനിക്ക് നന്മ ചെയ്യാൻ കഴിയുന്ന എന്തെങ്കിലും വാർത്തകളുണ്ടോ എന്നതാണ് ഞാൻ അന്വേഷിക്കുന്നത്. ആരെങ്കിലും വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടപ്പുണ്ടോ.. ഏതെങ്കിലും മാനസിക രോഗികൾ അലഞ്ഞു തിരിഞ്ഞു നടക്കുന്നുണ്ടോ..എവിടെയങ്കിലും ഒരു വിദ്യാർത്ഥി പഠിക്കാൻ പണമില്ലാതെ വിഷമിക്കുന്നുണ്ടോ..ചോർന്നൊലിച്ച കൂരയിൽ ആരെങ്കിലും കഴിയുന്നുണ്ടോ.. മരുന്ന് വാങ്ങാൻ പണമില്ലാതെ  ദു:ഖിച്ചിരിക്കുന്നവരുണ്ടോ? ഇത്തരം വാർത്തകളിലേക്കാണ് എന്റെ കണ്ണും മനസ്സും പോകുന്നത്.

 പിന്നെ ഞാൻ നോക്കുന്നത് ചരമകോളമാണ്. അതിൽ നവജീവന് സഹായം ചെയ്തിട്ടുള്ള വ്യക്തികളുണ്ടാവും..അല്ലെങ്കിൽ അവരുടെ പ്രിയപ്പെട്ട ആരെങ്കിലുമുണ്ടാകും. അത്തരം സന്ദർഭങ്ങളിൽ ആദരാഞ്ജലികൾ അർപ്പിക്കാനായി ഞാൻ പോകാറുണ്ട്. ആരെങ്കിലും അറിയിച്ചുകൊണ്ടതല്ല ഞാൻ അങ്ങനെ പോകുന്നത്. അതെന്റെ കടമയാണെന്ന് ഞാൻ വിശ്വസിക്കുന്നു. അതോടൊപ്പം നന്മ ചെയ്തവരോടുള്ള എന്റെ നന്ദി അറിയിക്കൽ കൂടിയാണത്. ലഭിച്ച നന്മകളെ നാം ഒരിക്കലും വിസ്മരിക്കരുത്.

വെളുപ്പിന്  മൂന്നരയാകുമ്പോൾ  ഉണരാറുണ്ട്. അപ്പോൾ ഞാൻ ആലോചിക്കുന്നത് ഇന്നേ ദിവസം ചെയ്യാൻ കഴിയുന്ന നന്മകൾ ഏതൊക്കെയായിരിക്കും എന്നാണ്. ഇന്ന് എത്ര നന്മ ചെയ്യാൻ കഴിയും.. ഇന്ന് ആരെയൊക്കെ സഹായിക്കാനാവും.. ഇതാണ് ചിന്ത. പിന്നെ ദൈവത്തോട് പ്രാർത്ഥിക്കും, ദൈവമേ ഇന്നേ ദിവസം എനിക്ക് നന്മ ചെയ്യാൻ, എന്നെക്കൊണ്ട് മറ്റുള്ളവർക്ക് ഉപകാരമുണ്ടാവാൻ അവസരം തരണേ..എന്നെ അനുഗ്രഹിക്കണേ.
 നമ്മുടെ ചിന്തകൾ പലപ്പോഴും ലഭിക്കാതെ പോയ നന്മകളെക്കുറിച്ചാണ്.. കിട്ടാതെ പോയ സൗഭാഗ്യങ്ങളെക്കുറിച്ചാണ്. നമ്മൾ എന്ത് ചിന്തിക്കുന്നുവോ അതാണ് നമുക്ക് ലഭിക്കുന്നത്.  മറ്റുള്ളവർക്ക് നന്മ ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കുക.. മറ്റുള്ളവരെ സഹായിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുക. അതിനുള്ള അവസരം ദൈവമായിട്ട് നമുക്ക് ഒരുക്കിത്തരും.
എപ്പോഴും തെറ്റായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നവന് അതിനുള്ള അവസരം കിട്ടും. എപ്പോഴും തിന്മയായിട്ടുള്ള കാര്യങ്ങൾ ചിന്തിച്ചുനടക്കുന്നവന് തിന്മ ചെയ്യാൻ അവസരം കിട്ടും. നമ്മുടെ ചിന്തകളും മനോഭാവങ്ങളും തമ്മിൽ വലിയ ബന്ധമുണ്ട്. നമ്മൾ ചിന്തിക്കുന്നതും ആഗ്രഹിക്കുന്നതുമാണ് നമുക്ക് ജീവിതത്തിൽ ലഭിച്ചു കൊണ്ടിരിക്കുന്നത്.

 നമ്മുടെ വാക്കുകൾക്കും ചിന്തകൾക്കും ഒക്കെ വലിയ ശക്തിയുണ്ട്. ചില ശാപങ്ങൾ ഫലിക്കുന്നത് എന്തുകൊണ്ടാണെന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്.  പ്രപഞ്ചത്തിന്റെ ആത്മാവിൽ വന്ന് പതിക്കുന്ന, നെഞ്ച് പൊടിയുന്ന അത്തരം വാക്കുകളാണ് ഫലിക്കുന്നത്. എപ്പോഴാണ് നാം പറയുന്ന, തീ തുപ്പുന്ന നമ്മുടെ നാവിൽ നിന്നുള്ള വാക്കുകൾ ഫലിക്കുന്നതെന്ന് അറിയില്ല. അതുകൊണ്ട് ആരെയും നാം ശപിക്കരുത്. സ്വപ്‌നത്തിൽ പോലും ഒരാളെയും  ശപിക്കരുത്. അതൊക്കെ ഫലിച്ചുപോയാലോ.?

യാത്രകളിൽ ഞാൻ ആലോചിക്കുന്നതും നന്മ ചെയ്യാനുള്ള അവസരങ്ങളെക്കുറിച്ചാണ്. വഴിയരികിൽ മരങ്ങൾ വച്ചുപിടിപ്പിക്കണമെന്ന ചിന്തയുണ്ടായത് അത്തരം ഒരു യാത്രയിലാണ്. ഒരു കൈ ഒരു പൊതി,കൈത്താങ്ങ് എന്നിങ്ങനെ എണ്ണമറ്റ ചാരിറ്റികളെക്കുറിച്ച് ആലോചനയുണ്ടായതും ഇത്തരം യാത്രകളിലാണ്.

 അതുപോലെ ഇത്തരം യാത്രകൾക്കിടയിൽ ചില മുഖങ്ങൾ ഓർമ്മയിലേക്ക് കടന്നുവരും. നവജീവനിൽ എന്തെങ്കിലുമൊക്കെ ആവശ്യങ്ങൾക്കായി വന്നവരായിരിക്കും അവർ. അവരിൽ ചിലരെ വേണ്ടവിധം പരിഗണിച്ചില്ലെന്ന ഒരു തോന്നലുണ്ടാകും.

അവരോട് സംസാരിച്ചതു പോരായിരുന്നു.. അവർക്ക് കൊടുത്തത് പോരായിരുന്നു. അവര് വിഷമത്തോടെയായിരിക്കുമോ പോയത്.. അത്തരം ചിന്തയിൽ പലരെയും അപ്പോൾ തന്നെ ഫോൺ ചെയ്യും. സംസാരിക്കും.. അത് അവരെ എന്തുമാത്രം ആശ്വസിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്തിട്ടുണ്ടാവുമെന്ന് ഞാൻ വെറുതെ ആലോചിക്കാറുണ്ട്.

പി.യു .തോമസ്  
(നവജീവൻ)

More like this
Related

വിജയത്തിന് വേണം ‘ഫിൽറ്ററിംഗ് ‘

ഊട്ടിയിലേക്കായിരുന്നു യാത്ര. കോയമ്പത്തൂരെത്തിയപ്പോഴേക്കും  വണ്ടിക്കകത്ത് നല്ല ചൂടനുഭവപ്പെട്ടു. എ സിയിട്ടിട്ടും ശരിക്കും...

അവർക്കും കൊടുക്കണം ഇത്തിരി ഇടം

വാർദ്ധക്യം ഏറെ അവഗണന നേരിട്ടുകൊണ്ടിരിക്കുന്ന കാലമാണിത്. വീട്ടിലെ പ്രായം ചെന്നവരോട് സംസാരിക്കാനോ...
error: Content is protected !!